ടന വൈഭവത്തിന്റെ കരുത്തില്‍ മൂന്ന് പതിറ്റാണ്ടില്‍ അധികം ഹോളിവുഡില്‍ നിറ സാന്നിധ്യമായിരുന്ന ഈജിപ്തുകാരന്‍ അറബി. ജീവിതം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച പ്രതിഭാശാലി. കോളമിസ്റ്റ്. എഴുത്തുകാരന്‍. ഒറ്റ രാത്രി കൊണ്ട് ചൂതാട്ടത്തില്‍ ദശലക്ഷത്തിലധികം ഡോളര്‍ കൈവിട്ടു പോയിട്ടും ഭാവമാറ്റമില്ലാതെ പുലര്‍ച്ചെ കസനോവക്ക് പുറത്ത് ചടു കാപ്പി കുടിച്ച് തന്റെ പുതിയ കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചിരുന്ന നടന്‍. 1932 ല്‍ ഈജിപ്തിലെ അല്ക്‌സാന്‍ഡ്‌റിയയില്‍ ജനിച്ച റോമന്‍ കത്തോലിക്കനായിരുന്ന മിഷേല്‍ ദിമിത്രി ഷാലൂബാണ് പിന്നീട് ഇസ്‌ലാം മതം സ്വീകരിച്ച് ഒമര്‍ ഷരീഫായത്. ഈജിപ്തിലെ വിക്‌ടോറിയ കോളേജില്‍ നിന്ന് ഗണിത ശാസ്ത്രത്തിലും കെയ്‌റോ സര്‍വകലാശാലയില്‍ നിന്ന് ഉൂര്‍ജ തന്ത്രത്തിലും ബിരുദം . ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ടില്‍ അഭിനയ പഠനം. അറബിക്, ഇംഗ്ലീഷ് ,ഇറ്റാലിയന്‍, ഗ്രീക്ക്, ഫ്രഞ്ച് ,സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യം. ലോകത്തെ പ്രമുഖ നടന്‍മാരില്‍ ഒരാളായിരുന്ന ഒമര്‍ ഷരീഫ് ആഗോളതലത്തില്‍ അറിയപ്പെടുന്ന ബ്രിഡ്ജ് കളിക്കാരന്‍ കൂടിയായിരുന്നു. ബ്രിഡ്ജ് പ്ലെയെ കുറിച്ച സിന്‍ഡിക്കേറ്റ് കോളം എഴുതിയിരുന്നു. 1956 ല്‍ കുറച്ച് കാലം സൈനിക സേവനം. അക്കാലത്ത് ബ്രിട്ടീഷ് സൈന്യത്തിലായിരുന്ന , അന്ന് യുദ്ധ ഭൂമിയില്‍ മുഖാ മുഖം കണ്ടിരുന്ന മിഷേല്‍ പാര്‍ക്കിന്‍സന്‍  പിന്നീട് ഒമര്‍ഷരീഫുമായി നടത്തിയ ടെലിവിഷന്‍ ചാറ്റ് ഷോ ചരിത്രമാണ്. 

ജീവിതം ആഹ്ലാദവും ആഘോഷവുമാക്കി മാറ്റിയ ഒമര്‍ ഷരീഫ് 1994 വരെ ദിവസവും 100 സിഗരറ്റ് വലിച്ചിരുന്നു. കാനഡയിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഹോട്ടലുകളിലും  താമസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒമര്‍ ഷരീഫിനെ 1971 ല്‍ ടെക്‌സാസില്‍ വെച്ച്  മുറിയില്‍ ഇടിച്ചു കയറിയ മദ്യ ലഹരിയിലായിരുന്ന യുവതി തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി നഗ്നനാക്കിയ കഥയുണ്ട്. ഇക്കാര്യം 1996 ല്‍ ദിനി പെറ്റിയുമായുള്ള അഭിമുഖത്തില്‍ ഒമര്‍ ഷരീഫ് വെളിപ്പെടുത്തുന്നുണ്ട്. 2003 ല്‍ പാരീസിലെ കസനോവയില്‍ വെച്ച് പോലീസുകാരനെ മര്‍ദിച്ചതും മയക്കു മരുന്ന് ഉപയോഗം ഉള്‍പ്പെടയുള്ളതുമായ ചില കേസുകള്‍.  കോടതിയില്‍ ഹാജരാകാതിരിക്കല്‍. പിഴയൊടുക്കല്‍. 

ആരെയും വക വെക്കാത്ത പ്രകൃതം. ദേശാന്തരങ്ങളില്‍ അലയാന്‍ ഇഷ്ടപ്പെട്ടിരുന്ന സഞ്ചാരി. പറഞ്ഞ് വിശ്വസിപ്പിച്ച് കേവലം 15000 ഡോളറിന് ഹോളിവുഡ് സിനിമകളില്‍ അഭിനയിപ്പിച്ച് പലരും മുതലെടുത്ത മഹാ നടന്‍. ഇവര്‍ക്ക് എതിരെ കേസ് ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട വക്കീലിനോട് ഒമര്‍ ഷരീഫ് പറഞ്ഞു, ജീവിക്കുന്നതും അഭിനയിക്കുന്നതും പണത്തിനു വേണ്ടി മാത്രമല്ല. അവര്‍ നന്നാകട്ടെ. മതങ്ങള്‍ മനുഷ്യനെ തമ്മില്‍ അടിപ്പിക്കുന്നതിനെ കുറിച്ച് എന്നും വേവലാതിയോടെ സംസാരിച്ചിരുന്ന ഒരാള്‍. നിരവധി പ്രണയ ബന്ധങ്ങള്‍. പക്ഷെ യഥാര്‍ഥ പ്രണയം തന്റെ ഭാര്യയായിരുന്ന ഫേറ്റന്‍ ഹമാമയോട് മാത്രമായിരുന്നെന്ന് തുറന്നു പറഞ്ഞ , പ്രണയത്തെയും സെക്‌സിനെയും കുറിച്ച് വ്യത്യസ്തമായ കാഴ്ചപാടുകളുണ്ടായിരുന്ന ആഗോള കാമുകന്‍. മധ്യപൗരസ്ത്യ ദേശത്തെ ഒരു സാധാരണ അറബിക്ക് അമേരിക്കക്കാരനേക്കാള്‍ ലോക വിവരമുണ്ടെന്ന് പറഞ്ഞതിന്റെ പേരില്‍ പഴി കേട്ടവന്‍. 1975 മുതല്‍ കാല്‍ നൂറ്റാണ്ട് കാലം സിനിമകളൊന്നും കാണാതിരുന്ന നടനെന്ന വിശേഷണവുമുണ്ട്. 1977 ല്‍ പുറത്തിറങ്ങിയ ആത്മകഥയും  ബെസ്റ്റ് സെല്ലര്‍.  പകര്‍ന്നാടിയത്  സാമാന്യ വിശേഷണങ്ങളുടെ തിരശീലയില്‍ ഒതുങ്ങാത്ത നടന, ലൗകിക ജീവിതം. 

1954 മുതല്‍ ഈജിപ്ഷ്യന്‍ സിനിമകളില്‍ അഭിനയിച്ചിരുന്ന മിഷേല്‍  സഹപ്രവര്‍ത്തകയും അറബ് ലോകത്തെ പ്രശസ്ത നടിയുമായിരുന്ന ഫേറ്റന്‍ ഹമാമയുമായി പ്രണയത്തിലാകുന്നു. പ്രണയം ഒരു ഹൃദയ വേദനയായി പടരണമെന്നും അതിന്റെ അനിര്‍വചനിയ സുഖം അതാണെന്നും പറയാറുള്ള ഈ കലാകാരന്‍ പ്രണയ സാക്ഷാത്കാരത്തിനു വേണ്ടിയാണ് കൃസ്തു മതത്തില്‍ നിന്ന് ഇസ്‌ലാം മതത്തിലേക്ക് കടന്നു വരുന്നത്.  1955 ലായിരുന്നു അവരുടെ വിവാഹം. അന്ന് ഒമര്‍ ഷരീഫിനേക്കാള്‍ തിളങ്ങിയിരുന്ന താരമായിരുന്നു ലേഡി ഓഫ് ദി അറബിക് സ്‌ക്രീന്‍ എന്ന് അറിയപ്പെട്ടിരുന്ന ഫേറ്റന്‍ ഹമാമ. ഇവര്‍ക്ക് ഒരു മകന്‍. താരിഖ് ഷരീഫ്. ആ മകന്റെ മകന്‍ ജൂനിയര്‍ ഒമര്‍ ഷരീഫ് . 1975 ല്‍ ഇരുവരും വേര്‍ പിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കളായിരുന്നു. 2015 ലാണ് ഇരുവരുടെയും മരണം. ജനുവരിയില്‍ ഫേറ്റന്‍ മരിച്ചു ജൂലൈയില്‍ 83 ാം വയസില്‍ ഒമര്‍ ഷരീഫും. 2012 മുതല്‍ ഓര്‍മകള്‍ തിരിച്ചു പിടിക്കാന്‍ ശ്രമിച്ച് നിരന്തരം പരാജയപ്പെട്ടിരുന്ന ഷരീഫ് അല്‍ഷിമേഴ്‌സിനു കീഴടങ്ങിയിരുന്നു. 1992 ലും 1994 ലും ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ട ഷരീഫിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു, 

ഒമര്‍ ഷരീഫിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത് 1962 ല്‍ ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ലോറന്‍സ് ഓഫ് അറേബ്യയിലൂടെയാണ്. പീറ്റര്‍ ടൂള്‍, ആന്റണി ക്യൂന്‍ തുടങ്ങി വലിയ താര നിരയുള്ള ഈ ചിത്രത്തില്‍ ഷരീഫ് അലിയെന്ന അറബ് വംശജന്റെ ശ്രദ്ധേയമായ വേഷമായിരുന്നു ഒമര്‍ ഷരീഫിന്റേത്. ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആക്ടര്‍ക്കുള്ള ഒസ്‌കാര്‍ നോമിനേഷന്‍ തേടിയെത്തിയ ഈ കഥാപാത്രം ഒമര്‍ ഷരീഫിനെ ഹോളിവുഡിലെ വലിയ താരമാക്കി മാറ്റി. അറബികളും ബ്രിട്ടീഷുകാരും തുര്‍ക്കികള്‍ക്ക് എതിരെ നടത്തുന്ന പടയോട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ നായകന്‍ പീറ്റര്‍ ടൂളാണ് ( ലഫ്.ടി.ഇ ലോറന്‍സ്) . മികച്ച ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയ ഈ ചിത്രം ഇന്നും ആകാംക്ഷയോടെ തന്നെയാണ് ആദ്യാന്തം പ്രേക്ഷകര്‍ കാണുന്നത്. ദിലീപ് കുമാറിനെയാണ് ഡേവിഡ് ലീന്‍ ഈ ചിത്രത്തിനു വേണ്ടി ആദ്യം സമീപിച്ചത്. എന്നാല്‍ അദ്ദേഹം അതു നിരസിച്ചതോടെയാണ്  ഷരീഫ് അലിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നിയോഗം ഒമര്‍ ഷരീഫിനെ തേടിയെത്തുന്നത്. 

1965 ല്‍ പുറത്തിറങ്ങിയ ഡേവിഡ് ലീന്‍ ചിത്രമായ ഡോക്ടര്‍ ഷിവാഗൊ ആര്‍ദ്ര മാനസങ്ങളില്‍ പ്രണയ സൗരഭ്യം പരത്തുന്ന ചിത്രമാണ്. റഷ്യന്‍ വിപ്‌ളവത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം യുവാവായിരുന്ന കാലത്തെ പ്രണയിനിയെ വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹത്തിനു ശേഷം കണ്ടു മുട്ടുന്ന ഒരാളുടെ മനോ വ്യാപാരങ്ങള്‍ കൂടി അടയാളപ്പെടുത്തുന്നു. ഓസ്‌കാര്‍ പുരസ്‌കാരം നേടിയിട്ടുള്ള ബ്രിട്ടീഷ് നടി ജൂലിയ ക്രിസ്റ്റിയായിരുന്നു നായിക. ഹോളിവുഡിന്റെ ചരിത്രത്തില്‍ വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രമെന്ന ഖ്യാതിയുള്ള ഡോക്ടര്‍ ഷിവാഗൊ മനോഹരമായ സിനിമയാണ്. തലമുറകള്‍ കാണുന്ന ഈ സിനിമക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. ( ഈ സിനിമ കണ്ട് റഷ്യയിലേക്ക് വിമാനം കയറിയ മലയാളികളുണ്ടെന്നറിയുക .അത് മറ്റൊരു കഥയാണ്)  ലോറന്‍സ് ഓഫ് അറേബ്യയും ഡോക്ടര്‍ ഷിവാഗോയും മെക്കനാസ് ഗോള്‍ഡും , ഗോഡ് ഫാദറും ( മര്‍ലിന്‍ ബ്രാന്റൊ) ഒമര്‍ മുക്താറും (ആന്റണി ക്യൂന്‍) ലോക സിനിമയില്‍ സൃഷ്ടിച്ച തരംഗം ഇന്നും നിലച്ചിട്ടില്ല . കലാതിവര്‍ത്തിയായ സിനിമകളാണ് ഇതെല്ലാം. അതു കൊണ്ട് തന്നെ ഒമര്‍ ഷരീഫും മര്‍ലിന്‍ ബ്രാന്റോയും ആന്റണി ക്യൂനുമൊക്കെ അഭിനയം പഠിക്കുന്നവരുടെ റഫറന്‍സ് പുസ്തകമാണ് .

Content Highlights: omar sharif-hollywood actor