സാധാരണ നിലയില്‍ മുന്നോട്ടു പോകുന്ന ജീവിതം പെട്ടെന്ന് അതിജീവനത്തിന്റെ കടുത്ത പോരാട്ടത്തിലേക്ക് വഴി മാറുകയും കാലിടറുന്നുവെന്ന് തോന്നുമ്പോള്‍ കൈ പിടിക്കാന്‍ ഒരു അദൃശ്യ ശക്തി കടന്നു വരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരവസ്ഥയുണ്ട്. അതിജീവന സഞ്ചാര പാതയിലെ പ്രതീക്ഷ. ഭൗതിക സാഹചര്യങ്ങളില്‍ നിന്ന് അങ്ങനെ ഒരു കൈ നീണ്ടു വരാം. വരാതിരിക്കാം. ദൈവത്തില്‍ അര്‍പ്പിതം അതിജീവനവും തുടര്‍ വിധികളുമെന്ന വിശ്വാസമാണ് പക്ഷെ കരുത്ത്. കാത്തിരിപ്പു വേണം. ചിലപ്പോള്‍ എത്ര കാത്തിരുന്നാലും അത്ഭുതങ്ങളൊന്നും സംഭവിക്കണമെന്നില്ല. അതു കൊണ്ടാണ് കൈകാലുകള്‍ ഇല്ലാതിരുന്നിട്ടും സഹജീവികള്‍ക്ക് പ്രചോദനത്തിന്റെ ഉൂര്‍ജം പകരുന്ന പ്രഭാഷകനായ ഓസ്‌ട്രേലിയന്‍ സ്വദേശി (അമേരിക്കന്‍ പൗരത്വവുമുണ്ട്)  നിക്കോളാസ് ജെയിംസ് വൂജിസിക് ( നിക് വൂജിസിക് ) പറഞ്ഞത്, നിങ്ങള്‍ എത്ര കാത്തിരുന്നാലും അത്ഭുതങ്ങളൊന്നും നടക്കുന്നില്ലെങ്കില്‍ വൈകണ്ട നിങ്ങള്‍ തന്നെ ഒരു അത്ഭുതമാകാന്‍. 

നിക്കിനെ നോക്കൂ. പിറന്നു വീണപ്പോള്‍ ശാരീരിക വൈകല്യത്തിന്റെ പേരില്‍ പ്രസവിച്ച അമ്മ പോലും പറഞ്ഞത് എനിക്ക് നവജാത ശിശുവിനെ കാണേണ്ടെന്നാണ്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അവര്‍ ദൈവ വിധിയുടെ യാഥാര്‍ഥ്യം ഉള്‍ കൊള്ളുകയും മകനെ വാരി പുണരുകയും ചെയ്തു. അന്നു തുടങ്ങുന്നു നിക്കിന്റെ പോരാട്ടം. ഇന്ന് മുപ്പത്തിയേഴ് വയസുള്ള നിക് ആഗോള പ്രശസ്തനായ മോട്ടിവേഷണല്‍ സ്പീക്കറാണ്. തെക്കന്‍ കാലിഫോര്‍ണിയില്‍ ജീവിക്കുന്നു. സെര്‍ബിയന്‍ കുടിയേറ്റ കുടുംബത്തിലെ അംഗം. വിവാഹിതന്‍. നാലു കുട്ടികളുടെ പിതാവ്. തളരാത്ത ആത്മവീര്യത്തിന്റെ ആഗോള പ്രതീകം.  തന്റെ ഒട്ടിപിടിച്ച കുഞ്ഞുകാലുകളെ നോക്കി ചിക്കന്‍ ഡ്രം സ്റ്റിക് എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞവനാണ് നിക്. ഈ കാലുകള്‍ പിന്നീട് വേര്‍പെടുത്തി. അതെ , ഈ കാലുകള്‍ കൊണ്ടാണ് അയാള്‍ ഇപ്പോള്‍ പുസ്തകങ്ങളുടെ പേജുകള്‍ മറിക്കുന്നതും കീ ബോര്‍ഡ് ഉപയോഗിക്കുന്നതുമെല്ലാം. 

നിക്കിന്റെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് അതിജീവനത്തിന്റെ പാതകളില്‍ സ്വയം അത്ഭുതമായി മാറിയവര്‍ ലോകത്തെമ്പാടുമുണ്ട്. കേരളത്തില്‍ തിക്കൊടിയിലുമുണ്ട് അങ്ങനെ ഒരു മനുഷ്യന്‍. രണ്ട് പതിറ്റാണ്ടു കാലം ഖത്തറില്‍ പ്രവാസിയായിരുന്ന കൊയിലാണ്ടി ഇരുപതാം മൈലില്‍ ചങ്ങരോത്ത് യൂസഫ് . അന്‍പത്തിയൊമ്പതാം വയസിലും സ്വന്തം ജീവിതാനുഭവങ്ങളില്‍ തളരാതെ ലോകത്തോട് തനിക്ക് ചിലത് പറയാനും ബോധ്യപ്പെടുത്താനുമുണ്ടെന്ന തിരിച്ചറിവില്‍ കേരളത്തില്‍ ഉടനീളം പത്ര കുറിപ്പുകളുടെയും ഫീച്ചറുകളുടെയും ഫോട്ടോകളുടെയും ശേഖരവുമായി യാത്ര ചെയ്യുന്ന മനുഷ്യന്‍. ഒരുപക്ഷെ നമ്മുടെ സാമൂഹ്യ ജീതിതത്തെ സന്തുലിതമാക്കുന്നത് ഇത്തരം ജന്‍മങ്ങളാണ്. റെറ്റ് സിന്‍ഡ്രോം ബാധിച്ച ( പെണ്‍കുട്ടികളില്‍ മാത്രം കാണുന്ന ഓട്ടിസത്തിന്റെ വകഭേദം ) മകള്‍ ഷദയുടെ ചികിത്സാര്‍ഥമാണ് യൂസഫ് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസമാക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും പരിചരണം ആവശ്യമുള്ള രോഗാവസ്ഥയില്‍ ( ഇതിനെ രോഗാവസ്ഥയെന്ന് വിളിക്കുന്നതിനോട് വിയോജിപ്പുണ്ട്) മകളുടെ നിഴലായി യൂസഫിന്റെ ഭാര്യ ഷൈമയുണ്ട്. 

വിശ്രമം എന്തെന്നറിയാതെ അവര്‍ മകളെ പരിചരിക്കുന്നു. കരുത്തായി യൂസഫ് കൂടെയുണ്ട്. മകളുടെ എല്ലാ കാര്യത്തിനും പര സഹായം ആവശ്യമുണ്ട്. ഭിന്നശേഷിക്കാരായ  മിക്കവരുടെയും അവസ്ഥ ഇതാണ്. ഒന്നര വയസിലാണ് ഷദക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഇന്നവള്‍ കൗമാര പ്രായക്കാരിയാണ്. നിരവധി ചികിത്സകള്‍. അതുമായി ബന്ധപ്പെട്ട യാത്രകള്‍. പ്രതീക്ഷ കൈവിടാതെയുള്ള അതിജീവന യാത്രകളില്‍ യൂസഫ് സമാനാവസ്ഥയിലുള്ള നിരവധി കുട്ടികളെ കണ്ടു. അവരുടെ കുടുംബങ്ങളുടെ കണ്ണീരണിഞ്ഞ കഥകള്‍ കേട്ടു. നെഞ്ചകം പൊള്ളി. കലങ്ങിയ മനസില്‍ കണ്ണീരു നിറഞ്ഞു. 

ഭിന്നശേഷിക്കാരുടെ ജീവിതവും അവരില്‍ ചിലരുടെ അതിജീവനത്തിന്റെ വിജയഗാഥകളും ലോകത്തോട് പറയണമെന്ന് യൂസഫിന് തോന്നിയത് ഇതു കൊണ്ടാണ്. ശാരീരിക വൈകല്യത്തെ ഇഛാകക്തി കൊണ്ട് തോല്‍പിച്ച് ജീവിതത്തോട് പൊരുതി വിജയം വരിച്ചവരുടെ കഥകള്‍ യൂസഫ് തേടി പിടിച്ചു. ഭിന്നശേഷിക്കാരായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറെ പ്രചോദനം പകരുന്ന കഥകള്‍.  ഫീച്ചറുകള്‍. അഭിമുഖങ്ങള്‍. ഫോട്ടോകള്‍. പത്രസ്ഥാപനങ്ങളില്‍ നിരവധി തവണ കയറി ഇറങ്ങി. പത്രങ്ങളുടെ ആര്‍ക്കവൈസില്‍ നിന്നും നിരവധി കുറിപ്പുകള്‍ ലഭിച്ചു. അതെല്ലാം വൃത്തിയായി ഫോട്ടോ കോപ്പിയെടുത്തു. ഭിന്നശേഷിക്കാരുടെ അതിജീവനവും വിജയവും പറയുന്ന നൂറിലധികം വാര്‍ത്തകളും ഫീച്ചറുകളും ഫോട്ടോകളും ഇപ്പോള്‍ കൈവശമുണ്ട്. 

സ്വകാര്യ സമ്പാദ്യമായി തനിക്ക് മാത്രം വായിക്കാനായി യൂസഫ് ഇതു ശേഖരിച്ചതല്ല. അദ്ദേഹത്തിന് ഇത് ഒരു ഹോബിയുമല്ല. ഭിന്നശേഷിക്കാരുടെ അതിജീവന പോരാട്ട ഗാഥകള്‍ പൊതു വേദികളില്‍ പ്രദര്‍ശിപ്പിക്കുകയാണ് യൂസഫ്.  അവബോധം പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായാണ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ സമീപനത്തിന്‍ കാതലായ മാറ്റം വരേണ്ടതുണ്ടെന്ന് ഓരോ പ്രദര്‍ശനവും കാഴ്ചക്കാരോട് പറയുന്നു. കേരളത്തില്‍ ഉടനീളം തന്റെ വാര്‍ത്താ ശേഖരവും ഫോട്ടോകളുമായി യൂസഫ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് യൂസഫ് നിരന്തരം പറയുന്നു. 

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ ധാരാളമുണ്ട് നാട്ടില്‍ . ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങളെ കുറിച്ച് കേരളിയ യുവത്വം കൂടുതല്‍ ബോധവാന്‍മാരാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കാമ്പസുകളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയാണ് ഇപ്പോള്‍ യൂസഫ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ മുന്‍കൈയെടുത്ത് ഗലേറിയ എന്ന പേരില്‍ പി.ജി ലക്ചര്‍ ഹാളില്‍ നടത്തിയ പ്രദര്‍ശനം ശ്രദ്ധേയമായിരുന്നു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കൂടുതല്‍ പ്രദര്‍ശനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്താനുള്ള തയാറെടുപ്പിലാണ് യൂസഫ്. യൂസഫിന്റെ അതിജീവന അവബോധന യാത്രകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴാണ് മാനവികത അതിന്റെ ഉയരങ്ങളിലെത്തുകയെന്ന തിരിച്ചറിവുണ്ടാകണം.