ചരിത്രത്തിന് ഒരു പൊതു സ്വഭാവമുണ്ട്. മുന്നേ പോകുന്നവന്റെ പിറകെയാണ് അതിന്റെ വരവ്. ലിഖിത ചരിത്രത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് രേഖപ്പെടുത്താതെ പോകുന്നത്. നവോത്ഥാന കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ അധികമാരും അറിയാത്ത നിരവധി ആദര്‍ശ ജീവിതങ്ങളുണ്ട്. കൊടുങ്ങല്ലൂരിനടുത്ത് മതിലകത്തെ പുതിയകാവില്‍ അങ്ങനെ ഒരാളുണ്ടായിരുന്നു. എട്ടു വര്‍ഷം മുമ്പ് വരെ അദ്ദേഹം നമുക്കിടയില്‍ ജീവിച്ചിരുന്നു. ചില ജീവിതങ്ങളെ കുറിച്ച് നാം വൈകിയാണ് അറിയുക. അങ്ങനെ ഒരാളാണ്  ആദര്‍ശ ജീവിതം നയിച്ച്  ഈ മണ്ണില്‍ നിന്ന് മരണത്തിന്റെ പടവിറങ്ങി പോയ മുളംപറമ്പില്‍ മൂസഹാജി.

 സമ്പൂര്‍ണമായ അര്‍ഥത്തില്‍ ആദര്‍ശ ജീവിതം നയിച്ച സംശുദ്ധ രാഷ്ട്രിയത്തിന്റെ വക്താവ്. പുതിയകാവിനടുത്ത് എന്റെ ബാപ്പയുടെ സഹോദരി ഐശു ടീച്ചര്‍ ( അന്തരിച്ച എഴുത്തുകാരനും സഹകാരിയുമായിരുന്ന പി.പി.ഇസ്മായില്‍ മാഷുടെ ഭാര്യ) താമസിക്കുന്നുണ്ട്. അമ്മായിയെ കാണാനും ഇസ്മായില്‍ മാഷുമായി വര്‍ത്തമാനം പറഞ്ഞിരിക്കാനും കൗമാരത്തിലും യൗവ്വനത്തിലും എത്രയോ ദിവസങ്ങള്‍ ഞാന്‍ പുതിയകാവില്‍ വന്നിരിക്കുന്നു. അന്നൊന്നും ഞാന്‍ ഈ മനുഷ്യനെ കണ്ടില്ല. ഇങ്ങനെ ഒരാള്‍ ആ ഭാഗത്തുണ്ടെന്ന് ആരും പറഞ്ഞില്ല. എണ്‍പതുകളില്‍ മാതൃഭൂമി വാരാന്തപതിപ്പില്‍ സ്ഥിരമായി എഴുതി കൊണ്ടിരുന്ന കാലത്ത് ഈ അറിവ് എന്നെ തേടി വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു കവര്‍ സ്റ്റോറി ചെയ്യുമായിരുന്നു.

 അതെന്റെ ധാര്‍മിക ഉത്തരവാദിത്തം കൂടിയായിരുന്നെന്ന് വൈകി അറിയുന്നു. മുളംപറമ്പിലെ ഹുസൈന്‍ ഇക്കായും ആസ്പിന്‍ അഷറഫിക്കയും എനിക്ക് എത്രയും പ്രിയപ്പെട്ടവരാണ്. ഹുസൈന്‍ക്ക മരണപ്പെട്ടു. എന്നെ എക്കാലത്തും ചേര്‍ത്തു പിടിക്കുന്ന ഒരാളാണ് അഷറഫ്ക്ക. പുതിയകാവില്‍ വേറെയും സുഹൃത്തുക്കളുണ്ട്. അവരില്‍ പലരും മുളംപറമ്പുകാരാണ്. നജീബും അന്‍സാരിയും ആമിനക്കുട്ടിയും മൂസഹാജിയുടെ മകള്‍ അസ്മാബിയും അടക്കം എത്രയോ പേരുണ്ട്. അവിടെ തന്നെ റിയാദില്‍ ജോലി ചെയ്യുന്ന പ്രിയപ്പെട്ട അമീറുണ്ട്. അമീറും മുളംപറന്നിലെ തന്നെയാണ്.  ഇഖ്ബാല്‍ കാക്കശേരിയുണ്ട്. മതിലകത്തുകാരനായിരുന്നു കമല്‍. പി.പി.ഇസ്മായില്‍ മാഷുടെ മക്കളായ നജീബും നസീറുമുണ്ട്. അവരുടെ ബന്ധുവായ മൊയ്തീനും സഖീറുമുണ്ട്. ഇസ്മായില്‍ മാഷുടെ മകള്‍ അധ്യാപികയായിരുന്ന റസിയാബി വലപ്പാടാണ്. റസിയാബിക്ക് ഈ ഭാഗത്തെ ചരിത്ര കഥകള്‍ പലതും അറിയാം. അസമാബിക്കും ആമിനക്കുട്ടിക്കും ഇഖ്ബാല്‍ കാക്കശേരിക്കും കഥകളറിയാം. കഴിഞ്ഞ ദിവസം മൂസഹാജിയുടെ എട്ടാം ചരമ ദിനത്തില്‍ അസ്മാബി ഞങ്ങളുടെ കോളേജ് ബാച്ച് ഗ്രൂപ്പില്‍ ( അസ്മാബിയന്‍സ്) പിതാവായ മൂസഹാജിയെ കുറിച്ച് എഴുതിയ കുറിപ്പില്‍ നിന്നാണ് ഞാന്‍ എന്റെ അന്വേഷണം തുടങ്ങുന്നത്. 

സമൂഹത്തിനും സമുദായത്തിനും വേണ്ടി  93 വയസില്‍ മരിക്കുന്നതു വരെ സജീവമായി രംഗത്തുണ്ടായിരുന്നു മൂസ ഹാജി. പന്ത്രണ്ടാം വയസില്‍ തുടങ്ങിയതാണ് സാമൂഹ്യ പ്രവര്‍ത്തനം. സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. മരണം വരെ സസ്യാഹാരം മാത്രം കഴിച്ചിരുന്ന ഒരാള്‍. ഭക്ഷണം കഴിച്ചിരുന്നതു പോലും പ്രവാചക ചര്യ അനുസരിച്ചായിരുന്നു. പുറത്തു നിന്ന് വളരെ അപൂര്‍വമായി മാത്രമെ ഭക്ഷണം കഴിച്ചിരുന്നുള്ളു. എത്ര വൈകിയാലും പരമാവധി വീട്ടില്‍ നിന്ന് മാത്രം തന്റെ ചിട്ടക്കനുസരിച്ച ഭക്ഷണം കഴിച്ചു. ഭക്ഷണത്തില്‍ മിതത്വം പാലിച്ചു. ഒരിക്കലും നിന്നു കൊണ്ട് വെള്ളം കുടിച്ചില്ല. സാവകാശത്തില്‍ ഇരുന്നു കൊണ്ടു മാത്രം വെള്ളം കുടിച്ചു. ഇങ്ങനെ സ്വന്തം ജീവിതം മാതൃകാപരമാക്കി മാറ്റിയെടുത്തു. മൂന്നു വയസുകാരന്‍ മുതല്‍ എണ്‍പതുകാരന്‍ വരെ മൂസഹാജിയോടു ചിരിച്ചു. 

അദ്ദേഹത്തെ ചിരിച്ചു കൊണ്ടല്ലാതെ മതിലകം , പുതിയകാവു ഭാഗത്തുള്ളവര്‍ കണ്ടിട്ടില്ല. നിര്‍ധനരെ സഹായിക്കുന്നതില്‍ പ്രത്യേക താല്‍പര്യമെടുത്തു. ദീര്‍ഘകാലം പുതിയകാവു മഹല്‍ കമ്മിറ്റിയുടെ ഭാരവാഹിയായിരുന്നു. തന്റെ ചുറ്റുപാടുകളിലെ ഒരോ മനുഷ്യ സ്പന്ദനങ്ങളും അവരുടെ സന്തോഷവും വേദനയും തൊട്ടറിഞ്ഞിരുന്നു മൂസഹാജി. എല്ലാ വീട്ടുകാരുമായും അടുത്ത പരിചയം. മരണം നടന്നാലും ജനനം നടന്നാലും വിവാഹം നടന്നാലും മറ്റെന്ത് ചടങ്ങിനും മൂസഹാജിയുടെ സാന്നിധ്യം എല്ലാവരും പ്രതീക്ഷിച്ചിരുന്നു.  തിരക്കിനിടയിലും ഒരു ക്ഷണവും നിരസിക്കാറില്ലായിരുന്നു. എത്താവുന്നിടത്തെല്ലാം എത്തും. എണ്ണയും സോപ്പും ഉപയോഗിച്ചിരുന്നില്ല. ഇതൊന്നുമില്ലാതെ തന്നെ ശരീരം വൃത്തിയായി സൂക്ഷിച്ചിരുന്നു. ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ മാത്രം ഉപയോഗിച്ചു. മക്കളും ഇതുപോലെ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നെന്ന് മകള്‍ അസ്മാബി സാക്ഷ്യപ്പെടുത്തുന്നു. സഹോദരന്റെ മക്കളായ നജീബും ആമിനക്കുട്ടിയും അന്‍സാരിയുമൊക്കെ മൂസഹാജിയെ കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും തിളക്കം തൊട്ടറിയാം.

 ജീവിച്ചിരിക്കുന്ന കാലത്ത് ഒരാള്‍ സഹജീവികളുടെ മനസില്‍ ചാര്‍ത്തുന്ന സംശുദ്ധമായ കൈയൊപ്പാണ് പ്രധാനം. അങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുകയും ഇടക്ക് എവിടെയോ വെച്ച് കാലിടറി പോവുകയും ചെയ്യുന്നവരുണ്ട്.  സംശുദ്ധവും ആദര്‍ശപരവുമായ ജീവിതം നയിക്കുന്നതിന്  സാഹചര്യം തടസമായെന്ന ന്യായീകരണത്തിന് അടിസ്ഥാനവുമില്ല. മൂസഹാജിയെ സംബന്ധിച്ചിടത്തോളം ആദര്‍ശ ജീവിതത്തിന്റെ പാതകളില്‍ നിന്ന് അദ്ദേഹം ഒരിക്കല്‍പോലും വ്യതിചലിച്ചില്ല. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ആദര്‍ശത്തിന്റെ കെടാവിളക്ക് ഹൃദയത്തില്‍ സൂക്ഷിച്ച വലിയ മനുഷ്യന്‍. ആ കെടാവിളക്കാണ് ചരിത്രത്തിലെ അടയാളപ്പെടുത്തലായി മാറുന്നത്. അഞ്ചങ്ങാടി സ്വദേശിനി ഐഷാബിയാണ് ഭാര്യ. സിവാക്കുട്ടി (റിട്ടയേര്‍ഡ് അധ്യാപിക) ഹുസൈന്‍ (മസ്‌ക്കറ്റ്) അസ്മാബി, നുസൈബ ( ജീവിച്ചിരിപ്പില്ല) മുഹാജിര്‍ (മസ്‌ക്കറ്റ്) മക്കള്‍. 

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വഴിത്താരകളിലൂടെ നടന്നിരുന്നെങ്കില്‍ ഒരു പക്ഷെ എം.എല്‍.എ യോ മന്ത്രിയോ ആകേണ്ടിയിരുന്ന ഒരാളായിരുന്നു മൂസ ഹാജി. മുസ്ലിം നവോത്ഥാനത്തിന് മൂസഹാജി നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അദ്ദേഹത്തെ കുറിച്ച വന്നിട്ടുള്ള ലേഖനങ്ങളില്‍ നിന്ന് വായിച്ചെടുക്കുമ്പോള്‍ സംശുദ്ധ രാഷ്ട്രിയത്തിന്റെ നേര്‍ രേഖയിലൂടെ ഈ മനുഷ്യന്‍ സഞ്ചരിച്ച കാലം കാണാം. ഖാഇദെ മില്ലത്തും ഇബ്രാഹിം സുലൈമാന്‍ സേട്ടും സീതിസാഹിബും മുതല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വരെയുള്ള മുസ്ലിം ലീഗിന്റെ മഹാരഥന്‍മാരായ നേതാക്കളുമായി അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്നു. 

മൂസാഹാജി ലീഗിന് മധ്യകേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ നടത്തിയ ത്യാഗങ്ങള്‍ നേതാക്കള്‍ക്ക് അറിയാമായിരുന്നു. എപ്പോഴെങ്കിലും അദ്ദേഹത്തോട് ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി.എച്ച് മുഹമ്മദ് കോയയെ പോലുള്ള ധിഷണാശാലികള്‍ ആവശ്യപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. മതിലകം പുതിയകാവു മുതല്‍ മണപ്പുറത്തിന്റെ അരികോരം ചേര്‍ന്ന്  വടക്കോട്ടും പിന്നെ കോഴിക്കോട്ടേക്കും അവിടെ നിന്ന് കോയമ്പത്തൂരിലേക്കും നീണ്ട രാഷ്ട്രിയ പ്രവര്‍ത്തന പാരമ്പര്യമുണ്ടായിരുന്നു മൂസഹാജിക്ക്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്നും വള്ളത്തിലും ബോട്ടിലും കിട്ടാവുന്ന മറ്റ് വാഹനങ്ങളിലുമായി അദ്ദേഹം സഞ്ചരിച്ച ദൂരം ചെറുതല്ല. തെക്ക് ആലപ്പുഴ വരെയും പ്രവര്‍ത്തനങ്ങള്‍ നീണ്ടിരുന്നതായി കാണാം. 

നാട്ടുകാരന്‍ കൂടിയായിരുന്ന ( മതിലകവും അഴീക്കോടും തമ്മില്‍ വലിയ ദൂരമില്ലാത്തു കൊണ്ടാണ് സീതിസാഹിബിനെ നാട്ടുകാരന്‍ എന്നു പറയുന്നത്) സീതിസാഹിബുമായി ഉണ്ടായിരുന്ന ബന്ധമായിരിക്കണം മൂസഹാജിയെ ലീഗിലേക്ക് അടുപ്പിച്ചത്. ഉൂണും ഉറക്കവും ഉപേക്ഷിച്ച് മുസ്ലിം ലീഗിനു വേരോട്ടമുണ്ടാക്കാന്‍ പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയ മൂസഹാജിയെ പോലുള്ളവരുടെ ചരിത്രം പുതുതലമുറ ലീഗുകാരില്‍ അധികം പേരും കേട്ടിരിക്കാന്‍ ഇടയില്ല. മൂസഹാജിയെ പോലുള്ളവര്‍ ചെയ്ത നിസ്വാര്‍ഥമായ മഹാത്യാഗത്തിന്റെ ഫലമാണ് മുസ്ലിം ലീഗിന്റെ ഇന്നത്തെ അടിത്തറയെന്ന് നിസംശയം പറയാം. തന്റെ രാഷ്ട്രിയ പ്രവര്‍ത്തനത്തിന്റെ ഭൂമികയില്‍ നിന്നു കൊണ്ട് തന്നെ നാട്ടുകാരുടെ പോതുകാര്യങ്ങളില്‍ മൂസഹാജി സജീവമായി ഇടപെട്ടിരുന്നു. സമുദായം പോലെ തന്നെ സമൂഹവും അദ്ദേഹത്തിന് പ്രധാനപ്പെട്ടതായിരുന്നു. പൊതു സമൂഹത്തിന്റെ ബഹുസ്വരതകള്‍ അറിഞ്ഞും മനസിലാക്കിയുമാണ് അദ്ദേഹം ജീവിച്ചിരുന്നത്. അതു കൊണ്ടാണ്  മതിലകത്തുകാര്‍ക്ക് അദ്ദേഹം അവരില്‍ ഒരാളായി മാറുന്നത്. സമൂഹത്തിനു മുന്നില്‍ ആദര്‍ശജീവിതത്തിന്റെ പാഠ പുസ്തകം തുറന്നു വെച്ച് മൂസഹാജി മണ്‍മറഞ്ഞിട്ടും നാട്ടുകാര്‍ അദ്ദേഹത്തെ നെഞ്ചോടു ചേര്‍ക്കുന്നതും അതു കൊണ്ടു തന്നെയാണ്.   അപൂര്‍വ ജന്‍മങ്ങള്‍ ജീവിതം കൊണ്ട് മാതൃകയാകും.  നാമത് പില്‍ക്കാലത്ത് അറിയും , ആ കഥ കേട്ടിരിക്കും.