തിജീവനത്തിനായുള്ള പാച്ചില്‍ ഗുണന പട്ടിക പോലെയാണ്. ഒന്നില്‍ നിന്ന് രണ്ടായി അത് പെരുകി കൊണ്ടിരിക്കും. നില്‍ക്കാതെ പെയ്യുന്ന ദുരിത പെയ്ത്തില്‍ കാലിടറി വീഴുന്നതു വരെ പൊരുതി കൊണ്ടേയിരിക്കും. മനസില്‍ പെയ്‌തൊഴിയാതെ നില്‍ക്കുന്ന കണ്ണീരുമായി അവര്‍ യാത്ര തുടരുക തന്നെ ചെയ്യും. അല്ലാതെ വേറെ വഴിയില്ല . അതിജീവനം അത്രക്ക് പ്രധാനപ്പെട്ടതാണ് . അനുഭവിക്കുന്നവര്‍ക്കെ അതിന്റെ തീക്ഷ്ണത മനസിലാകു. ഗള്‍ഫിലെ വീട്ടു ജോലിക്കാരികളില്‍ ഭൂരിപക്ഷവും ഇത്തരം അതിജീവനത്തിന്റെ മാതൃകകളാണ്. ഗദ്ദാമയെന്നും ശക്കാലയെന്നും ഹൗസ് മെയിഡെന്നും വിളിക്കുന്ന ഈ വിഭാഗം ജീവിതം കൂടുതല്‍ മനോഹരമാക്കാന്‍ നാടു കടന്നവരല്ല. അതിജീവനമാണ് അവരെ നയിക്കുന്നത്. ജോലി ചെയ്യുന്ന വീടുകളിലെ ഗൃഹനാഥനും ഗൃഹനാഥയും അവര്‍ക്ക് ബാബയും മാമയുമാണ്. ഈ ബാബയും മാമയുമാണ് അവര്‍ക്ക് ശമ്പളവും ആഹാരവും നല്‍കുന്നത്. ആ ശമ്പളമാണ് അവര്‍ നാട്ടിലേക്ക് അയക്കുന്നതും അതിജീവനത്തിന്റെ പാതയിലൂടെ നീങ്ങാന്‍ അവര്‍ക്ക് കരുത്താകുന്നതും. 

ഗള്‍ഫിലെ ദൈനംദിന മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒന്നര പതിറ്റാണ്ട് കാലം ഗദ്ദാമമാരുമായി ബന്ധപ്പെട്ട നിരവധി സ്റ്റോറികള്‍ ചെയ്തിട്ടുണ്ട്. ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് ചാടി പോന്ന് പുറത്ത് ജോലി ചെയ്യുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്തവരുടെ ജീവിതമായിരുന്നു അധികവും റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇത്തരക്കാരെ നാട്ടിലെത്തിക്കാന്‍ ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ നെട്ടോട്ടമോടുന്നതും കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരാളായിരുന്നു സുബൈദ. അവരെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. പലപ്പോഴായി ഫോണില്‍ വിളിച്ച് കരഞ്ഞ് സഹായം അഭ്യര്‍ഥിച്ചിരുന്ന സുബൈദയെ കുറിച്ചും സ്റ്റോറി ചെയ്തിട്ടുണ്ട്. 

സുബൈദയെ തെറ്റിദ്ധാരണകളുടെ പേരില്‍ മാത്രം ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു. മക്കളെ വളര്‍ത്താന്‍ പിന്നീട് സുബൈദ നടത്തിയ യാത്രയായിരുന്നു പ്രവാസത്തിലേക്ക് അവരെ എത്തിച്ചത്. ഒരു ദുരന്ത കഥാപാത്രമായിരുന്നു സുബൈദ.  യാഥാര്‍ഥ്യത്തോട് വളരെ അടുത്ത് നില്‍ക്കുന്ന വിധത്തില്‍ പിന്നീട് അവരെ കുറിച്ച് പ്രമുഖ മാസികയുടെ വാര്‍ഷിക പതിപ്പില്‍ ഗദ്ദാമ എന്ന പേരില്‍ എഴുതിയിരുന്നു. അതാണ് പിന്നീട് ഏറെ മാറ്റങ്ങളോടെ കമല്‍ സിനിമയാക്കിയത്. ഗിരീഷ്‌കുമാറായിരുന്നു തിരക്കഥ. സിനിമയില്‍ സുബൈദ അശ്വതിയായി. സുബൈദ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. അവരുടെ മൂന്ന് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കാം. എന്നാലെ സുബൈദക്ക് വിശ്രമിക്കാന്‍ സാധിക്കു. 

സൗദിയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ഷിഹാബ് കൊട്ടുകാടിന്റെ വീട്ടില്‍ വെച്ച് കണ്ട വീട്ടുജോലിക്കാരിയായ സ്ത്രീയുടെ കഥയും വ്യത്യസ്തമായിരുന്നില്ല. ശരീരം തളര്‍ന്ന ഒരു ബാലനെ പൊക്കിയെടുത്ത് വാഹനത്തില്‍ കയറ്റുകയും തിരികെ ഇറക്കുകയുമായിരുന്നു ജോലി. നിരന്തരമായി ഭാരം എടുത്തതിനാല്‍ ആന്തരികാവയവങ്ങള്‍ക്ക് കാര്യമായ പരിക്ക് പറ്റിയിരുന്ന അവസ്ഥയിലാണ് അവര്‍ സഹായം തേടി സ്വകാര്യ ക്ലിനിക്കില്‍ എത്തിയത്. അന്ന് ആ ക്ലിനിക്കിന്റെ ചുമതല കെ.എം.സി.സി നേതാവായ അഷറഫ് വേങ്ങാട്ടിനായിരുന്നു. എത്ര സങ്കീര്‍ണമായ പ്രശ്‌നത്തെയും ചെറു പുഞ്ചിരിയോടെ നേരിടുന്ന ആളാണ് അഷറഫ്. ക്ലിനിക്കില്‍ അഷറഫ് നിരവധി പേര്‍ക്ക് ചികിത്സാ സഹായം നല്‍കിയിട്ടുണ്ട്. ചാന്ദ്പാഷയെ പോലെ അഭയം തേടിയെത്തിയ ചില പ്രവാസികളെ അഷറഫ് ജോലി പോലും നല്‍കി സംരക്ഷിച്ചിട്ടുണ്ട്. 

അഷറഫ് ചുമതല വഹിച്ചിരുന്ന ക്ലിനിക്കിലെ ഇരിങ്ങാലക്കുട സ്വദേശിനിയായ ഗൈനക്കോളജിസ്റ്റ് ഡോ.റീന സുരേഷിന്റെ ഏറെ ദിവസത്തെ ചികിത്സക്ക് ശേഷം അല്‍പം ഭേദപ്പെട്ടപ്പോഴാണ് മടക്ക യാത്രക്ക് മുമ്പ് ഈ സ്ത്രീ ഷിഹാബിന്റെ വീട്ടിലെത്തിയത്. നല്ല മഴ ലഭിച്ച ദിവസമായിരുന്നു അതെന്നാണ് ഓര്‍മ. അവരുടെ മുഖത്തും പെയ്ത് തീരാത്ത കണ്ണീരുണ്ടായിരുന്നു. മക്കളുടെ പഠനവും അവരുടെ വിവാഹവുമായിരുന്നു അവരുടെ മുന്നിലെ പ്രധാന പ്രശ്‌നം. അത് തന്നെയാണ് അവരെ അതിജീവനത്തിന് പ്രേരിപ്പിച്ചതും. 

നാട്ടിലേക്ക് മടങ്ങിയ അവരെ കുറെ മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തന്നെ ഒരു വീട്ടില്‍ ജോലിക്കായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ സാധിച്ചത് അവര്‍ കുവൈത്തിലേക്ക് പോയെന്നാണ്. പ്രവാസം തന്നെയാണ് അവരുടെ രക്ഷയെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കണം. കുവൈത്തില്‍ നിന്ന് ഏറെ ശ്രമപ്പെട്ട് നോര്‍ക്കയും സംസ്ഥാന സര്‍ക്കാരും  കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച ഒരു വീട്ടു ജോലിക്കാരിയെ തേടി ജിജി തോംസണ്‍ ഐ.എ.എസ് കുറച്ചു മാസങ്ങള്‍ക്ക് ശേഷം അവരുടെ വീട്ടിലെത്തിയ കഥ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ആ കഥയിലെ നായിക കുവൈത്തില്‍ അനുഭവിച്ച എല്ലാ വിഷമങ്ങളും മറന്ന് ഖത്തറിലേക്ക് പോയിരുന്നു. ഇതാണ് അതിജീവനം നല്‍കുന്ന വലിയ അനുഭവ പാഠം. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടു മുട്ടിയ വീട്ടു ജോലിക്കാരിയും അതീജീവനത്തിനായി പൊരുതുന്ന അമ്മയാണ്. ഇരുപത്തിമൂന്നാം വയസില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ അവര്‍ക്ക് മൂന്ന് പെണ്‍മക്കള്‍. ഏതാണ്ടെല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മാറി മാറി ജോലി ചെയ്ത് കൊഴിഞ്ഞു പോയത് രണ്ടര പതിറ്റാണ്ട്. മക്കളുടെയെല്ലാം വിവാഹം കഴിഞ്ഞു. വിശ്രമിക്കാമെന്ന് തീരുമാനമെടുത്തപ്പോഴാണ് മൂത്ത മകള്‍ക്ക് ഒരു പ്രശ്‌നം വന്നത്. അതോടെ വീണ്ടും പ്രവാസം വരിച്ചു . അതിജീവനത്തിന്റെ പുറത്ത് വിഷാദം പുരണ്ട ഒരു നെടുവീര്‍പ്പായി അവര്‍ മാറുന്നു.  കഴിഞ്ഞ ദിവസം വന്ന സഹായ അഭ്യര്‍ഥനയുടെ വോയ്‌സ് മെസേജിലെ സ്ത്രീ ശബ്ദവും പറയുന്നത് സ്വന്തമായി കിടപ്പാടമെന്ന സ്വപ്നത്തെ കുറിച്ചാണ്. സ്വപ്നം സാക്ഷാത്കരിച്ചെങ്കിലും ബാങ്ക് നല്‍കിയ കട വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുകയാണ്. ചെറു പ്രായത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീയാണ് അവരും. പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞെങ്കിലും പ്രാരാബ്ദങ്ങള്‍ ഒഴിയുന്നില്ല. ഇവരും അതിജീവനത്തിനായി പോരുതുന്ന ഒരമ്മയാണ്. അങ്ങനെ എത്രയോ പേര്‍. കഥകള്‍ സമാനം ജീവിതവും.