ന്നെന്തായാലും ഒരു കത്തെഴുതണം. കത്തെഴുതിയിരുന്ന കാലം തിരിച്ചു പിടിക്കാനും കുറച്ചു സമയം കത്തുകളുടെ ആ പഴയ ലോകത്ത് മനസ് ചേര്‍ത്ത്  ഇരിക്കാനുമാണ് കടലാസെടുത്തത്. കത്തെഴുതാന്‍ തീരുമാനിച്ച വിവരം അയര്‍ലണ്ടിലെ സുഹൃത്തും എഴുത്തുകാരനുമായ ജുനൈദ് അബൂബക്കറിനെ വിളിച്ച് പറയുകയും ചെയ്തു. അയാള്‍ ആദ്യം ചിരിച്ചു തള്ളിയെങ്കിലും അല്‍പം കഴിഞ്ഞ് പോസ്റ്റല്‍ വിലാസം അയച്ചു തന്നു. എന്നാല്‍ ഇനി കത്തെഴുത്താകട്ടെയെന്ന് തീരുമാനിച്ചു. 

യൂനിബോളിന്റെ നീല മഷി പേന കൊണ്ട് പ്രിയപ്പെട്ട ജുനൈദ് അബൂബക്കറെന്ന്  കുറിച്ച് വെച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. കൈ വഴങ്ങുന്നില്ല. എഴുത്തില്ലല്ലൊ കുറെക്കാലമായി.  ടൈപ്പ് ചെയ്യലാണ് പതിവ്. ഒന്നര പതിറ്റാണ്ടില്‍ അധികമായി കടലാസില്‍ കത്ത് എഴുതിയിട്ട്.  വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ പാതി ഹൃദയം നാട്ടില്‍ ഏല്‍പിച്ച് കടല്‍ കടന്നവന്റെ വിരഹം തണുപ്പിക്കാന്‍ മധുര മനോഹരമായ കത്തുകള്‍ വ്യേമപഥങ്ങള്‍ കടന്നെത്തിയിരുന്നു.  സഹോദരി ഭര്‍ത്താവ് ഹംസ ജോലി ചെയ്തിരുന്ന കമ്പനിയുടെ പോസ്റ്റ് ബോക്സിലാണ് കത്തുകള്‍ എത്തിയിരുന്നത്.  അസ്സലാമു അലൈക്കും എന്ന സംബോധനയോടൊപ്പം പ്രിയത്തില്‍ എന്ന വാക്കു കൂടി ചേര്‍ത്താണ് പ്രത്യേക സംബോധന. ഓരോ കത്തിലും വിശേഷങ്ങളുടെയും പരിഭവങ്ങളുടെയും വിസ എന്തായെന്ന അന്വേഷണങ്ങളുടെയും അക്ഷര പെരുക്കം.

അങ്ങനെ എത്രയോ കത്തുകള്‍. ഒടുവില്‍ ഒരുനാള്‍ ജിദ്ദാ എയര്‍പോര്‍ട്ടില്‍  മുംബെ വഴി മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ ഞാന്‍ ഏല്‍പിച്ച പാതി ഹൃദയവുമായി ഭാര്യയെത്തി.  വര്‍ഷങ്ങളുടെ ഒരുമിച്ചുള്ള പ്രവാസ ജീവിതം. മക്കളുടെ ജനനം. അതോടെ ആ വഴിക്കുള്ള കത്തുകള്‍ നിന്നു. ബാപ്പ മരിക്കുന്നതിനു മുമ്പ് മനോഹരമായ കൈപ്പടയില്‍ ഇംഗ്ലീഷും മലയാളവും ഇട കലര്‍ന്ന കത്തുകള്‍ അയച്ചിരുന്നു.  അത്രയും ഭംഗിയുള്ള കൈയക്ഷരം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.  ഉമ്മയും മൊബൈലൊക്കെ വരുന്നതിനു മുമ്പ് നല്ല കത്തുകള്‍ എഴുതിയിരുന്നു. ഞാന്‍ ആദ്യം സൗദിയിലേക്ക് പോന്ന കാലത്ത് സഹോദരിമാരായ ഷാലിനിയും ഷമിയും ഇരിങ്ങാലക്കുട സെന്റ്ജോസഫ്സ് കോളേജ് വിദ്യാര്‍ഥിനികളായിരുന്നു. അവരും  നല്ല കത്തുകള്‍ എഴുതിയിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ സഹോദരന്‍മാരായ കുഞ്ഞി മൊയ്തീനും,ഷെഫിയും കത്തുകള്‍ അയച്ചു. 

ജുനൈദ് അബൂബക്കർ
ജുനൈദ് അബൂബക്കര്‍

മാനിഫോള്‍ഡ് പേപ്പറില്‍ പച്ച മഷിയിലെ കത്തുകള്‍ എന്റെ അമ്മായിയുടെ ഭര്‍ത്താവും എഴുത്തുകാരനുമായ പി.പി.ഇസ്മായില്‍ മാസ്റ്ററും അയച്ചിരുന്നു. പെരുമ്പടവം ശ്രീധരന്‍, കെ.സി നാരായണന്‍ ,വി.ആര്‍.ഗോവിന്ദനുണ്ണി ,ശ്രീകുമാര്‍ നിയതി, ചെലവൂര്‍ വേണു, സി.എന്‍.ശ്രീധരന്‍,  ടി.എന്‍ ജോയ്, ടി.വി.നാരായണന്‍ നമ്പൂതിരി, കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കുട്ടി, ആസ്പിന്‍ അഷറഫ്ക്ക, സി.കെ.ഹസന്‍ കോയ, ജമാല്‍ കൊച്ചങ്ങാടി, എ.പി.കുഞ്ഞാമു, സി.കെ. ഹുസൈന്‍ ,എന്‍.ടി ബാലചന്ദ്രന്‍ തുടങ്ങിയവരും ആദ്യ കാലത്ത് കത്തയച്ചിരുന്നവരാണ്. ആ കത്തുകളൊക്കെ കാലമെടുത്തു കൊണ്ടു പോയല്ലോ .  പി.പി.ഇസ്മായില്‍ മാസ്റ്ററും ടി.എന്‍ ജോയിയയും ടി.വി നാരായണന്‍ നമ്പൂതിരിയും സി.കെ ഹുസൈനുമൊക്കെ മരിച്ചു പോയി. സി.കെ ഹസന്‍കോയ പിന്നീട് പ്രവാസ ലോകത്ത് എത്തി. അന്ന് കത്തുകള്‍ കഥ പറഞ്ഞിരുന്ന കാലമാണ്. ഓരോ കത്തിലും  ഹൃദയ താളങ്ങള്‍ . ഇപ്പോള്‍ കത്തില്ല. വാട്സ്ആപ്പിലും മെസഞ്ചറിലും സന്ദേശങ്ങള്‍ .  ഒ.കെ എന്നു തികച്ചു പോലും പറയില്ല. കെ എന്നെ പറയു. അല്ലെങ്കില്‍ ഐക്കണുകള്‍. 

വായന മരിച്ചില്ല. കത്തുകള്‍ മരിച്ചു. കത്തെഴുത്ത് നിലച്ചു. ഒരു കത്തെഴുതാന്‍ ഇരിക്കാന്‍  ആര്‍ക്കും സമയമില്ല. കടലാസില്‍ നിന്ന്പ്രിയപ്പെട്ട ജുനൈദ് അബൂബക്കര്‍ കത്ത് തുടരാന്‍ ആവശ്യപ്പെടുന്നുണ്ട്. കൈയ്യക്ഷരം ബോറായതു കൊണ്ട് ഞാന്‍ മറ്റൊരു കടലാസെടുത്ത് പ്രിയപ്പെട്ട ജുനൈദ് അബൂബക്കറെന്ന് ഒന്നു കൂടി  ഉരുട്ടിയെഴുതി. ജുനൈദ് അബൂബക്കറിനെ വായനക്കാര്‍ അറിയും. സഹറാവിയത്തിന്റെ രചയിതാവാണ്. 2008 മുതല്‍ അയര്‍ലണ്ടില്‍ താമസം. അതിനു മുമ്പ് നാലു വര്‍ഷം ഒമാനില്‍ പ്രവാസി.  ഭാര്യ ഫസീലയും മക്കളായ ഫാത്തിമയും നിഹാലുമൊക്കെ ഇപ്പോള്‍ അയര്‍ലണ്ടില്‍ കൂടെയുണ്ട്. വളരെ യാദൃശ്ചികമായി കഥാകാരി ആര്‍.ഷഹനയാണ് സഹറാവിയത്തെ കുറിച്ച് പറയുന്നത്. 

വായിക്കാന്‍ നോവല്‍ എത്തിച്ചു തരാമെന്ന് പല പ്രാവശ്യം ഷഹന പറഞ്ഞെങ്കിലും ദമാമില്‍ നിന്ന് നോവല്‍ മാത്രം വന്നില്ല. അതേ സമയം ഷഹനയും ഭര്‍ത്താവും  ജിദ്ദയില്‍ വരികയും അങ്ങനെ വന്നപ്പോള്‍ നോവല്‍ ബാഗിലെടുത്തു വെക്കാന്‍ മറന്നു പോവുകയും ചെയ്തു. ഷഹന  ഈ പുസ്തകത്തെ കുറിച്ച് നല്ലൊരു റിവ്യു എഴുതുകയും അത് പ്രസിദ്ധീകരിച്ചു വന്ന ദിവസം   സഹറാവിയം  എത്തിച്ചു തരാമെന്ന് വീണ്ടും വാഗ്ദാനം ചെയ്യുകയും ചെയ്തു. അന്നാളുകളില്‍ ഷഹന ഒരു നാടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായി.  ജുനൈദ് എനിക്ക് അത് അയച്ചു തന്നു.  അങ്ങനെ ഞാനും സഹറാവിയം വായിച്ചു. മലയാളിക്ക് തികച്ചും അപരിചിതമായ ഒരു പശ്ചാത്തലമാണ് സഹറാവിയത്തിന്റേത്. സഹറാവികളെന്ന സമൂഹത്തെ കുറിച്ച്  പലരും കേള്‍ക്കുന്നത് തന്നെ ഈ നോവലിലൂടെയായിരിക്കണം. കാലത്തിന്റെ കൈവഴികളിലൂടെ പുറപ്പെട്ട് പോകേണ്ടി വരുന്നവരുടെ ദുര്‍ വിധികളുടെയും പ്രതീക്ഷകളുടെയും വായനയാണ് സഹറാവിയം. ഐക്യ രാഷ്ട്രസഭയുടെ കണക്കുകളില്‍ അഭയാര്‍ഥികളെ രണ്ടായി തിരിച്ചിട്ടുണ്ട്.  സ്വന്തം രാജ്യം വിട്ട് മറു രാജ്യങ്ങളിലേക്ക് നിര്‍ബന്ധിത പലായനത്തിനു വിധേയരാകുവരാണ് ഒന്നാമത്തെ വിഭാഗം. സ്വന്തം രാജ്യത്തിന് അകത്ത് തന്നെ പലായനം നടത്തേണ്ടി വരുന്ന ഹതഭാഗ്യരാണ് രണ്ടാമത്തെ വിഭാഗം.  സമീപകാലത്ത് ഇന്ത്യ കണ്ട ദീര്‍ഘ ദൂര പലായന നടത്തങ്ങള്‍ ഓര്‍മിച്ചാല്‍ ഈ രണ്ടാമത്തെ വിഭാഗത്തെ പെട്ടെന്ന് മനസിലാകും. 

സഹറാവികള്‍ അറബ് സമൂഹമാണ്. പിറന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന മനുഷ്യര്‍. മൊറോക്കോയിലെ ബേം (മണല്‍) മതില്‍ സഹറാവികളുടെ തിരിച്ചു വരവിനെ തടയാനാണ് നിര്‍മിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ സഹാറ മതിലൊണ് ഇത്  അറിയപ്പെടുന്നത്. 2700 കി.മീറ്റര്‍ നീളം. കിടങ്ങുകള്‍. മൈനുകള്‍ കുത്തി നിറച്ച മതില്‍ പാര്‍ശ്വങ്ങള്‍. വൈദ്യുതി പായിക്കാവുന്ന സംവിധനങ്ങള്‍. മതിലിന്റെ ഓരോ അഞ്ചു കി.മീറ്റര്‍ ഇടവിട്ട് നാല്‍പതോളം സൈനികര്‍ വീതം കാവലിരിക്കുന്ന നിരീക്ഷണ പോസ്റ്റുകള്‍. അപ്പുറത്ത് ഒരു ജനതയുണ്ട്. ഇപ്പുറത്തും ജനങ്ങളുണ്ട്. സഹറാവികളിലെ പോളിസാരിയോ എ ന്ന തീവ്രവാദ ചിന്താഗതിക്കാരുടെ കടന്നു കയറ്റം തടയുകയാണ് മതിലിന്റെ ലക്ഷ്യം. ആട്ടിയോടിക്കപ്പെട്ടവന്റെ തിരിച്ചു വരവ് തടയുകയാണ് ഈ മതിലെന്ന് മനുഷ്യവകാശ പ്രവര്‍ത്തകര്‍. സഹറാവിയത്തില്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകയായ ജസീക്ക നടത്തുന്ന തണുപ്പ് രാജ്യത്ത് നിന്ന് ചൂടുള്ള രാജ്യത്തേക്കുള്ള യാത്രയിലൂടെയാണ്  കഥ വികസിക്കുന്നത്. 

വിന്റര്‍ ബ്ലൂസ് എ വിഷാദ രോഗത്തില്‍ നിന്ന് രക്ഷപ്പെടാനായി തുടങ്ങുന്ന ആ യാത്ര പിന്നീട് അവിസ്മരണിയ അനുഭവമായി മാറുകയാണ്. ജസീക്ക കണ്ടു മുട്ടുന്ന കഥാപാത്രങ്ങള്‍. അവരുടെ പശ്ചാത്തലങ്ങള്‍. യാത്രക്ക് അവരെ പ്രേരിപ്പിക്കുന്ന ആബിദിന്റെ ഡോക്യുമെന്ററി. വായനക്കാരന് തീരെ അപരിചിതമായ ഒരു അറബ് സമൂഹത്തിന്റെ കഥ പറയുകയാണ് സഹറാവിയത്തില്‍. വളരെ ലളിതമാണ് ഭാഷ. അതേ സമയം മനസിനെ വല്ലാതെ സ്പര്‍ശിക്കുന്ന ജീവിതവുമായി ഉരുമ്മി നില്‍ക്കുന്ന കല്‍പനകളാല്‍ ഈ നോവല്‍ സമ്പന്നമാണ്. പുതിയ കാഴ്ചകള്‍ കാണിച്ചു തന്നിട്ടും , പുതിയ ജീവിതം പറഞ്ഞിട്ടും , മികച്ച അവതരണമായിട്ടും സഹറാവിയം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടോ എന്നു ചോദിച്ചാല്‍ ഒരു ഉത്തരമുണ്ട് . ഇംഗ്ലീഷ് പതിപ്പു വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ഉത്തരം. ഇംഗ്ലീഷ് പതിപ്പ് ഇറങ്ങുമ്പോള്‍ മലയാളി ഈ നോവല്‍ തേടി നടക്കും. അന്ന് നാം സഹറാവിയത്തെ സ്പര്‍ശിക്കും. സഹറാവിയത്തിലേക്ക് വീണു പോയ ഞാന്‍ കത്തെഴുത്ത് മറന്നു പോയി.  രണ്ട് മണിക്കൂറായി ഞാന്‍ ഈ ഇരുത്തം തുടങ്ങിയിട്ട്.  കത്തെഴുത്ത് ഇന്നത്തെ കാലത്ത് വല്ലാതെ മടുപ്പിക്കുന്ന ഒരു സംഗതിയാണെന്ന തിരിച്ചറിവില്‍ ഞാന്‍ എന്റെ കംപ്യൂട്ടറിലെ ടൈപ്പിറ്റ് ബോക്സില്‍ പ്രിയപ്പെട്ട ജുനൈദ് എന്ന് ടൈപ്പ് ചെയ്യുന്നു. എല്ലാ വിശേഷങ്ങളും ടൈപ്പ് ചെയ്ത് അത് ഇനി വാടസ് ആപ്പിലേക്ക് കോപ്പി ചെയ്യണം.