രണ്ടാഴ്ചക്കാലം ജീവിതത്തിനും മരണത്തിനും ഇടയിലെ ഇരുളടഞ്ഞ വനാന്തരങ്ങളിലെ അവസാനിക്കാത്ത നടപാതകളിലൂടെ പാരവശ്യത്തോടെ വേച്ചു വേച്ചു നടക്കുമ്പോള്‍ നരച്ച മുടിയും മീശയും കറുപ്പിച്ചതടക്കമുള്ള എല്ലാ ചമല്‍ക്കാരങ്ങളും അഴിഞ്ഞു വീണിരുന്നു. ഇനി ഒരു മടങ്ങി വരവില്ലെന്ന് ഉറപ്പിച്ചപ്പോഴും സര്‍പ്പത്തിനും സിംഹത്തിനും ഇടയില്‍ പെട്ട് മരണം മുന്നില്‍ കാണുമ്പോഴും പച്ചിലകളിലൂടെ ഒഴുകി വരുന്ന തേനിനോട് കൊതി തോന്നുന്ന മനുഷ്യന്റെ പഴയ കഥയിലെ കഥാപാത്രമാവുകയാണ്. ഇല്ല ,ജീവിക്കണം. 

മക്കയിലെ ജുഹറാനയില്‍ നിന്നും എങ്ങനെ ജിദ്ദ വരെ യാത്ര ചെയതെന്ന് അറിയില്ല. പകുതി ബോധത്തില്‍ വെയില്‍ താഴ്വരയിലൂടെ കോട്ടക്കല്‍ കോഴിച്ചെനക്കാരന്‍ സക്കീറിനോടൊപ്പം കാറില്‍ അങ്ങനെ പോവുകയായിരുന്നു. ജോലി ചെയ്യുന്ന കമ്പനിയുടെ ചെയര്‍മാനായ റഫീഖ് ഭായിയെന്ന ഷെയിഖ് റഫീഖ് നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോഴും ഞാന്‍ ആശുപത്രിയിലേക്ക് പോകില്ലായിരുന്നു. നാട്ടില്‍ നിന്ന് സഹോദരന്‍മാരായ ഡോ.കുഞ്ഞി മൊയ്തീനും ഡോ.ഷഫിയും സൗദി എം.ഒ.എച്ചിലെ ഡോ.അബ്ദുല്‍ അസീസും ഡോ.ജിനരാജും ( ഡോ.ജിനരാജ് കഥാപ്രസംഗ രംഗത്തെ കുലപതിയായിരുന്ന വി.സാംബശിവന്റെ മകന്‍ ) എത്രയും പെട്ടെന്ന് ഏതെങ്കിലും ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. ജിദ്ദയിലെ മുഹമ്മദാലിക്കയുടെ ജെ.എന്‍.എച്ചി ല്‍ എത്തുമ്പോഴേക്കും തളര്‍ന്നിരുന്നു. സക്കീറി്ന്റെ ചുമലില്‍ പിടിച്ചാണ് ആശുപത്രിയുടെ മുന്‍ ഗെയിറ്റ് കടന്നത്. പിന്നെ വീല്‍ ചെയറില്‍. കാത്തിരിപ്പില്ലാതെ തന്നെ ഡോ.ഇന്ദു ചന്ദ്രയെ കണ്ടു. ഡോ.ഇന്ദു ഹെല്‍ത്ത് ആന്റെ എന്റര്‍ടെയിന്‍മെന്റ് ചാനലില്‍ നടത്തുന്ന കോഫി ചാറ്റ് വിത്ത് ഡോ.ഇന്ദു അറിവിന്റ ജാലകം തുറക്കുന്ന അഭിമുഖങ്ങളാല്‍ സമ്പന്നമാണ്. 

ചില എപ്പിസോഡുകള്‍ കാണാറുണ്ട്. വല്ലപ്പോഴും ഫോണില്‍ സംസാരിക്കാറുമുണ്ട്. പ്രത്യേകിച്ചൊന്നും ചോദിക്കാതെ എന്നെ അഡ്മിറ്റ് ചെയ്യാനുള്ള കടലാസ് എഴുതുകയായിരുന്നു ഡോ.ഇന്ദു. ആലപ്പുഴ സ്വദേശിനിയായ സിസ്റ്റര്‍ ലിജി ആ കടലാസുമായി തിടുക്കത്തില്‍ പല സെക്ഷനുകളില്‍ കയറി ഇറങ്ങി. അതിനിടയില്‍ രക്ത പരിശോധന. കൂടുതല്‍ അവശതയിലേക്ക്. കാഴ്ചകള്‍ മങ്ങി തുടങ്ങിയതോടെ മൂന്ന് പേരെ വിളിച്ചു. ആദ്യം റഫീഖ് ഭായിയെ വിളിച്ച് വിവരം പറഞ്ഞു. എന്നെ ഇവിടെ കിടത്താന്‍ പോകുന്നു. രക്തകുഴലുകള്‍ വറ്റി വരണ്ട അവസ്ഥയിലാണ്. ശരീരത്തിനു രക്തം വേണം. പിന്നെ മലയാളം ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ മുസാഫിറിനെ വിളിച്ചു. അതു കഴിഞ്ഞ് ജിദ്ദയിലുള്ള സഹോദരി ഷമിയെ വിളിച്ചു. നാട്ടില്‍ ആരും പരിഭ്രമിക്കാത്ത വിധത്തില്‍ വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാന്‍ ഷമിയോട് പറഞ്ഞു. മൊബൈല്‍ താനെ ഓഫായി. എന്റെ കൈയ്ില്‍ നിന്ന് മൊബൈല്‍ വഴുതി പോകുമെന്നായപ്പോള്‍ സക്കീറിനെ ഏല്‍പിച്ചു. 

വീല്‍ ചെയറില്‍ എന്നെയും ഉന്തി പല ഫ്ളോറുകള്‍ ലിഫ്റ്റില്‍ കയറി ഇറങ്ങുകയാണ് സക്കീര്‍. ഒടുവില്‍ ഏതാനും മണിക്കൂറുകള്‍ ഷെയറിംഗ് മുറിയില്‍ . സിംഗിള്‍ റൂം സംഘടിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് അപ്പോഴേക്കും ആശുപത്രി മാനേജ്മെന്റിന് മേല്‍ സമ്മര്‍ദവുമായി മുസാഫിറും ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഇഖ്ബാലും അടക്കം പലരും വിളിക്കുന്നു.  എന്റെ രക്ത സാമ്പിള്‍ എടുത്തത് ഒരു ഫിലിപ്പിനോ നഴ്സ്. നാലു പതിറ്റാണ്ടിനു ശേഷമാണ് ആശുപത്രിയില്‍ കിടക്കുന്നത്. മരുന്നും മരണവും ഒളിച്ചു കളിക്കുന്ന ആശുപത്രികളെ ഭയമാണ്. രോഗികളെ സന്ദര്‍ശിക്കാന്‍ പോകാറുണ്ടെന്ന് മാത്രം. ഈ അടുത്ത കാലത്ത് അങ്ങനെയും പോയിട്ടില്ല. തൊട്ടുത്ത കട്ടിലില്‍ നരച്ച മുടിയും താടിയും ചുമന്ന മുഖവുമുള്ള ഒരു അറബ് വംശജന്‍. മനോഹരമായ ചിരി. അയാള്‍ സലാം പറഞ്ഞു. പേര് പരസ്പരം ചോദിച്ചില്ല. പറഞ്ഞമുമില്ല. അല്ലെങ്കില്‍ തന്നെ ഇവിടെ പേരിന് എന്തു പ്രസക്തി. പേരുമായുള്ള എല്ലാ ബന്ധങ്ങളും മരണം വരെ മാത്രം. മരണത്തോടെ പേര് ഇല്ലാതാകുന്നു. മയ്യിത്തും ശവവും ബോഡിയുമായി മാറുന്നു മനുഷ്യന്‍. എല്ലാ തിരക്കുകളും വാശിയും വൈരാഗ്യവും പണവും പെരുമയും മരണത്തോടെ ഇല്ലാതാകുന്നു. അയാള്‍ ചോദിച്ചു, രോഗിയായല്ലെ. അതെ. വയസെത്രയായി. അറുപതോട് അടുക്കുന്നു. എനിക്ക് എഴുപത്. ലബനാനിയാണ്. പേശികളുടെ ബലം കുറഞ്ഞ് തളരുമ്പോള്‍ ഇവിടെയെത്തും. കുത്തിവെപ്പുകള്‍ നടത്തും. മൂന്ന് നാലു ദിവസം കിടക്കും. 

 ഉപയോഗ ശൂന്യനായ ഒരു മുഷ്യനായി ഞാന്‍ മാറിയിട്ട് പത്തു വര്‍ഷമായി. അയാളുടെ വാക്കുകള്‍ പലതും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഉപയോഗശൂന്യനായ എന്ന പ്രയോഗം  എന്നെ പൊള്ളിക്കുക തന്നെ ചെയ്തു. ആ വാക്ക് കേട്ടതും എന്റെ നെഞ്ചില്‍ കനലെരിഞ്ഞെന്നത് വാസ്തവം. എനിക്ക് ഭയമായി. ഉപയോഗ ശൂന്യനായ മനുഷ്യന്‍. കണ്ടം ചെയ്യപ്പെട്ട ഒരു യന്ത്രത്തെ പോലെ. അയാള്‍ പിന്നെ പറഞ്ഞ വാക്കുകള്‍ എന്നെ കൂടുതല്‍ ഭീതിയിലാഴ്ത്തി. ഡിസ്‌കാര്‍ഡഡ് ഹ്യമന്‍ ബീയിംഗ്സ്. വലിച്ചെറിയപ്പെടുന്ന മനുഷ്യര്‍. ഒരു ഉപയോഗവും തന്നെ കൊണ്ട് ഇല്ലെന്ന് എപ്പോഴും അയാളുടെ ഭാര്യയും മക്കളും പറയുമത്രെ. നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴില്ല. പക്ഷെ പണമുണ്ട്. സ്വന്തം ചികിത്സക്ക് ആരെയും ആശ്രയിക്കേണ്ട. താന്‍ വിലക്കു വാങ്ങിയ വില്ലയില്‍ അന്യനെ പോലെ ഒരു മുറിയില്‍ കഴിയുന്നു. ഭക്ഷണം കൊണ്ടു തരുന്നത് എത്യോപ്യക്കാരിയായ ഗദ്ദാമ. ഒരു പഴയ കാറുണ്ട്. അത് സ്വയം ഡ്രൈവ് ചെയ്ത് അസുഖാവസ്ഥയില്‍ അല്ലാത്തപ്പോള്‍ കടപ്പുറത്തു പോകും. മൂന്നും നാലും മണിക്കൂറുകള്‍ കടലില്‍ നോക്കിയിരിക്കും. ചിലപ്പോള്‍ ഷീഷ വലിക്കാന്‍ പോകും (ഹുക്ക) . തന്റെ അസുഖത്തിന് പുകവലി പാടില്ലെങ്കിലും വലിച്ചു പോകും. സിഗരറ്റും ഹുക്കയുമൊക്കെ കടുത്ത ഏകാന്തതയില്‍ സുഹൃത്തുക്കളാകും. നമുക്കായി പുകഞ്ഞു തീരുന്ന സുഹൃത്തുക്കള്‍. മയക്കത്തിലും ഉണര്‍ച്ചയിലുമായി ഞാന്‍ അയാള്‍ പറയുന്നത് കേട്ടു. ഒന്നു രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്നെ സിംഗിള്‍ റൂമിലേക്ക് മാറ്റി. അദ്ദേഹത്തോട് യാത്ര പറയുമ്പോള്‍ ഞാന്‍ ആകെ അവശനായിരുന്നു. വളരെ പെട്ടെന്ന് തന്നെ എന്റെ ശരീരത്തിലേക്ക് അജ്ഞാതനായ ഏതോ ഒരു മുുഷ്യേന്റെ രക്തം പതുക്കെ കയറി തുടങ്ങി. ഇതു പോലുള്ള അഞ്ചു യൂനിറ്റുകള്‍ കയറ്റണം. എന്നാലെ എന്റെ സിരാപടലങ്ങളില്‍, രക്തകുഴലുകളില്‍ ഉണര്‍വുണ്ടാകു. ഞാന്‍ രക്തം നിറച്ച പാക്കറ്റ് നോക്കി കിടന്നു. രക്തം തുള്ളി തുള്ളിയായി ട്യൂബിലൂടെ എന്റെ ശരീരത്തിലേക്ക് യാത്ര ചെയ്യുകയാണ്. ഉറുമ്പുകളുടെ സഞ്ചാരം പോലെ. ആദ്യത്തെ യൂനിറ്റ് രക്തം കയറ്റി കഴിഞ്ഞപ്പോള്‍ കുറച്ച് ഉഷാര്‍ തോന്നി. അതിനിടയില്‍ കൃത്യ സമയങ്ങളില്‍ ആശുപത്രി ഭക്ഷണം. സക്കീറിനുള്ള ഭക്ഷണവും അവര്‍ കൊണ്ടു വന്നു. എന്റെ സമീപത്തു നിന്ന് അനങ്ങരുതെന്ന റഫീഖ് ഭായിയുടെ നിര്‍ദേശം കാരണം സക്കീര്‍ ഇടം വലം തിരിയാതെ നിന്നു. ഷറഫിയയില്‍ ഒന്നു പോയി വരാന്‍ സക്കീറിന്റെ മനസ് പിടയുന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ സക്കീറിനോട് ഷറഫിയയിലെ അവന്റെ മുറിയില്‍ പോയി ഫ്രഷ് ആയി വരാന്‍ പറഞ്ഞു വിട്ടു. വരുമ്പോള്‍ താഴെ ക്യാന്റീനില്‍ നിന്ന് ചൂടുള്ള കാപ്പിയും കൊണ്ടു വരണം. 

ജീവിതത്തെ കുറിച്ച് ആലോചിച്ച്  അങ്ങനെ കിടക്കെ സലാം പറഞ്ഞു കൊണ്ട് മുറിയിലേക്ക് മെക്കാനൈസ്ഡ് വീല്‍ചെയറില്‍ ലബനാനി വന്നു. ബ്രദര്‍ നല്ല മുറിയാണ്. എവിടെ സഹായി. ആരെങ്കിലും കൂടെയില്ലെങ്കില്‍ താങ്കള്‍ ബോറടിച്ചു മരിക്കും. അയാള്‍ നരച്ച താടി തടവി ചിരിച്ചു. എന്തൊരു ഐശ്വര്യമാണ് ആ മുഖത്ത് . ഞാന്‍ അയാളോടു ചോദിച്ചു ,ഭാര്യയും മക്കളും താങ്കളെ വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞോ ? പല വട്ടം പറഞ്ഞു കഴിഞ്ഞെന്നും തന്റെ മരണം പെട്ടെന്നാകണമെന്ന പ്രാര്ഥനയിലാണ് അവരെന്നും അയാള്‍ പറഞ്ഞു. പിന്നെയും ചിരിച്ചു. ഇല്ല ഒരിക്കലുമാകില്ല. താങ്കളുടെ തോന്നലാണ് എല്ലാം. നോക്കു, എന്റെ മക്കള്‍ ഇതിനകം എത്രവട്ടം എന്നെ വിളിച്ചു കഴിഞ്ഞു. ഭാര്യ നാട്ടില്‍ നിരന്തരമായ പ്രാര്‍ഥനയിലാണ്. എന്റെ കൂടെ കോളേജില്‍ പഠിച്ചിരുന്നവരുടെ വട്സ്ആപ്പ് ഗ്രൂപ്പിലും എല്ലാവരും പ്രാര്‍ഥിക്കുന്നു. ശരിയായിരിക്കാം. 

തര്‍ക്കത്തിനില്ല.  അയാള്‍ പറഞ്ഞു, ലുക്ക് ബ്രദര്‍ ഞാന്‍ കളവു പറയുന്നില്ല. ഒരാള്‍ അതും പ്രായമുള്ള ഒരാള്‍ ക്രോണിക് ആയിട്ടുള്ള അസുഖ ബാധയില്‍ പെട്ടാല്‍ തുടക്കത്തല്‍ എല്ലാവരും കൂടെയുണ്ടാകും. പിന്നെ പിന്നെ അവര്‍ക്ക് മടുക്കും. സ്ട്രോക്ക് വന്ന് തളര്‍ന്നു പോകുന്നവരുടെ ദയനിയാവസ്ഥ താങ്കള്‍ കണ്ടിട്ടുണ്ടോ , ഞാന്‍ കണ്ടിട്ടുണ്ട്. അഭയാര്‍ഥികളുടെ നിസഹായാവസ്ഥ കണ്ടിട്ടുണ്ടോ ? ഞാന്‍ കണ്ടിട്ടുണ്ട്. ഭ്രാന്തന്‍മാരുടെ കരച്ചില്‍ കേട്ടിട്ടുണ്ടോ ? ഉണ്ടാകില്ല . ഞാന്‍ പറഞ്ഞു, അങ്ങനെ അടച്ച് മാനവികതയെ കുറ്റം പറയരുത് ബ്രദര്‍. എണ്‍പതും തൊണ്ണൂറും വയസു വരെ കൈ പിടിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ദമ്പതിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെയുള്ളവരെ താങ്കള്‍ കണ്ടിട്ടുണ്ടാവില്ല. അപ്പോഴേക്കും തിരിച്ചെത്തിയ സക്കീര്‍ പറഞ്ഞു, എന്റെ ഭാര്യ ഫാത്തിമയുടെ വെല്ലിപ്പയും വെല്ലിമ്മയും 90 വയസു വരെ പിരിഞ്ഞു ജീവിച്ചിട്ടില്ല. എന്തൊരു സ്നേഹത്തോടെയുള്ള ജീവിതം. ഒരുമിച്ചു നമസ്‌കാരം. ഒരുമിച്ച് ഭക്ഷണം. ഇപ്പോള്‍ വെല്ലിപ്പ മരിച്ചു. അങ്ങനെ മരണം വരെ അവര്‍ നല്ല ദമ്പതികളായിരുന്നു. കൊണ്ടു വന്ന കാപ്പി ലബനാനിക്ക് കൊടുക്കാന്‍ സക്കീറിനോട് പറഞ്ഞു. കാപ്പി അയാള്‍ സ്നേഹത്തോടെ നിരസിച്ചു. താങ്കള്‍ കുടിക്കു. ഇത് താങ്കള്‍ക്ക് വേണ്ടി കൊണ്ടു വന്നതാണ്. ആശുപത്രിയില്‍ ആതിഥ്യ മര്യാദകളില്ല. 

അയാള്‍ തുടര്‍ന്നു,  തര്‍ക്കിക്കുകയല്ല, ഞാന്‍ ഇതൊന്നും വിശ്വസിക്കില്ല. പൈസ കൈയിലുണ്ടായിട്ടു വരെ എന്നെ തള്ളി പറയുന്ന ,ഒരു ശല്യമായി എന്നെ കാണുന്നവരുടെ ഇടയില്‍ ജീവിക്കുമ്പോള്‍ മനുഷ്യനെ കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നശിക്കുകയാണ്. താങ്കള്‍ക്കെന്നല്ല താങ്കളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഉപയോഗ ശൂന്യരായ മനുഷ്യരുടെ കൂട്ടത്തില്‍ താങ്കളും അവരും പെടാതിരിക്കട്ടെ. ആമീന്‍. ഞാന്‍ നാളെ രാവിലെ പോകും. താങ്കള്‍ ഇനിയും മൂന്ന് നാലു ദിവസം കിടക്കേണ്ടി വരും. ഡിസ്ചാര്‍ജ് ചെയ്ത് പുറത്തിറങ്ങിയാല്‍ എന്നെ വിളിക്കണം. ഇതാ നമ്പര്‍. ശരി. വിളിക്കാം. ഇത്ര ദിവസമായിട്ടും ഞാന്‍ അദ്ദേഹത്തെ വിളിച്ചിട്ടില്ല. വിളിക്കാനും ഉദ്ദേശിക്കുന്നില്ല. അയാള്‍ ഒരു പക്ഷെ ഇനിയും ഉപയോഗ ശൂന്യരായ മനുഷ്യരുടെ കഥകള്‍ പറയും. ജീവിതത്തോടുള്ള താല്‍പര്യവും മനുഷ്യനിലുള്ള വിശ്വാസവും ഇല്ലാതാകുന്ന അവസ്ഥ എനിക്ക് ചിന്തിക്കാനാവുന്നില്ല.