കേരളത്തില്‍ പാരലല്‍ കോളേജ്, ട്യൂട്ടോറിയല്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് നിരൂപകനും ചിന്തകനും പുരോഗമന സാഹിത്യ പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന എം.പി പോളാണ്.  കേരളം കണ്ട എക്കാലത്തെയും  മികച്ച ധൈഷണിക പ്രതിഭകളില്‍ ഒരാളായിരുന്ന എം.പി പോള്‍ ( റോസി തോമസിന്റെ പിതാവ്, സിജെ തോമസിന്റെ ഭാര്യാ പിതാവ്) തൃശൂര്‍ സെന്റ്തോമസ് കോളേജില്‍ അധ്യാപകനായിരുന്നു. 1931 ല്‍ കോളേജ് മാനേജ്മെന്റുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മാനേജ്മെന്റ് അദ്ദേഹത്തെ പുറത്താക്കി. 

ജോലി നഷ്ടപ്പെട്ട എം.പി പോള്‍ അധ്യാപന രംഗത്ത് തന്നെ തുടരാന്‍ നിശ്ചയിക്കുകയും സെന്റ്തോമസ് കോളേജിന് എതിര്‍ വശത്തു  എം.പി പോള്‍സ് ട്യൂട്ടോറിയല്‍ കോളേജ് സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ സമാന്തര വിദ്യഭ്യാസത്തിന്റെ അനന്ത സാധ്യതകള്‍ തുറന്ന എം.പി പോള്‍ പിന്നീട് കോട്ടയത്തും എര്‍ണാകുളത്തും ട്യൂട്ടോറിയല്‍ കോളേജുകള്‍ തുറന്നു. കത്തോലിക്ക സഭയുമായി നിരന്തരം ഏറ്റു മുട്ടിയിരുന്ന എം.പി പോളിന് സഭ അന്ത്യ സംസ്‌കാര ചടങ്ങുകള്‍ നിഷേധിച്ചു. തിരുവന്തപുരത്തെ പൊതു ശ്മശാനത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. നാല്‍പത്തിയെട്ടാം വയസില്‍ ( ലോകത്തെ പ്രതിഭ കൊണ്ട് അദ്ഭുതപ്പെടുത്തിയിട്ടുള്ള പലരുടെയും മരണം 48 വയസിലായിരുന്നു) എം.പി പോള്‍ മരിക്കുമ്പോള്‍ കേരളത്തില്‍ ട്യൂട്ടോറിയല്‍ പ്രസ്ഥാനം വേരോടി കഴിഞ്ഞിരുന്നു. കേരളത്തിന് ഒരിക്കലും മറക്കാന്‍ പറ്റാത്ത എഴുത്തുകാരനും നിരൂപകനുമാണ് എം.പി പോള്‍. ട്യൂട്ടോറിയല്‍ പ്രസ്ഥാനത്തിന് അടിത്തറ പാകിയ ആള്‍ എന്ന നിലയിലല്ല മറിച്ച് നോവല്‍ സാഹിത്യം, ചെറുകഥാ പ്രസ്ഥാനം തുടങ്ങിയ പ്രൗഢ ഗ്രന്ഥങ്ങളുടെ പേരിലാണ് എം.പി പോള്‍ അമരത്വം കൈവരിക്കുന്നത്. ഈ കുറിപ്പ് മറ്റൊരു പോളിനെ കുറിച്ചാണ്. കൊടുങ്ങല്ലൂര്‍ മതിലകം പുതിയകാവിലെ കോലഞ്ചേരി പീറ്ററിന്റെ രണ്ടാമത്തെ മകന്‍ കോലഞ്ചേരി പോള്‍ മാസ്റ്ററെന്ന പോള്‍ മാഷിന് ഒരു സ്മരണാജ്ഞലി.  

PAUL
പോള്‍ മാസ്റ്റര്‍

1973 ല്‍ സ്ഥാപിതമായ പോള്‍ മാഷുടെ നളന്ദ ട്യൂട്ടോറിയല്‍ ആധുനിക കൊടുങ്ങല്ലൂരിന്റെ ചരിത്രവുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നു. മാഷോടൊപ്പം ചന്ദ്രന്‍ മാഷും അംബികേശന്‍മാഷും വേലായുധന്‍മാഷും സത്യന്‍ മാഷും  ഈ പ്രസ്ഥാനത്തിന്റെ കരുത്തായിരുന്നു. ഇന്ത്യാ ചരിത്രത്തിലെ വിഖ്യാത സര്‍വകലാശാലയുടെ പേരു തന്നെ ട്യൂട്ടോറിയലിനു തെരഞ്ഞെടുത്ത് വ്യത്യസ്തത പുലര്‍ത്തിയ സംഘം.  1968 ല്‍ തന്നെ പോള്‍ മാഷ് മതിലകം സി.കെ വളവിനും പള്ളി വളവിനും ഇടക്ക് ഒരു സ്ഥലത്ത് ട്യൂഷന്‍ സെന്റര്‍ തുറന്നിരുന്നു. പിന്നീടാണ് കൊടുങ്ങല്ലൂരിലേക്ക് മാറുന്നത്. കേരളത്തില്‍ ഗ്രൂപ്പ് സിസ്റ്റത്തിനു തുടക്കം കുറിച്ച വര്‍ഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ ഞാന്‍ റിസല്‍റ്റ് അറിയാനാണ് ആദ്യമായി നളന്ദ ട്യൂട്ടോറിയലില്‍ പോകുന്നത്.  പോള്‍ മാഷെ കാണുന്നതും അന്നാണ്. പ്രിന്റ് ഔട്ടില്‍ രജിസ്റ്റര്‍ നമ്പര്‍ നോക്കി വരുന്നവര്‍ക്കെല്ലാം പരീക്ഷാ ഫലം നേരിട്ടും ഫോണിലൂടെയും ഒരു മടുപ്പും കൂടാതെ പറഞ്ഞു കൊടുക്കുകയായിരുന്നു അദ്ദേഹം. അന്ന്  മാഷിന് ചെറുപ്പം . 

കൊടുങ്ങല്ലൂര്‍ പോസ്റ്റ് ഓഫീസിനു സമീപമായിരുന്നു  നളന്ദ. ( പിന്നീട് നളന്ദക്ക് മുന്നില്‍ ഇന്ദ്രപ്രസ്ഥ ഹോട്ടല്‍ വന്നു)  പോള്‍ മാഷും നളന്ദയും പിന്നെയും വളര്‍ന്നു. കുറച്ചകലെ കുരംുബമ്മ ക്ഷേത്രത്തിന് എതിര്‍ വശത്ത് പീറ്റര്‍ മാഷുടെ ഫ്രാന്‍സിസ് കോളേജ് വരുന്നത് അതിനു ശേഷമാണെന്നാണ് ഓര്‍മ. കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടി തമ്പുരാട്ടിയുടെ സംസ്‌കൃത വിദ്വത്പീഠത്തില്‍ വളരെ മുമ്പ് തന്നെ ക്രാങ്കന്നൂര്‍ ട്യൂഷന്‍ സെന്റുണ്ടായിരുന്നു. പത്താം ക്ലാസ് തോറ്റതിനു ശേഷം വീണ്ടും എഴുതാനായി പഠിക്കുന്നവരെ തമ്പുരാട്ടി എം.എസ്.സി ക്കാരെന്നാണ് വിളിച്ചിരുന്നത്. ( മാര്‍ച്ച് സെപ്റ്റ്ബംര്‍ കോഴ്സുകാര്‍) അവിടെയും എല്ലാ ബാച്ചിലും നിറയെ കുട്ടികളുണ്ടായിരുന്നു. അഴീക്കോട് മുതല്‍ വലപ്പാട് വരെ നീണ്ടു കിടക്കുന്ന തീരദേശത്തെ വിദ്യഭ്യാസ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട് പോള്‍ മാഷ്. ഇടക്കാലത്ത് ജനതാദളുമായി ബന്ധപ്പെട്ട് രാഷ്ട്രിയത്തിലും സജീവമായിരുന്നു.

 വിശ്രമ കാലത്ത് കൃഷിയോടായിരുന്നു താല്‍പര്യം. ഭാര്യ മേരി ടീച്ചര്‍. മക്കള്‍ സ്വപ്ന, സംഗീത, ആഷി. പുതിയകാവിലെ  ജന്‍മി കുടുംബമായിരുന്നു കോലഞ്ചേരിക്കാര്‍. ജന്‍മിത്വത്തിന്റെ ദാര്‍ഷ്ട്യങ്ങളില്ലാതെ എല്ലാ മനുഷ്യരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന പാരമ്പര്യവും ഈ കുടുംബത്തിനുണ്ടെന്ന് മതിലകത്തെ പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. സ്നേഹത്താല്‍ സ്ഫുടം ചെയ്തെടുത്ത ആ പാരമ്പര്യം പോള്‍ മാഷും പിന്തുടര്‍ന്നിരുന്നു. ഉജ്വലമായ വ്യക്തിത്വമായിരുന്നു പോള്‍ മാഷുടേത്. നാടിനും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍. മതിലകം സെന്റ് ജോസഫ്സ് സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.  

 ബിരുദവും ബിരുദാനന്തര പഠനവും കഴിഞ്ഞ് ജോലി കിട്ടുന്നതു വരെയുള്ള ഇടവേളകളില്‍ ട്യൂട്ടോറിയലിലൊ വീട്ടിലൊ പഠിപ്പിക്കാത്ത യുവതി യുവാക്കള്‍ അക്കാലത്ത്  കുറവായിരുന്നു. ഞാനും സഹോദരിമാരും  അയല്‍വക്കത്തെ പരാരത്ത് സുബ്രഹ്‌മണ്യ ചേട്ടന്റെ വീട്ടിലെ സതി ചേച്ചിയുടെ അടുത്താണ് ട്യൂഷനു പോയിരുന്നത്. ആ വീട്ടില്‍ വേറെയും രണ്ട് ടീച്ചര്‍മാരുണ്ടായിരുന്നു. രാധ ടീച്ചറും രതി ടീച്ചറും.  ബോയ്സ് ഹൈസ്‌കൂളിനു പടിഞ്ഞാറു വശത്ത് അംബിക ടീച്ചറുടെ വീട്ടിലും ട്യൂഷന്‍ സെന്റര്‍. എന്റെ സുഹൃത്ത് അജിത് കുമാറൊക്കെ അവിടെയാണ് ട്യൂഷനു പോയിരുന്നത്. 

കവി പി.ഭാസ്‌കരന്റെ സഹോദരിയും അന്ന് ഇംഗ്ലീഷ് ട്യൂഷനെടുത്തിരുന്നു. രാവിലെ ആറു മണിക്ക്  ട്യൂഷന്‍ തുടങ്ങും. എട്ടര ഒമ്പതു മണി വരെയാണ് സ്‌കൂള്‍ ഗോയിംഗുകാരുടെ സമയം. ഇന്നും വീടുകളില്‍ ട്യൂഷനുണ്ട്.  ട്യൂഷന്‍ സെന്ററുകളും കുറവല്ല. സ്‌കൂളുകള്‍ അവരുടേതായ ട്യൂഷന്‍ സെന്ററുകളും നടത്തുന്നുണ്ട്. കൊറോണക്കാലത്ത് എല്ലാം ഓണ്‍ലൈനിലേക്ക് മാറിയിരിക്കുന്നുവെന്ന് മാത്രം. ഒരു പക്ഷെ എഴുപതുകളിലേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഇന്ന് ട്യൂഷന് പോകുന്നുണ്ട്.  അല്ലെങ്കില്‍ മാതാപിതാക്കള്‍ നിര്‍ബന്ധമായി കുട്ടികളെ ട്യഷൂനു പറഞ്ഞയക്കുന്നുണ്ട്. മത്സരമാണ് എവിടെയും. കുട്ടികളുടെ താല്‍പര്യങ്ങള്‍ പലപ്പോഴും പിന്തള്ളപ്പെടുകയും മാതപിതാക്കളുടെ സ്വപ്നങ്ങളോടൊപ്പം സഞ്ചരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന അവസ്ഥ.  പ്രായോഗികതയുടെയും ബുദ്ധിയുടെയും കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത പുതു തലമുറയെ എന്തിനാണ് തങ്ങളുടെ ശാഠ്യങ്ങളുടെയും ദുര്‍വാശികളുടെയും തടവിലേക്ക് മാതാപിതാക്കള്‍ തള്ളി വിടുന്നതെന്നറിയില്ല.  

പോള്‍ മാഷും പീറ്റര്‍ മാഷും ശ്രീരംഗിലെ പൈ മാഷും ജയദേവന്‍ മാഷും തൃശൂര്‍ ജില്ലയിലെ തന്നെ ട്യൂട്ടോറിയല്‍ പ്രസ്ഥാനത്തിന് മറക്കാനാവാത്ത പേരുകളാണ്.  പനങ്ങാടുണ്ടായിരുന്ന ജയദേവ ട്യൂട്ടോറിയല്‍ പ്രശസ്തമായിരുന്നു. പിന്നെ ഒരു മിനര്‍വാ കോളേജും . പില്‍ക്കാലത്ത് എന്റെ സുഹൃത്തായി മാറിയ ഡോ.മുസ്തഫാ കമാലും പോള്‍ മാഷും ജയദേവയില്‍ ഒരുമിച്ച്  ക്ലാസെടുത്തിട്ടുണ്ട്. പോള്‍ മാഷുടെ ട്യൂട്ടോറിയലിലും പീറ്റര്‍ മാഷുടെ കോളേജിലും എന്റെ ഉമ്മയുടെ സഹോദരി ഫാത്തിമ ചരിത്രം പഠിപ്പിച്ചിരുന്നു. നളന്ദയിലെ പല അധ്യാപകരും പില്‍ക്കാലത്ത് പല വഴിക്കായി പിരിഞ്ഞു പോയെങ്കിലും പുതിയ അധ്യാപകര്‍ വന്നു. പോള്‍ മാഷ് ഒരു പ്രസ്ഥാനമായി മാറി. തൃശൂര്‍ ജില്ലയിലെ ഏതാണ്ടെല്ലാ കോണ്‍വെന്റുകളിലും പോള്‍ മാഷും ചന്ദ്രന്‍ മാഷും വിസിറ്റിംഗ് അധ്യാപകരായിരുന്നു. കോണ്‍വെന്റുകള്‍ മികച്ച റിസല്‍റ്റിനു വേണ്ടി നടത്തിയിരുന്ന സായാഹ്ന ക്ലാസുകളില്‍ ഗണിത ശാസ്ത്രം പഠിപ്പിച്ചിരുന്നത് പോള്‍ മാഷായിരുന്നു. മാഷെ മാത്രമെ കോണ്‍വെന്റുകാര്‍ വിളിച്ചിരുന്നുള്ളു.  മാഷുടെ അധ്യാപന രീതിയില്‍ അത്രക്ക് വിശ്വാസമായിരുന്നു കോണ്‍വെന്റ് അധികൃതര്‍ക്ക്. എന്റെ സഹോദരിമാരായ ഷാലിനിയും ഷമിയും അമ്മായിയുടെ മകള്‍ റസിയാബിയുമൊക്കെ കോണ്‍വെന്റുകളില്‍ പഠിച്ചവരാണ്. സഹോദരിമാര്‍ പഠിച്ചിരുന്നത് കോട്ടപ്പുറം കോണ്‍വെന്റിലും റസിയാബി മതിലകം ഒ.എല്‍.എഫി ലുമായിരുന്നു. കന്യാസ്ത്രികളുടെ വസ്ത്ര ധാരണ രീതി കുട്ടിക്കാലത്ത് ഏറെ കൗതുകത്തോടെയാണ് നോക്കിയിരുന്നത്. മതിലകം സെന്റ്ജോസഫ്സില്‍ ഏതാനും മാസങ്ങള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് കന്യാസ്ത്രീകളെ ആദ്യമായി അടുത്തു കാണുന്നത്. 

പോള്‍ മാഷുടെ നളന്ദയില്‍ സ്‌കൂള്‍ ഗോയിംഗ് ക്ലാസുകളും പത്തില്‍ തോറ്റവര്‍ക്കുള്ള ക്ലാസുകളും ഉണ്ടായിരുന്നു. അക്കാലത്ത് എല്ലാ ട്യൂട്ടോറിയലുകളും ഈ രീതിയാണ് പിന്തുടര്‍ന്നിരുന്നത്.  പത്താം ക്ലാസ് റിസല്‍റ്റ് വരുമ്പോള്‍ വലിയ നോട്ടിസൊക്കെ അടിച്ചിറക്കും. വിജയ ശതമാനം സൂചിപ്പിക്കുന്ന നോട്ടീസുകളില്‍ സ്‌കൂള്‍ ഗോയിംഗ് അഡ്മിഷന്‍ ആരംഭിച്ചുവെന്ന് പ്രത്യേകം ഹൈ ലൈറ്റ് ചെയ്തിരിക്കും. കൊടുങ്ങല്ലൂര്‍ ,കോട്ടപ്പുറം, മതിലകം, ശ്രീനാരായണപുരം, വെള്ളാംങ്കല്ലൂര്‍, ഇരിങ്ങാലക്കുട ഭാഗങ്ങളില്‍ എഴുപതുകളില്‍ നിരവധി ട്യൂട്ടോറിയല്‍ കോളേജുകളും പാരലല്‍ കോളേജുകളും ഉണ്ടായിരുന്നു. വടക്കന്‍ പറവൂരിലെ കേസരി മെമ്മോറിയല്‍ പാരലല്‍ കോളേജ് കേരളത്തിലെ  അറിയപ്പെടുന്ന കോളേജായിരുന്നു. 

സ്വകാര്യ മേഖലയില്‍ ഇന്നത്തെ പോലെ സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകള്‍ ഉണ്ടായിരുന്നില്ല. പുല്ലൂറ്റ് കെ.കെ.ടി.എം കോളേജും പടിഞ്ഞാറെ വെമ്പല്ലൂരില്‍ അസ്മാബി കോളേജുമായിരുന്നു അന്നുണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ ഭാഗത്തെ രണ്ട് അഫിലിയേറ്റഡ് കോളേജുകള്‍. പിന്നെ ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ്റ് കോളേജും സെന്റ്ജോസഫ്സ് കോളേജും. ക്രൈസ്റ്റ് കോളേജിനായിരുന്നു ഗ്ലാമര്‍. സെന്റ് ജോസഫ്സും ഗ്ലാമര്‍ കോളേജായിരുന്നു. എന്റെ സഹപാഠി നന്ദന്‍ ക്രൈസ്റ്റ് കോളേജിലാണ് പഠിച്ചത്. ഞാന്‍ പഠിച്ചിരുന്നത് അസ്മാബിയിലായിരുന്നെങ്കിലും നന്ദന്റെ കൂടെ പലപ്പോഴും ക്രൈസ്റ്റില്‍ പോവുക മാത്രമല്ല കവി കെ. സച്ചിദാനന്ദന്‍ സാറിന്റെ മധുര മനോഹരമായ ഇംഗ്ലീഷ് ക്ലാസ് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് അങ്ങനെ ക്ലാസില്‍ കയറി ഇരിക്കാനൊന്നും പറ്റില്ല. ഐ.ഡി കാര്‍ഡുണ്ട്.  

നളന്ദ ട്യൂട്ടോറിയലുമായി ബന്ധപ്പെട്ട് തിരക്കിലായിട്ടും പോള്‍ മാഷ്  കോണ്‍വെന്റുകളിലും സ്‌കൂളുകളിലും ട്യൂഷന്‍ സെന്ററുകളില്‍ പോകുന്ന പതിവ് മുടക്കിയിരുന്നില്ല. തിരക്ക് പിടിച്ചതായിരുന്നു ആ  ജീവിതം. എപ്പോഴും തിടുക്കപ്പെട്ട് മാത്രം നടന്നു പോകുന്ന പോള്‍ മാഷ് സൗമ്യനായിരുന്നു.  ഗണിത ശാസ്ത്രം രസകരമായി പഠിപ്പിച്ചിരുന്ന പോള്‍ മാഷിന് ശ്രീരംഗിലെ പൈ മാഷ് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഗണിത ശാസ്ത്ര അധ്യാപന രീതിയിലെ രണ്ട് വ്യത്യസ്തമായ ക്ലാസിക് ശൈലികളായിരുന്നു ഇരുവരുടെയും. അത് അനുഭവിച്ചവര്‍ക്ക് അറിയാം. ഗണിത ശാസ്ത്രത്തെ വെറുപ്പോടെ സമീപിച്ചിരുന്ന എത്രയോ വിദ്യാര്‍ഥികളെ പോള്‍ മാഷ്  ഗണിത ശാസ്ത്രത്തിലേക്ക് ആകര്‍ഷിച്ചിരിക്കുന്നു. സ്നേഹത്തോടെ ക്ഷമയോടെ കണക്കിന്റെ അടിസ്ഥാന തത്വം പറഞ്ഞു തരാനും ഗണിത ശാസ്ത്രത്തിന്റെ സമവാക്യങ്ങളിലൂടെ അതീവ രസകരമായി വിദ്യാര്‍ഥികളെ കൊണ്ടു പോകാനും പോള്‍ മാഷിനുള്ള നൈപുണ്യം വേറെ ആരിലും കണ്ടിട്ടിട്ടില്ലെന്ന് കവിയും എഴുത്തുകാരനുമായ ജിനന്‍ (ഇ.വി.ജി യുടെ മകന്‍) പറയുന്നുണ്ട് .

 കൊടുങ്ങല്ലൂരിലെ സാംസ്‌കാരിക പരിപാടികളില്‍ പോള്‍ മാഷ് സജീവമായിരുന്ന കാലത്താണ് വീണ്ടും അദ്ദേഹത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നത്. ആസ്പിന്‍ അഷറഫ്ക്കയുടെ ഓഫീസില്‍ വെച്ച് പല തവണ കണ്ടിട്ടുണ്ട്. അഷറഫ്ക്കയുമായി പോള്‍ മാഷുടെ കുടുംബത്തിന്  അടുത്ത സൗഹൃദമുണ്ടായിരുന്നു.   കഴിഞ്ഞ ദിവസം മതിലകത്തു നിന്ന് സുഹൃത്ത് അന്‍സാരിയാണ് പോള്‍ മാഷുടെ മരണ വിവരം അറിയിക്കുന്നത്. വളരെ കാലത്തിനു ശേഷം ഞാന്‍ പോള്‍ മാഷെ കുറിച്ച് ഓര്‍മിക്കുന്നതും അപ്പോഴാണ്.   മാഷെ ഞാന്‍ മറന്നു പോയിരുന്നു. നളന്ദ ട്യൂട്ടോറിയലും. ചിലപ്പോള്‍ അങ്ങനെയാണ് ഏറെ പ്രിയപ്പെട്ടവരെ മറവി വന്ന് മായ്ച്ച് കളയും. പിന്നീട് മരണം വന്ന് അവരെ കൊണ്ടു പോകുമ്പോഴായിരിക്കും എത്ര കാലമായി  നേരില്‍ കണ്ടിട്ടെന്ന് കരളില്‍ കണ്ണീരോടെ വിചാരപ്പെടുക .