മൂന്നര പതിറ്റാണ്ടെന്നത് പുരുഷായുസിലെ വലിയ കാലയളവാണ്. ലോകം വിസ്മയകരമായ നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പതിറ്റാണ്ടുകള്‍. സാമൂഹ്യാകലത്തിന്റെ പുതുകാലം വരെ നീളുന്ന യാഥാര്‍ഥ്യങ്ങള്‍. എത്രയോ പ്രിയപ്പെട്ടവര്‍ തിരിച്ചു വരാത്ത ലോകത്തേക്ക് യാത്ര പോയി. പുതിയ തലമുറകള്‍ കടന്നു വരുന്നു. മാറിയ കാലത്തിന്റെ ചിന്തകള്‍. ഭാഷയിലെ വ്യത്യാസങ്ങള്‍. വിവര സാങ്കേതിക വിദ്യയെ വിരല്‍തുമ്പില്‍ ആവാഹിച്ച് കുനിഞ്ഞു നടക്കുന്നവരുടെ എണ്ണം കൂടി കൂടി വരുന്നു. പരസ്പരം സംസാരിക്കാന്‍ സമയമില്ലാതെ പോകുന്നു. പലരെയും മറക്കുന്നു. അതിജീവനത്തിന്റെ യാത്രകള്‍ക്കിടയില്‍ മറന്നു പോയ പ്രിയ സൗഹൃദങ്ങളെത്രയെന്ന് പറയാനാവില്ല. പെട്ടെന്നുണ്ടാകുന്ന വെളിപാടു പോലെ ചിലര്‍ മനസിലേക്ക് കടന്നു വരുന്നു. ഉടനെ അവരെ തേടി പിടിച്ചെ പറ്റു. അല്ലെങ്കില്‍ തൊട്ടടുത്ത ദിവസം മറന്നു പോകും. ഒന്നും കുറിച്ചിടാനാവാത്ത വിധം മനസ് അശാന്തമാണ്.  കരുതി വെക്കുന്ന അക്ഷരങ്ങള്‍ സംഘര്‍ഷങ്ങളുടെ കനല്‍ ചൂടേറ്റ് കരിയുന്നു.  അറിയാത്ത ദേശങ്ങളിലേക്ക് ഗൂഗിള്‍ മാപ്പില്ലാതെ യാത്ര ചെയ്തിരുന്ന കാലത്ത് ഒന്നും കുറിച്ചു വെക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മനസെടുത്ത് പകര്‍ത്തിയാല്‍ മതിയായിരുന്നു. ഇന്ന് അതിനു കഴിയുന്നില്ല. പേരുകള്‍, സ്ഥലങ്ങള്‍, കാഴ്ചകള്‍ എല്ലാം മങ്ങി പോകുന്നു. മാഞ്ഞു പോകുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല.  മനസ് പറയുന്നു, നിനക്ക് പ്രായമായി. പക്ഷെ അപ്പോഴും വാര്‍ധക്യത്തിലെത്തിയെന്ന് സമ്മതിക്കാന്‍ തോന്നുന്നില്ല. ഇപ്പോഴും ഓടുകയാണ്. ഈ ഓട്ടം നിന്നാല്‍ തളര്‍ന്നു വീഴും. അതിന് അനുവദിച്ചു കൂടെന്ന ഉറച്ച തീരുമാനത്തിന്റെ കരുത്തിലൂടെ കടന്നു പോകുന്ന ദിനരാത്രങ്ങള്‍ക്കും ജീവന്‍ നിലനിര്‍ത്തുന്ന പ്രപഞ്ചനാഥനും നന്ദി. 

ഇക്കഴിഞ്ഞ ദിവസം മൂന്ന് പതിറ്റാണ്ടിനു ശേഷം ഞാന്‍ ഒരു സുഹൃത്തിന്റെ നമ്പര്‍ തേടി പിടിച്ച് വിളിക്കുന്നു. മറ്റാരുമല്ല ആ സുഹൃത്ത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ വി.ആര്‍.സുധീഷ്. കഴിഞ്ഞ ബുധനാഴ്ച രാത്രി വി.ആര്‍.സുധീഷിന്റെ രണ്ട് അഭിമുഖങ്ങള്‍ ഞാന്‍ യു.ട്യൂബില്‍ കാണുന്നു. സ്വാഭാവികത കൊണ്ട് വേറിട്ട അനുഭവം സമ്മാനിച്ച രണ്ട് അഭിമുഖങ്ങള്‍. പൊതുവെ അഭിമുഖങ്ങള്‍ കാണാറില്ല. അതിനുള്ള ക്ഷമയില്ല. സിനിമകള്‍ മുഴുവനായി കാണാറില്ല. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മുഴുവനായി കണ്ട ഒരു സിനിമ അയ്യപ്പനും കോശിയുമാണ്. മറ്റൊന്ന് കപ്പേള. പുസ്തക വായന കുറവ്. പുനര്‍വായന നടത്തിയത് മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം. പതിവു തെറ്റിക്കാതെ ഇടക്കിടെ എം.ടി യുടെ നീലകുന്നുകള്‍ വായിക്കുന്നു. അതിന്റെ പൊരുള്‍ എനിക്ക് തന്നെ പിടി കിട്ടാറില്ല. പക്ഷെ ഇടക്കിടെ ആ കഥ വായിക്കുന്നത് ഒരു ശീലമാണ്. 

എം.ടി യെ ഒരിക്കല്‍ കണ്ടപ്പോള്‍ ഇക്കാര്യം പറയണമെന്ന് കരുതിയെങ്കിലും പറഞ്ഞില്ല. രണ്ടോ മൂന്നോ വാചകം പറഞ്ഞ് ആ മുഖത്തു നിന്ന് ഒരു ചെറുപുഞ്ചിരിയും സ്വീകരിച്ച് മടങ്ങി. സുധീഷിന്റെ അഭിമുഖം പല കാര്യങ്ങളും ഓര്‍മിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ തിരുവന്തപുരത്തെ രാഹുല്‍ രാധാകൃഷ്ണന്‍ എനിക്ക് സുധീഷിന്റെ മൊബൈല്‍ നമ്പര്‍ അയച്ചു തന്നു. ഒട്ടും താമസിക്കാതെ വിളിച്ചു. സൈബര്‍പാത കടന്ന് എന്റെ ശബ്ദം സുധീഷിന്റെ മൊബൈലില്‍. ഇത് പഴയ ഒരു സുഹൃത്താണ്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് വിളിക്കുന്നു. പേരു പറയു എന്ന് സുധീഷ്. പേര് പറഞ്ഞപ്പോള്‍ ആ മനസില്‍ തെളിഞ്ഞ എന്റെ പഴയ രൂപം എനിക്ക് കാണാമായിരുന്നു. തോളില്‍ ഒരു തുണി സഞ്ചിയുമായി മുടി നീട്ടി വളര്‍ത്തിയ തീരെ മെലിഞ്ഞ ഒരാള്‍. സുധീഷിനും ഇത്രയും തടിയില്ല. എത്രകാലമായി ശബ്ദം കേട്ടിട്ട്. അഭിമുഖം കണ്ട കാര്യം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് സംസാരിച്ചു തുടങ്ങിയപ്പോഴേക്കും സുധീഷ് പഴയ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. വടകരയിലെ സുധീഷിന്റെ വീട്ടില്‍ രാപാര്‍ത്തതും പിറ്റേന്ന് സുധീഷിനൊപ്പം കോഴിക്കോട്ടേക്ക് വന്നതും പിന്നെ തൃപ്രയാര്‍ക്ക് പോയതും അങ്ങനെ എന്തെല്ലാം. സുധീഷ് എന്റെ കൊടുങ്ങല്ലൂരിലെ വീട്ടിലും വന്നിട്ടുണ്ട്. അന്ന് ഞങ്ങള്‍ ഒരുമിച്ച് എന്‍.ടി.ബാലചന്ദ്രന്റെ വീട്ടിലും പോയിരുന്നു. ബാലചന്ദ്രനെ പിന്നീട് നാളിതുവരെ സുധീഷ് കണ്ടിട്ടില്ല. മസ്‌കത്തില്‍ പ്രവാസിയായിരുന്ന ബാലചന്ദ്രന്‍ ഇപ്പോള്‍ കൊടുങ്ങല്ലൂരിലുണ്ട്. 

എണ്‍പതുകളുടെ തുടക്കത്തില്‍ തൃപ്രയാറില്‍ സാഹിത്യ പ്രണയികളുടെ ഒരു സംഘമുണ്ടായിരുന്നു. ഒരു കൂട്ടായ്മയും. ബാലചന്ദ്രന്‍ വടക്കേടത്തും ആര്‍.ഐ ഷംസുദ്ദീനും ,  ടി.വി കൊച്ചുബാവയുമൊക്കെ നേതൃത്വം കൊടുത്തിരുന്ന കൂട്ടായ്മ. അശോകന്‍ ചെരുവില്‍,  വി.പി.സുദര്‍ശനന്‍ തുടങ്ങി നിരവധി പേര്‍ ആ കൂട്ടായ്മയില്‍ അംഗങ്ങളായിരുന്നു. അന്ന് തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരായിരുന്ന യു.കെ.കുമാരനും എന്‍.ശ്രീകുമാറും കൂട്ടായ്മയില്‍ അംഗങ്ങളായിരുന്നു. യു.കെ കുമാരന്റെ ബ്യൂറോ ഓഫീസില്‍ പല രാത്രികളിലും തങ്ങിയിട്ടുണ്ട്. അഷ്ടമൂര്‍ത്തി മുംബെ വാസം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നെന്നാണ് ഓര്‍മ. ചിലര്‍ തുടക്കക്കാര്‍. മറ്റ് ചിലര്‍ അന്നേ പ്രശസ്തരായിരുന്നു. അക്കൂട്ടത്തില്‍ എഴുത്തു നിര്‍ത്തിയ ഒരാള്‍ വി.പി.സുദര്‍ശനനാണ്. പില്‍ക്കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രിയത്തിന്റെ നേതൃ നിരയിലെത്തിയ ടി.എന്‍.പ്രതാപന്‍ അന്ന് ഒരു കൈയെഴുത്ത് മാസിക നടത്തിയിരുന്നു.  ആ കൈയെഴുത്തുമാസികയില്‍ എല്ലാവരും എഴുതിയിരുന്നു. അക്കാലത്തു തന്നെയാണ് ഇന്‍ലന്റ് മാസിക എന്ന ആശയത്തിന് എന്‍.ടി ബാലചന്ദ്രനെ പോലുള്ളവര്‍ തുടക്കം കുറിക്കുന്നത്. ഗീതം എന്നായിരുന്നു ബാലചന്ദ്രന്റെ ഇന്‍ലന്റ് മാസികയുടെ പേര്. മലയാളത്തിലെ ആദ്യത്തെ ഇന്‍ലന്റ് മാസിക ഇതാണെന്നാണ് എന്റെ അറിവ്. പിന്നീട് ലിറ്റില്‍ മാഗസിനുകളുടെ കാലം വന്നു. അതില്‍ പലതും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. കവി വി.ജി തമ്പിയുടെ രസന തലയെടുപ്പുള്ള എഴുത്തുകാരുടെ ഇടമായിരുന്നു. കെ.എന്‍.ഷാജിയുടെ സംക്രമണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  രഘുരാമന്റെ സുകൃതമൊക്കെ അതിനു ശേഷമാണ് വരുന്നത്. സുകൃതവും എണ്ണം പറഞ്ഞ മാസികയായിരുന്നു. ലിറ്റില്‍ മാഗസിനുകളെ കുറിച്ച് പറയുമ്പോള്‍ മണമ്പുര്‍ രാജന്‍ബാബുവിനെ സ്മരിക്കണമെന്ന് മാത്രമല്ല നമിക്കുകയും കൂടി വേണം. സുധീഷൊക്കെ അന്നേ കഥകളിലൂടെ ശ്രദ്ധേയനായിരുന്നു. 

1982 ല്‍ തൃപ്രയാര്‍ കൂട്ടായ്മയില്‍ അംഗമായിരിക്കുമ്പോഴാണ് ഞാന്‍ മാതൃഭൂമി വാരാന്തപതിപ്പില്‍ എഴുതി തുടങ്ങുന്നത്. എന്‍.ടി ബാലചന്ദ്രനാണ് മാതൃഭൂമി വാരാന്തപതിപ്പിന് എന്റെ ഫീച്ചര്‍ അയച്ചുു കൊടുത്തത്. മാര്‍ച്ചില്‍ അയച്ച ഫീച്ചര്‍ ജൂണില്‍ വെളിച്ചം കണ്ടു. കെ.സി.നാരായണനായിരുന്നു വാരാന്തപതിപ്പിന്റെ ചുമതല. അന്നത്തെ പുതു തലമുറ കഥയെഴുത്തുകാരാണ് സുധീഷും എന്‍.ടി.ബാലചന്ദ്രനും അശോകന്‍ ചെരുവിലും കൊച്ചുബാവയും എന്‍.പി ഹാഫിസ് മുഹമ്മദുമൊക്കെ  ( ഒരു നക്ഷത്രം പോലെ ഭൂമിയിലെത്തി വെളിച്ചം പരത്തി നല്ല കഥകളെഴുതി അതിലധികം എഴുതാന്‍ ബാക്കി വെച്ച് ബാവ കടന്നു പോയെന്ന് ഇന്നും വിശ്വസിക്കാനാവുന്നില്ല.)  അക്കാലത്താണ് ബാവയുടെ ബന്ധു റാഹിലയെ സി.കെ.ഹസന്‍കോയ വിവാഹം കഴിക്കുന്നത്. ഏതാണ്ട് എല്ലാ എഴുത്തുകാരും പങ്കെടുത്ത വിവാഹം. അന്നും അവിടെ സാഹിത്യ ചര്‍ച്ച നടന്നു. ഉണര്‍വിലും ഉറക്കത്തിലും യാത്രകളിലും എല്ലാം സാഹിത്യം നിറഞ്ഞു നിന്ന കാലം. സാഹിത്യമായിരുന്നു പ്രാണവായു. എഴുതി എഴുതി തെളിയണം. നല്ല കഥകളെഴുതണം. പാര വെപ്പൊന്നുമില്ല. മാസത്തിലൊരിക്കല്‍ തൃപ്രയാര്‍ സത്രത്തില്‍ കൂടി എഴുതിയ കഥകളൊക്കെ വായിച്ചിരുന്ന കാലം. വടകരയില്‍ നിന്ന് വല്ലപ്പോഴും സുധീഷ് വരും. പരസ്പരം പുകഴ്ത്തലൊന്നുമില്ല. തിരുത്തലുകള്‍ പറയും. 

അത് സന്തോഷത്തോടെ അംഗീകരിച്ച് പോകുന്നവരായിരുന്നു എല്ലാവരും. ബാലചന്ദ്രന്‍ വടക്കേടത്ത് ആ കൂട്ടായ്മയിലെ പ്രധാന നിരൂപകനായിരുന്നു. ബാലന്‍ പില്‍ക്കാലത്ത് നിരൂപക ശ്രേണിയില്‍ മുന്‍ നിരയിലെത്തി. നല്ല പ്രാസംഗികന്‍. നിരീക്ഷകന്‍. എല്ലാവരും നല്ല സുഹൃത്തുക്കള്‍. പരസ്പരം കത്തുകളെഴുതിയിരുന്നവര്‍. ഇടക്കിടെ ബാലചന്ദ്രന്‍ ചുള്ളിക്കാട് കൊടുങ്ങല്ലൂരിലെ എന്‍.ടി.ബാലചന്ദ്രന്റെ വീട്ടില്‍ വരുമായിരുന്നു. പലപ്പോഴും ഇവര്‍ ഒരുമിച്ച് എന്റെ വീട്ടിലും വരും. ഉമ്മയായിരുന്നു എനിക്ക് ധൈര്യം. എഴുത്തുകാരൊക്കെ വരുന്നത് ബാപ്പാക്ക് അത്ര രസിക്കുന്ന കാര്യമായിരുന്നില്ലെങ്കിലും എന്‍.ടി.ബാലചന്ദ്രനുമായി നല്ല അടുപ്പമായിരുന്നു. എന്നെ ഉപദേശിച്ച് നന്നാക്കാനുള്ള ചുമതല എന്‍.ടി.ബാലചന്ദ്രനും കമലിനുമായിരുന്നു.  ഇരുവരും ഇടം വലം ഉപദേശിച്ചിട്ടും നന്നാകാതെ വന്നപ്പോഴാണ് എന്നെ നാടു കടത്തിയത്. പ്രവാസത്തിന്റെ ആദ്യ പര്‍വം കഴിഞ്ഞ് ഏകദേശം ഒന്നര വര്‍ഷം ഞാന്‍ നാട്ടിലുണ്ടായിരുന്നെങ്കിലും തൃശൂരിന് അപ്പുറത്തേക്ക് അധികം പോയില്ല . സുധീഷിനെയും ഹാഫിസ് മുഹമ്മദിനെയുമൊക്കെ കാണാനും ശ്രമിച്ചില്ല. കോഴിക്കോട് പോയാലും വി.ആര്‍.ഗോവിന്ദനുണ്ണിയുടെ വീട്ടില്‍ തങ്ങി തിരിച്ചു പോരും. പ്രവാസത്തിന്റെ രണ്ടാമൂഴത്തില്‍ അവധിക്കാലങ്ങളിലൊന്നും ഞാന്‍ സുധീഷിനെ തേടി പോയില്ല. വിളിച്ചില്ല. കത്തെഴുതിയില്ല. അശോകനെയും അഷടമൂര്‍ത്തിയെയും രണ്ട് ബാലചന്ദ്രന്‍മാരെയും ഇടക്കിടെ കാണുമായിരുന്നു.  സമയ പ്രവാഹം സാക്ഷി. എല്ലാവരും മനസിലുണ്ടായിരുന്നു. ഇത് ഒരു ന്യായീകരണമല്ല. കാലങ്ങളായി ബന്ധപ്പെടാത്ത സുഹൃത്തുക്കള്‍ ഇനിയുമുണ്ട്. വിധി അനുവദിച്ചാല്‍ തേടണം. വിളിക്കണം. കാണണം