എവിടെനിന്നാവാം ആ കുഞ്ഞൻ വൈറസ് എന്നെ പിടികൂടിയത്‌? ഫ്ളാറ്റിൽ പോസിറ്റീവ് ആയി ഐസൊലേഷനുവേണ്ടി  അയൽക്കാരൻ സഞ്ചരിച്ച അതേ ലിഫ്റ്റിൽ ഏതാണ്ട് ഒരേ സമയത്ത് സഞ്ചരിച്ചിരുന്നതായി കണക്കുകൂട്ടിയിരുന്നു. അന്ന് മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയതിന് നാഥൂർ (ഫ്ളാറ്റ് കാവൽക്കാരൻ) അല്പം ദേഷ്യപ്പെട്ടതും ഓർമയിലെത്തി. ആ ലിഫ്റ്റിൽ കൊറോണക്കാരൻ എന്നെ കാത്തിരിപ്പുണ്ടായിരുന്നുവോ? ഇതിനിടയിൽ പഴവും പച്ചക്കറിയും വാങ്ങാൻ രണ്ടോ മൂന്നോ തവണ അടുത്ത സൂപ്പർമാർക്കറ്റിൽ പോയിരുന്നു. നേരത്തേ രണ്ടോമൂന്നോ തവണ ബർദുബായിലും ദേരയിലും പോയിട്ടുണ്ട്.  വളരെ സൂക്ഷിച്ചായിരുന്നു ആ യാത്രകൾ. വൈറസിനെത്തേടി ഓർമകൾ റീവൈൻഡ്‌ ചെയ്തുകൊണ്ടിരുന്നു.  സംശയം എന്റെ ഫ്ളാറ്റിലെ ലിഫ്റ്റിനെത്തന്നെ ചുറ്റിപ്പറ്റി നിന്നു. .

യാഥാർഥ്യത്തിന്റെ ചൂടിൽ 

എന്തായാലും കോവിഡ് രോഗിയായി മാറി എന്നത് യാഥാർഥ്യം. ഇനി എല്ലാം ആശുപത്രി ജീവനക്കാരുടെ നിയന്ത്രണത്തിലാണ്. ആർക്കും മുഖമില്ല. നീലയും വെള്ളയും നിറങ്ങളിലുള്ള പി.പി.ഇ. കിറ്റുകൾക്കുള്ളിലുള്ള മുഖങ്ങളെ  തിരിച്ചറിയാനാവില്ല. സി.ടി.സ്കാൻ കഴിഞ്ഞ് കൊണ്ടുപോയി ഇരുത്തിയത് ഐസൊലേഷൻ മുറിയിലായിരുന്നു. അവിടെനിന്ന് കിടക്കാനുള്ള മുറിയിലേക്കാണ് യാത്ര. താഴെ നിലയിൽ ധാരാളം മറ്റുരോഗികളും ആവശ്യക്കാരുമുണ്ട്. ഇടനാഴികളിൽനിന്ന് അവരെയെല്ലാം ഒഴിപ്പിച്ചു. പി.പി.ഇ. കിറ്റ് ധരിച്ചൊരാൾ മുന്നിൽ നടന്നു. എല്ലാവരും വിചിത്രജീവിയെപ്പോലെ എന്നെത്തന്നെ നോക്കുന്നു. കോവിഡ് രോഗി എല്ലാ അർഥത്തിലും അതോടെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തപ്പെടുകയാണ്. സമ്പർക്കം പാടില്ല, അയാൾ തൊട്ട സാധനങ്ങൾപോലും രോഗം പരത്താൻ കാരണമായേക്കാം... നാലാംനിലയിലെ കോവിഡ് വാർഡിലേക്കാണ് യാത്ര. ലിഫ്റ്റിൽ ഞാൻ ഏകൻ. വഴി കാണിച്ചയാൾ നാല് എന്ന ബട്ടൺ അമർത്തി പുറത്തിറങ്ങി. നാലാം നിലയിലെത്തിയപ്പോൾ പി.പി.ഇ. കിറ്റുകൾ ധരിച്ച അനേകം പേര്. അവരിലൊരാൾ മുന്നിൽ നടന്നു. വഴിയിൽ പാതിതുറന്നുകിടന്ന ഐ.സി.യു.വിലേക്കൊന്ന് പാളിനോക്കി. പത്തിലേറെ പേരുണ്ടാവാം. പ്രത്യേക കട്ടിലുകളിൽ അവർ വരിവരിയായി കിടക്കുന്നു. പേടിപ്പിക്കുന്ന കാഴ്ച. അതൊക്കെ അല്പം സീരിയസ് കേസുകളാണ്. നിങ്ങൾ അത് ശ്രദ്ധിക്കേണ്ട... എനിക്കുള്ള മുറി തുറന്ന് കൂടെയുള്ളയാൾ പറഞ്ഞു. ആദ്യത്തെ കാഴ്ച എന്നെ തളർത്തുന്നതായി അയാൾക്ക്‌ തോന്നിയിരിക്കണം. നമുക്ക് വേറൊരു മുറി നോക്കാം. ഇവിടെനിന്നാൽ നിങ്ങൾ കൂടുതൽ വിഷമിക്കും. അധികം വൈകാതെ പുതിയ മുറി ശരിയായി. സാധനങ്ങളൊന്നുമില്ല കൈയിൽ. കൂട്ടിരിക്കാൻ ആരും പാടില്ല. സമ്പർക്കവിലക്കുള്ള മേഖലയാണ്. കൂട്ടുകാരെ വിളിച്ച് കാര്യം അറിയിച്ചു. അത്യാവശ്യം സാധനങ്ങളൊക്കെ ഉടൻ എത്തിക്കാമെന്ന് അവരേറ്റു.  ആശുപത്രിയിലായ കാര്യം ഓഫീസ് മേധാവികളെയും അറിയിച്ചു. ബ്യൂറോയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സഹപ്രവർത്തക വനിതയ്ക്ക്  സന്ദേശം അയച്ചു. അപ്പോഴേക്കും പി.പി.ഇ. കിറ്റ് ധരിച്ച ഏതാനും നഴ്‌സുമാരെത്തി. രോഗിയെ കട്ടിലിൽ കിടത്തി. മരുന്നുകൾ കുത്തിവെച്ചുതുടങ്ങി. ഞാനും കോവിഡ് രോഗിയായെന്ന് ശരിക്കും ബോധ്യമായി. പനിയും ചുമയും കാരണം നിരീക്ഷണത്തിനായി ആസ്പത്രിയിലാണെന്ന് മാത്രം വീട്ടിൽ വിളിച്ചുപറഞ്ഞു. വിവരമറിഞ്ഞ് കോഴിക്കോട്ടുനിന്ന് ‘മാതൃഭൂമി’ സാരഥികളെല്ലാം  ഫോണിൽ വിളിച്ച് ധൈര്യമായിരിക്കാൻ പറഞ്ഞു. കൂടെത്തന്നെയുണ്ടെന്ന അവരുടെ വാക്കുകൾ ആ ഘട്ടത്തിൽ വലിയ ധൈര്യം തന്നെയായി. 
 
ദുഃസ്വപ്നങ്ങളുടെ തടവിൽ

ഭക്ഷണം ആശുപത്രിയിൽ നിന്നുതന്നെ. പക്ഷേ, രുചിയും മണവുമില്ലാത്ത ഭക്ഷണത്തോട് വിരക്തി. കുഴപ്പം എന്റേതാണ്,  ഭക്ഷണത്തിന്റേതായിരുന്നില്ല. കോവിഡിന്റെ ആദ്യലക്ഷണങ്ങളിലൊന്നാണ് മണം നഷ്ടപ്പെടുന്നത്. പനി, വരണ്ടചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന, ദേഹമാസകലം ക്ഷീണം... വായിച്ചും കേട്ടുമറിഞ്ഞ എല്ലാ ലക്ഷണങ്ങളും എന്നെ പരീക്ഷിക്കാനായി വരിവരിയായി നിൽക്കുന്നുണ്ട്. മരുന്നുകളുടെകൂടി ശക്തികൊണ്ടാവണം ആദ്യദിനം പാതി മയക്കത്തിലായിരുന്നു.
മേയ് രണ്ട്: കോവിഡ് രോഗിയുടെ ആശുപത്രിയിലെ രണ്ടാംദിനം. പുലർച്ചെ നാലുമണിയോടെ പെട്ടെന്ന് മുറിയിൽ നാലു രൂപങ്ങൾ. പാതിമയക്കത്തിൽ പേടിച്ചരണ്ടുപോയി. പി.പി.ഇ. കിറ്റിനകത്തുള്ള മനുഷ്യർ എനിക്കുചുറ്റും. ഇ.സി.ജി. എടുക്കുകയാണ്. അവർപോയി, അരമണിക്കൂർ കഴിഞ്ഞില്ല വേറെ രണ്ടുപേരെത്തി. രക്തസമ്മർദം, ശരീരോഷ്മാവ്, രക്തത്തിലെ ഓക്സിജന്റെ അളവ്... ഇതൊക്കെയാണ് അവർ നിരീക്ഷിക്കുന്നത്. പിന്നെയും ഇടയ്ക്കിടെ ചിലരെത്തി മരുന്നുകൾ കുത്തിവെക്കുന്നു... പാതി മയക്കത്തിൽ എല്ലാം അറിയുന്നുണ്ട്, പക്ഷേ, തല ഉയർത്താനാവാത്ത ക്ഷീണം.

രാവിലെ മുതൽ  വന്നുകൊണ്ടിരുന്നു പല ഭാഗത്തുനിന്നുമുള്ള അന്വേഷണങ്ങൾ. ഇതൊന്നുമറിയാതെ വാർത്തകൾക്കായും സഹായങ്ങൾക്കായുമുള്ള ഫോണുകൾ വേറെയും. ചുമകാരണം സംസാരിക്കാൻ പ്രയാസം, എന്റെ ശബ്ദം എനിക്കുതന്നെ അപരിചിതമായതുപോലെ. ഫോൺ നോക്കൽ പരിമിതപ്പെടുത്തി.  സോഷ്യൽ മീഡിയ നോക്കാതായി. ക്ഷേമാന്വേഷണവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്‌ കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ വിളിയെത്തി. ധൈര്യം പകരുന്നതായി ആ വിളിയും. പരിശോധനകളും മരുന്നുകളുമെല്ലാം ആവർത്തിക്കുന്നു. ആരെയും കാണാനാവുന്നില്ലല്ലോ എന്ന നിരാശ ബാക്കി. ക്ഷീണത്തിന് കുറവൊന്നുമില്ല. ചുമയ്ക്കും.

മൂന്നാംദിവസം: ക്ഷീണം അകലുന്നില്ല. മരുന്നുകളെല്ലാം പലതും പരീക്ഷിക്കുന്നുണ്ട്. പകൽ മുഴുക്കെ പലപല ചിന്തകൾ. അവയിൽ പലതിലും മരണത്തിന്റെയും ജീവിതാവസാനത്തിന്റെയും ചിറകടിയൊച്ചകൾ. രാത്രി കണ്ണടയ്ക്കുമ്പോൾ ദുഃസ്വപ്നങ്ങളുടെ ഘോഷയാത്ര. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നില്ല. അതതിടത്തുതന്നെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിക്കുന്നതാണ് പതിവ്. എന്റെ ശവസംസ്കാരവും ഈ മരുഭൂമിയിൽ തന്നെയാവുമോ? സ്വപ്നത്തിൽ ഞെട്ടിയുണർന്നു. മരണത്തിന്റെ തണുപ്പ് മുറിയിലാകെ ഉണ്ടെന്നൊരു തോന്നൽ. അടിവയറിലൊരു ആളൽ. കോവിഡിന്റെ മറ്റൊരു ലക്ഷണമായ ഡയേറിയയുടെ തുടക്കമാണെന്ന്  തിരിച്ചറിഞ്ഞു. പുലരുന്നതുവരെ എത്രതവണ ടോയ്‌ലറ്റിൽ പോയി എന്ന് എണ്ണാനായില്ല. വയ്യ, ക്ഷീണം വീണ്ടും കൂടുകയാണ്. എന്ത് ആവശ്യത്തിനും നഴ്‌സുമാരെ വിളിക്കാൻ പ്രത്യേക സ്വിച്ച് കട്ടിലിന് അരികിൽത്തന്നെയുണ്ട്. പക്ഷേ, വിളിക്കാൻ തോന്നിയില്ല. ഈ അസമയത്ത് വന്നിട്ടെന്ത് ചെയ്യാൻ? അവര് വിശ്രമിക്കട്ടെ.  

കാലത്ത് ഡോക്ടർ വന്നപ്പോൾ ഡയേറിയയുടെ കാര്യം പറഞ്ഞു. പുതിയ മരുന്നുകൾ കുറിച്ചിരിക്കണം. അധികം കഴിഞ്ഞില്ല, അടിവയറ്റിൽ പൊക്കിൾച്ചുഴിക്ക് അടുത്തായി ചെറിയൊരു സൂചിപ്രയോഗം. കൊറോണ വൈറസ് ശരീരത്തിലെ രക്തയോട്ടത്തെ കട്ടപിടിപ്പിക്കുമത്രെ. അങ്ങനെ വരുമ്പോൾ അത് ശരീരത്തിലെ മൊത്തം അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചേക്കാം. അതിനുള്ള ഒരു പ്രതിരോധമാണ് അടിവയറിലെ കുത്തിവെപ്പ്. പണ്ട്, പേപ്പട്ടി കടിച്ചാൽ പൊക്കിൾച്ചുഴിക്ക് ചുറ്റും കുത്തിവെക്കുമെന്ന കഥകളാണ് ഓർമയിൽവന്നത്. പകൽ പരമാവധി ഉറങ്ങാതെ കിടന്നു. രാത്രി ഉറക്കം കിട്ടാനുള്ള സൂത്രമാണ്. ആശുപത്രിയിലെ 417 എന്ന മുറിയിൽ പ്രവേശിപ്പിക്കപ്പെട്ടതുമുതൽ മൂക്കിനകത്തേക്ക് ഓക്സിജൻട്യൂബ് സ്ഥിരമായി ഉണ്ട്. ശരീരത്തിലെ ഓക്‌സിജൻ അനുപാതം കൂട്ടുകയാണ് ലക്ഷ്യം. കിടക്കയിൽനിന്ന് എഴുന്നേൽക്കുമ്പോൾ മാത്രം ട്യൂബ് അഴിച്ചുമാറ്റും. എപ്പോൾ വിളിച്ചാലും ഓടിയെത്തുന്ന നഴ്‌സുമാർ സന്തോഷത്തോടെ ഇരിക്കാൻ ഉപദേശിക്കും. ആരെയും കാണാതെ, ആരും സഹായത്തിനില്ലാതെ  കോവിഡ് രോഗി മരണഭീതിയിൽ എങ്ങനെ സന്തോഷിക്കുമെന്ന് അവരോട് പക്ഷേ, ചോദിച്ചില്ല. വെന്റിലേറ്ററിലേക്കൊന്നും പോകാതെ കഴിഞ്ഞല്ലോ എന്ന് സ്വയം ആശ്വസിച്ചു.  

ഭക്ഷണത്തിന് രുചി വരുന്നതേയില്ല.  അല്പം കഞ്ഞി കിട്ടിയെങ്കിൽ എന്നൊരു മോഹം കലശലായി. ജനറൽ മാനേജർ പി.എസ്. ശ്രീകുമാർ സഹായത്തിനെത്തി.  വൈകീട്ടോടെ ഒരു പാത്രത്തിൽ പൊടിയരിക്കഞ്ഞിയെത്തി. വയറ് നിറച്ച് കുടിച്ചു. സദ്യയുണ്ടതുപോലെ.  രാത്രി വീണ്ടുമെത്തി. ഉറക്കം ആ വഴി വരുന്നേയില്ല, അരമണിക്കൂർ കൂടുമ്പോൾ മൂത്രശങ്ക. വയ്യെങ്കിലും പോവാതെ വയ്യ. ഡയേറിയയും വിട്ടൊഴിഞ്ഞിട്ടില്ല. രാത്രി പിന്നിടുന്നത് ദുഷ്കരമായിരിക്കുന്നു. പാട്ട്  കേൾക്കുന്നത് ഔഷധവും ആശ്വാസവുമാണെന്ന് വായിച്ച ഓർമയിൽ ഫോണിൽ അത് പരീക്ഷിച്ചു. രാത്രി മുഴുക്കെ യൂട്യൂബിലൂടെ  യേശുദാസും ജയചന്ദ്രനും കെ.എസ്. ചിത്രയും ശ്രേയാ ഘോഷാലുമെല്ലാം എനിക്കുവേണ്ടി പാടിക്കൊണ്ടിരുന്നു. ഞെട്ടിയുണരുന്ന ഇടവേളകളിൽ പുതിയ പാട്ടുകൾ വന്നു. ഇടയ്ക്ക് ‘സുനയനേ സുമുഖീ...’ എന്ന ഗസലുമായി ഉമ്പായിയും ആശ്വസിപ്പിക്കാനെത്തി.

ഇതിനിടയിലാണ് ഞാനുമായി നേരത്തേ സമ്പർക്കത്തിലുണ്ടായിരുന്ന സുഹൃത്തുക്കളുടെ കാര്യം ഓർമയിലെത്തിയത്. ഹരികൃഷ്ണൻ, സഹായി തെലങ്കാനക്കാരൻ ഗംഗ, സനീഷ് നമ്പ്യാർ എന്നിവർക്കെല്ലാം കോവിഡ് ടെസ്റ്റ് ചെയ്യാൻ സന്ദേശമയച്ചു. അതിനുമുമ്പുതന്നെ അവർ അത് ചെയ്തിരുന്നുവത്രെ. ഫലം നെഗറ്റീവ്. എന്നിലൂടെ ആർക്കും കൊറോണ പകർന്നില്ലെന്നത് വലിയ ആശ്വാസമായി. 

ഏഴാം ദിവസം:  ക്ഷീണം അല്പം കുറവുണ്ട്. പനിയും കുറഞ്ഞിരിക്കുന്നു. ചുമയ്ക്ക് പക്ഷേ, വിട്ടുപോകാൻ ഉദ്ദേശ്യമൊന്നുമില്ല. ഓരോ നീണ്ട ചുമയും മിനിറ്റുകളോളം നീണ്ടു. അതാകട്ടെ ശ്വാസോച്ഛ്വാസത്തെയും ബാധിക്കുന്നതുപോലെ. വൈകാതെ ശരിയാവുമെന്ന് ഡോക്ടറുടെ ഉപദേശം. രണ്ടുമാസംവരെ അതിന്റെ അംശം കൂടെ ഉണ്ടാവുമെന്ന മുന്നറിയിപ്പും. ഇതിനിടയിൽ മൂക്കിൽനിന്ന് സ്രവമെടുത്ത് കോവിഡ് പരിശോധന തുടങ്ങിയിരുന്നു. ഈർക്കിൽ പോലൊരു കോൽ മൂക്കിനകത്തേക്ക് തള്ളിക്കയറ്റിയുള്ള ആ സ്രവമെടുപ്പും ഒരു പരീക്ഷണമാണ്. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം മെച്ചപ്പെട്ടുവന്നു. പനി തീരേ കുറഞ്ഞു. രക്തസമ്മർദവും ശരീരോഷ്മാവുമെല്ലാം പരിധിക്കകത്തെത്തിയിരിക്കുന്നു. ആശ്വാസം തോന്നി. ഭക്ഷണത്തിന് രുചി വന്നുതുടങ്ങി.

ഒന്നിടവിട്ട ദിവസങ്ങളിൽ  മൂക്കിനകത്തുനിന്നുള്ള സ്രവം പരിശോധനയ്ക്ക് അയക്കുന്നുണ്ട്. ദുബായ് ഹെൽത്ത്‌ അതോറിറ്റിയാണ് ഈ പരിശോധനയുടെ ഫലം അറിയിക്കാറുള്ളത്. നെഗറ്റീവ് റിപ്പോർട്ട്‌ ആണെങ്കിൽ അവർ എസ്.എം.എസ്. വഴി രോഗിയെ അറിയിക്കും. ചിലപ്പോൾ  വിവരമൊന്നും ഉണ്ടാവില്ല. എന്നും കാലത്ത് ഫോണിൽ റിപ്പോർട്ടിന്റെ വിവരം പരതിക്കൊണ്ടിരുന്നു. ഒടുവിൽ ഡോക്ടറോടുതന്നെ സംശയം ഉന്നയിച്ചു. പോസിറ്റീവ് ആണെങ്കിൽ അത് ആശുപത്രി അധികൃതർക്കാണ് അയക്കാറുള്ളത്. രോഗിയുടെ മനോവീര്യത്തെ ബാധിക്കുമെന്നതിനാൽ അവർ അത് രോഗിയോട് പറയാറുമില്ല. എന്റെ കാര്യത്തിൽ പോസിറ്റീവും നെഗറ്റീവും തമ്മിൽ മത്സരിക്കുന്നത് പോലെയാണത്രെ. ഇടയ്ക്കൊരു നെഗറ്റീവ് കിട്ടിയാൽ രണ്ട് പോസിറ്റീവ് കയറി വരും. തുടർച്ചയായി രണ്ട് നെഗറ്റീവ് എങ്കിലും കിട്ടിയാൽ ആശുപത്രി വിടാമെന്നാണ് കണക്ക്. അടുത്തത് നെഗറ്റീവ് ആവുമോ? ഓരോ തവണ സ്രവമെടുക്കുമ്പോഴും വെറുതേ നഴ്‌സിനോട് ചോദിക്കും. പക്ഷേ, റിസൽറ്റിന്റെ കാര്യത്തിൽ  ഒളിച്ചുകളി തുടരുകയാണ്. 
( തുടരും)