ചെങ്കടല്‍ തിരകള്‍ കഥയും കവിതയും കിനാക്കളും കവര്‍ന്നെടുക്കുമെന്ന് ഭയന്ന കാലം. ആദ്യ പ്രവാസത്തിന്റെ ആകുലതകളില്‍ അമ്പരന്നു നിന്ന നാളുകള്‍. നിയോണ്‍ വെളിച്ചത്തിന്റെ താഴ്വരകളിലൂടെ തുറുമഖത്തേക്കും തിരിച്ചുമുള്ള യാത്രകള്‍. വന്‍കരകളും സമുദ്ര പാതകളും താണ്ടി വന്നെത്തുന്ന കൂറ്റന്‍ യാനപാത്രങ്ങളെ അദ്ഭുതത്തോടെ നോക്കി നിന്നവര്‍. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് എന്നിട്ടും അവര്‍ സ്വപ്ന നൗകകള്‍ തുഴഞ്ഞു. മൂന്ന് വര്‍ഷത്തെ തുറുമുഖ ജീവിതവും ലേബര്‍ ക്യാമ്പിലെ ദിന രാത്രങ്ങളും പിന്നിട്ട് ജീവിതത്തിന്റെ ഏതെല്ലാമോ കൈവഴികളിലൂടെ കടന്നു പോയവര്‍.  പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു കൂട്ടായ്മയില്‍ സൈബര്‍ ലോകത്ത് അവര്‍ വീണ്ടും ഒരുമിക്കുന്നു. പലരും വിശ്രമ ജീവിതത്തിലാണ്. ചിലര്‍ ഇപ്പോഴും ജോലി തുടരുന്നു. പ്രവാസം കഴിഞ്ഞെത്തിയവരും അല്ലാത്തവരുമുണ്ട്. പരസ്പരം അവര്‍ തൊട്ടറിയുകയാണ് ഇപ്പോള്‍. ശബ്ദങ്ങള്‍, പഴയ ഫോട്ടോകള്‍, പഴയ ഓര്‍മകള്‍ അങ്ങനെ ഹൃദയത്തെ ഹൃദയം കൊണ്ട് തൊടുന്നവര്‍. ജിദ്ദാ  തുറുമുഖം പാടിയുണര്‍ത്തിയ പ്രവാസഗാഥയുടെ ഈണമാവുകയാണ് അവര്‍. ചിലര്‍ മരണപ്പെട്ടിരിക്കുന്നു.  അറിയാതെ പോയി ആ മരണങ്ങള്‍ .  പ്രിയ സുഹൃത്ത് ബാലുശേരിക്കാരന്‍ സിദ്ധിഖ് മുന്‍കൈയെടുത്താണ് ഈ കൂട്ടായ്മ രൂപീകരിച്ചത്.  

ഞാന്‍ എത്രയോ കാലമായി തേടി കൊണ്ടിരുന്ന  ജുനൈദിനെയും സന്തോഷിനെയും ഒരുമിച്ച് കിട്ടിയപ്പോള്‍ , പരിഭവം പങ്കു വെച്ചപ്പോള്‍ മനസ് വിതുമ്പി പോയി. നൗഷാദ് (ബാബു) ജിദ്ദയിലുണ്ടെന്ന് അറിയാമായിരുന്നിട്ടും അവനെ കണ്ടിട്ട് വര്‍ഷങ്ങളായിരുന്നു. ഷാഹുല്‍ ഹമീദും ജിദ്ദയിലുണ്ട്. കെല്‍മന്‍ സൗദിയില്‍ ഖമീസ് മുഷൈത്തില്‍. എനിക്ക് അന്ന് ഒരു ബുദ്ധിജീവി തുണി സഞ്ചിയുണ്ടായിരുന്നു. ആ സഞ്ചിയിലായിരുന്നു ടാലി ബോര്‍ഡും ഭക്ഷണം കഴിക്കാനുള്ള പ്ലെയിറ്റുമൊക്കെ ഇട്ട് തീരെ മെലിഞ്ഞ ഞാന്‍ ഡ്യൂട്ടിക്ക് പോയിരുന്നത്. തുണി സഞ്ചിയുമായി ഡ്യൂട്ടിക്ക് പോയിരുന്ന ഒരേ ഒരാള്‍ ഞാനായിരുന്നു. തുറുമുഖ ഗെയിറ്റില്‍ ഈ സഞ്ചി കാരണം സെക്യൂരിറ്റി പോലീസുകാര്‍ പലപ്പോഴും തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. എന്നിട്ടും ഞാനത് ഉപേക്ഷിച്ചില്ല. നാട്ടില്‍ നിന്ന് ഞാന്‍ കൂടെ കൊണ്ടു പോന്ന ഒരു പിടി മണ്ണും എന്റെ സ്വപ്നങ്ങളുണ്ടായിരുന്നു ആ സഞ്ചിയില്‍.  

മൂന്ന് വര്‍ഷം ബി.സി.എ യുടെ ലേബര്‍ ക്യാമ്പിലെ ബ്ലോക്ക് നമ്പര്‍ 76 ല്‍ ഒരു മുറിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന പ്രിയപ്പെട്ട രാജേന്ദ്രന്‍ മാഹിയിലുണ്ട്. ഡെപ്യൂട്ടി കലക്ടറായി റിട്ടയര്‍ ചെയ്ത സലിമിക്ക തൃപ്പൂണിത്തറയിലുണ്ട്. ഗോപിയും വര്‍ഗീസും ഷെരീഫും ബേസിലും പൊന്നപ്പനും അഷറഫും നാസറും അജയന്‍മാരും (രണ്ട് അജയന്‍മാരുണ്ട്)  ഉണ്ണിത്താനും വേണു ചേട്ടനും ഉണ്ണികൃഷ്ണനും ഭരതനും കോര്‍ണോലിയും ബിജുവും ടോമിയും അനസും സുബൈറും ഷരീഫും ബാലരാമനും  ജ്യോതിയും പുഷ്പരാജും മണിയും ആന്റണിയും പ്രസന്നനും എല്ലാവരും ഒരുമിച്ചിരിക്കുന്നു. ഇനിയും ബന്ധപ്പെടാന്‍ സാധിക്കാത്തവരുണ്ട്. മനോഹരനെയും മുസ്തഫയെയും പീറ്ററിനെയും കോയയെയും ഹരിയെയും മൊയ്തുവിനെയും കൃഷ്ണ പ്രസാദിനെയും സുബിയെയും രാം ദാസിനെയും തുടങ്ങി പലരെയും കണ്ടെത്തേണ്ടതുണ്ട്.  അവരെ തേടുകയാണ് ആന്റണിയും സന്തോഷും നാസറുമൊക്കെ.  

kannum kathum

കാലം എണ്‍പതുകളുടെ തുടക്കമാണ് . ഇന്നത്തെ വാട്സ്ആപ്പ് കാലഘട്ടത്തില്‍ പറഞ്ഞാല്‍ പലരും വിശ്വസിച്ചെന്ന് വരില്ല അക്കാലത്തെ ആശയ വിനിമയ വെല്ലുവിളികള്‍. നാട്ടിലേക്ക് വിളിക്കാന്‍ മണിക്കൂറുകള്‍ കോയിന്‍ ബൂത്തുകള്‍ക്ക് മുന്നില്‍ ക്യു നില്‍ക്കണം. പിന്നീട് ക്യാബിനുകള്‍ വന്നപ്പോഴും ഇതായിരുന്നു സ്ഥിതി. സൗദിയില്‍ നിന്ന് മിനിറ്റിന് ഇന്ത്യയിലേക്ക് 12 റിയാല്‍. ഇന്ന് മൂന്ന് റിയാലിന് 20 മിനിറ്റ് ഇന്ത്യയിലേക്ക് സംസാരിക്കാന്‍ സാധിക്കുന്ന സൗദി ടെലി കോം പാക്കേജുണ്ട്. കോയിനുകളുടെ വില്‍പന നടത്തി ജീവിച്ചിരുന്ന മലാളികളുണ്ടായിരുന്നു. പത്തു റിയാല്‍ നോട്ട് കൊടുത്താല്‍ ഒമ്പത് കോയിന്‍ തരും. തോര്‍ത്തു മുണ്ടില്‍ കെട്ടി കോയിന്‍ തോളില്‍ വെച്ചാണ് കോയിന്‍ വില്‍പനക്കാരുടെ നടത്തം. 

തുറുമുഖ ജീവിതത്തിനിടയില്‍ വാഹനാപകടത്തില്‍ പരിക്ക് പറ്റി ദീര്‍ഘകാലം ജിദ്ദയിലെ ആശുപത്രിയില്‍ കിടന്ന ശേഷം കമ്പനി നാട്ടിലെത്തിച്ച സെബാസ്റ്റ്യനെ പൊന്നപ്പന്‍ കഴിഞ്ഞ ദിവസം തേടി പിടിച്ചു. വലിയ അപകടമായിരുന്നു അത്. ഞെട്ടലോടെ മാത്രം ഓര്‍മിക്കുന്ന അപകടം. തുറുമുഖത്തു നിന്ന്  സന്ധ്യക്ക് മടങ്ങുമ്പോഴായിരുന്നു സെബാസ്റ്റ്യന്റെ സ്വപ്നങ്ങളെ ഒരു വാഹനം ഇടിച്ചു തെറിപ്പിച്ചത്. കൂടെ ഒരു വിജയനും. ക്യാമ്പ് ആകെ ശോക മൂകമായ രാത്രി. ആ അപകടത്തിനു ശേഷം സെബാസ്റ്റിയന്‍  ആശുപത്രിയില്‍ കിടക്കുമ്പോള്‍ നാട്ടില്‍ അവന്റെ വീട്ടില്‍ പോയതും  അമ്മച്ചിയെ കണ്ടതും ഓര്‍മിക്കുന്നു. 

 ഞാന്‍ അവനെ പലരോടായി തിരക്കിയിരുന്നു. 1988 നു ശേഷം 2020 ലാണ് അവന്റെ വിവരം ലഭിക്കുന്നത്. അതുപോലെ പലരുടെയും. കടന്നു പോയ വര്‍ഷങ്ങളില്‍ പക്ഷെ എല്ലാവരും പരസ്പരം തേടി കൊണ്ടിരുന്നു. ഹിറാഗുഹയിലേക്ക് (ജബല്‍ നൂര്‍) ഞാനും ജുനൈദും നടത്തിയ യാത്രയെ കുറിച്ച അക്കാലത്ത് മാതൃഭൂമി വാരികയില്‍ എഴുതിയിരുന്നു. അതിന്റെ ഒരു പേജ് സൗദിയില്‍ സെന്‍സര്‍ ചെയ്താണ് പുറത്തിറങ്ങിയത്. ആ യാത്ര വിവരണത്തില്‍ കൃത്യമായ ചില തെറ്റുകള്‍ പറ്റിയിരുന്നുവെന്ന് ബോധ്യപ്പെട്ടത് അപ്പോഴാണ്.  യാത്ര വിവരണത്തില്‍ ജുനൈദിന്റെ ഫോട്ടോ കൂടി ഉണ്ടായിരുന്നു. അന്നത്തെ അവനില്‍ കാലം ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. 

ബി.സി.എ വിട്ട ശേഷം ഞാന്‍ സാജനെയും സലിമിക്കയെയും  അജയനെയും പോള്‍സനെയുമൊക്കെ ഇടക്കിടെ കാണാറുണ്ടായിരുന്നു. കെല്‍മനെയും ബാബുവിനെയും കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിദ്ദയില്‍ വെച്ചു തന്നെ കണ്ടിട്ടുണ്ട്. നാസറിനെയും സുനിലിനെയും വര്‍ഗിസിനെയും കണ്ടിട്ടുണ്ട്. കലാമിക്ക എന്ന ഒരു രസികന്‍ കഥാപാത്രമുണ്ടായിരുന്നു. അദ്ദേഹത്തെ തേടി ഞാനും സാജനും പോയിട്ടുണ്ട്. ഏറെ ധൈര്യവാനും രസികനുമായിരുന്ന കലാമിക്ക പിന്നീട് ആത്മഹത്യ ചെയ്തു. ഞങ്ങള്‍ ജോലി ചെയ്തിരുന്ന കാലത്തു തന്നെ എന്റെ മുറിയുടെ നേരെ എതിര്‍ വശത്ത് താമസിച്ചിരുന്ന ഒരു രവി ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. മോര്‍ച്ചറിയില്‍ തണുത്തു മരവിച്ചു കിടക്കുന്ന ഒരു ശരീരം ആദ്യമായി കാണുന്നത് അന്നാണ്. ആ കാഴ്ച കണ്ട് തിരിച്ചു വന്നപ്പോള്‍ പോകേണ്ടിയിരുന്നില്ലെന്ന് തോന്നി. ഇന്നും അത് മനസിലുണ്ട്. പിന്നീട് ഒന്നര പതിറ്റാണ്ട് കാലം സൗദിയില്‍  മാധ്യമ പ്രവര്‍ത്തനം നടത്തിയ കാലത്ത് എത്രയോ മരണങ്ങള്‍ കണ്ടിരിക്കുന്നു. 

തമിഴ്നാട്ടുകാരനായ രമേശന്റെ മാനസിക നില തെറ്റിയതും അക്കാലത്താണ്. പൊതുവെ മാനസിക നില തെറ്റുന്നവരെ അന്ന് കലാമിക്ക വിളിച്ചിരുന്നത് വയറു വിട്ടവരെന്നാണ്. എട്ടു പേരായിരുന്നു ഒരു മുറിയില്‍ . ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍. മുകളില്‍ കിടക്കുന്നവന്‍ ഒന്ന് തിരിഞ്ഞാല്‍ താഴെ കിടക്കുന്നവന്‍ ഉണരും. മറിച്ചും സ്ഥിതി ഇതു തന്നെ. ലേബര്‍ ക്യാമ്പിലെ ഈ ജീവിതവും മെസ് റൂമുകളും വീണ്ടും ഓര്‍മകളില്‍ എത്തുകയാണ്. നമ്പറുകളായി തിരിച്ചറിഞ്ഞിരുന്നവര്‍ക്കിടയില്‍ ഹെല്‍മറ്റിന്റെ നിറത്തിലും വ്യത്യാസമുണ്ടായിരുന്നു. ടാലി ക്ലാര്‍ക്കുമാരായ ഞങ്ങളുടെ ഹെല്‍മെറ്റിന് പച്ച നിറമായിരുന്നു. 

ലേബര്‍മാരുടേതിന് മഞ്ഞ നിറവും. സൂപ്പര്‍ വൈസര്‍മാരുടേതിന് വെളളനിറവും ചീഫ് ചെക്കറുടെ ഹെല്‍മെറ്റിന് നീല നിറവും. ഇങ്ങനെ നമ്പറുകളും നിറങ്ങളും ഇടകലര്‍ന്ന കാലം. കട്ടിതുണിയുടെ കാപ്പിനിറത്തിലുള്ള യൂനിഫോമിനുള്ളില്‍ പലരും എങ്ങനെയോ കയറി കൂടുകയായിരുന്നു പതിവ്. ചിലര്‍ക്ക് ലഭിച്ച റെഡിമെയിഡ് യൂനിഫോം വളരെ ലൂസും മറ്റ് ചിലരുടേത് ടൈറ്റുമായിരുന്നു. തുന്നലറിയാവുന്ന ചിലര്‍ ഈ അവസരം കണ്ടറിഞ്ഞ് ക്യാമ്പിനകത്തു തന്നെ മുറികളില്‍ തയ്യല്‍ തുടങ്ങി. സൈസ് ഒപ്പിക്കാനായി അവിടെ വന്‍ തിരക്കായിരുന്നു. അതുപോലെ സിനിമ കാണാനും. ഒരു റിയാലാണ് സിനിമക്ക് നിരക്ക്.  

kannum kathum

ചിലര്‍ക്ക്  ഇത് അധിക വരുമാന മാര്‍ഗമായിരുന്നു. വി.സി.ആറാണ് മുതല്‍ മുടക്ക്. പൊതു സിനിമാ പ്രദര്‍ശനവും ദിവസവും ഉണ്ടായിരുന്നെങ്കിലും അധിക ദിവസവും ഹിന്ദി ചിത്രങ്ങളായിരുന്നു. സിനിമാ പ്രദര്‍ശന വേദിക്ക് സമീപത്തായിരുന്നു മിനി മാര്‍ക്കറ്റ്. മിക്ക ദിവസവും അവിടെ നിന്ന് തൈര് വാങ്ങിയാണ് മെസിലേക്ക് പോയിരുന്നത്. ഉത്തരേന്ത്യന്‍ രുചിഭേദങ്ങളോട് അന്ന് പൊരുത്തപ്പെടാന്‍ സാധിച്ചിരുന്നില്ല. ഒരു പക്ഷെ ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി ഷേവിംഗിന് വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ഹീറ്റര്‍ കൊണ്ട് ടൂണ ഫിഷ് കറി വെച്ചവര്‍ ആ ക്യാമ്പില്‍ ഉണ്ടായിരുന്നവരായിരിക്കണം. ഒരു കപ്പില്‍ ടൂണ ടിന്‍ ഫിഷ് ഇട്ട് വെള്ളവും മുളക് പൊടിയും ഇട്ട് ഹീറ്റര്‍ അതില്‍ ഇറക്കി വെക്കും. ഇതാണ്  പാചക പദ്ധതി. മെസില്‍ നിന്ന് ചോറു മാത്രം എടുത്തു കൊണ്ട് വരും. ക്യാമ്പില്‍ നിയമ വിരുദ്ധമായിരുന്നു മുറികളിലെ പാചകമെന്നോര്‍ക്കണം.  

വര്‍ഷങ്ങള്‍ കാണാതിരുന്നവര്‍ ഒറ്റ നിമിഷം കൊണ്ടാണ് ഇപ്പോള്‍ പഴയ കാലം തിരിച്ചു പിടിക്കുന്നത്. ഓര്‍മകളെ കാലത്തിന്റെ കടല്‍ തിരകള്‍ മായ്ച്ചു കളഞ്ഞിട്ടില്ല. പഴയ ചിത്രങ്ങള്‍ കാണുമ്പോള്‍ എല്ലാവരും മനസിലേക്കെത്തുന്നു. ലേബര്‍ ക്യാമ്പില്‍ നമ്പറുകളായി ജീവിച്ചു തീര്‍ത്തത് മൂന്ന് വര്‍ഷമാണ്. എന്റെ നമ്പര്‍ 814 ആയിരുന്നു. ഇപ്പോഴിതാ ഞങ്ങള്‍ പരസ്പരം പരിചയപ്പെടുത്തുന്നതും അങ്ങനെ തന്നെ. ഞാന്‍ 1510 , ഞാന്‍ നീ അറിയില്ലെ 888 അങ്ങനെ വീണ്ടും ഞങ്ങള്‍ നമ്പറുകളായി തിരിച്ചറിയുന്നു. പേരിനെ നമ്പറുകള്‍ തോല്‍പിച്ചു കളഞ്ഞ ആ പഴയകാലം പലതും പഠിപ്പിച്ചു. മൂന്ന് വര്‍ഷത്തെ തുറുമുഖ ജീവിതം ഞങ്ങള്‍ക്ക് സമ്മാനിക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച പതിനൊന്നു പേരുണ്ട്.

 അവര്‍ പതിനൊന്നും ഈ ഗ്രൂപ്പില്‍ ഉണ്ടോ എന്നറിയില്ല. സിരകളില്‍ ഇപ്പോഴും പ്രതികരണത്തിന്റെ അഗ്‌നി സ്ഫുലിംഗങ്ങളുമായി  അജയനുണ്ട്.    നെഞ്ചിടിപ്പുകളെ സാക്ഷി നിര്‍ത്തി പറയാന്‍ സാധിക്കും ആ പതിനൊന്ന് പേരും ഞങ്ങളുടെ ആത്മ മിത്രങ്ങളാണ് (സോള്‍ മെയിറ്റ്സ്) .നാടു കടത്തപ്പെട്ടവരാണ് അവര്‍. അവരില്‍ ഒരാളായ ഷരീഫ് കഴിഞ്ഞ ദിവസം ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശത്തിന്റെ ഞെട്ടലില്‍ നിന്ന് ഞങ്ങളാരും മോചിതരായിട്ടില്ല.  2006 ല്‍ തുറുമുഖ  ലേബര്‍ ക്യാമ്പ് ജീവിതത്തെ കുറിച്ച് യാനപാത്രം എന്ന പേരില്‍ അന്ന് ജോലി ചെയ്തിരുന്ന പത്രത്തില്‍ തുടര്‍ച്ചയായി എഴുതിയിരുന്നു. പിന്നീട് ഇതു പുസ്തകമായി. ഇന്ന് വിപണിയില്‍ ഇല്ലാത്ത ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പിനുള്ള ശ്രമത്തിനിടയിലാണ് യാനപാത്രത്തിലെ കഥാപാത്രങ്ങള്‍ വീണ്ടും ഒരുമിക്കുന്നത്. ഇത് ഒരു നിമിത്തമാണ്. കാണുന്നില്ലെ കൂട്ടരെ, സ്നേഹ കടലില്‍ ഇപ്പോഴും ഒരു വിളക്കു മരമുണ്ട്. കാറ്റിലും കോളിലും പെട്ടിട്ടും അണയാതെ നില്‍ക്കുന്ന വിളക്കുമരം.