വടകരയില്‍ ഡോ.പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പ്രതാപകാലത്ത് എന്റെ നാട്ടുകാരായ രണ്ട് ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന പി.കെ അബ്ദുല്‍ഖാദറിന്റെ മകനും കൊടുങ്ങല്ലൂരിലെ ജനകീയ ഡോക്ടറുമായ ഡോ.സെയിദും സംവിധായകന്‍ കമലിന്റെ അടുത്ത ബന്ധുവായ ഡോ.ജലീലും. ഡോ.ജലീലുമായിട്ടായിരുന്നു എനിക്ക് അടുപ്പം. ഡോ.സെയിദുമായി കൂടുതല്‍ അടുക്കുന്നത് അദ്ദേഹം കൊടുങ്ങല്ലൂര്‍ ഗവ.ആശുപത്രിയില്‍ ജോലി ചെയ്യുന്ന കാലാത്താണ്. പ്രമുഖ സര്‍ജന്‍ കൂടിയായ ഡോ.സെയിദ് ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ സ്വകാര്യ ആശുപത്രി നടത്തുകയാണ്. ഞാന്‍ ജലീല്‍ക്ക എന്നു വിളിക്കുന്ന ശിശുരോഗ വിദഗ്ധനായ ഡോ.ജലീല്‍ പിന്നീട് സൗദിയില്‍ പ്രവാസിയായി. ഞാന്‍ സെയ്ദ്ക്കായെന്ന് വിളിക്കുമ്പോള്‍ സൗമനസ്യത്തോടെ പ്രതികരിക്കാറുള്ള ഡോ.സെയിദ് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പില്‍ ബന്ധപ്പെടുമ്പോള്‍ മകളോടൊപ്പം നോര്‍വെയിലായിരുന്നു. ജലീല്‍ക്കാനെ വല്ലപ്പോഴും കാണാറുണ്ടെങ്കിലും ഡോ.സെയിദിനെ കണ്ടിട്ട് വര്‍ഷങ്ങളാകുന്നു.
ജലീല്‍ക്ക വടകരയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഞാന്‍ ഡോ.പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കാണാന്‍ പലപ്പോഴും പോയിട്ടുള്ളത്. ഡോ.സെയിദിനെ സംബന്ധിച്ചിടത്തോളം അന്നത്തെ ആ വടകരകാലം വായനയുടെയും സൗഹൃദങ്ങളുടെയും വസന്തകാലമായിരുന്നു. ഡോ.ജലീലിനും അത് സാംസ്‌കാരിക ഭൂമികയിലെ നല്ല കാലം. പുനത്തില്‍ മരുന്ന് എഴുതിയിരുന്ന കാലം ഡോ.സെയിദിന് കൃത്യമായി ഓര്‍മയുണ്ട്. 1977 മുതല്‍ 1986 വരെ ഡോ.സെയിദ് വടകരയിലുണ്ടായിരുന്നു. അന്നത്തെ വാരാന്ത്യ കോഴിക്കോടന്‍ യാത്രകള്‍ ഡോ.സെയിദിന്റെ മനസില്‍ തിളക്കമാര്‍ന്ന ഓര്‍മയാണ്. പനമരത്തേക്ക് പുനത്തില്‍ മാറുന്നത് ഡോ.സെയിദ് വടകരയില്‍നിന്ന് പോന്നതിനു ശേഷമാണ്. പക്ഷെ പനമരം ഫാന്റസി ഡോ.സെയിദിനും ഡോ.ജലീലിനുമൊന്നും ഓര്‍മയില്‍ വരുന്നില്ല. ആ ഫാന്റസി ഒഴിവാക്കിയുള്ള ബാക്കി ഭാഗം സംഭവകഥയാണ്.
ഒരിക്കല്‍ ഒരു നട്ടുച്ചക്ക് കെ.എ.ഫ്രാന്‍സിസിന്റെ സഹോദരനും ഫോട്ടോഗ്രാഫറുമായ ബാബു കാരോത്രയും ഞാനും പുനത്തിലിനെ കാണാന്‍ ക്ലിനിക്കിലെത്തിയപ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു. രോഗികളെ പെട്ടെന്ന് നോക്കി പറഞ്ഞു വിട്ട് (മാടമ്പ് കുഞ്ഞികുട്ടന്‍ പറഞ്ഞ ഒരു തമാശയുണ്ട്. പുനത്തിലിന്റെ ചികിത്സാപിഴവു കൊണ്ട് ഇന്നു വരെ ഒരു രോഗിയും മരിച്ചിട്ടില്ല. കാരണം അല്‍പം വശപ്പിശകാണെന്ന് കണ്ടാല്‍ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യും) പുനത്തില്‍ പുറത്തിറങ്ങി. അന്ന് ബാബു പുനത്തിലിന്റെ കുറെ നല്ല ഫോട്ടോകളെടുത്തു. കടപ്പുറത്തൊക്കെ പോയി നടന്നും ഇരുന്നും എടുത്ത മനോഹരമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ഇപ്പോഴും ബാബുവിന്റെ ശേഖരത്തിലുണ്ടെങ്കിലും ബല്ലാത്ത പഹയനായ ബാബു അത് ചോദിച്ചിട്ട് തരുന്നില്ല.
ഏതാണ്ട് ഇതേ കാലത്തു തന്നെയാണ് ജോയ് മാത്യുവുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത്. ജോയ് മാത്യുവിന്റെ ബോധി ബുക്‌സാണ് എന്റെ ആദ്യത്തെ പ്രസാധകര്‍. 'നടുക്കണ്ടങ്ങള്‍' എന്ന ചെറിയ ബുക്ക് ജോയി സൗമനസ്യപൂര്‍വം ഇറക്കിയതാണ്. ഗള്‍ഫുകാരനായിരുന്നതു കൊണ്ട് അച്ചടി ചെലവ് ഞാന്‍ നിര്‍ബന്ധിച്ചു കൊടുത്തു. സുഹൃത്തുക്കള്‍ക്ക് വേണ്ടി അന്നത്തെ ആ വിഷമ കാലഘട്ടത്തിലും ജോയ് തന്നാല്‍ ആവുന്നതും അല്ലാത്തതുമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്. എത്രയോ കാലം കഴിഞ്ഞാണ് ജോയ് മാത്യു മലയാള സിനിമയുടെ അവിഭാജ്യഘടകമാകുന്നതും നോ എന്ന് പറയേണ്ടിടത്ത് അത് ഒരു പരിധി വരെ പറയുന്നതും. ഈ അടുത്ത കാലത്ത് എന്റെ രണ്ടാമത്തെ മകന്റെ ദേവഗിരി കോളേജ് അഡ്മിഷന് ശുപാര്‍ശ പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പക്ഷെ നോ പറഞ്ഞില്ല. പകരം നോക്കാമെന്ന് പറഞ്ഞു. മകന്‍ അവിടെ ചേരാതെ കേരളം തന്നെ വിട്ടു പോയതു കൊണ്ട് പിന്നീട് ഞാന്‍ ജോയിയെ ബുദ്ധിമുട്ടിക്കാനും നോ കേള്‍ക്കാനും ഇടവരുത്തിയില്ല. അങ്ങനെയിരിക്കെ 'പൂനാരങ്ങ' എന്ന ജോയിയുടെ ബുക്ക് എന്റെ കൈവശം എത്തുന്നു. അതോടെ പഴയ കുറെ കാര്യങ്ങള്‍ ഓര്‍മയില്‍ ഇരമ്പിയും അല്ലാതെയും എത്തുന്നു. ഞാന്‍ പഴയ കോഴിക്കോടന്‍ കാലം ഓര്‍മിക്കുന്നു. അജിതയും യാക്കൂബും പ്രേംചന്ദുമൊക്കെ വീണ്ടും മുന്നിലെത്തുന്നു. കെ.ജയചന്ദ്രന്‍ എന്ന ജയേട്ടനും ജനാര്‍ദനനും വി.രാജഗോപാലും (മൂന്ന് പേരും ജീവിച്ചിരിപ്പില്ല) എല്ലാവരും വരി വരിയായി എത്തുന്നു. കാലം കുതിച്ചു പായുക തന്നെയാണെന്ന തിരിച്ചറിവില്‍ ഞാന്‍ കണ്ണാടി നോക്കുന്നു. എനിക്ക് വയസായിരിക്കുന്നു.
ഇനി പനമരത്തേക്ക് വരാം. അത് ഒരു ഒന്നാംതരം കഥ തന്നെയാണ്.'സ്മാരകശിലകള്‍' സര്‍വകലാശാല പാഠപുസ്തകമാക്കുന്നതുമായി ബന്ധപ്പെട്ട് പുനത്തില്‍ ജോയി മാത്യുവുമായി ആദ്യം വാക്കാലും പിന്നീട് കടലാസിലും കരാറുണ്ടാക്കുന്നു. കുറെ രൂപയും പുനത്തില്‍ വാങ്ങുന്നു. ജോയിയും ഭാര്യയും സഹായികളും വളരെ ബുദ്ധിമുട്ടി പുസ്തകം അച്ചടിച്ച് സര്‍വകലാശാലക്ക് കൊടുക്കുന്നു. അത് വില കൂടുതലെന്ന് പറഞ്ഞ് സര്‍വകലാശാല നിരസിക്കുന്നു. കാരണം ഡി.സി ബുക്‌സ് അതിലും കുറഞ്ഞ വിലക്ക് ഈ പുസ്തകം വിപണിയില്‍ ഇറക്കിയിരിക്കുന്നു. നല്ല കലാ പരിപാടി. ജോയി പുനത്തലിനെ ബന്ധപ്പെട്ടപ്പോള്‍ പുനത്തില്‍ പറയുന്നു, ജോയിക്ക് പാഠ പുസ്തകമാക്കാനാണ് അനുവാദം തന്നത്. ഡി.സി ക്ക് സാധാരണ നിലയില്‍ അച്ചടിച്ച് വില്‍ക്കാനും. കുന്നംകുളത്തുകാരനായ ജോയിയുടെ മനസില്‍ തൃശൂര്‍ പൂരത്തിന്റെ കതിന തുരുതുരാ പൊട്ടി. ജോയിയുടെ കച്ചവടം പൂട്ടിക്കെട്ടി. വാശിക്ക് ജോയി സ്മാരക ശിലകള്‍ പുസ്തക മേളയില്‍ തൂക്കി വിറ്റ് തല്‍ക്കാലം മനസിലെ കതിനകളില്‍ വെള്ളം ഒഴിക്കുന്നു. പിന്നീടാണ് പനമരത്തിന്റെ വരവ്. ജോയിയുടെ കൈയില്‍ നിന്ന് വാങ്ങിയ പണം പനമരത്തെ ഭൂമി വിറ്റ് കൊടുക്കാമെന്ന് പുനത്തില്‍ നിരന്തരം പറയുന്നു. ഇതിനിടയില്‍ ജോയിക്ക് ദുബായിയില്‍ മാധ്യമ ജീവിത പര്‍വം. അവിടെ വെച്ചും പുനത്തിലിനെ കാണുന്നു.
പുനത്തില്‍ പനമരം ആവര്‍ത്തിക്കുന്നു. കോഴിക്കോട്ടുകാരന്റെ സന്മനസിന്റെ താക്കാല്‍ ദ്വാരം വഴി പുനത്തില്‍ ജോയിയില്‍ പരകായ പ്രവേശം നടത്തുന്നതോടെ ജോയി ഫ്‌ളാറ്റായി പോകുന്നു. പനമരത്തെ ഭൂമി മാത്രം വിറ്റു പോകുന്നില്ല. കാലം പിന്നെയും കടന്നു പോകുന്നു. ജോയി കാശ് ചോദിക്കുമ്പോഴൊക്കെ പുനത്തില്‍ പനമരം മുന്നോട്ടു വെക്കുന്നു. പിന്നെയും കാലം കടന്നു പോകുന്നതിനിടെ പ്രിയപ്പെട്ട പുനത്തില്‍ ലോകത്തോട് വിട പറയുന്നു. പുനത്തിലിന്റെ മരണ ശേഷമാണ് ജോയ് അറിയുന്നത് പനമരത്ത് പുനത്തിലിന് അങ്ങനെ ഒരു ഭൂമി ഇല്ലായിരുന്നെന്ന്. പക്ഷെ പുനത്തില്‍ സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നു, പനമരത്ത് ഭൂമി വാങ്ങണം, നല്ല വിലക്ക് വില്‍ക്കണം, ജോയിയുടെ കാശ് കൊടുക്കണം. എഴുത്തില്‍ മഹാദ്ഭുതങ്ങള്‍ സൃഷ്ടിച്ച് വായനക്കാരന്റെ മനസില്‍ സ്മാരക ശില പതിപ്പിച്ച് കടന്നു പോയ പ്രതിഭാധനനായ എഴുത്തുകാരന്റെ പനമരം ഫാന്റസി. ആ മനസില്‍ പക്ഷെ ഒരു ആഗ്രഹം ഉണ്ടായിരുന്നു, ജോയിയുടെ കാശ് കൊടുക്കണം. അതെ,ഈ ആഗ്രഹത്തിനു മുന്നിലാണ് ജോയി മാത്യുവെന്ന മനുഷ്യന്റെ മനസില്‍ കണ്ണീരു പൊട്ടുന്നത്.
content highlights: panamaram fantacy