ഴുത്തുകാരനെ എന്നും കാണുക. വര്‍ത്തമാനം പറഞ്ഞിരിക്കുക. മുറ്റത്തെ തോട്ടത്തിലെ പൂക്കളെയും അതില്‍ വന്നിരിക്കുന്ന ശലഭങ്ങളെയും നോക്കിയിരിക്കുക. ഉച്ചയോടെ എന്നും ഞാനെത്തും. അപ്പോഴേക്കും എഴുത്തു തുടങ്ങിയിരിക്കും. കൊടുങ്ങല്ലൂര്‍ ഇന്ദ്രപ്രസ്ഥത്തിനു സമീപത്തായിരുന്നു എഴുത്തുകാരന്റെ വീട്. തൊട്ടടുത്ത് ഭഗവതികാവ്. പോസ്റ്റോഫീസ്. ക്വര്‍ട്ടേഴ്സ് ഒക്കെയുള്ള വലിയ പോസ്റ്റോഫീസുമായി എനിക്ക് വൈകാരിക ബന്ധമുണ്ട്.  എന്റെ ബാപ്പ ഉമ്മര്‍മാഷ് അവിടെ ദീര്‍ഘകാലം അസിസ്റ്റന്റ് പോസ്റ്റ്മാസ്റ്ററും പിന്നീട് പോസ്റ്റ്മാസ്റ്ററുമായിരുന്നു. വിരമിച്ചതും അവിടെ നിന്നു തന്നെ. ആ ക്വാര്‍ട്ടേഴ്സില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. 

കുട്ടിക്കാലത്ത് പോസ്റ്റ് ഓഫീസിലെ മാധവനായിരുന്നു എന്നെ താലപ്പൊലിക്ക് കൊണ്ടുപോയിരുന്നത്. താലപ്പൊലി ഓരോ കൊടുങ്ങല്ലൂര്‍ക്കാരന്റെയും ഗൃഹാതുര സ്മരണയാണ്. കാലമെത്ര കഴിഞ്ഞാലും വര്‍ണാഭമായ ആ കാഴ്ചകള്‍ക്ക് മങ്ങലേല്‍ക്കുന്നില്ല. കേരളത്തിനു പുറത്ത് ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ക്കാരും അവരുടെ കുടുംബങ്ങളും താലപ്പൊലിക്കാലത്ത് അവധിക്ക് എത്തിയിരുന്നു. കോവിലകത്തു നിന്ന് മുംബെയിലും മദിരാശിയിലുമൊക്കെ ജോലി ചെയ്തിരുന്ന തമ്പുരാക്കന്‍മാരും അക്കാലത്താണ് അവധിക്ക് വന്നിരുന്നത്. പണ്ടാണ്. ഇപ്പോഴല്ല. കാതില്‍ മുഴങ്ങുന്ന മേളപെരുക്കം. അരയാല്‍ തറകളുടെ ശീതളിമ. പിള്ളയുടെ വെടികെട്ട്. 

എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ സാഹസികന്‍ കതിനക്ക് തീ കൊളുത്തുന്ന ഈ പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ശശി എന്റെ സഹപാഠിയായിരുന്നു.   താലപ്പൊലി നെററിപട്ടം കെട്ടിയ ഗജവീരന്‍മാരുടെ ഗരിമയും പഞ്ചവാദ്യത്തിന്റെ താള നിര്‍ഭരമായ അനുഭൂതിയും തരളിതമായ അനുഭവവുമായിരുന്നെങ്കില്‍ ഭരണി അതായിരുന്നില്ല. ഭരണിക്ക് പൊതുവെ രൗദ്ര താളമാണ്. ചുവന്ന പട്ടുടുത്ത് കാലില്‍ ചിലമ്പണിഞ്ഞ് കൈയില്‍ വാളുമായി വിദൂര ദേശങ്ങളില്‍ നിന്നെത്തുന്ന കോമരങ്ങള്‍ കുട്ടിക്കാലത്ത് ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു. അന്ന് പൊതുവെ നാട്ടുകാര്‍ ഭരണിക്കാലത്ത് അധികം പുറത്തിറങ്ങാറില്ല. ചെറുപ്പക്കാര്‍ ഭരണിക്കാവില്‍ കറങ്ങി നടക്കും. കൗമാരത്തിലും യൗവ്വനാരംഭത്തിലുമൊക്കെ ഭരണിയും ചടങ്ങുകളും അടുത്തു നിന്ന് കണ്ടിട്ടുണ്ട്. സുഹൃത്ത് ദേവിദാസനായിരുന്നു കാവു തീണ്ടിയിരുന്നത്.സര്‍വാലംങ്കാരങ്ങളോടെയും ദാസന്‍ ആല്‍ത്തറയില്‍ ഇരിക്കും.ഇന്നും ദാസന്‍ തന്നെയാണ് ഈ ചടങ്ങിലെ ആത്മിയ താരം. അശ്വതി സന്ധ്യക്കാണ് കാവു തീണ്ടല്‍. പിന്നെ കുറുവടിയുമായി കോമരങ്ങളുടെ അമ്പലം വലം വെച്ചുള്ള കൂട്ടയോട്ടമാണ്. അവരുടെ കാല്‍ വേഗങ്ങള്‍ ഉയര്‍ത്തുന്ന പൊടിയില്‍ കുറെ നേരം കാഴ്ചകള്‍ മറയും. അങ്ങനെയെത്ര ഭരണിക്കാലങ്ങള്‍. 

ഭരണിക്കാലത്തെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട ചിലമ്പ് എന്ന നോവലാണ് ( 1987 ല്‍ ഭരതന്‍ സിനിമയാക്കി ) എന്‍.ടി.ബാലചന്ദ്രന്‍ എന്ന  എഴുത്തുകാരന്‍ അപ്പോള്‍ എഴുതി കൊണ്ടിരുന്നത്.  മസ്‌ക്കത്തിലേക്ക് വിസ വന്നതു കാരണം ഭരണിയുടെ പൂര്‍ണ പശ്ചാത്തലം ഏറെക്കുറെ ഒഴിവാക്കി തിരക്കിട്ടാണ് ആ നോവല്‍ എഴുതി തീര്‍ത്തത്. വലിയ ക്യാന്‍വാസില്‍ എഴുതേണ്ടിയിരുന്ന ചിലമ്പ് അങ്ങനെ ചെറിയ നോവലായി മാറി. മാതൃഭൂമി വാരികയാണ് ചിലമ്പ് ലക്കങ്ങളായി പ്രസിദ്ധീകരിച്ചത്.

 1980 ല്‍ ആകാശവാണിയില്‍ ഒരു കഥ വായിക്കാന്‍ പോയതില്‍ നിന്നാണ് ചിലമ്പിന്റെ തുടക്കം. നാലഞ്ചു മിനിക്കഥകളും കൊണ്ടാണ് ബാലചന്ദ്രന്‍ കഥ വായിക്കാന്‍ പോയത്. അതു പറ്റില്ലെന്നും 20 മിനിറ്റ് ദൈര്‍ഘ്യമുള്ള കഥ വേണമെന്നുമായി ആകാശവാണി. അങ്ങനെ ആകാശവാണിയില്‍ ഇരുന്ന് തന്നെ ഒരു കഥയെഴുതി. മടക്കയാത്ര. ചിലമ്പിന്റെ ആദ്യരൂപം ഇതായിരുന്നു. കൊടുങ്ങല്ലൂര്‍ ഭരണിയുടെ പശ്ചാത്തലത്തില്‍ വലിയ ക്യാന്‍വാസില്‍ ഒരു നോവലായിരുന്നു മനസില്‍. വിസ വന്ന് പ്രവാസത്തിലേക്ക് ക്ഷണിച്ചപ്പോള്‍ തോന്നി, പെട്ടെന്ന് എഴുതണമെന്ന്. അതുകൊണ്ട് തന്നെ നോവല്‍ വലിയ ക്യാന്‍വാസിലായില്ല.  1982 ലാണ് ബാലചന്ദ്രന്‍ മസ്‌ക്കത്തിലേക്ക് പോകുന്നത്. അക്കാലത്തു തന്നെയാണ് മാതൃഭൂമി വാരിക ഇതു പ്രസിദ്ധീകരിക്കുന്നതും. പ്രവാസം വരിച്ച ബാലചന്ദ്രന്റെ എഴുത്ത് പതുക്കെ പതുക്കെ നിന്നു പോയി. വിസ്‌കി പോലുള്ള ചില നല്ല കഥകള്‍ എഴുതിയെന്നതൊഴിച്ചാല്‍ കാര്യമായി ഒന്നും എഴുതിയില്ല. ഇടക്കിടെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്ന് എഴുതിയില്ല.  ഇപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ബാലചന്ദ്രന്‍ വീണ്ടും തിരിച്ചു വരികയാണ്. മഹാഭാരതത്തിലെ ഒരു  സന്ദര്‍ഭത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത കഥയാണ് അശ്വമേധം എന്ന പുതിയ നോവല്‍. താമസിയാതെ ഇതു വായനക്കാരിലെത്തും. 

ചിലമ്പ് വ്യാപകമായി സ്വീകരിക്കപ്പെട്ട നോവലായിരുന്നു. കുറെക്കാലം കഴിഞ്ഞ് ബാലചന്ദ്രന്‍ മസ്‌ക്കത്തില്‍ നിന്ന് അവധിക്ക് വന്ന കാലത്ത് ഒരു വൈകുന്നേരം ചിലമ്പ് സിനിമയാക്കാന്‍ താല്‍പര്യപ്പെട്ട് നാലു ചെറുപ്പക്കാര്‍ വന്നു. എന്തു കൊണ്ടോ അത് നടന്നില്ല. ആ ചെറുപ്പക്കാരാണ് കെജി.ജോര്‍ജിന്റെ  ആദാമിന്റെ വാരിയെല്ല് എടുത്തത്. ചിലമ്പ് പിന്നീട് ഭരതന്‍ സിനിമയാക്കി. ബാലചന്ദ്രനും ഭരതനും ചേര്‍ന്ന്  തിരക്കഥയെഴുതി. തിലകനും ബാബുആന്റണിയും ശോഭനയും റഹ്മാനും നെടുമുടിയും പ്രധാന വേഷത്തില്‍.  പുടമുറി കല്യാണം ദേവി, എനിക്കിന്ന് മാംഗല്യം , താരും തളിരും തുടങ്ങി മനോഹര ഗാനങ്ങള്‍. ഭരതന്റെ വരികള്‍ക്ക് ഔസേപ്പച്ചന്റെ സംഗീതം. ചിലമ്പ് എഴുതി കൊണ്ടിരുന്ന കാലത്ത്   ശല്യപ്പെടുത്താതെ എഴുത്തുമുറിയുടെ ജാലകത്തിനു സമീപം ഞാന്‍ നിശബ്ദനായി ഇരിക്കാറാണ് പതിവ്. കുറെ നേരം അങ്ങനെ ഇരുന്ന് ഒരു വാക്ക് പോലും സംസാരിക്കാതെ ഇറങ്ങി പോന്ന ദിവസങ്ങളുണ്ട്. അതും ഒരു അനുഭവം. ഒരു ഇമേജിനു വേണ്ടി ബാലചന്ദ്രന്‍ കാത്തിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

 പച്ച പാവാടയിട്ട് സ്‌കൂളിലേക്ക് പോകുന്ന പെണ്‍കുട്ടിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ, പച്ചയുടുപ്പില്‍ വിടര്‍ന്ന ചുമന്ന മുഖം. സംഗതി റോസാ പൂവാണ്. കല്‍പനകളുടെ ഈ ചാരുതയാണ് പലപ്പോഴും ബാലചന്ദ്രന്റെ എഴുത്തിനെ ധന്യമാക്കിയിട്ടുള്ളത്.  താലപ്പൊലിക്ക് എത്തുന്ന കൗമാരക്കാരെ മാതൃഭൂമി ഫീച്ചറില്‍ വിശേഷിപ്പിച്ചത് പരസ്പരം തേടിയലയുന്ന കണ്ണുകളുമായി അവര്‍ കാവിലൂടെ നടന്നുവെന്നായിരുന്നു. അക്കാലത്ത് മാതൃഭൂമി വാരികയില്‍ എഴുതിയ തീവണ്ടി എന്ന ഒറ്റക്കഥ മതി ബാലചന്ദ്രനെ അടയാളപ്പെടുത്താന്‍. തീരെ ചെറിയ കഥ. പ്രമേയപരമായി അതിശക്തം. അന്ന് ബാലചന്ദ്രന്‍ എഴുതിയ കൈവീശുന്ന പ്രതിമകള്‍ പോലുള്ള കഥകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പന്നീടാണ് കണ്ണീര്‍പാടം എന്ന നോവലെറ്റ് വരുന്നത്. 
 
എണ്‍പതുകളില്‍ മലയാള കഥയുടെ പ്രതീക്ഷയുടെ തിളക്കമായിരുന്നു എന്‍.ടി.ബാലചന്ദ്രന്‍. മലയാളത്തിലെ ആദ്യത്തെ ഇന്‍ലന്റ് മാസികയായ ഗീതത്തിന്റെ അമരക്കാരന്‍. കാസര്‍ഗോഡു മുതല്‍ കന്യാകുമാരി വരെ വിപുലമായ സുഹൃദ് വലയം.  ബാലചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ വിട്ട് നടത്തിയിരുന്നത് അത്യാവശ്യ യാത്രകള്‍ മാത്രമായിരുന്നെങ്കിലും സുഹൃത്തുക്കള്‍ ഏതാണ്ടെല്ലാ ദിവസവും വിദൂര ദിക്കുകളില്‍ നിന്ന് വന്നെത്തിയിരുന്നു. ബാലചന്ദ്രന്റെ യാത്രകള്‍ അന്ന് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. അത്തരം യാത്രകളില്‍ പലപ്പോഴും ഞാന്‍ സഹയാത്രികനായിരുന്നു. പ്രമുഖ വാരികക്കു വേണ്ടി ഫീച്ചറുകള്‍ എഴുതിയിരുന്നു. മനോഹരമായ ഇമേജുകള്‍ കോര്‍ത്തിണക്കി കവിതയോട് അടുത്ത ഭാഷയില്‍ എന്‍.ടി എഴുതിയിരുന്ന ഫീച്ചറുകള്‍ക്ക് നല്ല വായനക്കാരുണ്ടായിരുന്നു. നെടുമുടി വേണു, ഇ.വി.ശ്രീധരന്‍, കള്ളിക്കാട് രാമചന്ദ്രന്‍, മുസാഫിര്‍, മുരളി, മധു ജനാര്‍ദനന്‍, ബി.ഉണ്ണികൃഷ്ണന്‍ ( ഇന്നത്തെ സംവിധായകന്‍ ) തുടങ്ങിയവര്‍ ഫീച്ചറുകളുടെ രംഗത്ത് നിറഞ്ഞാടിയ കാലം. ഇവരുടെയൊക്കെ ഓരോ ഫീച്ചറുകളും ഓരോ അനുഭവമായിരുന്നു. ഫീച്ചറുകളുടെ ലോകത്ത് പുതിയ വഴിത്താരകള്‍ വെട്ടി തുറന്നവര്‍.  അന്ന് ടി.വി.കൊച്ചുബാവയും കവി രാവുണ്ണിയുമൊക്കെ വല്ലപ്പോഴും ഫീച്ചറുകളും എഴുതിയിരുന്നു. കരളില്‍ കൊത്തിവെക്കാവുന്ന ശീര്‍ഷകങ്ങളും മനസിനെ വല്ലാതെ ആകര്‍ഷിക്കുന്ന ഭാഷയും. 

1982 ഫെബ്രുവരിയില്‍ മാതൃഭൂമി വാരാന്തപതിപ്പിലെ കെ.സിനാരായണന്  എന്റെ ആദ്യ ഫീച്ചര്‍ (ഇരുമ്പുരുക്കുന്ന കൈകള്‍ , ചിത്രങ്ങള്‍ കമാല്‍ കൊതുവില്‍. ) അയച്ചു കൊടുക്കുന്നത് ബാലചന്ദ്രനായിരുന്നു. അതിനു മുമ്പ് ചിത്രകാരന്‍ കാരക്കാമണ്ഡപം വിജയകുമാര്‍ അദ്ദേഹത്തിന്റെ ലിറ്റില്‍ മാഗസിനിലും ബാലചന്ദ്രന്‍ ഗള്‍ഫ്നാദത്തിലും എന്റെ ഫീച്ചറുകള്‍ കൊടുത്തിട്ടുണ്ട്. അന്ന് ഫീച്ചറെഴുതി പൂര്‍ത്തിയാക്കിയാല്‍ ഉടനെ ബാലചന്ദ്രനെ കാണാന്‍ പോകും. ശീര്‍ഷകം വേണം. റേഡിയോ ക്രിക്കറ്റ് കമന്ററിയെ കുറിച്ച് അക്കാലത്ത്  എഴുതിയ സചിത്ര ഫീച്ചറിന് ബാലചന്ദ്രന്‍ ഇട്ട ശീര്‍ഷകം, കാതില്‍ ഒരു പ്ലെ ഗ്രൗണ്ട്. അതിന്റെ ഫോട്ടോകള്‍ എടുത്തത് കൊടുങ്ങല്ലൂര്‍ നാഷണല്‍ സ്റ്റുഡിയോ ഇഖ്ബാലിന്റെ സഹോദരന്‍ അക്ബര്‍. വഴിയോര സര്‍ക്കസുകാര്‍ കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന അഭ്യാസങ്ങളെ കുറിച്ച് എഴുതിയപ്പോള്‍ ബാല്യത്തിന്റെ കഴുമരങ്ങള്‍ എന്ന ടൈറ്റില്‍ ഇട്ടതും ബാലചന്ദ്രന്‍. 

ഒരു മിനിറ്റു മതി മനോഹരമായ ശീര്‍ഷകം സൃഷ്ടിക്കാന്‍. മാസ്മരിക സ്പര്‍ശമുള്ള ടൈറ്റിലുകള്‍ ഇടുന്ന കാര്യത്തില്‍ സഹപ്രവര്‍ത്തകനായിരുന്ന സുഹൃത്ത് മുസാഫിറിനുള്ള കഴിവും ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്. ഈ പംക്തിയിലെ തന്നെ എത്രയോ കുറിപ്പുകളുടെ ടൈറ്റിലിന്റെ അവകാശി മുസാഫിറാണ്. വിഷയം പറഞ്ഞാല്‍ ടൈറ്റില്‍ റെഡി. ബാലചന്ദ്രനെ അന്നു എല്ലാം വായിച്ചു കേള്‍പ്പിക്കുമായിരുന്നു. എഴുതുന്ന കഥകള്‍ ബാലചന്ദ്രനും വായിക്കും. പലപ്പോഴും അത് പോസ്റ്റ് ചെയ്യുന്നത് ഞാനായിരിക്കും. ബാലചന്ദ്രന്‍ വൈകുന്നേരമെ പുറത്തിറങ്ങു. നടക്കാനിറങ്ങുമ്പോള്‍ കൈയില്‍ ഒരു കുട കാണും. സുന്ദരനായ യുവാവ് കുടയുമായി നടക്കാനിറങ്ങിയെന്നാണ് ഞാന്‍ ഇതിനെ കുറിച്ച് പറയുക. കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്‌കൂള്‍ വരെ നടക്കും. പിന്നെ തിരിച്ചു വന്ന് ടി.വി മാഷുടെ ( നാരായണന്‍ നമ്പൂതിരി) വൈദ്യശാലയില്‍ ഇരിക്കും. ടി.എന്‍.ജോയി സൂര്യകാന്തി തുടങ്ങിയപ്പോള്‍ ചില ദിവസങ്ങളില്‍ അവിടെ പോയിരിക്കും. പ്രവാസത്തിന്റെ ആദ്യ അവധിക്കാലത്ത് ഞങ്ങള്‍ പറമ്പ് വാങ്ങാന്‍ പോയ കഥ ബാലചന്ദ്രന്‍ എഴുതിയിട്ടുണ്ട്. പുഴ വഴി  പറമ്പിലെത്തുന്ന അനുഭവം. അന്ന് ഞാന്‍ ബാലചന്ദ്രനോട് തിരിച്ചു പോകേണ്ടെന്ന് പറഞ്ഞതാണ്. ബാലചന്ദ്രന്‍ തിരിച്ചു പോയി. ഓരോ അവധിക്കാലത്തും പലരും എന്നോടും ഇതു തന്നെ പറഞ്ഞിട്ടുണ്ട്. തിരിച്ചു പോയിരിക്കും. അതാണ് നിയോഗം. ദൈവ ലിഖിതങ്ങള്‍ മാറ്റിയെഴുതാന്‍ മനുഷ്യരെ കൊണ്ടാവില്ല. അതുകൊണ്ട് നമുക്ക് നല്ല കഥകളെഴുതാം.