സാഹിത്യ പ്രണയികള്‍ക്ക് ഒത്തു ചേരാന്‍ പൊതു ഇടങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. എഴുത്തുകാരും വായനക്കാരും മുഖാമുഖം സംവദിക്കുയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ചില ഇടങ്ങള്‍. ഗള്‍ഫില്‍ സാഹിത്യ ചര്‍ച്ചകളും പുസ്‌കോത്സവങ്ങളും സജീവമല്ലാതിരുന്ന എണ്‍പതുകളില്‍ ജിദ്ദയിലെ സ്വന്തം ഫ്ളാറ്റില്‍ സാഹിത്യ പ്രണയികളുടെ വാരാന്ത്യ ഒത്തു ചേരലുകള്‍ സംഘടിപ്പിച്ച ഒരാളുണ്ട്. നാലു പതിറ്റാണ്ടിലധികമായി പ്രവാസിയായി തുടരുന്ന ഇരുമ്പുഴിക്കാരന്‍ വി.ഖാലിദ്.

ജിദ്ദ ബലദില്‍ കുടുംബത്തോടൊപ്പം  അദ്ദേഹം താമസിച്ചിരുന്ന ഫ്ളാറ്റ് നാട്ടില്‍ അന്യം നിന്നു പോയ കൂട്ടു കുടുംബ സംസ്‌കാരത്തിന്റെ കൂടി വീണ്ടെടുപ്പായിരുന്നു. സഹോദരന്‍മാരായ ഉമ്മര്‍, എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ ഉസ്മാന്‍ ഇരുമ്പുഴി എന്നിവരുടെ കുടുംബങ്ങളും അവിടെ ഉണ്ടായിരുന്നു. കൊലുസിട്ട ഭാഷ കൊണ്ട് മലയാളിയെ എന്നും വിസ്മയിപ്പിക്കാറുള്ള മുസാഫിര്‍, ഹരി മായന്നൂര്‍, ഹസന്‍ ചേളാരി ,സലാം കാരാട്ടില്‍, ഹനീഫ കൊച്ചന്നൂര്‍ തുടങ്ങിയവര്‍ അരങ്ങിനെ സജീവമാക്കിയവര്‍. 

എണ്‍പതുകളില്‍ നല്ല കഥകള്‍ എഴുതിയിരുന്ന ഹരി മായന്നൂര്‍ പിന്നീട് എഴുത്തു നിര്‍ത്തി. ഹസന്‍ ചേളാരിയും ഉമ്മറും ഉസ്മാനുമൊക്കെ പ്രവാസത്തോട് വിട പറഞ്ഞു. ഇടക്കാലത്ത് നിര്‍ജീവമായ അരങ്ങിനെ പിന്നീട് അബു ഇരിങ്ങാട്ടിരിയും മുസഫര്‍ അഹമ്മദും പി.ടി മുഹമ്മദ് സാദിഖുമൊക്കെ ചേര്‍ന്ന് ജീവന്‍ വെപ്പിച്ചെങ്കിലും സാഹിത്യ കൂട്ടായ്മകള്‍ക്ക് ഒരു പക്ഷെ ഗള്‍ഫില്‍ തുടക്കം കുറിച്ച അരങ്ങ് ഇപ്പോള്‍ സജീവമല്ല. നാളെ ഗള്‍ഫിലെ സാഹിത്യ കൂട്ടായ്മകളെ കുറിച്ച് പഠനം നടത്തുന്നവര്‍ ഖാലിദിനെ വിസ്മരിക്കരുത്. ഖാലിദിന്റെ വഴിയെ നടന്നവര്‍ വേറെയുമുണ്ട്. 

ശത്രുഘ്നന്‍, കരുണാകരന്‍, കൊച്ചുബാവ, സുറാബ്, അസ്മൊ പുത്തന്‍ചിറ തുടങ്ങിയവര്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌ക്കത്തിലും ഷാര്‍ജയിലും ദുബായിയിലുമൊക്കെ സാഹിത്യ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കിയവരാണ്. യു.എ.ഇയില്‍ ഷാര്‍ജ പുസ്തകോത്സവം അടക്കം നടക്കുന്നതു കൊണ്ടാണ് അവിടത്തെ കൂട്ടായ്മകളെ കുറിച്ച് പറയാതെ പോകുന്നത്. എക്കാലത്തും യു.എ.ഇ യില്‍ മലയാളികളുടെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. സൗദിയിലെ കൂട്ടായ്മകളെ കുറിച്ച് പറയുന്നത് സൗദിയില്‍ ഇതൊക്കെയുണ്ടോ എന്ന ചോദ്യം ഇപ്പോഴും ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമായിട്ടാണെന്ന് കരുതുക.  

ഇന്ന് ജിദ്ദയിലും റിയാദിലും ദമാമിലും സാഹിത്യ പ്രണയികള്‍ക്ക് മാത്രമായി കൂട്ടായാകളുണ്ട്. ജിദ്ദയിലെ സമീക്ഷയും റിയാദിലെ ചില്ല സര്‍ഗ വേദിയും സജീവതയുടെ നൈരന്തര്യം കൊണ്ട് ശ്രദ്ധേയവുമാണ്. ഏഴു വര്‍ഷം മുമ്പാണ് ജിദ്ദയില്‍ ഗോപി നെടുങ്ങാടിയും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്ന് നവോദയയുടെ പിന്തുണയോടെ സമീക്ഷ തുടങ്ങിയത്. അതിനു ശേഷമാണ് ഷിഹാബദ്ദീന്‍ പൊയ്ത്തുംകടവിന്റെ റിയാദ് സന്ദര്‍ശനവും ചില്ല സര്‍ഗവേദിയുടെ ഉദ്ഘാടനവും. ഇരു കൂട്ടായ്മകളും പ്രതിമാസ വായനാ ചര്‍ച്ച മുടക്കം കൂടാതെ സംഘടിപ്പിക്കുന്നു. 

വിശ്വ സാഹിത്യത്തിലെ മികച്ച കൃതികള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നു. ഈ കൂട്ടായ്മകള്‍ വായനയെ ഗൗരവത്തോടെ സമീപിപ്പിക്കാനും പ്രേരിപ്പിക്കുന്നു. സമീക്ഷ മൂന്ന് വര്‍ഷം തുടര്‍ച്ചയായി അഖില സൗദി അടിസ്ഥാനത്തില്‍ വായനാ മത്സരം സംഘടിപ്പിച്ചു. റിയാദിലെ റിഫയും  വായനാ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പി.ജെ.ജെ ആന്റണിയുടെ നേതൃത്വത്തില്‍ സമീക്ഷ നടത്തിയ ചെറുകഥാ ക്യമ്പും ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചു നടത്തിയ ഫിലിം ഫെസ്റ്റിവലും നാളത്തെ പ്രവാസ ചരിത്രത്തിലുണ്ടാകും.

വളരെ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ടാണ് സൗദിയില്‍ സാഹിത്യ കൂട്ടായ്മകള്‍ നടക്കുന്നത്. സച്ചിദാനന്ദനെയും ബി.രാജീവനെയും അശോകന്‍ ചെരുവിലിനെയും പോലെയുള്ള പ്രമുഖരെ കൊണ്ടു വരാനും മുഖാമുഖ പരിപാടികള്‍ സംഘടിപ്പിക്കാനും ചില്ലക്കും സമീക്ഷക്കുമെക്കെ സാധിച്ചു. ബീനയും സബീന സാലിയും എം.ഫൈസലും  ജോസഫ് അതിരുങ്കലും നജിം കൊച്ചു കലുങ്കും റഫീഖ് പന്നിയങ്കരയുമൊക്കെ ഉള്‍പ്പെട്ട എഴുത്തുകാരുടെ നീണ്ട നിരയുണ്ട് റിയാദില്‍.

ജുബൈലില്‍ പ്രമുഖ കഥാകൃത്ത് പി.ജെ.ജെ ആന്റണിയും ദമാമില്‍ മന്‍സൂര്‍ പള്ളൂരും സാജിദ് ആറാട്ടുപുഴയും ആര്‍.ഷഹനയുമുണ്ട്. ഈ അടുത്ത കാലം വരെ അബു ഇരിങ്ങാട്ടിരിയും മുസഫര്‍ അഹമ്മദും ജിദ്ദയില്‍ ഉണ്ടായിരുന്നു. സിത്താരയും സൗദിയില്‍ ഉണ്ടായിരുന്നു. 

2012 ല്‍ പി. ഗോവിന്ദപിള്ളയുടെ മരണ ശേഷം പി.ജി സ്മാരക പ്രതിമാസ വായനാ വേദി സമീക്ഷയുമായി ബന്ധപ്പെട്ട് രൂപം കൊണ്ടു. കഴിഞ്ഞ ആറു വര്‍ഷമായി മാസാന്ത്യത്തിലെ വെള്ളിയാഴ്ചകളില്‍ വൈകീട്ട് മൂന്ന് മുതല്‍ ആറു വരെ ഈ വായനാ വേദി നടക്കുന്നു. ചില്ലയും മുടക്കം കൂടാതെ വായനയും ചര്‍ച്ചകളും സംഘടിപ്പിക്കുന്നു. നൗഷാദ് കോര്‍മോത്തിനെ പോലുള്ള സംഘാടകരുടെ കൈയില്‍ സൗദിയിലെ സാഹിത്യ കൂട്ടായ്മകള്‍ ഭദ്രമാണ്. 

പ്രവാസിയാകുന്നതിനു മുമ്പ് തന്നെ കൊച്ചുബാവ നല്ല സംഘാടകനായിരുന്നു. തൃപ്രയാര്‍ കേന്ദ്രീകരിച്ച് 1982 ല്‍ നല്ലൊരു കൂട്ടായ്മയുണ്ടായിരുന്നു. ബാലചന്ദ്രന്‍ വടക്കേടത്തും വി.പി.സുദര്‍ശനനും എന്‍.ടി ബാലചന്ദ്രനും അശോകന്‍ ചെരുവിലും അഷ്ടമൂര്‍ത്തിയുമൊക്കെ ഉള്‍പ്പെട്ടിരുന്ന കൂട്ടായ്മ. മാസത്തിലൊരിക്കല്‍ തൃപ്രയാര്‍ സത്രത്തിലെ ഒരു മുറിയില്‍ വെച്ചായിരുന്നു ചര്‍ച്ചകള്‍. 

ഏറെ ദൂരം യാത്ര ചെയ്ത് വടകരയില്‍ നിന്ന് വി.ആര്‍. സുധീഷും കോഴിക്കോട് നിന്ന് സി.കെ ഹസന്‍ കോയയും തൃശൂരില്‍ നിന്ന് ശ്രീകുമാറും അന്ന് തൃശൂര്‍ ഉണ്ടായിരുന്ന യു.കെ കുമാരനും എത്തിയിരുന്നു. അക്കാലത്ത് നല്ല കഥകള്‍ എഴുതിയിരുന്ന വി.പി.സുദര്‍ശനന്‍ തീരെ എഴുതാതായി. തീവണ്ടി പോലെ അതി ശക്തമായ കഥകളും ചിലമ്പ് പോലെ ഒരു നോവലും എഴുതിയ എന്‍.ടി ബാലചന്ദ്രനും പ്രവാസിയായ ശേഷം എഴുത്തില്‍ സജീവമല്ലാതായി. 

എന്നാല്‍ പ്രവാസിയായിട്ടും മരണം വരെ ടി.വി കൊച്ചുബാവ സാഹിത്യ ഭൂമികയില്‍ പ്രതാപിയായി നിറഞ്ഞാടി. കഥകളുടെ പ്രകാശ ഗോപുരങ്ങള്‍ തീര്‍ത്തു.  ഇതേ കാലത്ത് 1983 ലാണ് സാഹിത്യ കൂട്ടായ്മയായി അങ്കണം രൂപം കൊള്ളുന്നത്. ആര്‍.ഐ ഷംസുദ്ദീനും ശ്രീകുമാറും ബാലചന്ദ്രന്‍ വടക്കേടത്തുമൊക്കെ ചേര്‍ന്ന കൂട്ടായ്മ. 1987 ജൂലൈയില്‍ അങ്കണം വ്യവസ്ഥാപിത രൂപത്തിലെത്തി. ഷംസുദ്ദീന്റെ പേരു തന്നെ അങ്കണം ഷംസുദ്ദീനെന്നായി മാറി. അങ്കണം ഒരു വികാരമായിരുന്നു. ഷംസുദ്ദീന്‍ എന്ന സംഘാടകന്‍ കൊളുത്തി വെച്ച വികാരം. അത് ഒരു വെളിച്ചമായിരുന്നു. പ്രവാസ ഭൂമിയിലേക്ക് കൂടി പ്രസരിച്ച വെളിച്ചം. ആര്‍.ഐ ഷംസുദ്ദീന്റെ മരണം ഷംസുദ്ദീന്റെ പ്രിയപ്പെട്ട സരസ്വതിക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല ആഗോള മലയാളി സമൂഹത്തിനും നഷ്ടമാണ്. വേദനയും.