രണ്ടു ദിവസങ്ങള്‍ ജീവിതത്തില്‍ മറക്കാനാവില്ല. സുഹൃത്ത് ഷക്കീബ് കൊളക്കാടന്റെ ഭാഷയില്‍ പറഞ്ഞാല്‍ കല്‍പറ്റയില്‍ നിന്ന് ചുരമിറങ്ങി വന്ന് മാതേതരത്വ ജനാധിപത്യ വിശ്വസങ്ങളുടെ മനോഹാരിത കൊണ്ട് കോഴിക്കോടിനെ കീഴടക്കിയ വീര ചൈതന്യത്തിന്റെ മഹനിയ സാന്നിധ്യം അടുത്തറിഞ്ഞ രണ്ടു രാപകലുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന എം.പി.വീരേന്ദ്ര കുമാറിന്റെ റിയാദ് സന്ദര്‍ശനം അവിസ്മരണിയ അനുഭവമാണ്  സൗദി പ്രവാസികള്‍ക്ക് സമ്മാനിച്ചത്.

 ആ രണ്ടു ദിവസങ്ങളിലും മറു നാട്ടില്‍ മലയാള ഭാഷക്ക് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ മധ്യ പൗരസ്ത്യ ദേശത്തെ മാധ്യമ കുലപതി ഫാറൂഖ് ലുഖ്മാനും റിയാദിലുണ്ടായിരുന്നു. ഇന്ത്യക്ക് പുറത്ത് ആദ്യത്തെ മലയാള പത്രം ആരംഭിക്കാന്‍ നിയോഗിതനായ ഫാറൂഖ് ലുഖ്മാന്‍ മാസങ്ങള്‍ക്ക് മുമ്പാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.

 ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ താമസിച്ചിരുന്ന ഫാറൂഖ് ലുഖ്മാനെ കാണാന്‍ റിയാദില്‍ എത്തിയ ഉടനെ വിശ്രമിക്കാന്‍ പോലും നില്‍ക്കാതെ വീരേന്ദ്രകുമാര്‍  ഹോട്ടലില്‍ എത്തുകയായിരുന്നു. അപരാഹ്നത്തിലും അന്ന് നല്ല ചൂടുണ്ടായിരുന്നു. ദമാമില്‍ നിന്ന് ദമാം നവോദയയുടെ ഒരു പരിപാടി കഴിഞ്ഞ് റോഡ് മാര്‍ഗമാണ് വീരേന്ദ്രകുമാര്‍ റിയാദിലെത്തിയത്. അതായത് 400 കിമീറ്റര്‍ യാത്ര. മരുഭൂമികള്‍ കാണണമെന്ന  നിര്‍ബന്ധമായിരുന്നു ആ യാത്രക്ക് പിറകില്‍. 

റിയാദിലെ കേളി സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ എയര്‍ ടിക്കറ്റ് അയക്കാമെന്ന് പറഞ്ഞിട്ടും സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു.  ദീര്‍ഘ യാത്രയുടെ ക്ഷീണം വക വെക്കാതെയാണ് നേരിട്ട് അദ്ദേഹം ഫാറൂഖ് ലുഖ്മാനെ കാണാനെത്തിയത്. അതും പ്രതീക്ഷിച്ചിരുന്ന സമയത്തിനേക്കാള്‍ പത്തു മിനിറ്റ് മുമ്പ്. അന്ന് ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്ന് രണ്ട് സിഗ്‌നല്‍ കടന്നു വേണം ഇന്റര്‍കോണ്ടിനെന്റലില്‍ എത്താന്‍. 

മാള മുഹിയുദ്ദീന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ വാനിലാണ് എന്റെ യാത്ര. ഇക്കാ ഇതാ ഇപ്പൊ എത്തിച്ചു തരാമെന്ന് പറയുന്നതല്ലാതെ മുഹിയുദ്ദീന്റെ വാന്‍ കാര്യമായ സ്പീഡില്‍ പോകുന്നില്ല. വീരേന്ദ്ര കുമാറും സംഘവും ഇതാ എത്തി കഴിഞ്ഞെന്ന സന്ദേശം എസ്.എം.എസായി എത്തി. ഞാന്‍ ജോലി ചെയ്തിരുന്ന പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫിനെ കാണാനാണ് അദ്ദേഹം എത്തുന്നത്. സ്വീകരിച്ച് മുകളിലത്തെ മുറിയിലേക്ക് കൊണ്ടു പോകണം. ഭാഗ്യത്തിന് മുഹിയുദ്ദീന്റെ വാനും വീരേന്ദ്രകുമാര്‍ ദമാമില്‍ നിന്ന് വന്ന വാഹനവും ഏതാണ്ട് ഒരേ സമത്താണ് ഹോട്ടല്‍ ലോബിക്ക് പുറത്ത് എത്തിയത്. കേളിയുടെ നാസര്‍ കാരക്കുന്നും നസീറും റിയാദിലെ അന്നത്തെ ആസ്ഥാന ഫോട്ടോഗ്രാഫര്‍ ഹസന്‍ മമ്പാടും റെഡി. 

കോഴിക്കോടന്‍ ജീവിത കാലത്തെ നേര്‍ത്ത പരിചയം പുതുക്കി അദ്ദേഹത്തെ സ്വീകരിച്ച് മുകളിലത്തെ നിലയിലെത്തിച്ചു. അവിടെ ഫാറൂഖ് ലുഖ്മാന്‍ പുഞ്ചിരിയോടെ കാത്തു നിന്നിരുന്നു. ഹസ്തദാനവും അറബ് പരമ്പരാഗത രീതിയിലെ സ്നേഹാലിംഗനവും കഴിഞ്ഞപ്പോള്‍ ഫാറൂഖ് ലുഖ്മാന്‍ പറഞ്ഞു, താങ്കളെ കാണാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വരാമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അക്കാര്യം ഞാന്‍ എന്റെ റിപ്പോര്‍ട്ടര്‍ ഇഖ്ബാല്‍ വഴി താങ്കളുടെ ആതിഥേയരായ കേളി സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകരെ അറിയിച്ചിരുന്നതുമാണ്. താഴേക്ക് ഇറങ്ങി വന്ന് ഞാന്‍ താങ്കളെ സ്വീകരിക്കേണ്ടതായിരുന്നു. 

കാല്‍ മുട്ടിലെ വേദന കാരണം അല്‍പം കിടന്നു പോയി. അതൊന്നും ഒരു വിഷയമേയല്ലെന്ന് വീരേന്ദ്ര കുമാര്‍. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനു ശേഷം മലയാള ഭാഷ ഏറെ കടപ്പെട്ടിരിക്കുന്ന ഒരു വിദേശിയായ മാധ്യമ പ്രവര്‍ത്തകനാണ് താങ്കള്‍. ഞാന്‍ തന്നെയാണ് വന്നു കാണേണ്ടത്. മര്യാദയും വിവേകവും വിജ്ഞാനവും ഒരു പോലെ സമ്മേളിച്ചിട്ടുള്ള അപൂര്‍വ വ്യക്തിത്വമായിരുന്നല്ലൊ വീരേന്ദ്രകുമാര്‍. അതു കൊണ്ട് ഞാന്‍ ഈ മറുപടി തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. ഫാറൂഖ് ലുഖ്മാന്‍ എന്ന ഞങ്ങളുടെ ഉസ്താദ് പക്ഷെ വികാരധീനനായി. അദ്ദേഹം വീണ്ടും വീരേന്ദ്രകുമാറിനെ പുണര്‍ന്നു. 

പിന്നീട് ഒരു മണിക്കൂറിലധികം ആകാശ ഭൂമികള്‍ക്കിടയിലെ ഒരു വിഷയം ഒഴികെ അതായാത് പത്രങ്ങളും പത്ര പ്രവര്‍ത്തനവും ഒഴികെയുള്ള സകല വിഷയങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. കൂടുതലും സംസാരിച്ചത് പ്രകൃതിയെ കുറിച്ചായിരുന്നു. പ്രകൃതിയിലെ അദ്ഭുതങ്ങളെ കുറിച്ച്. പ്രകൃതിയുടെ കാരുണ്യങ്ങളെ കുറിച്ച്. മാധ്യമങ്ങളുടെ വിഷയം ഇരുവരുടെയും സ്വന്തം തട്ടകമായിരുന്നിട്ടു കൂടി തികച്ചും അനൗപചാരികമായ ആ കൂടിക്കാഴ്ചയില്‍ വിവേകമതികളായ ഇരുവരും അത് ബോധപൂര്‍വം ഒഴിവാക്കിയതാകണം. 

അന്നത്തെ ആ കൂടിക്കാഴ്ച വലിയ പ്രാധാന്യത്തോടെയാണ് മലയാളം ന്യൂസ് പ്രസിദ്ധീകരിച്ചത്. സി.കെ ഹസന്‍ കോയയായിരുന്നു അന്ന് ന്യൂസ് എഡിറ്റര്‍. ഹസന്‍കോയയെയും പി.എ.എം ഹാരിസിനെയും  വീരേന്ദ്രകുമാറിന് നേരത്തെ പരിചയമുണ്ടായിരുന്നു. അവരെ മാത്രമല്ല അന്ന് മലയാളം ന്യൂസില്‍ ജോലി ചെയ്തിരുന്നവരുടെ പേരും വിശേഷങ്ങളുമെല്ലാം ഫാറൂഖ് ലുഖ്മാനോട് യാത്ര പറഞ്ഞ് ഇറങ്ങിയതിനു ശേഷം അദ്ദേഹം ചോദിച്ചറിഞ്ഞു. 

ഹസന്‍ കോയയെ മൊബൈലില്‍ വിളിച്ചു കൊടുത്തപ്പോള്‍ സംസാരിക്കുകയും ചെയ്തു. ഹാരിസിനെ അദ്ദേഹം ദമാമില്‍ വെച്ച് കണ്ടിരുന്നെന്നാണ് എന്റെ ഓര്‍മ. അന്ന് മലയാളം ന്യൂസ് ദമാം ബ്യൂറോ ചീഫ് ഹാരിസായിരുന്നു.  നേരത്തെ ഹാരിസ് മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്നു. ഇന്റര്‍ കോണ്ടിനെന്റലില്‍ നിന്ന് ഇറങ്ങി ഞാന്‍ നേരെ എന്റെ ബ്യൂറോ ഓഫീസിലേക്കും അദ്ദേഹം കേളി പ്രവര്‍ത്തരോടൊപ്പം അവര്‍ ഏര്‍പ്പെടുത്തിയിരുന്ന താമസ സ്ഥലത്തേക്കും പോയി. വളരെ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഒട്ടും വിശ്രമിക്കാന്‍ നില്‍ക്കാതെ അദ്ദേഹം ബത്ഹയിലെ പാരഗണ്‍ ഓഡിറ്റോറിയത്തില്‍  കേളിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തി. 

പാരഗണ്‍ സഹൃദയനായ ബഷീര്‍ മുസലിയാരകത്തിന്റെ റെസ്റ്റോറന്റാണ്. ഒരു കാലത്ത് എല്ലാ വാരാന്ത്യങ്ങളിലും സാംസ്‌കാരിക പരിപാടികള്‍ക്കായി തുറന്നു കൊടുത്തിരുന്ന ഓഡിറ്റോറിയം. ബഷീര്‍ കോഴിക്കോടുകാരനാണ്. വീരേന്ദ്രകുമാര്‍ എത്തിയ ഉടനെ ബഷീര്‍ (ബഷീര്‍ക്ക) സല്‍ക്കാരം തുടങ്ങി. കോഴിക്കോടന്‍ നിഷ്‌കളങ്കതയുടെ ആ സല്‍ക്കാരത്തെ കുറിച്ചും അന്ന് വീരേന്ദ്രകുമാര്‍ പരാമര്‍ശിച്ചു. അല്‍പം രാഷ്ട്രിയം പറഞ്ഞ് യാത്രകള്‍ക്കിടയില്‍ കണ്ട കാഴ്കള്‍ വിവരിച്ച് വലിയ വലിയ അറേബ്യന്‍ സഞ്ചാരികളെ കുറിച്ച് പറഞ്ഞ് പ്രഭാഷണം. പല വട്ടം കടന്നു വന്നു ഖലീല്‍ ജിബ്രാന്‍. സാഹിത്യവും സംസ്‌കാരവും രാഷ്ട്രിയവും ഇട കലര്‍ന്ന ആ പ്രസംഗം അന്ന് ആരെങ്കിലും റെക്കോഡ് ചെയ്തു വെച്ചിട്ടുണ്ടോയെന്ന് കഴിഞ്ഞ ദിവസം നാസര്‍ കാരക്കുന്നിനോടും ആ പരിപാടിയല്‍ പങ്കെടുത്ത എഴുത്തുകാരനായ ജോസഫ് അതിരുങ്കലിനോടും ചോദിച്ചെങ്കിലും  ഇല്ലെന്നായിരുന്നു മറുപടി. 

അന്ന് കേളിയുടെ സാരഥികളായിരുന്ന നസീറും ജോണും കൃഷ്ണന്‍കുട്ടിയും വാഹിദ്ക്കയും ഉദയഭാനുവും ഒന്നും ഇപ്പോള്‍ ഇവിടെയില്ല. പയസും ദസ്തഖീറും ഇപ്പോഴും പ്രാവസ ലോകത്ത് ഉണ്ടെന്ന് തോന്നുന്നു. . പ്രേം സലീല്‍ എന്ന പഴയകാല പ്രവര്‍ത്തകന്‍ ഈ അടുത്ത കാലത്ത് ബന്ധപ്പെട്ടിരുന്നു. എല്ലാവരും ഇടതുപക്ഷ സഹയാത്രികരും നല്ല സാമൂഹ്യ പ്രവര്‍ത്തകരുമാണ്. ആരുടെ കൈവശവും അന്നത്തെ പരിപാടിയിലെ പ്രസംഗങ്ങളില്ല. പിന്നീടും ഞാന്‍ അദ്ദേഹത്തിന്റെ എത്രയോ പ്രസംഗങ്ങള്‍ കേട്ടിരിക്കുന്നു.

 വൈജ്ഞാനിക ജാലകം തുറക്കുന്ന വാക്കുകള്‍. ലളിതമായ ഭാഷ. 2010 ല്‍ കോഴിക്കോട് പുതിയറയിലെ എ.ആര്‍.എം.സി ക്ലിക്കില്‍ നടന്ന ഒരു ചടങ്ങില്‍ ഒരുമിച്ച് പങ്കെടുക്കാനും സാധിച്ചിട്ടുണ്ട്. അന്ന് കണ്ടപ്പോള്‍ ആദ്യം തിരക്കിയത് ദമാമിലും റിയാദിലും രണ്ടു മൂന്ന് വര്‍ഷം മുമ്പ് തന്നെ സ്വീകരിച്ച ആതിഥേയരെ കുറിച്ചായിരുന്നു. പലരെയും പേരെടുത്തു തന്നെ അന്വേഷിച്ചുവെന്നതാണ് അദ്ഭുതം. ഒരിക്കല്‍ കാണുകയൊ പരിചയപ്പെടുകയോ ചെയ്തവരെ മറക്കില്ലായിരുന്നു അദ്ദേഹം. അവരുടെ എല്ലാ വിശേഷങ്ങളും ഒരു പൊതു സുഹൃത്തിനെ കണ്ടാല്‍ അദ്ദേഹം തിരക്കുമായിരുന്നു. ഇത് ഒരു അപൂര്‍വ സിദ്ധിയാണ് . വളരെ കുറച്ചു പേര്‍ക്ക് മാത്രം കാരുണ്യവാനായ ദൈവം അറിഞ്ഞു നല്‍കുന്ന സിദ്ധി. നമ്മുടെ സാംസ്‌കാരങ്ങളുടെ ആകാശത്തു നിന്ന് മാനവികതയുടെ താരകങ്ങള്‍ അണഞ്ഞു പോകുമ്പോഴുണ്ടാകുന്ന ഒരു തരം ഇരുട്ടുണ്ട്. ആ ഇരുട്ട് ഇപ്പോള്‍ കൂടുതല്‍ കനത്തു വരികയാണ്.