താര പരിവേഷം കൊണ്ട് ഗോപുരങ്ങള്‍ തീര്‍ക്കുന്നവരുടെ സമകാലീന  സിനിമാ ലോകം  ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ സ്നേഹലതാ റെഡ്ഡിയെ മറന്നു പോയതില്‍ അത്ഭുതമില്ല. നടിയും നര്‍ത്തകിയും എഴുത്തുകാരിയും ആയിരുന്ന സ്നേഹലതാ റെഡ്ഡി അനുഭവിച്ച പീഡനങ്ങളുടെ കഥ അധികമാര്‍ക്കും അറിയില്ല. പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ഇന്ത്യയാകെ പടര്‍ന്ന കോവിഡിനു മുമ്പുള്ള നാളുകളില്‍ മനുഷ്യവകാശ പ്രവര്‍ത്തകയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഉമാ ചക്രവര്‍ത്തി ചെയ്ത പ്രിസന്‍ ഡയറീസ് എന്ന ഡോക്യുമെന്ററി ഇപ്പോള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പക്ഷെ 1977 ല്‍ 44 ാം വയസില്‍ മരണപ്പെട്ട സ്നേഹലതാ റെഡ്ഡിയെ കുറിച്ച് പുതു തലമുറ അറിയുന്നത് ഈ ഡോക്യുമെന്ററിയിലൂടെയായിരിക്കും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും പൗര സ്വാതന്ത്ര്യത്തിന്റെയും സമസ്ത മേഖലകളെയും അധികാരത്തിന്റെ ഹുങ്കില്‍ തളച്ചിട്ട അടിയന്തരാവസ്ഥയുടെ നാളുകളില്‍ വേട്ടയാടപ്പെട്ട സ്ത്രീ ജന്‍മമായിരുന്നു സ്നേഹലതാ റെഡ്ഡിയുടേത്. രാജ് നാരായണന്‍ കൊടുത്ത തെരഞ്ഞെടുപ്പ് കേസില്‍ അലഹബാദ് ഹൈക്കോടതി വിധി എതിരായി വന്നതോടെ അധികാരം നില നിര്‍ത്താന്‍ 1975 ജൂണ്‍ 25 ന് ഇന്ദിരാഗാന്ധി അ
ടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ ഫാസിസത്തിന്റെ രാക്ഷസ മുഖം അനാവരണം ചെയ്യപ്പെട്ടു. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നുമുള്ള മുദ്യാവാക്യം ആദ്യം വിളിച്ചത് ഡി.കെ ബറുവയായിരുന്നെങ്കിലും ഉപജാപക സംഘം അതേറ്റു പിടിച്ചതോടെ അധികാര തിമിരം ബാധിച്ചവര്‍ ഉറഞ്ഞു തുള്ളി. ഇതോടെ ധൈഷണിക, രാഷ്ട്രിയ, സാംസ്‌കാരിക രംഗത്തു നിന്ന് എതിര്‍ ശബ്ദമുയര്‍ത്തിയവരെല്ലാം തടവിലായി. 

ഇന്നത്തെ യു.എ.പി.എ യുടെ ആദിമ രൂപമെന്ന് വിശേഷിപ്പിക്കാവുന്ന മിസ പ്രകാരം ആരെയും തടവിലാക്കാമെന്ന സ്ഥിതി വന്നു. കേരളത്തില്‍ നക്സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പലരും എന്റെ നാടായ കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്നു. കൊടുങ്ങല്ലൂരിന്റെ തെരുവുകളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന പോലീസിന്റെ നീല വണ്ടികള്‍ (ഇടി വണ്ടികളെന്നും പറഞ്ഞിരുന്നു) സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന എന്റെ മനസില്‍ സൃഷ്ടിച്ച ഭീതി വലുതായിരുന്നു. അടക്കം പറച്ചിലുകളുടെ നാളുകളായിരുന്നു അത്. ആര്‍ക്കും ശബ്ദമില്ല. ശബ്ദിച്ചാല്‍ അകത്തു പോകുമെന്ന സ്ഥിതി. അടിയന്തരാവസ്ഥക്ക് തൊട്ടു മുമ്പ് ജയപ്രകാശ് നാരായണന്‍ സൃഷ്ടിച്ച സമരാവേശമാണ് ഇന്ദിരാഗാന്ധിയെ പരിഭ്രമിപ്പിച്ചതെന്ന പറയാം. ലക്ഷക്കണക്കിനു മനുഷ്യര്‍ പങ്കെടുത്തിരുന്ന റാലികളില്‍ ജയപ്രകാശ് നാരായണന്‍ എന്ന സോഷ്യലിസ്റ്റ് നടത്തിയ പ്രസംഗങ്ങള്‍ അധികാര കസേരകളെ വിറപ്പിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട വലിയ സമരങ്ങളുടെ ആ നാളുകളെ സമ്പൂര്‍ണമായി അടിച്ചമര്‍ത്തലായിരുന്നു അടിയന്തരാവസ്ഥ കൊണ്ട് ലക്ഷ്യം വെച്ചത്. അടിച്ചമര്‍ത്തപ്പെട്ടവരില്‍ ശബ്ദിച്ച ബുദ്ധിജീവികളും കലാകാരന്‍മാരും രാഷ്ട്രിയ പ്രവര്‍ത്തകരും ജയിലുകളിലെത്തി. അവരില്‍ ഒരാളായിരുന്നു സ്നേഹലതാ റെഡ്ഡി. 1932 ല്‍ ജനനം. കൃസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു അവര്‍. എന്നാല്‍ ബ്രിട്ടീഷ് ആധിപത്യത്തോടുള്ള എതിര്‍പ്പിന്റെ ഭാഗമായി കൃസ്തിയ നാമം ഉപേക്ഷിച്ച് സ്നേഹലതയെന്ന പേരു സ്വീകരിച്ച് നെറ്റിയില്‍ വലിയ പൊട്ടും തൊട്ട് പൊതു സമൂഹത്തിലേക്ക് ഇറങ്ങിയ പോരാട്ട വീര്യമുള്ള സ്ത്രീയായിരുന്നു സ്നേഹലത. അവര്‍ നല്ല നര്‍ത്തകിയായിരുന്നു. അവരുടെ നൃത്തത്തില്‍ ആക്ൃഷ്ടനായ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്ന പട്ടാഭിരാമ റെഡ്ഡി പ്രണയാതുരനായി. സുഹൃത്തു വഴി പട്ടാഭി ഇക്കാര്യം സ്നേഹലതയെ അറിയിക്കുകയും ചെയ്തു. സ്നേഹലത തന്റെ പ്രണയം സ്വീകരിക്കുന്നതു വരെ താടി വടിക്കില്ലെന്ന് ശപഥം ചെയ്തു പട്ടാഭി.  അത്രക്ക് കടുത്ത ആരാധനയും പ്രണയവുമായിരുന്നു പട്ടാഭിയുടേത്. ഇതു തിരിച്ചറിഞ്ഞ സ്നേഹലത വിവാഹത്തിനു സമ്മതിച്ചു. സംഗീതജ്ഞനായ കൊണാര്‍ക് റെഡ്ഡിയും സാമൂഹ്യ പ്രവര്‍ത്തകയായ നന്ദന റെഡ്ഡിയും മക്കള്‍. 

റാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളോട് ആഭിമുഖ്യമുള്ളവരായിരുന്നു സ്നേഹലതയും ഭര്‍ത്താവും. സ്വാഭാവികമായും അവര്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളോട് അടുത്തു. മദ്രാസ് പ്ലെയേഴ്സ് എന്ന തിയേറ്റര്‍ സംഘത്തിനു രൂപം നല്‍കി. ഷേക്സ്പിയര്‍ നാടകങ്ങള്‍ അരങ്ങിലെത്തിച്ചു. ആയിടക്കാണ് യു.ആര്‍.അനന്തമൂര്‍ത്തിയുടെ വിഖ്യാത നോവലായ സംസ്‌കാര അതേ പേരില്‍ തന്നെ സ്നേഹലതയുടെ ഭര്‍ത്താവ് സിനിമയാക്കുന്നത്. ഗിരിഷ് കര്‍ണാഡും ലങ്കേഷുമൊക്കെ അഭിനയിച്ച ഈ സിനിമയിലെ ചന്ദ്രിയെന്ന നായിക സ്നേഹലതയായിരുന്നു. സെന്‍സര്‍ഷിപ്പിന്റെ കടമ്പകള്‍ കടന്ന് തിയേറ്ററിലെത്തിയ സംസ്‌കാര എഴുപതുകളിലെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു. സമാന്തര സിനിമയുടെ മേല്‍വിലാസം ഉയര്‍ത്തി പിടിച്ച ഈ സിനിമ ദേശിയ പുരസ്‌കാരം നേടി. ജാതി വ്യവസ്ഥക്ക് എതിരെയുള്ള ശക്തമായ പ്രമേയമായിരുന്നു സംസ്‌കാരയുടേത്. എഴുപതുകളില്‍ കേരളത്തില്‍ സജീവമായിരുന്ന ഫിലിംസൊസൈറ്റി പ്രസ്ഥാനമാണ് സംസ്‌കാര പോലുള്ള ചിത്രങ്ങളെ ജനങ്ങളില്‍ എത്തിച്ചത്. 

ബാറ്റില്‍ഷിപ് പോതംകിനും ബൈസിക്കിള്‍ തീവ്സുമൊക്കെ അന്നത്തെ യുവാക്കള്‍ കാണുന്നത് ഫിലിം സൊസൈറ്റികളിലൂടെയാണ്. അതു പോലെ തന്ന സത്യജിത് റെ യുടെ സിനിമകളും. ലോക ക്ലാസിക്കുകളെ മലയാളിക്ക് പരിചയപ്പെടുത്തുന്നതില്‍ ഫിലിം സൊസൈറ്റികള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇന്ന് സിനിമകളുടെ ദൃശ്യ വായനയുടെ തലം തന്നെ മാറി പോയിരിക്കുന്നു. സംസ്‌കാര ഞാന്‍ കാണുന്നത് വളരെ വൈകിയാണ്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായി സിനിമാ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ഒരൊറ്റ സിനിമ കൊണ്ട് തന്നെ സ്നേഹലതക്ക് സാധിച്ചു. കന്നഡ സിനിമയുടെ കച്ചവട വഴികളിലൂടെ സഞ്ചരിക്കാന്‍ പക്ഷെ അവര്‍ വിസമ്മതിച്ചു. ബൗദ്ധിക തലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെയും തിയേറ്ററിന്റെയും ഭാഗമാകാനായിരുന്നു താല്‍പര്യം. അതിനിടയിലാണ് അടിയന്തരാവസ്ഥ വരുന്നത്. ബറോഡ ഡൈനാമിക് കേസിന്റെ പേരില്‍ ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന ജോര്‍ജ് ഫര്‍ണാണ്ടസുമായി അടുപ്പമുണ്ടായിരുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത കൂട്ടത്തില്‍ ഫര്‍ണാണ്ടസിനോട് സ്നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്ന സ്നേഹലതയെയും ഭര്‍ത്താവിനെയും പോലീസ് മിസ പ്രകാരം തടവിലാക്കി. കടുത്ത ആസ്തമ രോഗിയായിരുന്ന സ്നേഹലതക്ക് ജയില്‍ വാസം സമ്മാനിച്ചത് പീഡനത്തിന്റെ നാളുകള്‍. ജയിലിലെ ഏക വനിതാ രാഷ്ട്രിയ തടവുകാരിയായിരുന്നു അന്ന് സ്നേഹലത. ജയില്‍ വാര്‍ഡന്റെ ക്രൂരതകള്‍ക്ക് എതിരെ അവര്‍ ശബ്ദമുയര്‍ത്തി. വനിതാ തടവുകാരെ ജയിലില്‍ എത്തുന്ന ദിവസം നഗ്‌നരാക്കി നിര്‍ത്തുന്ന പ്രാകൃത രീതിക്ക് എതിരെ ശക്തമായി പ്രതികരിച്ചു. സ്നേഹലതയുടെ ജയിലിനകത്തെ പോരാട്ടം നിരവധി മാറ്റങ്ങള്‍ക്ക് ഇടയാക്കി. ഇതിനിടയില്‍ ആസ്തമ കൂടി. അവര്‍ മഹാ രോഗിയായി മാറി. ശാരീരിക ക്ഷീണം വക വെക്കാതെ അവര്‍ ജയിലിലെ തടവുകാര്‍ക്ക് വേണ്ടി പാടി. നൃത്തം ചെയ്തു. കഥ പറഞ്ഞു. അഭിനയിച്ചു. മാസങ്ങള്‍ക്ക് ശേഷം പരോളില്‍ പുറത്തിറങ്ങിയ സ്നേഹലതയെ രോഗം തളര്‍ത്തി. 1977 ജനുവരിയില്‍ അവര്‍ രോഗത്തിനു കീഴടങ്ങി. ഒരു പ്രതിഭയുടെ അസ്തമയം മാത്രമായിരുന്നില്ല അത്. ഫാസിസം തല്ലി കെടുത്തിയ നൈതികതയുടെ പ്രതീകം കൂടിയായിരുന്നു ഈ കലാകാരി. ആ ജീവിതത്തിന്റെ ചെറിയ ഒരു അംശമാണ് ഉമാ ചക്രവര്‍ത്തി പ്രിസന്‍ ഡയറീസിലൂടെ കാണിക്കുന്നത്.