ആക്രമിക്കപ്പെട്ടവള്‍ക്ക് വേണ്ടി ഒരു കൂട്ടം സ്ത്രീകള്‍ ഉറച്ച നിലപാടുകളോടെ അവസാന നിമിഷം വരെ പ്രതിരോധം തീര്‍ക്കുന്ന കാഴ്ച്ച കണ്ടത് വുമണ്‍ ഇന്‍ കളക്റ്റീവ് എന്ന സംഘടനയിലാണ്. തികച്ചും പ്രശംസനീയം. സ്ത്രീക്ക് വേണ്ടി സ്ത്രീ നിലകൊള്ളുന്ന രീതി നമ്മുടെ സമൂഹത്തില്‍ അപൂര്‍വമാണ്. 

ഭീഷണികള്‍ക്കപ്പുറവും നില്‍ക്കും നിലപാടുകളുള്ള ചില പെണ്ണുങ്ങള്‍. തകര്‍ന്നു പോകുന്ന കിരീടത്തെ അവര്‍ ഭയക്കില്ല. അശ്ലീലങ്ങള്‍ കൊട്ടിഘോഷിക്കില്ല. അനാവശ്യമായ ഒരു വാക്കു പോലും പ്രയോഗിക്കില്ല. ആക്രമിയുടെ മസ്തകം നോക്കി അവര്‍ തിരിച്ചടിക്കും. വാക്കുകള്‍ കൊണ്ടല്ല, പ്രവൃത്തി കൊണ്ട്. 

ശത്രുവിനോട് പോലും സ്വീകരിക്കേണ്ടുന്ന ഒരു മാന്യതയുണ്ട് അതാണ് മഞ്ജുവെന്ന നടിയെ സ്വീകാര്യമാക്കുന്നതും. ശബ്ദം ഉയര്‍ത്തുന്നവരെ പിഴച്ചവരെന്ന് മുദ്ര കുത്തുന്ന പൊതുബോധ നിര്‍മ്മിതിയെ ഭയപ്പെടുന്നവരാണ് സ്ത്രീകളില്‍ ഏറെയും. യാതൊരു സങ്കോചവുമില്ലാതെ സ്ത്രീയെ ആക്രമിക്കാന്‍ ഏറ്റവും മാരകമായ ആയുധമായി ഉപയോഗിക്കുന്ന വാക്കാണ് 'പിഴച്ചവള്‍'. 

സ്ത്രീവിരുദ്ധമായ പൊതുബോധത്തില്‍ ആ വാക്കേല്‍പ്പിക്കുന്ന മുറിവുകള്‍ ചെറുതല്ല. നിസാരമായി  സംഭാഷണങ്ങളിലും ചാറ്റുകളിലും കമന്റുകളിലുമൊക്കെ വെടിയെന്നും പിഴച്ചവളെന്നും മറ്റുള്ള സ്ത്രീകളെ വിളിക്കുന്ന സ്ത്രീകളെ അറിയാം. 

സ്ത്രീകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചൂണ്ടി  ആണ്‍സുഹൃത്തുക്കള്‍ക്കയച്ചു കൊടുത്ത് നല്ല ചരക്കല്ലേ കിട്ടുവോന്ന് നോക്കാന്‍ പറയുന്ന സ്ത്രീയുടെ കൂട്ടിക്കൊടുപ്പ് അശ്ലീല സംഭാഷണങ്ങള്‍ കയ്യില്‍ മാരകമായ തെളിവുകളായ് ഉണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി ആദ്യം നിലകൊള്ളേണ്ടത്  സ്ത്രീകള്‍ തന്നെയാണ്. 

നമ്മുടെ പ്രതികരണങ്ങളില്‍ എത്രമാത്രം ധാര്‍മ്മികതയുണ്ട്, കപടതയുണ്ട് എന്ന് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട വിഷയത്തിലെ രോഷപ്രകടനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അയാളുടെ മകളെ, മുന്‍ഭാര്യയെ, രണ്ടാം ഭാര്യയെ ഒക്കെ ട്രോളിക്കൊണ്ട് അത്രമേല്‍ അധാര്‍മ്മികമായ പ്രതികരണങ്ങള്‍ ആഘോഷിക്കയാണ്. 

ദിലീപിന്റെ സ്ഥാപനങ്ങള്‍ തല്ലിപ്പൊളിച്ചാല്‍ അയാള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല പക്ഷേ നിരപരാധികളായ കുറേ പേര്‍ക്ക് ഉപജീവന മാര്‍ഗ്ഗം നഷ്ടമാവുമെന്നല്ലാതെ.

ഇന്ന് ആക്രമിക്കപ്പെട്ടവള്‍ക്ക് ഒപ്പമെന്ന് മുറവിളി കൂട്ടുന്നവര്‍ തന്നെയാണ് നാളെ ആക്രമിക്കപ്പെട്ടവളുടെ വീഡിയോ പുറത്തിറങ്ങിയാല്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുക എന്ന വിരോധാഭാസത്തെ പൊളിച്ചടുക്കാതെ, കോടതി മുറിയിലും, അഭിമുഖങ്ങളിലും, പൊതു ഇടങ്ങളിലും അവളെ വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്താതെ നമ്മുടെ ധാര്‍മ്മികത സത്യമാവില്ല. 

ഇനിയാണ് ആക്രമിക്കപ്പെട്ട ആ പെണ്‍കുട്ടി ഏറ്റവും കഠിന പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുക. തുണിയില്‍ പുരണ്ട സ്രവം ആരുടേതെന്ന് വാര്‍ത്തയാക്കുന്ന ചാനല്‍ ഉള്ള നാട്ടില്‍, ആക്രമിക്കപ്പെട്ടവളുടെ സ്വഭാവത്തെ അങ്ങേയറ്റം മോശപ്പെടുത്താന്‍ പ്രവണതയുള്ള സമൂഹത്തില്‍,   ശത്രു ശക്തനായിരിക്കെ, തകര്‍ത്തു കളഞ്ഞത് സിനിമാ ലോകത്തിന്റെ മുഖച്ഛായ ആകെ  അവള്‍ക്ക് കല്ലേറുകള്‍ കിട്ടിയേക്കും. കൂടെ നിന്നവര്‍ക്കും. 

നിയമങ്ങള്‍ ശക്തമാവുമ്പോഴുള്ള സമാധാനം ചെറുതല്ല. എല്ലാ ആക്രമികള്‍ക്കും ഇതൊരു പാഠമാവട്ടെ.സ്ഥാനമാനങ്ങള്‍ക്കനുസരിച്ച് ഉലഞ്ഞു പോവാതിരിക്കട്ടെ നീതി. ധാര്‍മ്മികമാവട്ടെ നമ്മുടെ പ്രതികരണങ്ങള്‍...!