മകാലീന കേരളത്തിന്റെ പുരോഗമന പശ്ചാത്തലത്തില്‍ നിന്നല്ല മറിച്ച് യാഥാസ്ഥിതിക കാലത്തെ ചരിത്ര ഭൂമികയില്‍ നിന്നു വേണം മലയാളി റംലാ ബീഗത്തെ പോലെ ഒരു ഗായികയെ കാണാനും പഠിക്കാനും. അടങ്ങാത്ത ഇഛാശക്തി കൊണ്ട് ജീവിതത്തെ സംഭവ ബഹുലമാക്കിയ ചരിത്രമാണ് റംലാ ബീഗത്തിന്റേത്. പാട്ടു പാടി ജീവിക്കാനുള്ള സര്‍ഗാത്മക അവകാശത്തിനു വേണ്ടി റംലാ ബീഗവും അവരുടെ ഭര്‍ത്താവും തബല വാദകനും ഗാനരചയിതാവുമായിരുന്ന അബ്ദുസലാമും (കെ.എ.സലാം) നടത്തിയ പോരാട്ടത്തെയാണ് വിലയിരുത്തേണ്ടത്. അബ്ദുസലാം ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷെ പഴയ കഥകള്‍ പറയാന്‍ റംലാ ബീഗമുണ്ട്.  

ഇതേ ഭൂമികയില്‍ തന്നെയാണ് നിലമ്പൂര്‍ ഐഷയുടെയും സ്ഥാനം. ഐഷാ ബീഗവും സുലോചനയും സുധര്‍മയും സി.കെ രാജവും വിലാസിനിയും തുടങ്ങി ഇവരെ പോലെ എത്രയോ കലാകാരികള്‍ കണ്ണീരു കൊണ്ടും സഹനം കൊണ്ടും എഴുതിയ ഒരു കലാ ചരിത്രമുണ്ട് കേരളത്തിന്. അത് നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങളുടെ കൂടി ചരിത്രാണ്. ആ ചരിത്രമാണ് ഇന്നത്തെ ഗായികമാരും കലാകാരികളും പഠിക്കേണ്ടത്. ആദരിക്കപ്പെടേണ്ട ഈ പഴയ കാല കലാകാരികളെ നമ്മുടെ യുവത്വം തേടി പിടിക്കണം.

 അവര്‍ക്ക് അര്‍ഹമായ സ്‌നേഹം പകര്‍ന്നു നല്‍കണം. ജിദ്ദയിലെ പ്രവാസി സമൂഹം കഴിഞ്ഞ ദിവസം ഇതിനു മാതൃകയായപ്പോള്‍ സന്തോഷം തോന്നി. റംലാ ബീഗത്തെ ജിദ്ദാ മലയാളികള്‍ അര്‍ഹമായ പ്രാധാന്യത്തോടെ ആദരിച്ചു. മുസ്തഫാ മലയിലിനും നൂഹ് ബീമാപള്ളിക്കും ജിദ്ദ സെഞ്ച്വറി ഫൈന്‍ആര്‍ട്‌സിനും കര്‍ത്തവ്യ നിര്‍വഹണത്തിന്റെ ചാരിതാര്‍ഥ്യം . സാക്ഷ്യം വഹിച്ച വന്‍ സദസിന്  അവിസ്മരണിയ രാത്രി. 

ജിദ്ദയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിറും റംലാ ബീഗത്തിന്റെ കൂട്ടുകാരിയും  ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന ബീഗം ഖദീജയും ഉള്‍പ്പടെ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് പുതു കാലത്തിന്റെ ചരിത്ര രേഖ. ഒരു പതിറ്റാണ്ട് മുമ്പ് റംലാബീഗം ജിദ്ദയില്‍ വന്നിരുന്നു. അന്ന് പ്രമുഖ സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനും നടനുമായ മുസ്തഫ തോളൂരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. മുസ്തഫ നിരവധി സംഗീത സാംസ്‌കാരിക പരിപാടികള്‍ ജിദ്ദയില്‍ വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ പരിമിതികളും ഇഛാശക്തി കൊണ്ട് മറി കടക്കുന്ന സംഘാടകനാണ് എന്നും മുസ്തഫ. 

റംലാ ബീഗത്തിന്റെ നിരവധി ഹിറ്റ് ഗാനങ്ങളുണ്ട് നമ്മുടെ മുന്നില്‍. ആ നാദ വിസ്മയത്തിന് ഇന്നും പതര്‍ച്ചയില്ല.  മാപ്പിളപാട്ട് രംഗത്ത് മാത്രമായിരുന്നില്ല റംലാ ബീഗത്തിന്റെ സാന്നിധ്യം. അവര്‍ കഥാ പ്രസംഗ രംഗത്തും ശോഭിച്ചിരുന്നു. പാട്ടു കേട്ടും പാടിയും വളര്‍ന്ന ബാല്യം. കുടുംബത്തിനകത്തു നിന്ന് നല്ല പ്രോത്സാഹനം. പിതാവ് ഹുസൈന്‍ യൂസഫ് യമാനിയും മാതാവ് മറിയം ബീവിയും മകളെ പാട്ടുകാരിയാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ആലപ്പുഴ ഐഷാബീഗമായിരുന്നു മഹനീയ മാതൃക.

 മൊയിന്‍കുട്ടി വൈദ്യരുടെയും നല്ലളം ബീരാന്റെയുമൊക്കെ ഇശലുകള്‍ ഉമ്മ പാടുന്നത് കേട്ട് മാപ്പിള സംഗീതത്തോട് വളര്‍ന്ന് വന്ന അഭിനിവേശം ഇന്നുമുണ്ട്.  കഥാപ്രസംഗത്തിന് ഇപ്പോള്‍ വേദികള്‍ കുറവാണ്. സാംബശിവന്‍ മാനം മുട്ടെ വളര്‍ത്തിയ കഥാപ്രസംഗത്തിന്റെ മാസ്മരിക വശ്യത ആസ്വാദന തലത്തിലെ മാറ്റം കാരണം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് വേണം പറയാന്‍. സംഗീതപരിപാടിക്കിടയില്‍ നിര്‍ബന്ധത്തിനു വഴങ്ങി റംലാ ബീഗം ഇപ്പോഴും കഥ പറയാറുണ്ട്. 

ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ടും അല്ലാതെയുമായി മുപ്പതോളം വൈവിധ്യമാര്‍ന്ന കഥകള്‍ വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എം.എ റസാഖിന്റെ ജമീലയായിരുന്നു ആദ്യ കഥ. കര്‍ബലയിലെ യുദ്ധവും അതിന്റെ ഓര്‍മകളും കോര്‍ത്തിണക്കിയ കഥയാണ് ഏറെ പ്രശസ്തം. ഇത് വ്യാപകമായ സ്വീകാര്യത നേടി.  കേരള സംഗീത നാടക അക്കാദമിയുടെയും ഫോക്‌ലോര്‍ അക്കാദമിയുടെയും മാപ്പിള കലാ അക്കാദമിയുടെയും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍.

 ഗള്‍ഫില്‍ നിന്ന് കെ.എം.സി.സി ഉള്‍പ്പടെ വിവിധ സംഘടനകളും പുരസ്‌കാരങ്ങളും ആദരവും നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന കലാകാരികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ കിട്ടുന്നുണ്ട്.  ഇ.എം.എസും സി.എച്ചു മൊക്കെ നേരിട്ട് അഭിനന്ദിച്ചത് മറക്കാനാവാത്ത ഓര്‍മ.  ഡോ.എം.കെ മുനീര്‍ മുന്‍കൈയെടുത്തതു കൊണ്ട് കോഴിക്കോട് വെള്ളിമാടുകുന്നില്‍ ഒരു താമസ സ്ഥലം ലഭിച്ചത് റംലാ ബീഗം മഹാ ഭാഗ്യമായി കരുതുന്നു. 

ആദ്യ കാലത്ത് എതിര്‍പ്പ് പുറത്തു നിന്നായിരുന്നു. യാഥാസ്ഥിതിക സമുദായ നേതൃത്വം കിട്ടാവുന്നിടത്തൊക്കെ റംലാ ബീഗത്തിനു നേരെ എതിര്‍പ്പുയര്‍ത്തി. പല വേദികളിലും പാടാന്‍ അനുവദിച്ചില്ല. ഭീഷണിപ്പെടുത്തി ഈ രംഗത്തു നിന്ന് പിന്‍മാറ്റാന്‍ ശ്രമം നടത്തി. കോഴിക്കോട്ടെ കൊടുവള്ളിയിലെ കഥാപ്രസംഗത്തിനിടക്കും കണ്ണൂരിലെ ഒരു പരിപാടിക്കിടെയും കടുത്ത ഭീഷണിയും എതിര്‍പ്പുമുണ്ടായി. 

കൊടുവള്ളിയില്‍ ഒരു റോഡ് നിര്‍മാണത്തിന്റെ ധനശേഖരണാര്‍ഥം നടത്തിയ കഥാപ്രസംഗത്തിനെതിരെ ചില യാഥാസ്ഥിതികര്‍ ഇറക്കിയ നോട്ടീസിന്റെ ശീര്‍ഷകം ഇതായിരുന്നു , 'ഇസ്‌ലാമിനെ താറടിക്കാനൊ കൊടുവള്ളി റോഡിനു താറിടാനൊ' ജീവിതം തന്നെയാണ് തങ്ങള്‍ക്ക് കഥാപ്രസംഗം എന്ന ആമുഖത്തോടെയാണ് പരിപാടി തുടങ്ങിയത്. കഥ മോശമാണെന്ന് തോന്നിയാല്‍ നിര്‍ത്താമെന്നും വാക്ക് കൊടുത്തു. സംഗതി വന്‍ വിജയമായിരുന്നു. എതിര്‍ത്തവരടക്കം ആസ്വദിച്ച കഥാ പ്രസംഗം. 

ഇതു പോലെ എത്രയോ വേദികളെ റംലാ ബീഗവും ഭര്‍ത്താവ് സലാമും നാദ വിസ്മയം കൊണ്ടും സര്‍ഗ വൈഭവം കൊണ്ടും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെടുത്തിരിക്കുന്നു. കണ്ണൂരില്‍ റംലാ ബീഗത്തെയും ഭര്‍ത്താവിനെയും തടഞ്ഞവര്‍ പറഞ്ഞത്, കഥ തീര്‍ത്തു കളയുമെന്നായിരുന്നു. സലാം പറഞ്ഞ മറുപടി പക്ഷെ ആരുടെയും മനസ് ഉരുക്കുന്നതായിരുന്നു. വീട്ടില്‍ കഞ്ഞിക്ക് വെള്ളം വെച്ചിട്ടാണ് ഞങ്ങള്‍ പോന്നിരിക്കുന്നത്. ഇത് ഞങ്ങളുടെ ജീവിതമാണ്. തടയേണ്ടവര്‍ക്ക് തടയാം. കഞ്ഞിക്ക് വെച്ച വെള്ളം കൊണ്ട് ഞങ്ങളുടെ മയ്യിത്തുകള്‍ കുളിപ്പിക്കണമെന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അങ്ങനെ. സലാമിന്റെ വാക്കുകള്‍ക്ക് മുന്നില്‍ എതിര്‍പ്പുമായി വന്നവര്‍ നിശബ്ദരായി. 

മുപ്പത്തിരണ്ട് വര്‍ഷം മുമ്പ് റംലാ ബീഗത്തിന് എന്നും കരുത്തായി കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സലാം മരണപ്പെട്ടു. റംലാ ബീഗത്തിന് ഇപ്പോള്‍ 73 വയസ് പ്രായം. റംലാ ബീഗത്തിന്റെ സ്വരമാധുരിയില്‍ നൂറു കണക്കിന് സി.ഡി കളും ലോംഗ് പ്ലെ റെക്കോഡുകളുമുണ്ട്. യു .ട്യൂബില്‍ റംലാ ബീഗത്തിന്റെ എല്ലാ മധുര മനോഹര ഗാനങ്ങളും കേള്‍ക്കാം, ആസ്വദിക്കാം. അതിലൂടെ മാപ്പിളപാട്ടിന്റെ തനിമയിലേക്ക് നമുക്ക് തിരിച്ചു നടക്കാം. ഈ വലിയ കലാകാരിയുടെ ജീവിതം സമാധാനപൂര്‍ണമാകട്ടെയെന്ന് പ്രാര്‍ഥിക്കാം.

Content Highlights: Ramla beegam-Musical artist kerala