''നിയോണ്‍ വിളക്കുകള്‍ നേര്‍മയില്‍ നെയ്ത നിലാവിന്‍ അങ്കിക്കുള്ളില്‍
 നിറഞ്ഞൊരുടലിന്‍ വടിവുകള്‍ കാട്ടി ശയിക്കുകയാണീ നഗരം'' 

ob nasar
ഒ.ബി നാസര്‍. 

ലോകത്തെ ഏതു നഗരത്തെയും  വെളിച്ചത്തില്‍ കുളിപ്പിക്കുന്ന നിയോണ്‍ പ്രകാശത്തെ കുറിച്ച് ഇതിലും നല്ലൊരു കാല്‍പനിക ഭാവന മലയാളി അനുഭവിച്ചിട്ടുണ്ടാവില്ല. മലയാളിയുടെ എന്നത്തെയും സ്വകാര്യ അഹങ്കാരമായ പ്രിയകവി ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍. മഹാനഗരത്തിന്റെ രാത്രി കാഴ്കളില്‍ തന്റെ ഹൃദയത്തില്‍ പതിഞ്ഞ ദൃശ്യസാന്നിധ്യങ്ങളെ കുറിച്ച്, ദീര്‍ഘകാലം സഹപ്രവര്‍ത്തകനും സുഹൃത്തും ചിത്രകാരനുമായ നാസര്‍ ബഷീറെന്ന ഒ.ബി നാസര്‍ സംസാരിക്കുമ്പോള്‍  ഈ വരികള്‍ ഓര്‍ത്തെടുക്കുകയായിരുന്നു. 

പുഴ കടലിലേക്ക് എത്തുന്നതു പോലെ നിയോണ്‍ വെളിച്ചം രാത്രിയെയും പകലിനെയും കാഴ്ചയുടെ അഴിമുഖത്തെത്തിക്കുന്നു. രാത്രി പിറന്നോ എന്ന് ഒട്ടൊന്ന് സന്ദേഹിക്കുകയും അടുത്ത നിമിഷം പകലല്ല ഇത് നിയോണ്‍ വെളിച്ചമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നത് ഒരു അനുഭവമാണ്. ഒ.എന്‍.വി പാടുന്നതു പോലെ അത് ഒരു നേര്‍ത്ത നിലാവായി പെട്ടെന്ന് പരിണമിക്കുന്നു. (കവിത, സുഹാനി രാത്ത്) 

ഒരു ചിത്രകാരന്റെ ഭാവനക്ക് ആകാശമാണ് പരിധി. അയാള്‍ ദൃശ്യങ്ങളെ തലങ്ങും വിലങ്ങും കാണുകയും സമീപിക്കുകയും പ്രത്യക്ഷത്തില്‍ യുക്തിരഹിതമെന്ന് തോന്നുന്ന ഒരു ഇമേജ് ക്യാന്‍വാസില്‍ പകര്‍ത്തുകയും ചെയ്‌തേക്കാം. സര്‍റിയലിസ്റ്റിക്കായ ചിത്രങ്ങളെന്ന് നാം അതിനെ പറയും. അയാള്‍ പിന്തുടരുന്ന ചിത്രകലയുടെ വഴികളും അതു തന്നെയായിരിക്കും. പരമ്പരാഗത റിയലിസ്റ്റിക് കാഴ്ചകളെ പാടെ ഒഴിവാക്കുകയും കാഴ്ചക്കാരന്റെ എല്ലാ മുന്‍ ധാരണകളെയും ഭേദിച്ചു കൊണ്ട് പുതിയ പ്രതീകങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ലോകത്തെ ഏതാണ്ടെല്ലാ സര്‍റിയലിസ്റ്റിക് ചിത്രകാരന്‍മാരും കാഴ്കള്‍ തല തിരിച്ചു കണ്ടവരായിരുന്നു. നേര്‍ക്കാഴ്ചകള്‍ തിരിച്ചിടുന്ന സവിശേഷമായ രീതിയില്‍ ഇവര്‍ ഒരു കാഴ്ചയെ സമീപിക്കുമ്പോള്‍ പെട്ടെന്നുള്ള നോട്ടത്തില്‍ അത് യുക്തിയോടുള്ള വെല്ലുവിളിയായി നമുക്ക് തോന്നാം. അയഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന ഒന്ന് ചായക്കൂട്ടുകളില്‍ നിന്ന് രൂപപ്പെട്ടു വരുന്നു. 

ഹൃദയത്തില്‍ ഘടികാരസൂചികളുമായി പരശ്ശതം മനുഷ്യര്‍ ഓട്ടപ്പാച്ചില്‍ നടത്തുന്ന പകല്‍നേരത്തെ നഗരക്കാഴ്കളില്‍ നിന്ന് എത്രയോ വ്യത്യസ്തമാണ് രാത്രി നഗരക്കാഴ്ചകള്‍.രാത്രിയില്‍ നഗരങ്ങളില്‍നിന്ന് ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ കേള്‍ക്കാം. അരാജകത്വത്തിന്റെ അട്ടഹാസങ്ങളുണ്ടാകും. ലഹരിയില്‍ അടിതെറ്റുന്ന കാല്‍പാദങ്ങളെ രാത്രി നഗരം സ്‌നേഹപൂര്‍വം ഉറപ്പിച്ചുനിര്‍ത്താന്‍ വൃഥാ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും പിന്നെ മാറോട് ചേര്‍ത്ത് ഉറക്കുന്നതും കാണാം. 

പകല്‍നേരത്തെ നഗരമേയല്ല രാത്രികാല നഗരം. പകല്‍ മനുഷ്യന്‍ ജീവിക്കാന്‍ വേണ്ടി അതിജീവനത്തിന്റെ ഓട്ടപ്പാച്ചില്‍ നടത്തിയ നഗരത്തില്‍ രാത്രിയില്‍ മനുഷ്യര്‍ കൂടണയുമ്പോള്‍  പല തരം മൃഗങ്ങളിറങ്ങും. നിഴലുകള്‍ ഭയപ്പെടുത്തുന്ന ദൃശ്യസാന്നിധ്യമാകും. മൃഗങ്ങള്‍ പല ശബ്ദങ്ങള്‍ പുറപ്പെടുവിക്കും. പിന്നെ അവയും രാത്രിയില്‍ ഉറങ്ങാത്ത മനുഷ്യരും നിഴലുകള്‍ കണ്ട് ഞെട്ടിവിറച്ച് കരയും. എറണാകുളം കലൂര്‍ സ്വദേശി നാസര്‍ ബഷീര്‍ തന്റെ ചിത്രജാലകം തുറക്കുന്നത് നഗരത്തിലെ രാത്രികാല നഗരത്തിലേക്കാണ്. കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നാണ് നാസര്‍ ചിത്രകല പഠിക്കുന്നത്. പിന്നീട് ആനുകാലികങ്ങള്‍ക്ക് വേണ്ടി വരക്കുകയും വിവിധ പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്യുകയും ചെയ്തു. 

പ്രേതങ്ങളുടെ നഗര'മെന്ന ചിത്രരചനാ പരമ്പരയിലൂടെ കടന്നു പോവുകയാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുന്ന നാസര്‍.  മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ കഥകള്‍ക്കും കവിതകള്‍ക്കും വേണ്ടി നാസര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പുതിയകാല രേഖാചിത്രകലയുടെ വിളംബരം കൂടിയാണ്. പുസ്തകങ്ങള്‍ക്ക് കവര്‍ വരക്കുന്നതിനും സമയം കണ്ടെത്തുന്നു.

പാന്‍ അറബിലെ ഏറ്റവും പ്രചാരമുള്ള ആധികാരിക ഇംഗ്ലീഷ് പത്രമെന്ന വിശേഷണമുള്ള അറബ് ന്യൂസില്‍ ഉള്‍പ്പടെ നിരവധി രേഖാചിത്രങ്ങള്‍ നാസര്‍ വരിച്ചിട്ടുണ്ട്. ദീര്‍ഘകാലം സൗദിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസിലെ ലേ ഔട്ട് ആര്‍ട്ടിസ്റ്റായിരുന്നു. ഈ അടുത്ത കാലത്ത് അന്തരിച്ച മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും പ്രശസ്തനായ പത്രാധിപര്‍ ഫാറൂഖ് ലുഖ്മാന്റെ പ്രശംസ നേടിയ ചിത്രകാരനാണ് നാസര്‍. അറബ് രാജ്യത്ത് ഒരു മലയാളി ചിത്രകാരന് ലഭിക്കാവുന്ന ഏറ്റവും വലുതും നിഷ്‌കളങ്കവുമായ സര്‍ഗാത്മക അംഗീകാരമായി വേണം ഇതിനെ കാണാന്‍. 

പ്രവാസിയായതു കൊണ്ട് നാട്ടില്‍ നടക്കുന്ന പല ഗ്രൂപ്പ് എക്‌സിബിഷനുകളിലും പങ്കെടുക്കാന്‍ സാധിക്കാറില്ലെങ്കിലും ഇതിനകം മൂന്ന് എക്‌സിബിഷനുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഏറ്റവും ഒടുവില്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടന്ന കൊച്ചി ആര്‍ട് ഫെയറിലും നാസറിന്റെ സിറ്റി ഓഫ് ഗോസ്റ്റ്‌സ് പരമ്പരയില്‍ പെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജിദ്ദയിലും നാസര്‍ ഗ്രൂപ്പ് എക്‌സിബിഷനില്‍ പങ്കെടുത്തിട്ടുണ്ട്. ഏകാംഗ ചിത്ര പ്രദര്‍ശനത്തിന് ഇതുവരെ സാഹചര്യം ഒത്തു വന്നിട്ടില്ലെങ്കിലും താമസിയാതെ നാട്ടിലൊ ജിദ്ദയിലൊ അത് നടത്താമെന്ന പ്രതീക്ഷയിലാണ് നാസര്‍.

സര്‍റിയലിസ്റ്റിക് രചനാ സങ്കേതം പിന്തുടരുന്ന നാസറിന്റെ ക്യാന്‍വാസില്‍ അക്രിലിക്കില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന പ്രേതങ്ങളുടെ നഗര പരമ്പരയിലെ പുതിയ ചിത്രങ്ങള്‍ കാലത്തിലേക്കുള്ള തിരനോട്ടം കൂടിയാണ്. കുതിര മുതല്‍ നായ വരെയും മറ്റ് മൃഗങ്ങളിലേക്കും നീളുന്ന ദൃശ്യവിസ്മയം. അതു ഒരുപക്ഷെ നമ്മുടെ സാധാരണ യുക്തിബോധത്തെ ചോദ്യം ചെയ്‌തേക്കാം. വിയോജിപ്പുകള്‍ ഉയര്‍ന്നു വരാം. എല്ലാ പുതിയ പരീക്ഷണങ്ങളുടെ നേരെയും എക്കാലത്തും ഇതുണ്ടായിട്ടുണ്ട്. നാസര്‍ അതു കണക്കിലെടുക്കുന്നില്ല. തലകീഴായി നില്‍ക്കുന്ന വര്‍ണക്കാഴ്ചകളിലേക്ക് തന്നെ നയിക്കുന്ന  ആശയ സങ്കലനങ്ങളിലൂടെ അയാള്‍ യാത്ര തുടരുകയാണ്. സുഹദത്താണ് ഭാര്യ. ആഷിക്, ആഷിഫ്, ഫാത്തിമ മക്കള്‍. ഇപ്പോള്‍ നാസര്‍ ജോലി ചെയ്യുന്നത് സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍. 

content highlights:painter ob nasar