മലയാളിയുടെ ഗള്‍ഫ് പ്രവാസം അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ പ്രവാസികള്‍ അങ്ങേയറ്റത്തെ നിരാസത്തിലൂടെയും ആത്മസംഘര്‍ഷത്തിലൂടെയും കടന്നു പോവുകയാണ്. പിറന്ന നാട്ടില്‍ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി അന്യവല്‍ക്കരിക്കപ്പെട്ടവനെ പോലെ കോടതി കയറി ഇറങ്ങേണ്ട ഗതികേടു പോലും ഈ കെട്ട കാലത്ത് പ്രവാസി നേരിടുന്നു. വലിയ സാമൂഹ്യ വിപത്താണ് പ്രവാസി സമൂഹത്തെ കാത്തിരിക്കുന്നത്. കൃത്യമായ സാമൂഹ്യ ധ്രൂവീകരണത്തിന് നാട്ടില്‍ ആരെല്ലാമോ ചേര്‍ന്ന് കരുക്കള്‍ നീക്കുന്നു. 

സമുദായ ധ്രുവീകരണത്തിന്റെ അരികു പറ്റിയാണ് ഇതു വരുന്നതെന്നതാണ് കൂടുതല്‍ അപകടകരമായ വസ്തുത. പ്രവാസി മാത്രം ഒറ്റപ്പെട്ട് ഒരു വശത്താണ്. കൂടെയുണ്ടെന്ന് പറയുന്നവരും മക്കളെ കയറി വരൂ എന്നു പറഞ്ഞവരും  എന്തിന് സ്വന്തം വീട്ടുകാര്‍ വരെ കൃത്യമായി ഏതു ചേരിയിലാണെന്ന് പ്രവാസിക്ക് മനസിലാകുന്നില്ല. നാട്ടിലുള്ളവര്‍ ആത്മാര്‍ഥമായി നിലപാട് വ്യക്തമാക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത. പ്രവാസി ഇതര പക്ഷത്തിന്റെ കൂടെ നില്‍ക്കണോ അതോ പ്രവാസികളുടെ കൂടെ നില്‍ക്കണോ എന്ന കാര്യത്തില്‍ പലര്‍ക്കും ആശയകുഴപ്പമുണ്ട്. എന്നാല്‍ സര്‍ക്കാരിന് ഈ ആശയ കുഴപ്പമില്ല.

അവര്‍ക്ക് അറിയാം രോഗ ഭീതിയും വ്യാപനവും ചൂണ്ടികാട്ടിയാല്‍ വിരണ്ടു പോകാത്തവര്‍ ആരുമില്ലെന്ന്. സര്‍ക്കാര്‍ പറയുന്നതാണ് ശരിയെന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തുമെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. വളരെ കൃത്യമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടാകും. രാഷ്ട്രിയ മുതലെടുപ്പ്, തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളുടെ പ്ലാറ്റ് ഫോമില്‍ നിന്ന് പ്രവാസി സ്നേഹം പറയുന്നവര്‍ അതു തുടരുമെന്നും അതത്ര കാര്യമാക്കാനില്ലെന്നും സര്‍ക്കാരിന് അറിയാം. ഭൂരിപക്ഷം ജനങ്ങളും പുതിയ രോഗ വ്യാപനം ആഗ്രഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്. അതു കൊണ്ടാണ് വളരെ പെട്ടെന്ന് കോവിഡ് ടെസ്റ്റെന്ന വാളെടുത്ത് വീശിയത്. 

പ്രവാസി സമൂഹത്തിനു മുന്നില്‍ നിരവധി ഗതകാല കാഴ്ചകള്‍ അങ്ങനെ മറഞ്ഞു പോകുന്നു. കോവിഡ് ആശങ്ക മാത്രമാണ് പ്രവാസി ഇന്നു നേരിടുന്ന വലിയ വിഷയമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അയാളെ കൂടുതല്‍ ഭയപ്പെടുത്തുന്നു. കോവിഡ് വൈറസ് വ്യാപനമാണ്. എന്നാല്‍ ഇക്കാലം പ്രവാസിക്ക് രോഗാതുരതയുടേത് മാത്രമല്ല ഞെട്ടിപ്പിക്കുന്ന തിരിച്ചറിയലുകളുടേത് കൂടിയാണ്. പ്രവാസിക്ക് എല്ലാ കാര്യങ്ങളും ശരിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. എല്ല കാപട്യങ്ങളും  മുതലെടുപ്പുകളും പ്രവാസി തിരിച്ചറിയുന്നുണ്ട്. പക്ഷെ പ്രവാസി അയാള്‍ക്ക് ഇനി ഒരു നല്ല കാലം വന്നാല്‍ ഇതൊക്കെ മറക്കും. പ്രവാസി മനസ് ഉറക്കെ പറഞ്ഞാല്‍ ഉടയുന്ന പളുങ്ക് പാത്രമാണ്. ആ മനസില്‍ ഒന്നും നില്‍ക്കില്ല. വീണ് പൊട്ടി ചിതറി പോകും. നാളെയും രാഷ്ട്രിയക്കാര്‍ സന്ദര്‍ശിക്കാന്‍ വരും. പ്രവാസി അവര്‍ക്ക ബൊക്കെ കൊടുക്കും. തിരിച്ചു പോകുമ്പോള്‍ പെട്ടി നിറച്ചു കൊടുക്കും. സിനിമാക്കാര്‍ വരും. അതും മഹാ നടന്‍മാരുടെ നേതൃത്വത്തില്‍. അവര്‍ ഹലോ ദുബായ് ഹലോ റിയാദ് എന്നൊക്കെ ആര്‍ത്ത് കൂവുമ്പോള്‍ പ്രവാസി സദസ് കരഘോഷം മുഴക്കും. അതു കൊണ്ടാണ് പ്രവാസികള്‍ക്ക് വേണ്ടി ഒരു സിനിമാക്കാരനും ഒന്നും മിണ്ടാത്തത്. മിണ്ടിയിട്ടും വലിയ കാര്യമില്ലാത്ത സ്ഥിതിക്ക് മിണ്ടാത്തതാണ് നല്ലത്. അത്രയും ശബ്ദ മലിനീകരണം കുറഞ്ഞു കിട്ടും. 

ഇന്നലെകളിലെ പ്രവാസിയല്ല ഇന്നത്തെ പ്രവാസി. തിരസ്‌കരിക്കപ്പെടുന്നവരുടെ ആത്മ നൊമ്പരങ്ങളിലൂടെ കടന്നു പോവുകയാണ് ഓരോ പ്രവാസിയും. യൂ ട്യൂബ് ചാനലുകളിലും വാട്സ് ആപ്പിലും  ഫെയ്സ് ബുക്ക് ലൈവിലും വന്ന് മാനസിക കരുത്ത് പകരുന്നവര്‍ മുതല്‍ രാഷ്ട്രിയ മുതലെടുപ്പിന് തന്നെ ചേര്‍ത്തു പിടിക്കുന്നവരെ  വരെ ഒരേ സമയം നേരിടേണ്ടി വരുന്ന ഗതികേടിലാണ് പ്രവാസി. നേരം വെളുത്താല്‍ ഇന്ന് പ്രവാസിക്ക് മാനസിക കരുത്ത് പകരാമെന്ന ഒറ്റ വിചാരമെയുള്ള ചില പ്രഭാഷകര്‍ക്ക്. അപൂര്‍വം ചിലര്‍ ഗൗരവത്തോടെ പ്രവാസി വിഷയങ്ങളെ സമീപിക്കുമ്പോള്‍ ഭൂരിപക്ഷവും മാറിച്ചാണ്. അവര്‍ക്ക് ഈ പ്രവാസി സ്നേഹം ഒരു സമകാലീന വഴിപാടും ലൈം ലൈറ്റില്‍ നില്‍ക്കാനുള്ള ഒരു വിഷയവും മാത്രമാണ്.  

സമീപകാലത്ത് പ്രവാസികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന കാതലായ ഏതെങ്കിലും ഒരു വിഷയം പരിഹരിക്കാന്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ ഇവര്‍ക്ക് സാധിച്ചോ എന്നു ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും പ്രവാസികള്‍ നല്‍കുന്ന ഉത്തരം. പ്രവാസികള്‍ക്ക് രാഷ്ട്രീയമുണ്ട്. പ്രത്യയശാസ്ത്ര ധാരകളിലൂടെ പ്രവാസിയും കടന്നു പോകുന്നുണ്ട്. പക്ഷെ അയാളുടെ ഏറ്റവും വില പിടിച്ച പ്രത്യയശാസ്ത്രം മാനവികതയാണ്. ഈ മാനവികതയുടെയും സഹജീവി സ്നേഹത്തിന്റെയും കരുത്തിലാണ് ഇക്കാലമത്രയും സ്വയം ഉരുകി തീര്‍ന്നവനെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ ജീവിച്ചതും മറ്റുള്ളവര്‍ക്ക് ജീവിതം ഉണ്ടാക്കി കൊടുത്തതും.  അവരില്‍ ചിലരായിരിക്കില്ലെ പ്രവാസിയെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞതും. സ്വന്തം വീട്ടില്‍ കയറാന്‍ പ്രവാസിക്ക് പോലീസിന്റെ സഹായം വേണ്ടി വന്നെങ്കില്‍ ഇതിനകം നടന്നു കഴിഞ്ഞ സാമൂഹ്യ ധ്രുവീകരണത്തിലേക്കാണ് അതു വിരല്‍ ചൂണ്ടുന്നത്. 

സാഹിത്യത്തിലെ വര്‍ഗീകരണത്തില്‍ വരെ പ്രവാസി സാഹിത്യകാരന്‍ എന്ന ലേബല്‍. സിനിമയിലും ഈ വര്‍ഗീകരണമുണ്ട്. പ്രവാസി വിഷയ സിനിമകളുടെ കാര്യത്തില്‍ വലിയ പഠനങ്ങളൊക്കെ നടന്നിട്ടുണ്ട് . ഈ വര്‍ഗീകരണമൊക്കെ മൊത്തത്തില്‍ ജാഡയാണെന്ന് തിരിച്ചറിയുന്ന  ചില നല്ല വായനക്കാരും സിനിമാസ്വാദകരും എഴുത്തുകാരും ഇപ്പോഴും നാട്ടിലുണ്ടെന്നതാണ് ആശ്വാസം. ഇതു പോലെ എല്ലാ രംഗത്തും പ്രവാസി വര്‍ഗീകരണ വേദനകള്‍ അനുഭവിച്ചിരുന്നുവെന്നതാണ് വാസ്തവം. അതിപ്പോള്‍ വളരെ പ്രത്യക്ഷമായി മറ നീക്കി പുറത്തു വന്നിരിക്കുന്നു. സുഹൃത്തും മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ നജീം കൊച്ചുകലുങ്കും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വഹീദ് സമാനും ഇക്കഴിഞ്ഞ ദിവസം രണ്ട് നിരീക്ഷണങ്ങള്‍ പങ്കു വെച്ചിരുന്നു.

 പ്രവാസികളുടെ വീട്ടുകാര്‍ സജീവമായി പ്രവാസി അവഗണനക്ക് എതിരെ രംഗത്ത് വരണമെന്നാണ് വഹീദ് പറഞ്ഞത്. തീര്‍ച്ചയായും അത് അത്യാവശ്യമാണ്. പക്ഷെ ഒരു സാമൂഹ്യ ധ്രുവീകരണം ഭയന്ന് അവര്‍ക്ക് ഇപ്പോള്‍ ഈ സമയത്ത് പ്രത്യക്ഷ സമരങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നീങ്ങാന്‍ സാധിക്കുമോ എന്നതാണ് വിഷയം. എന്നാലും ഇത്രയും ദിവസങ്ങള്‍ ആരും മുന്നോട്ടു വെക്കാതിരുന്ന ഒരു നിര്‍ദേശവും നിരീക്ഷണവുമാണ് ഇത്. പ്രവാസികള്‍ ഇപ്പോള്‍ രാജ്യമില്ലാത്തവരായി മാറിയെന്ന് പറയുന്ന നജീമും ഇതിനു സമാനമായ നിരീക്ഷണങ്ങള്‍ പങ്കു വെക്കുന്നു. യുദ്ധമോ കലാപമോ ആണ് സംഭവിച്ചിരുന്നതെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതിയെന്ന് നജീം ചൂണ്ടികാട്ടുന്നു. ഇതിപ്പോള്‍ രോഗമാണ്. അതും പകര്‍ച്ച വ്യാധി. ഇതു ചൂണ്ടികാട്ടി ആളുകളെ പേടിപ്പിക്കാനും പ്രവാസികളില്‍ നിന്ന് അകറ്റാനും എളുപ്പമാണ്. ഏതായാലും കുറച്ചു ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പറക്കും. കുറെ കൂടി പ്രവാസികള്‍ നാട്ടിലെത്തും. അവരോടൊപ്പം വിസിറ്റ് വിസക്കാരും വിദ്യാര്‍ഥികളും ഗര്‍ഭിണികളുമൊക്കെ ഉണ്ടാകും. അത്രയും ഭാഗ്യം. ഈ മാസം 25 കഴിഞ്ഞാല്‍ പ്രവാസികള്‍ക്ക് കോവിഡ് പരിശോധന വേണമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുമോ എന്നറിയില്ല.  സര്‍ക്കാര്‍ എന്തു നിലപാടെടുത്താലും നാട്ടുകാര്‍ മാറി കഴിഞ്ഞിരിക്കുന്നു. അതേ സമയം ആത്മാര്‍ഥമായി പ്രവാസികളെ സ്നേഹിക്കുന്നവരുടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക ചരിത്രം രചിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്യാം.