ണ്ടും മൂന്നും പതിറ്റാണ്ട് സൗദി അറേബ്യയില്‍ ജോലി ചെയ്തു മടങ്ങുന്ന മലയാളികളില്‍ ചിലരെങ്കിലും സ്വന്തം സ്‌പോണ്‍സറെ ആ കാലയളവില്‍ കണ്ടിട്ടുണ്ടാവില്ല. വലിയ കമ്പനികളില്‍ ജോലി ചെയ്യുന്ന പലര്‍ക്കും കമ്പനിയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ സ്വദേശി പൗരന്‍മാരുമായിട്ടായിരിക്കും ബന്ധം. കാരണം അവരാണ് ഇഖാമ (റസിഡന്‍ഷ്യല്‍പെര്‍മിറ്റ് ) പുതുക്കി നല്‍കുന്നത്. എക്‌സിറ്റ് റീ എന്‍ട്രി അടിച്ചു നല്‍കുന്നത്. ലീവ് സാലറി കണക്കു കൂട്ടാന്‍ അക്കൗണ്ട്‌സ് വിഭാഗത്തിലേക്ക് കടലാസ് അയക്കുന്നത്. അവധി അനുവദിക്കുന്നത് . യാഥാര്‍ഥ സ്‌പോണ്‍സറുടെ പേര് കേള്‍ക്കുന്നുണ്ടാകും. കാണുന്നില്ല. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ക്കാരന്‍ അബ്ദുറഹ്മാനെന്ന തൊഴിലാളിയെ പോലീസ് പിടിച്ചപ്പോള്‍ ചോദിച്ചു, മിന്‍ കഫീല്‍ ( ആരാണ് സ്‌പോണ്‍സര്‍) ഉടനെ അബ്ദുറഹ്മാന്‍ മറുപടി പറഞ്ഞു, ഉമ്മര്‍ ഹാജി. പോലീസുകാരന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോഴും മറുപടി ഇതു തന്നെ ഉമ്മര്‍ഹാജി. നിഷ്‌കളങ്കനായ അബ്ദുറഹ്മാന്‍ സ്‌പോണ്‍സറുടെ സ്ഥാനത്തു കണ്ടിരുന്നത്  കണ്ണൂര്‍ വേങ്ങാട് ഉമ്മര്‍ഹാജിയെയാണ്. 

വേങ്ങാട് ഉമ്മര്‍ഹാജിയാണ് വിസ അയച്ചു കൊടുത്തത്.  ജിദ്ദയില്‍ എത്തിയപ്പോള്‍ ഇഖാമ എടുത്തു കൊടുത്തതും ശമ്പളം കൊടുക്കുന്നതും എല്ലാം ഉമ്മര്‍ഹാജിയാണ്. അതുകൊണ്ടാണ് അബ്ദുറഹ്മാന്‍ പറഞ്ഞത് തന്റെ കഫീല്‍ ഉമ്മര്‍ ഹാജിയാണെന്ന്. ഇങ്ങനെ പ്രത്യക്ഷത്തില്‍ കാണുന്ന , തനിക്ക് ശമ്പളം തരുന്നയാളാണ് കഫീലെന്ന് ധരിച്ചിരുന്ന ഒരു തലമുറ പ്രവാസ ലോകത്തുണ്ടായിരുന്നു. ഇന്ന് സ്‌പോണ്‍സറെ നേരിട്ട് അറിയുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും അവരുടെ മുഴുവന്‍ പേര് അറിയുന്നവര്‍ കുറയും. അബു അബ്ദുല്ല, അബു നവാഫ്, അബു സാലഹ് എന്നിങ്ങനെ മക്കളുടെ പേരു ചേര്‍ത്ത് വിളിക്കുന്നത് പതിവായതു കൊണ്ട് ആ പേരിലെ പലരും സ്‌പോണ്‍സറെ അറിയു. ( അബു അബ്ദുല്ലയെന്നാല്‍ അബ്ദുല്ലയുടെ പിതാവ്, ബാപ്പ) 

കൂലി കഫീലന്‍മാരെന്ന വിഭാഗവും തീരെ കുറഞ്ഞെന്ന് പറയാം. ഫ്രീ വിസ എന്നത് ഒരു കടംങ്കഥയാണെങ്കിലും കൂലി കഫീലന്‍മാരുടെ കീഴിലുള്ളവരുടെ വിസയെ ഫ്രീ വിസയെന്നാണ് പൊതുവെ പറയാറുള്ളത്. അതായത് എവിടെയും ജോലി ചെയ്യാം. എന്തു ജോലിയും ചെയ്യാം. പ്രതിമാസം ഒരു നിശ്ചിത തൂക കഫീലിനു കൊടുത്താല്‍ മതി. ഇങ്ങനെ കൂലി നല്‍കി സ്‌പോണ്‍സര്‍ഷിപ്പ് നില നിര്‍ത്തുന്നതു കൊണ്ടായിരിക്കണം ഏതൊ അജ്ഞാതനായ പ്രവാസി ഈ വിഭാഗത്തെ കൂലി കഫീല്‍ എന്നു വിളിച്ചത്. സ്‌പോണ്‍സര്‍ഷിപ്പ് നിയമം കര്‍ശനമായതോടെ കൂലി കഫീലന്‍മാരുടെ എണ്ണം കുറഞ്ഞു. 

സ്‌പോണ്‍സര്‍ക്ക് കീഴില്‍ തന്നെ അവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യണമെന്നാണ് നിയമം. അതുപോലെ ഫ്രീവിസ എന്ന ഏര്‍പ്പാട് പണ്ടും ഇപ്പോഴും സൗദിയില്‍ ഇല്ല. എല്ലാ വിസകളും കരാര്‍ തൊഴില്‍ വിസകളാണ്. അതിനെ പലതരത്തില്‍ വിസ കച്ചവടക്കാര്‍ വ്യാഖ്യാനിച്ചിരുന്നെന്ന് മാത്രം. ഇന്ന് വിസ കച്ചവടവും കുറഞ്ഞിരിക്കുന്നു. 

സ്‌പോണ്‍സര്‍മാരും തൊഴിലുടമകളുമായ സൗദി പൗരന്‍മാരെ വല്ലപ്പോഴും മാത്രം കാണുന്നവര്‍ക്ക് അവരെ കുറിച്ച് , അവരുടെ ജീവിത്തെ കുറിച്ച് , അവരുടെ സംസ്‌കാരത്തെ കുറിച്ച് വലിയ ധാരണ കാണില്ല. പലര്‍ക്കും സ്‌പോണ്‍സറോട് സംസാരിക്കാന്‍ തന്നെ ഭയമായിരിക്കം. ഇടനിലക്കാര്‍ മുഖേനയാണ് സംസാരം. ഇന്നും ഈ പതിവുണ്ട്. ഭാഷയാണ് പ്രധാന തടസം. നന്നായി അറബി സംസാരിക്കാന്‍ അറിയുന്നവര്‍ക്ക് സ്‌പോണ്‍സര്‍മാരുമായി നല്ല അടുപ്പം സ്ഥാപിക്കാനാവും. അതിന് പ്രവാസ ലോകത്ത് നിരവധി ഉദാഹരണങ്ങളുണ്ട്. അടുത്ത സുഹൃത്തുക്കളെ പോലെയല്ല കൂടപിറപ്പുകളെ പോലെ ജീവിക്കുന്നവരുണ്ട്. പ്രവാസ ലോകത്ത് സ്‌പോണ്‍സര്‍ , തൊഴിലാളി ബന്ധത്തിന്റെ മഹനിയ മാതൃകകകള്‍ കാണിച്ചു തരുന്നത് മലയാളികളാണ്. പെട്ടെന്ന് സൗഹൃദം സ്ഥാപിക്കാനും ഭാഷ പഠിക്കാനും ആശയ വിനിമയം നടത്താനും മലയാളിക്ക് സാധിക്കും. 

ഇത് ഒരു വിഭാഗം. മറു വിഭാഗത്തിന് സ്‌പോണ്‍സര്‍മാരെ കുറിച്ച് ഒന്നും അറിയില്ല. അവര്‍ നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് കൃത്യമായി ശമ്പളം ലഭിക്കുന്നതു വരെ സ്‌പോണ്‍സര്‍ നല്ലവനായിരിക്കും. സ്ഥാപനം പൂട്ടേണ്ട സ്ഥിതിയിലെത്തിയാല്‍ സ്‌പോണ്‍സര്‍ക്കില്ലാത്ത കുറ്റമില്ല. അയാള്‍ വിശ്വസിച്ച് ഏല്‍പിച്ചവര്‍ സ്ഥാപനം കുളം തോണ്ടിയതായിരിക്കും. ഇങ്ങനെ എത്രയോ സ്ഥാപനങ്ങള്‍ നശിച്ചിരിക്കുന്നു. അതുമൂലം അനിശ്ചിതത്വത്തിലായ പ്രവാസികള്‍ എത്രയാണ് ? അറബ് വംശജരാണ് ഇത്തരം ചതിക്കുഴികളിലേക്ക് നല്ലവരായ സൗദി പൗരന്‍മാരെ കൊണ്ടു പോകുന്നത്. പറഞ്ഞ് പ്രലോഭിപ്പിച്ച് വലിയ സ്ഥാപനങ്ങള്‍ തുടങ്ങിപ്പിച്ച് ഒടുവില്‍  കുത്തുപാളയെടുപ്പിക്കും. 

റിയാദില്‍ മാധ്യമ പ്രവര്‍ത്തകനായ നജീം കെച്ചുകലുങ്കിന്റെ അനുഭവ കുറിപ്പുകളുടെ സമാഹാരമായ കനല്‍മനുഷ്യര്‍ കഴിഞ്ഞ ദിവസം വായിച്ചപ്പോഴാണ് ഇതെല്ലാം ഓര്‍മയിലെത്തിയത്. പുസ്തകത്തിലെ അബു ഫൈസല്‍ എന്ന  കുറിപ്പിന്റെ തുടക്കം തന്നെ ഇങ്ങനെയാണ്,

ഞങ്ങളുടെ കഫീല്‍ അഹമ്മദ് മുഹമ്മദ് അല്‍ റദൈനിയുടെ വിളിപേര് അതായിരുന്നു. ഫൈസലിന്റെ ബാപ്പ. കമ്പനിയിലെ ടെലഫോണിലേക്ക് ചിലപ്പോഴെങ്കിലും വരാറുള്ള ഒരു ആര്‍ദ്ര ശബ്ദവും അതു തന്നെ ചോദിച്ചു  ഫേന്‍ അബു ഫൈസല്‍ ( അബുഫൈസല്‍ എവിടെ ) അത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. കടലിനക്കരെയുള്ള ജീവിതപച്ച തേടി നാടു വിട്ട ഞങ്ങള്‍ കുറച്ചു പേര്‍ക്ക് മരുഭൂമിയില്‍ തണലിട്ട അബുഫൈസല്‍ എന്ന ആദ്യത്തെ തൊഴില്‍ ഉടമയെകുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസില്‍ കണ്ണീര്‍പോടിയാറുണ്ടെന്ന് തുടര്‍ന്നെഴുതുന്നു നജിം. പ്രവാസികളുടെ തീക്ഷ്ണമായ മണലെഴുത്തുകളിലെങ്ങും മണല്‍കാട്ടില്‍ തണലേകിയ കഫീലന്‍മാരുടെ ദുരിതകഥകള്‍ വായിക്കാനിടയായിട്ടില്ലെന്ന് നജീം സ്വന്തം ഹൃദയത്തില്‍ കൈ ചേര്‍ത്ത് പിന്നീട് സാക്ഷ്യപ്പെടുത്തു. 
 
റിയാദ് നഗരത്തിലുണ്ടായിരുന്ന വലിയ വീടു വിറ്റാണ് അബു ഫൈസല്‍ പരസ്യ കമ്പനി തുടങ്ങിയത്. കമ്പ്യൂട്ടര്‍ സെന്ററും വിറ്റു. മൂന്ന് വര്‍ഷം കൊണ്ട് പരസ്യക്കമ്പനിയെന്ന കപ്പല്‍ മുങ്ങിയതോടെ അബു ഫൈസല്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തി. കിട്ടിയ വിലക്ക് കമ്പനി വിറ്റ് തൊഴിലാളികളെയും കൈമാറി അബു ഫൈസല്‍ തന്റെ സര്‍ക്കാര്‍ ജോലിയിലേക്ക് ഒതുങ്ങി. അതില്‍ നിന്നുള്ള വരുമാനം അദ്ദേഹത്തിന് അപര്യാപ്തമായിരുന്നു. പത്തു മാസം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാതെ ജോലി ചെയ്ത ശേഷം ഫൈനല്‍ എക്‌സിറ്റ് അടിക്കാന്‍ സ്‌പോണ്‍സറായ അബുഫൈസലിനെ തേടി ചെല്ലുന്ന നജീമിനെ അദ്ദേഹം തന്റെ ചെറിയ ഫ്‌ളാറ്റ് കാണിച്ചു കൊടുത്തു കൊണ്ട് പറയുന്നു, നോക്കു, ഇത് എലി മാളം പോലെയില്ലെ ? കരയാതിരിക്കാന്‍ പാടു പെട്ട നജിം പിന്നീട് പുതിയ വിസയില്‍ വീണ്ടും റിയാദലെത്തിയപ്പോള്‍ അബു ഫൈസലിന്റെ സുഹൃത്തിനെ കാണുന്നു, സുഹൃത്ത് വേദനയോടെ പറയുന്നു അബു ഫൈസല്‍ മരണപ്പെട്ടു. തരിച്ചു നിന്നു പോയ നജിം സ്വയംപറയുന്നത് ഇങ്ങനെ, എന്റെ കണ്ണും നിറഞ്ഞുവൊ ?  ഇന്ന് ഈ കുറിപ്പെഴുതി പൂര്‍ത്തിയാക്കുമ്പോള്‍ 1990 ല്‍ എന്റെ സ്‌പോണ്‍സറായിരുന്ന ഒമര്‍ സഈദ് ബഅബാദിനെ ഞാന്‍ ഓര്‍മിക്കുന്നു. മെലിഞ്ഞ് നീണ്ട് സാത്വികനായ ഒരു മനുഷ്യന്‍.  അദ്ദേഹം ഇപ്പോള്‍ എവിടെയാണ് ? അന്വേഷിക്കണം...