യുദ്ധമുഖത്തെ റിപ്പോർട്ടിങ്ങിന് സമാനമാണ് കോവിഡ് കാലത്തെ പത്രപ്രവർത്തനം. കൃത്യനിർവഹണത്തിനിടെ മരണവുമായുള്ള  മുഖാമുഖങ്ങൾ. ഗൾഫ് നാടുകളിലെ കോവിഡ്  വ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ 
തയ്യാറാക്കുന്ന വേളകളിലൊന്നിൽ മരുന്നില്ലാത്ത ആ രോഗം തന്നെയും പിടികൂടിയിട്ടുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ മാതൃഭൂമി മിഡിൽ ഈസ്റ്റ്‌ ബ്യൂറോ ചീഫ്  പി.പി. ശശീന്ദ്രന്റെ അനുഭവക്കുറി
പ്പ്... 

കൊറോണദിനങ്ങളിൽ എന്നും ഉറങ്ങുന്നതും കാലത്ത് എഴുന്നേൽക്കുന്നതും മരണങ്ങളുടെ കണക്കെടുപ്പുകൂടി നടത്തിയായിരുന്നു. കോവിഡ് -19 സൃഷ്ടിച്ച ഭയാശങ്കകൾക്കിടയിലുള്ള പ്രവാസലോകത്തെ ലോക്ഡൗൺ ജീവിതം. 

വിവിധ ഗൾഫ് നാടുകളിലെ കോവിഡ് മരണങ്ങളുടെയും പുതിയ രോഗബാധിതരുടെയും അവസാന കണക്കുകളും കോഴിക്കോട് ‘മാതൃഭൂമി’ െഡസ്കിലേക്ക് അയച്ചശേഷമാണ് ഉറക്കം. കാലത്ത് എഴുന്നേറ്റാലുള്ള ആദ്യ ജോലി മാതൃഭൂമി ഡോട്ട് കോമിന് അതുസംബന്ധിച്ച പുതിയ കണക്കുകൾ നൽകലും. പകൽസമയം വരുന്ന ഫോൺവിളികളും സന്ദേശങ്ങളുമെല്ലാം കോവിഡ് ഭീതിയുടെയും സഹായാഭ്യർഥനകളുടേതും മാത്രം. ബാക്കി എല്ലാ വാർത്തകളും എങ്ങോ പോയ്‌മറഞ്ഞിരിക്കുന്നു. ഉറ്റവർക്കുവേണ്ടി പല ഭാഗങ്ങളിൽനിന്നുള്ള സഹായാഭ്യർഥനകൾ. പോസിറ്റീവ് ആയവരെ മാറ്റിപ്പാർപ്പിക്കാനും കൂടെ താമസിക്കുന്നവർക്ക് സുരക്ഷാബോധം സൃഷ്ടിക്കാനുമുള്ള പ്രവർത്തനങ്ങൾ പലതലങ്ങളിൽ നടക്കുന്നുണ്ട്. ചിലർക്കാകട്ടെ ഭക്ഷണത്തിനായുള്ള ഓർമപ്പെടുത്തലുകളാണ്. ഓരോ വിഷയവും സന്നദ്ധപ്രവർത്തകരുടെ ശ്രദ്ധയിലെത്തിച്ച് പരിഹാരം കാണുന്നതും മാധ്യമപ്രവർത്തനമായിമാറിയ ദിവസങ്ങൾ. 

ദുബായിൽ രോഗം തീവ്രമായി തുടങ്ങിയത് മാർച്ച് അവസാനവാരത്തോടെയാണ്. അതിനുമുമ്പുതന്നെ ഞങ്ങൾ വർക്ക് അറ്റ് ഹോം എന്നനിലയിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു. ഫ്ളാറ്റിൽ ഏകാന്തജീവിതം. സദാ ഇരമ്പിക്കൊണ്ടിരുന്ന ദുബായ് നഗരം നിശ്ചലം. മനുഷ്യർ റോഡുകളിൽ ഇറങ്ങുന്നത് വളരെ അപൂർവം. ഫ്ളാറ്റിന്റെ ചില്ലുവാതിൽ തുറന്ന് താഴെ റോഡിലൂടെ പോകുന്നവരെ കാണാൻ എത്രയോ സമയം കാത്തുനിന്നു. പലപ്പോഴും റോഡ് വിജനം. ആളുകൾക്ക് പുറത്തിറങ്ങാൻപോലും പോലീസിന്റെ മുൻകൂർ അനുമതിവേണം. 

ദുബായിലെ ദേര ഭാഗത്ത് രോഗം വ്യാപിച്ചതോടെ ആയിരക്കണക്കിന് മലയാളികളാണ് ആശങ്കയിലായത്.  ഇതര ഗൾഫ് നാടുകളിലും മലയാളികൾ ഏറെ കഷ്ടപ്പെടുന്ന റിപ്പോർട്ടുകൾ വന്നുകൊണ്ടിരുന്നു.  ഇത് നാട്ടിൽ ഓരോ കുടുംബത്തിന്റെയും വേദനയും ആശങ്കയുമായിമാറുകയാണ്. ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നത് നന്നായിരിക്കുമെന്ന നിർദേശത്തോട് പത്രാധിപരും യോജിച്ചു. ഒരു മുഖപ്രസംഗവും ലേഖനപരമ്പരയും തുടങ്ങാമെന്നായി തീരുമാനം. ഏപ്രിൽ പത്തിനുതന്നെ ‘തണലൊരുക്കാം പ്രവാസികൾക്ക്’ എന്ന പേരിൽ പരമ്പര ആരംഭിച്ചു.  മുഖപ്രസംഗം വേറെയും. രണ്ടോ മൂന്നോ ദിവസത്തേക്കായിരുന്നു  പരമ്പര ലക്ഷ്യമിട്ടത്. പക്ഷേ, ഇതിന്റെ വിവരശേഖരണത്തിനായി വിളിച്ച ഓരോ ഫോണും ഓരോ കഥയായിമാറുന്ന അവസ്ഥയായി. കളയാൻ ഒന്നുമില്ലെന്ന സ്ഥിതി. വരാൻപോകുന്ന ഇരുണ്ട ദിനങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ആശങ്കകളാണ് എല്ലാവർക്കും. കഫറ്റേരിയയിലെ സാധാരണ തൊഴിലാളിക്ക് തൊഴിൽ നഷ്ടമാകുമോ എന്നതാണ് ആശങ്കയെങ്കിൽ വൻകിടക്കാർക്ക് ലോക്ഡൗൺ സൃഷ്ടിക്കുന്ന വലിയ സാമ്പത്തികബാധ്യതകളെക്കുറിച്ചാണ് ഭയം. എഴുതാൻ ഒരുപാടുണ്ട്. വായനക്കാരുടെ മികച്ച പ്രതികരണം കൂടിയായതോടെ രണ്ടു ദിവസത്തേക്കുകൂടി നീട്ടണമെന്നായി നിർദേശം. 

അപകടത്തിന്റെ സൂചനകൾ

ഇതിനിടയിൽ താമസിച്ചുകൊണ്ടിരുന്ന ഫ്ളാറ്റിലെ തൊട്ടുമുന്നിലെ താമസക്കാരൻ കോവിഡ്-19 പോസിറ്റീവ് ആണെന്നറിഞ്ഞത് ചെറിയൊരു വേവലാതിയുണ്ടാക്കി. വൈകാതെ ഒരു സുഹൃത്തായ കണ്ണൂർ സ്വദേശി ഹരികൃഷ്ണന്റെ ഫ്ളാറ്റിലേക്ക് താമസം മാറാമെന്നായി.  വിഷുദിവസം പരമ്പര അവസാനിപ്പിക്കാമെന്ന തീരുമാനത്തിൽ അവസാനഭാഗവും എഴുതിക്കൊടുത്തശേഷം അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് ഫ്ളാറ്റിലേക്ക് താമസം മാറ്റി. ഒരാഴ്ച കഴിഞ്ഞില്ല. ചെറിയ ജലദോഷവും ചുമയും. സാധാരണ ഗൾഫുകാർ ചെയ്യുന്നതുപോലെ ഓരോ പനഡോൾ (പാരസെറ്റമോൾ ഗുളിക) വിഴുങ്ങി ജോലി തുടർന്നു. മരണത്തിന്റെ കണക്കുകളും കോവിഡിന്റെ കദനകഥകളും തന്നെ വാർത്തകൾ. അതിനിടയിൽ വിമാനസർവീസ് നിലച്ചതിനാൽ നാട്ടിലുള്ളവർക്ക് അവസാനമായൊന്ന് കാണാൻപോലും ആകാതെ ഈ മരുഭൂമിയിൽത്തന്നെ സംസ്കരിക്കേണ്ടിവരുന്ന മൃതദേഹങ്ങൾ മോർച്ചറികളിൽ കൂടിവന്നു. സ്വന്തം നാട്ടിലെ ആറടി മണ്ണുപോലും അന്ത്യനിദ്രയ്ക്കായി കിട്ടാതെപോകുന്നവർ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സാമൂഹികപ്രവർത്തകരുടെ ശ്രമങ്ങൾക്ക് വാർത്തകളിലൂടെ പിന്തുണനൽകിവന്ന ദിവസങ്ങൾ. ഒടുവിൽ ചരക്കുവിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ടുപോകാമെന്ന അനുമതി ലഭിച്ചപ്പോൾ പ്രവാസികളിലാകെ ആശ്വാസം. ഒരു ലേഖകന്റെ ആത്മസംതൃപ്തി.

ഏപ്രിൽ 30, അടുത്ത ദിവസം മേയ്ദിന അവധിയാണ്. കോവിഡിന്റെ ബഹളങ്ങളൊന്നുമില്ലാതെ വിശ്രമിക്കാമെന്ന ചിന്തയിൽ വേഗം ജോലിതീർക്കാനുള്ള ശ്രമം. പക്ഷേ, ചുമ വിടുന്നില്ല. നിർത്താതെയുള്ള വരണ്ട ചുമ ശ്വാസംമുട്ടലിലേക്കുവരെ എത്തി. വൈകീട്ട്  മങ്കൂളിലെ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിലെത്തി ഡോക്ടറെ കണ്ടപ്പോൾ എക്സ്‌റെ എടുക്കാനായി നിർദേശം. പിന്നാലെ കോവിഡ് പരിശോധനയും. എക്സ്‌റെ അല്പം പ്രശ്നമുണ്ടെന്ന് കേട്ടപ്പോഴും ഞാൻ കോവിഡിന് പിടികൊടുക്കില്ലെന്ന ഉറപ്പിലായിരുന്നു. കാരണം, ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന മിഥ്യാബോധം തന്നെ. കഴിക്കാൻ ഏതോ മരുന്നുമായി മടങ്ങി. രാത്രി ആശുപത്രിയിൽനിന്ന് ഒരു ഫോൺ. പരിശോധനയ്ക്കായി കുറച്ചുകൂടി രക്തമെടുക്കണം. ആശുപത്രിയിലെത്തണം. വൈകാതെ മറ്റൊരു എസ്.എം.എസ്. സന്ദേശം. കാലത്ത് ഒമ്പതുമണിക്ക് അവിടെ ഡോക്ടറെ വീണ്ടും കാണാനായി എത്തണം. 

കാലത്തുതന്നെ കോവിഡിന്റെ അന്നത്തെ കണക്കുകൾ കോഴിക്കോട്ടേക്ക് അയച്ചു. യു.എ.ഇ. - മരണം 98, രോഗബാധിതർ 11,929, രോഗമുക്തി നേടിയവർ -2329. സൗദി അറേബ്യ-159, 21,402, 2953, ഗൾഫ് മൊത്തത്തിൽ- 307, 54,830, 9733. അവധിദിനം പോയല്ലോ എന്ന നിരാശയോടെ, എന്നാൽ, അവധിയുടെ ആലസ്യത്തിൽ ട്രൗസറും ടീഷർട്ടുമിട്ട് ആശുപത്രിയിയിലേക്ക്‌ യാത്രയായി. മാതൃഭൂമി ന്യൂസ്‌ ചാനൽ റിപ്പോർട്ടർ സനീഷ്‌ നമ്പ്യാർ എന്നെ ആശുപത്രിയിലെത്തിച്ചു മടങ്ങി. സി.ടി. സ്കാൻ വേണമത്രെ. ആദ്യമായാണ് ഇത്തരമൊരു പരിശോധനയ്ക്ക് വിധേയനാവുന്നത്. ഏതോ ഗുഹയ്ക്കുള്ളിലേക്ക് പോകുന്നപോലൊരു അനുഭവം. പുറത്തിറങ്ങിയപ്പോൾ കൂടെ ആരുണ്ടെന്നായി ചോദ്യം. ആരുമില്ല, ഒറ്റയ്ക്കാണെന്ന് മറുപടി. ഇപ്പോൾത്തന്നെ  അഡ്മിറ്റ് ആവണമെന്നായി ഡോക്ടർ. ബ്രോങ്കോ ന്യൂമോണിയ സ്ഥിരീകരിച്ചിരിക്കുന്നു. കോവിഡ്-19 പോസിറ്റീവുമാണ്. 

പെട്ടെന്നൊരു മരവിപ്പ് ദേഹമാകെ നിറഞ്ഞപോലെ. അത് കാലിൽനിന്ന് മേലോട്ടുപടരുന്നു. നിത്യവും തയ്യാറാക്കിയ മരണത്തിന്റെയും രോഗബാധിതരുടെയും കണക്കുകൾ മിന്നൽപോലെ മുന്നിൽ...

(തുടരും)


Part 2  കോവിഡിന്റെ  വലയിൽ
Part 3 
  യുദ്ധത്തിനൊടുവിൽ​

Content Highlights: covid 19 Experience story by p p saseendran