സുഹൃത്തും എം.ഇ.എസ് അസ്മാബി കോളേജില്‍ സഹപാഠിയുമായിരുന്ന മുഹമ്മദ് ഇഖ്ബാല്‍ കാക്കശേരിയുടെ ഒരു ഫെയിസ് ബുക്ക് കുറിപ്പ് എത്ര പേര്‍ വായിച്ചിട്ടുണ്ടാകുമെന്ന അറിയില്ല . കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശിയായ ഇഖ്ബാല്‍ ഇപ്പോള്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലാണ്. ഇടതുപക്ഷ സഹയാത്രികനാണ്. അടിയന്തരാവസ്ഥക്ക് തൊട്ടു പിറകെ പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജില്‍ എസ്.എഫ്.ഐ യുടെ യണിറ്റ് കെട്ടിപടുത്തതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. 

ആ വര്‍ഷം നടന്ന കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ജോസഫ് ആന്റണിയെന്ന സുഹൃത്തും  അഴീക്കോടു നിന്ന് വന്നിരുന്ന റഷീദും നാസറും സജീവമായിരുന്നു. അതു പോലെ  സെലീനയും പിന്നെ ജോസഫ് കനേഷ്യസ് അല്‍മേഡയെന്ന് അധികം ആരും കേള്‍ക്കാത്ത പേരുള്ള ഒരു കായിക താരവും ആ തെരഞ്ഞെടുപ്പില്‍ മത്സരി്ച്ചിട്ടുണ്ട്. ആര്‍.പി മേനോന്‍ സാറിനെ പോലുള്ള സഖാക്കള്‍ അന്നവിടെ അധ്യാപകരായിരുന്നു. അബ്ദുല്‍ ഖാദര്‍ സാറായിരുന്നു പ്രിന്‍സിപ്പല്‍. അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ സിനിമാ നിര്‍മാതാവ് ഷെഫീഖ് സെയിട്ടിന്റെ ഉമ്മ അന്നവിടെ നോണ്‍ ടീച്ചിംഗ് സ്റ്റാഫായിരുന്നു. അന്നാളുകളില്‍ അവിടെ പഠിപ്പിച്ചിരുന്ന അധ്യാപകരില്‍ ചിലര്‍ ജീവിച്ചിരിപ്പില്ല. ആ ബാച്ചില്‍ പെട്ട  ഫാത്തിമതാഹയും നിസാറും റസിയയുമൊക്കെ ജിദ്ദയിലുണ്ട്. 

അവരൊക്കെ ഇഖ്ബാലിന്റെ ഈ കുറിപ്പ് വായിച്ചിരുന്നോ എന്നറിയില്ല. ഞാനും യാദൃശ്ചികമായാണ് കണ്ടത്. നമ്മള്‍ ഇപ്പോള്‍ തലങ്ങും വിലങ്ങും പറയുന്ന സാമൂഹ്യ അകലം അഥവാ സോഷ്യല്‍ ഡിസ്റ്റംസിംഗിനെ മലയാളികളില്‍   ചെറിയ ഒരു വിഭാഗം എത്ര മാത്രം തെറ്റിദ്ധരിച്ചിരിക്കുന്നുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇഖ്ബാലിന്റെ കുറിപ്പ്. ഒരു പക്ഷെ ഈ സംഭവം നമ്മുെട മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരു നല്ല സ്റ്റോറിക്ക് പോലും വകുപ്പു നല്‍കുന്നുണ്ട്. നിര്‍ഭാഗ്യ വശാല്‍ മാധ്യമങ്ങള്‍ പ്രവാസ ലോകത്തും നാട്ടിലും ഇപ്പോള്‍ സ്വയം കണ്ടെത്തലുകള്‍ കുറച്ചിരിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രിയക്കാരും ചില തല്‍പര കക്ഷികളും ചൂണ്ടികാട്ടുന്നത് വാര്‍ത്തയാക്കാനാണ് താല്‍പര്യം. യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ അകന്നു പോകുന്നത് ഇതു കൊണ്ടാണെന്ന് സായിനാഥിനെ പോലുള്ളവര്‍ പറയുന്നതില്‍ കഴമ്പുണ്ട്. 

ഈ അടുത്ത ദിവസം ഇഖ്ബാല്‍  ഒരു നല്ല കാര്യം ചെയ്യാന്‍  തീരുമാനിക്കുന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് നമ്മുടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ നെട്ടോട്ടമോടുകയാണ്. ഒഴിഞ്ഞു കിടക്കുന്ന വീടുകളും റിസോര്‍ട്ടുകളും എന്നു വേണ്ട ഹാളുകള്‍ വരെ പഞ്ചായത്തിനെയൊ മുന്‍സിപ്പാലിറ്റിയെയോ ഏല്‍പിക്കാം. പലരും പല ഭാഗത്തും ഇതു ചെയ്യുന്നുണ്ട്. നേരത്തെ വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയവരെ അതേ സമയം കാണാനുമില്ല. ഏതായാലും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചു തന്നെയാണ് ഇഖ്ബാല്‍ തന്റെ മേല്‍ നോട്ടത്തിലുള്ള സഹോദരി പുത്രന്റെ നാലു കിടപ്പു മുറികളുള്ള വീടിന്റെ താക്കോല്‍ പഞ്ചായത്തിനെ ഏല്‍പിക്കുന്നത്. 

സഹോദരി പുത്രന് ഇക്കാര്യത്തില്‍ നിറഞ്ഞ സംതൃപ്തിയും സന്തോഷവും . പഞ്ചായത്ത് താക്കോല്‍ വാങ്ങി ക്വാറന്റൈന്‍ സംവിധാനം ഒരുക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് പരിസരവാസികളുടെ എതിര്‍പ്പ് ഉയര്‍ന്നത്. ഈ ഭാഗം ജനസാന്ദ്രതയുള്ള പ്രദേശമാണ്. അവിടെയുളള പല വീടുകളില്‍ നിന്നും ഒരാളെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഇഖ്ബാല്‍ കുറിപ്പില്‍ പറയുന്നു. ആ പരിസരത്തെ സകല കുടുംബക്കാരും ചേര്‍ന്ന് എതിര്‍ത്തതോടെ പഞ്ചായത്തിനു മുന്നില്‍ വഴിയില്ലാതായി.ഇഖ്ബാലും ആകെ വിഷമത്തിലായി.

 പരിസരവാസികളെല്ലാം ഇടത്തരക്കാരാണെങ്കിലും നല്ല നിലയില്‍ ജീവിക്കുന്നവരാണ്. വേറൊരു കാര്യം കൂടിയുണ്ട്. ഈ പ്രദേശത്തു നിന്ന് ഗള്‍ഫില്‍ ജോലി ചെയ്യുന്ന പലരും നാട്ടില്‍ തിരിച്ചെത്താന്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. അവരെത്തിയാല്‍ അവര്‍ക്കു കൂടി ഈ വീട് പ്രയോജനപ്പെടുമെന്ന് പോലും മനസിലാക്കാതെ പരിസരവാസികള്‍ കടുത്ത എതിര്‍പ്പു തന്നെ പ്രകടിപ്പിച്ചു. നാട്ടുകാരില്‍ നിന്ന് പണി കിട്ടിയെന്നാണ് ഇഖ്ബാല്‍ എഴുതിയിരിക്കുന്നത്. രോഗം പകരുമെന്ന് കരുതിയാണ് ഈ ഭീതിയും എതിര്‍പ്പും. എത്ര മനസിലാക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ എഫ്.ബി യില്‍ ഒരു കുറിപ്പ് എഴുതി ചില ചോദ്യങ്ങള്‍ സമൂഹത്തോട് ചോദിച്ചു കൊണ്ടും പോരാട്ടം രോഗിയോടല്ല രോഗത്തോടാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ടും ഇഖ്ബാല്‍ തന്റെ നീണ്ട നരച്ച താടിയും തടവി മതിലകം പുതിയകാവിലൂടെ അങ്ങനെ നടന്നു പോകുന്നു. 

ഇത് കേരളത്തില്‍ ഒറ്റപ്പെട്ട സംഭവമാണെന്ന് എനിക്ക് തോന്നുന്നില്ല. പല പ്രദേശങ്ങളിലും ഇതു നടക്കുന്നുണ്ടാകണം. സന്‍മസുള്ള പലരും സമാധാനം കൂടുതല്‍ നഷ്ടപ്പെടുത്തേണ്ടെന്ന ചിന്തയില്‍ വീണ്ടും സ്വന്തം വീടിന്റെ സ്വാസ്ഥ്യങ്ങളിലേക്ക് മടങ്ങുന്നുണ്ടാകണം. ഈ സാമൂഹ്യ അകലം എന്നു പറയുന്ന സംഗതി പലര്‍ക്കും പിടി കിട്ടിയിട്ടില്ലെന്ന് തോന്നുന്നു.  രണ്ടര്‍ഥത്തിലും പിടി കിട്ടിയിട്ടില്ല. കൂട്ടം കൂടേണ്ടെന്ന് പറഞ്ഞാല്‍ അത് പറയുന്നവരോട് തര്‍ക്കിക്കാന്‍ വരും. സാമൂഹ്യ അകലം എന്നു പറഞ്ഞാല്‍ ഇനി സാമൂഹ്യ ബന്ധമെ വേണ്ടെന്ന ചിന്തയില്‍ പെട്ടു പോയവരുമുണ്ട്. രണ്ടും തെറ്റാണ്. 

സാമൂഹ്യ അകലമെന്ന വാചകത്തെ നമ്മള്‍ മാത്രമല്ല ലോകം തന്നെ തെറ്റായി വായിച്ചെന്ന കാര്യത്തില്‍ സംശയമില്ല. സാമൂഹ്യ ജീവിയായ മനുഷ്യന് എങ്ങനെയാണ് ശിഷ്ടായുസു മുഴുവന്‍ സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കുക ? മനുഷ്യ കുലം തന്നെ ഇല്ലാതാകില്ലെ ? ഒരു അസംബന്ധ നാടകം പോലെയാണ് കാര്യങ്ങളുടെ മൊത്തം കിടപ്പ്. ഈ സാമൂഹ്യ അകലം എന്നു പറയുന്നത് രോഗം പകരാതിരിക്കാനുള്ള വെറും ഒരു മീറ്റര്‍ ദൂരം മാത്രമാണെന്നും മാസ്‌ക ധരിച്ചും ഗ്ലൗസ് ധരിച്ചും രോഗം പകരാതിരിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണെന്നുമുള്ള ബോധം ഇല്ലാതായാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കൊറോണ വീണ്ടും പരത്തുന്നത്  അന്യ സംസ്ഥാനത്തു നിന്ന് വരുന്നവരാണ് അന്യ രാജ്യത്തു നിന്ന് വരുന്നവരാണെന്ന് എന്ന തരത്തില്‍ വ്യാഖ്യാനങ്ങളും പ്രചരണവും നടക്കുന്നത് കാര്യങ്ങള്‍ കൃത്യമായി ഗ്രഹിക്കാത്തതു കൊണ്ടാണ്. രോഗത്തോടും രോഗികളോടും ഒരു പോലെ ഭീതിയെന്ന രീതിയിലാണ് പല രാജ്യങ്ങളിലും കാര്യങ്ങള്‍ പുരോഗമിക്കുന്നത്. അതു കൊണ്ടാണ് കൊറോണ വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്സിന്റെ ഭര്‍ത്താവിന് അയാളുടെ ജോലി സ്ഥലത്ത് വിവേചനം നേരിടേണ്ടി വരുന്നത്. 

കൊറോണ രോഗികളെ നിരന്തരം പരിശോധിക്കുന്ന ഡോക്ടറെ കാണുമ്പോള്‍ അയല്‍വാസി അകന്നു നില്‍ക്കുന്നതും ഇതു കൊണ്ടു തന്നെ. ഇവരൊക്കെ തന്നെയാണ് പിന്നീട് മാലാഖ സ്നേഹവും അതിനപ്പുറത്തെ പുകഴ്ത്തു പാട്ടുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നതും. ലോകം കാണുന്ന കറുത്ത ഫലിതങ്ങള്‍. നമ്മള്‍ ഈ പുകഴുത്തുന്ന മാലാഖമാരില്‍ പലരുടെയും മനസില്‍ പെയ്തൊഴിയാന്‍ വെമ്പുന്ന കണ്ണീര്‍ കാര്‍മേഘങ്ങളുണ്ട്. കൊറോണ രാഗിയെ കെട്ടി പിടിച്ച് കൂട്ടി കൊണ്ടു പോകാനൊ അയാളോടൊപ്പം ഭക്ഷണം കഴിക്കാനൊ ആരും പറയുന്നില്ല. 

രോഗം മാറി വന്നാല്‍ മറ്റേത് രോഗം മാറി വരുന്നതു പോലെയാണ് ഇതുമെന്ന് നാം തിരിച്ചറിയണം. അതോടെ അവരുമായുള്ള സാമൂഹ്യ അകലം അലിഞ്ഞു പോകേണ്ടതാണ്. മനസു കൊണ്ട് അകലുന്നതല്ല ഈ സാമൂഹ്യ അകലമെന്ന് പറയുന്നത്.  ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഈ അടുത്ത ദിവസം ഇക്കാര്യം വളരെ കൃത്യമായി ലോകത്തെ ബോധ്യപ്പെടുത്തിയിരുന്നു. വൈറസ് ചുടല നൃത്തം നടത്തുന്ന ഈ കെട്ട കാലത്ത് വിവേചനവും വെറുപ്പും പടരുന്നത് കൂടി തടയാന്‍ മാനവികതയെ സ്നേഹിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ഒരു അടുപ്പ്  കെട്ടു പോകുമ്പോള്‍ മറ്റൊന്ന് കത്തിക്കുകയെന്ന വിഖ്യാത വചനം പോലെ പ്രതീക്ഷയുടെ വെളിച്ചം അരികിലുണ്ട്. ആരും തകര്‍ന്നിട്ടില്ല. പൊരുതാനുള്ള മനസുണ്ടെങ്കില്‍ ആരാണ് തകരുക ? പക്ഷെ പോരാട്ടം മാനവികതയെ മുറുകെ പിടിച്ചു കൊണ്ടാവണമെന്ന് മാത്രം.