'രാത്രി മഴ 
ചുമ്മാതെ കേഴും ചിരിച്ചും വിതുമ്പിയും 
നിര്‍ത്താതെ പിറു പിറുത്തും 
നീണ്ട മുടിയിട്ടുലച്ചും '

(സുഗത കുമാരി) 

നാട്ടില്‍ കര്‍ക്കിടക മേഘങ്ങള്‍ പെയ്തൊഴിയുമ്പോള്‍ ഇങ്ങ് വിദൂരതയില്‍ മരുഭൂമി പൊള്ളി തിളക്കുന്നു. സൈകത ഭൂവിലാകെ  ഗ്രീഷ്മ താപം. നിര്‍ത്താതെ മുരളുന്ന എയര്‍കണ്ടീഷണറുകളുടെ കൃത്രിമ ശൈത്യത്തില്‍ മൂടി പുതച്ചു കിടക്കുന്ന രാത്രികളില്‍ പുറത്ത് മഴ പെയ്യുന്നുണ്ടെന്ന വെറും തോന്നല്‍. പ്രവാസിക്ക് കൂടി അവകാശപ്പെട്ട മഴ നാട്ടില്‍ പെയ്തൊഴിയുന്നുവെന്ന് എഴുതിയ സുഹൃത്തും എഴുത്തുകാരനുമായ എന്‍.ടി.ബാലചന്ദ്രന്‍ ഇപ്പോള്‍ നാട്ടിലാണ്. മഴ നന്നായി ആസ്വദിക്കുന്നുണ്ടാകണം. 

മഴ നോക്കി മണിക്കൂറുകളോളം ഇരിക്കുമായിരുന്നു അച്ഛനെന്ന് നന്ദനാരുടെ മകന്‍ സുധാകരന്‍ എഴുതിയ പഴയൊരു കത്തിലുണ്ടായിരുന്നു. എ.അയ്യപ്പനും സച്ചിദാനന്ദനും സുഗതകുമാരിയും മാത്രമല്ല ഏതാണ്ടെല്ലാ കവികളും എഴുത്തുകാരും മഴയെ കുറിച്ച് എഴുതിയിട്ടുണ്ട്. മഴയെ അതി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് കമല്‍ തന്റെ പല സിനിമകളിലും. ഷാജി എന്‍ കരുണിന്റെ പിറവിയിലും മറക്കാനാവാത്ത മഴ അനുഭവമുണ്ട്. അതു പോലെ എത്രയെത്ര സിനിമകള്‍. കവിതകള്‍. കഥകള്‍. മഴക്കാലത്തെ കാനന യാത്രകളുടെ ഡോക്യുമെന്ററികള്‍. 

ഒരു പാലക്കാടന്‍ ഗ്രാമത്തില്‍ മഴ നനഞ്ഞ് മണിക്കൂറുകളോളം നടന്നിട്ടുണ്ട് ഞങ്ങള്‍ കുറെ സുഹൃത്തുക്കള്‍. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നനഞ്ഞൊലിച്ചു പോകുന്ന രണ്ട് പെണ്‍കുട്ടികള്‍ക്ക് സ്വന്തം കുട ദയാപൂര്‍വം നല്‍കി അവര്‍ക്ക് പിറകെ മഴ കൊണ്ടു നടന്നു പോകുന്ന ഒരു വിദ്യാര്‍ഥിയുടെ ചിത്രവും എന്റെ മനസിലുണ്ട്. കൗമാര പ്രണയത്തിന്റെ കുളിരുള്ള ഒരു മഴ ജാലകം തുറക്കാനുള്ള സാധ്യതകള്‍ പോലും തള്ളി കളഞ്ഞ ആ വിദ്യാര്‍ഥിയെ വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫിലെ ഇതു പോലൊരു ഗ്രീഷ്മ കാലത്ത് ഒരു ജി.സി.സി രാജ്യത്ത് വെച്ച് ഞാന്‍ കണ്ടിരുന്നു. മനസില്‍ നിന്ന് മാഞ്ഞു പോകാത്ത ആ പഴയ മഴക്കാലം അപ്പോള്‍ അവനെ ഓര്‍മിപ്പിക്കുകയും ചെയ്തു. കുട ചൂടി പോയ ആ രണ്ട് പെണ്‍കുട്ടികള്‍ ഇരുവരും ഇപ്പോള്‍ മക്കളും മരുമക്കളുമായി സസുഖം ജീവിക്കുന്നു. സന്തോഷം.

കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്‌കൂളിലെ അന്നത്തെ വിദ്യാര്‍ഥി ജീവിത കാലത്തിനു ശേഷം ഇന്നു വരെ കാണാത്ത ഒരു സുഹൃത്തുണ്ട് എനിക്ക്. പോളക്കുളത്ത് സന്തോഷിനെയും അജിയെയും നന്ദനെയും കെ.പി രാജനെയും മൈക്കിളിനെയും കരിമിനെയും പ്രദീപുമാരെയും ലീഡര്‍ സുരേഷിനെയും ദേവി ദാസനെയും   (കൊടുങ്ങല്ലൂര്‍ ഭരണിക്ക് അശ്വതി സന്ധ്യയില്‍  കാവു തീണ്ടുന്നത് ഈ ദേവി ദാസനാണ്) പി.സി ജോസിയെയും തുടങ്ങി അന്നത്തെ പത്തു ഡി യിലെയും എ യിലെയും സി യിലെയും ഏതാണ്ട് എല്ലാവരെയും പില്‍ക്കാലങ്ങളില്‍ കണ്ടിട്ടുണ്ടെങ്കിലും അവനെ മാത്രം കണ്ടിട്ടില്ല. ഞാന്‍ മാത്രമല്ല ഞങ്ങളാരും അവനെ കണ്ടിട്ടില്ല. 

ഞാനും അവനും അടിയന്തരാവസ്ഥകാലത്ത് നടത്തിയ അതി സാഹസികമായ ഒരു സൈക്കിള്‍ യാത്രയുണ്ട്. അഞ്ചപാലത്തെ പ്രദീപും ആ യാത്രയില്‍ കൂടെയുണ്ടായിരുന്നു.  ( ഇത് മുമ്പൊരിക്കല്‍ എഴുതിയതാണ്. ആവര്‍ത്തിക്കുന്നില്ല. അടിയന്തരാവസ്ഥ ഓര്‍മിക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ചു കൊണ്ട് നേര്‍കാഴ്ചയായി നാട്ടിലെത്തുമ്പോള്‍ ടി.എന്‍ ജോയി ഇടക്കിടെ മുന്നിലൂടെ നടന്നു പോകുമായിരുന്നു. ഇനി ജോയി ചേട്ടനില്ല) പത്താം ക്ലാസ് കഴിഞ്ഞ ശേഷം ഞങ്ങള്‍ പലരും പല വഴിക്ക് പിരിഞ്ഞപ്പോള്‍ അവന്‍ എവിടേക്ക് പോയെന്നറിയില്ല. പ്രദീപ് പലപ്പോഴും അവനെ കണ്ടിരുന്നു, കുറെക്കാലം. പിന്നെ അവനും കണ്ടിട്ടില്ല. എല്ലാ മഴക്കാലത്തും ഞങ്ങളും ഞങ്ങളുടെ പ്രിയപ്പെട്ട മേരി ടീച്ചറും അവനെ ഓര്‍മിക്കാതിരിക്കില്ല. ആ മഴക്കാലത്ത് മഴ നനഞ്ഞ് അവന്‍ ക്ലാസില്‍ വന്ന ദിവസം ഞങ്ങളുടെയാക്കെ മനസില്‍ മായ്ച് കളയാനാവാത്ത വിധം പതിഞ്ഞു കിടക്കുന്ന ചിത്രമാണ്. മരണം വരെ ഔട്ട് ഓഫ് ഫോക്കസിലേക്ക് പോകാത്ത ചിത്രം. 

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മേരി ടീച്ചറെ കണ്ടപ്പോള്‍ ഞാനിതു പറഞ്ഞു. ടീച്ചര്‍ സാരി തലപ്പു കൊണ്ട് കണ്ണു തുടച്ചു. ആ കുട്ടി ഇപ്പോള്‍ എവിടെയാണ് ? അധ്യാപകരൊക്കെ ഇങ്ങനെയാണ് എത്രകാലം കഴിഞ്ഞാലും അവര്‍ ഒരാളെ അന്വേഷിക്കുക ഇങ്ങനെയാണ്. ആ കുട്ടി ഇപ്പോള്‍ എവിടെയാണ് ?  ഈ അടുത്ത ദിവസം ലതിക ടീച്ചറുമായി ഫോണില്‍ സംസാരിച്ചപ്പോഴും ഞാനിതു കേട്ടു. ചിലരെ കുറിച്ച് അവര്‍ അന്വേഷിക്കുകയാണ്. ആ കുട്ടി ഇപ്പോള്‍ എവിടെയാണ് ? ഹൈറുനിസ ടീച്ചറും ശാന്ത ടീച്ചറുമൊക്കെ ഇങ്ങനെ തന്നെയാണ്. പി.സി ജോസി ഈ അടുത്ത ദിവസം സീനിയര്‍ സിറ്റിസനായെന്ന് കേക്ക് മുറിച്ച് പ്രഖ്യാപിക്കുകയും സമ്മാനം അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജോസി നീ ഇപ്പോഴും നമ്മുടെ പഴയ ടീച്ചര്‍മാര്‍ക്ക് ആ കുട്ടിയാണ്. കോട്ടപ്പുറത്തു നിന്ന് വന്നിരുന്ന ആ കുട്ടി. സീനിയറല്ല സൂപ്പര്‍ സീനിയറായാലും അവരങ്ങനെയെ പറയു. അതാകട്ടെ സ്നേഹ പാശം കൊണ്ട് മുറുക്കിയ  ഒരു ആത്മ ബന്ധമാണ്. ഇന്ദിര ടീച്ചറെ പോലെ ( എന്റെ ഉമ്മയുടെ സഹപാഠിയായിരുന്നു) ചില അധ്യാപികമാരെ പിന്നീട് കണ്ടിട്ടില്ല. ശോഭന ടീച്ചറും ഭൈമി ടീച്ചറും ജോസഫ് മാഷുമൊക്കെ ആ കുട്ടത്തില്‍ പെടും. ബാലകൃഷ്ണന്‍ മാഷ് ഈ അടുത്ത ദിവസം മരിച്ചു. മാഷുടെ ഭാര്യ അമ്മിണി ടീച്ചറെ കണ്ടിട്ടും കുറെക്കാലമായി. 

മഴ വീണ്ടും ഇരമ്പി പെയ്യുകയാണ്. മാണിക്യനൊ ശങ്കുവോ ആരോ ഒരാള്‍ സെക്കന്റ് ബെല്ലടിച്ചു. ക്ലാസ് തുടങ്ങി. മേരി ടീച്ചര്‍ ക്ലാസിലെത്തി. പുറത്ത് ഇരുട്ടു മൂടിയ അന്തരീക്ഷമാണ്. നല്ല തണുപ്പ്. ടീച്ചര്‍ ഹാജരെടുത്ത ശേഷം ക്ലാസ് തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ അതാ വരുന്നു അവന്‍. എല്ലാവരുടെയും ശ്രദ്ധ വാതിലില്‍. അവന്‍ അങ്ങനെ മഴ വെള്ളത്തില്‍ മുങ്ങി നില്‍ക്കുകയാണ്. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മഴ ഉണ്ടായിരുന്നിരിക്കില്ല. അവന്‍ സാഹസികനാണ്. മഴയൊക്കെ അവന് ഒരു പ്രശ്നമല്ല. അന്ന് പക്ഷെ ആള് നിന്ന് വിറക്കുന്നുണ്ട്. ടീച്ചര്‍ പെട്ടെന്ന് അവനെ അടുത്ത് വിളിച്ച് ഒരു ടവല്‍ കൊടുത്തു. തല തോര്‍ത്തു കുട്ടീ. പനി പിടിക്കും. സ്നേഹ ശാസന. എന്നിട്ടും മതിയാകാതെ ടീച്ചര്‍ തന്നെ അവന് തല തോര്‍ത്തി കൊടുത്തു. അപ്പോള്‍ ഞങ്ങളെല്ലാവരും സ്നേഹ കാരുണ്യങ്ങളുടെ ഒറ്റ ഫ്രെയിമിലായിരുന്നു.  അവന്റെ കണ്ണില്‍ നിന്ന് ഇറ്റ് വീണ കണ്ണീരും മഴ നനഞ്ഞ മുഖത്ത് പടര്‍ന്നു. സാധാരണ ആകാശം ഇടിഞ്ഞു നെഞ്ചത്തു വീണാലും അവന്‍ കരയില്ല. പിന്നെ അവന്‍ നനഞ്ഞ വസ്ത്രങ്ങളുമായി പിന്‍ ബെഞ്ചില്‍ പോയിരുന്നു. ടീച്ചര്‍ ക്ലാസ് തുടര്‍ന്നു . വൈകീട്ട് ക്ലാസ് വിട്ട് വീട്ടിലേക്ക് നടക്കുമ്പോള്‍ ( എന്റെ വീടിന് തൊട്ടടുത്താണ് സ്‌കൂള്‍) ഞാന്‍ വീട്ടിലേക്ക് വഴി തിരിഞ്ഞു പോകുന്നതു വരെ അവനുമുണ്ടാകും. പിന്നെ അവന്‍ പടിഞ്ഞാറു ഭാഗത്തേക്ക് നടന്നു പോകും. അന്ന് വൈകീട്ട് സ്‌കൂള്‍ വിട്ടു പോകുമ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു, എടാ ടീച്ചര്‍ തല തോര്‍ത്തി തന്നപ്പോള്‍ നീ എന്തിനാ കരഞ്ഞത് ? ഞാന്‍ കരഞ്ഞില്ലല്ലൊ. ഉവ്വ് , നീ കരഞ്ഞുവെന്ന് കൂടെയുണ്ടായിരുന്ന പ്രദീപും പറഞ്ഞു. അവന്‍ അല്‍പ നേരം നിശ്ബ്ദനായി. പിന്നെ പതുക്കെ പറഞ്ഞു, ഇതു പോലൊരു മഴക്കാലത്താണ് എന്റെ അമ്മ മരിച്ചത്. അന്ന് രാത്രി മുഴവന്‍ മഴ തോരാതെ പെയ്തു.