മനുഷ്യന്റെ ബൗദ്ധികതയെ കായികമായി നേരിടുക എന്നത് ഏറ്റവും ഹീനമായ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. ആശയങ്ങള്‍ അസഹിഷ്ണുത സൃഷ്ടിക്കുന്ന ഒരു കാലത്തെ ഭയപ്പെടാതെ വയ്യ. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മീതെയുള്ള കടന്നാക്രമണമായി അത്തരം അസഹിഷ്ണുത മാറുമ്പോള്‍ പ്രതിരോധമെന്നത് ഏറ്റവും അനിവാര്യമായ ഘടകമായി അവയ്ക്ക് നേരെ മാറേണ്ടതുണ്ട്. 

ഈ കഴിഞ്ഞ ദിനങ്ങളില്‍ കെ. പി. രാമനുണ്ണിക്കും ദീപ നിശാന്തിനും നേരെ നടന്ന ഭീഷണികള്‍ ഒരു വലിയ സാമൂഹിക അപചയത്തിന്റെ, മത സൗഹാര്‍ദം തകര്‍ക്കാനുള്ള മുന്നൊരുക്കമായി കാണാം. 
സമൂഹമാധ്യമങ്ങളില്‍ ഹിന്ദുക്കള്‍ക്കിടയിലെ ഒരു വിഭാഗം നടത്തുന്ന തീവ്രവാദ നിലപാടുകള്‍ തുറന്നു പറഞ്ഞതിനാണ് ദീപ നിശാന്ത് ഭീഷണികള്‍ നേരിടുന്നത്. അവര്‍ക്ക് നേരെ ആസിഡ് ഒഴിക്കണം എന്നും ബന്ധുക്കളെ, കുഞ്ഞുങ്ങളെ ആക്രമിക്കണം എന്നും ആഹ്വാനം ചെയ്യുന്നതിനോളം നീചമായ മറ്റെന്താനുള്ളത്? 

ആശയപരമായ വിയോജിപ്പുകള്‍ സാധാരണമാണ്. ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുകയോ വിട്ടു നില്‍ക്കുകയോ ചെയ്യുക എന്നത് ബൗദ്ധികതയുടെ ലക്ഷണവുമാണ്. അതിനെ അത്തരത്തിലാണ് നേരിടെണ്ടതും. പകരം അക്രമം കൊണ്ട് നിശബ്ദരാക്കാം എന്നത് അടിച്ചമര്‍ത്തല്‍ നയമാണ്. ഒരു ജനാധിപത്യ സമ്പ്രദായത്തിന് ഒരു തരത്തിലും യോജിക്കാത്തതും മാനുഷിക വിരുദ്ധവും. 

കെ.പി.രാമനുണ്ണി എന്ന അത്ഭുതത്തെ വായിച്ചറിയുന്നത് സൂഫി പറഞ്ഞ കഥ എന്ന നോവലിലൂടെയാണ്. വീണ്ടും വായിക്കുന്നത് ഒടുവില്‍ ഇറങ്ങിയ  'ദൈവത്തിന്റെ പുസ്തകം' എന്ന ഈ കാലഘട്ടം ആവശ്യപ്പെടുന്ന പുസ്തകത്തിലൂടെയും.  ഈ ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി, വിശ്വമാനവികതക്കു വേണ്ടി എഴുതിയ ഒന്നാണ് 'ദൈവത്തിന്റെ പുസ്തകം'. ഒരു എഴുത്തുകാരന് ഇത്രമേല്‍ നന്മ നിറഞ്ഞൊരു പുസ്തകം എഴുതുവാന്‍ സാധിക്കുമോ എന്ന വിസ്മയം ആ പുസ്തക വായന നേടി തന്നിരുന്നു. 

നബിയും ക്രിസ്തുവും കൃഷ്ണനും സഹോദര കഥാപാത്രങ്ങളായ് മാറുന്ന കഥ. ഹിറ്റ്‌ലറും മാര്‍ക്‌സും ഗാന്ധിയും തങ്ങളുടെ തെറ്റുകള്‍ തിരുത്തുന്നതിന്റെ കഥ. അവരുടെ പ്രണയത്തിന്റെ കഥ. തമോഗര്‍ത്തത്തിന്റെ സ്വാധീനത്താല്‍ നാസ വിക്ഷേപിച്ച ഉപഗ്രഹം തകരുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് അവര്‍ പുനര്‍ജ്ജനിക്കുമ്പോള്‍ തങ്ങളുടെ ചരിത്രത്തെ അവര്‍ തിരുത്തിയെഴുതുകയും ചെയ്യുന്നതാണ് കഥാതന്തു. 

ഹിഡുംബിയെന്ന കാട്ടാളത്തിയുടെ പാദങ്ങളെ വന്ദിക്കുന്ന, ഘടോല്‍ക്കജന്റെ വിയോഗത്തില്‍ വേദനിക്കുന്ന, അനാഥനായ കര്‍ണ്ണനെ ചേര്‍ത്തു പിടിക്കുന്ന കൃഷ്ണന്‍. ചരിത്രത്തിന്റെ പൊളിച്ചെഴുത്ത്. അമ്മയായ ആമിനയെ നോവിക്കാതെ ഗര്‍ഭത്തില്‍ നിന്ന് പുറത്തു വരുന്ന കൊച്ചു നബി. നബി കൃഷ്ണനെ 'മുത്തേ ' എന്നു വിളിക്കുമ്പോള്‍ കൃഷ്ണന്‍ നബിയെ ' ഇക്കാ' എന്നു വിളിക്കുന്ന സ്‌നേഹപക്ഷം.

മക്കളുടെ മൃതദേഹങ്ങള്‍ കാണാന്‍ സര്‍വ്വാലങ്കാരത്തോടെ വരുന്ന ഗാന്ധാരി. ഗാന്ധാരിയുടെ അന്ധത വിതച്ച നാശത്തെ കര്‍ക്കശമായി വിമര്‍ശിക്കുന്നു. 
ശക്തമായ രാഷ്ട്രീയവും ദൈവത്തിന്റെ പുസ്തകം മുന്നോട്ടു വെയ്ക്കുന്നു. ഹിറ്റ്‌ലര്‍ തന്റെ പൈശാചികതകളെ ഓര്‍ത്ത് പശ്ചാത്തപിക്കുന്നു. എനിക്ക് നെഹ്‌റുവിനെ തിരുത്താന്‍ ആയില്ലെന്ന് ഇന്ത്യാ വിഭജനത്തെ ഓര്‍ത്ത് ഗാന്ധി വിലപിക്കുന്നു. ഇനിയൊരു സ്റ്റാലിനെ സൃഷ്ടിക്കാതിരിക്കാന്‍ മൂലധനത്തിന്റെ തുടര്‍ വോള്യങ്ങളില്‍ മാര്‍ക്‌സ് കരുതലെടുക്കുന്നു.

'ദൈവത്തിന്റെ പുസ്തകം' ഈ വര്‍ഗ്ഗീയ ലോകത്ത് മനുഷ്യ ചിന്തകളുടെ നവീകരണത്തിന് വേണ്ടിയുള്ള പുസ്തകമാണ്. മാനവികതയുടെ പുസ്തകം. ബൈബിളിനും ഖുറാനും ഗീതയ്ക്കുമൊപ്പം വെയ്ക്കാവുന്ന ഒന്ന്.

ഒരെഴുത്തുകാരന്‍ ലോക സമൂഹത്തിനു വേണ്ടി എഴുതുന്നു എന്ന് ചൂണ്ടി കാണിക്കാന്‍ മലയാളത്തില്‍ നിന്ന് ഏറ്റവും ഉദാത്തമായ പുസ്തകം. മലയാളത്തിലെ മൂന്നാമത്തെ വലിയ നോവല്‍. 680 പേജ്. എന്നാല്‍ ഒരു ശരാശരി വായനക്കാരന്‍ ഇത് വായിക്കാതെ പോകുന്നതിലും വല്യ നഷ്ടമില്ല. 

മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വേണ്ടി എഴുതുന്നവര്‍, സംസാരിക്കുന്നവര്‍, അപചയങ്ങളെ പ്രതിരോധിക്കുന്നവര്‍ വേട്ടയാടപ്പെടുമ്പോള്‍ കൂടെ നില്‍ക്കുക എന്നതാണ് നമ്മുടെ ബഹുസ്വരത തകര്‍ന്നു പോവാതിരിക്കാന്‍ നമുക്ക് ചെയ്യാവുന്നത്. ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ നോക്കി നില്‍ക്കുന്നത് തികച്ചും അരാജകമായ നയങ്ങളെ തിരിച്ചു കൊണ്ടുവരാന്‍ മാത്രമേ സഹായിക്കൂ എന്ന ബോധമെങ്കിലും നാം ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്.