1989 ജനുവരി 11 

കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കുട്ടിയും ഞാനും ഒരു സ്‌കൂട്ടറില്‍ തൃപ്രയാര്‍ ലക്ഷ്യമാക്കി പോവുകയാണ്. പ്രത്യേകിച്ച് ഒരു കാര്യവുമില്ല.  അന്നു രാവിലെ തോന്നി തൃപ്രയാര്‍ വരെ  പോകാം. ബാലചന്ദ്രന്‍ വടക്കേടത്തിനെ കണ്ടിട്ട് കുറെ നാളായിരുന്നു. ഒന്നു കാണാം. വേറെയും ചില സുഹൃത്തുക്കളുണ്ട്. വൈകീട്ട് മടങ്ങാം. ഉടനെ മടങ്ങണമെന്നുമില്ല. അത്യാവശ്യം പൈസ കൈയിലുണ്ട്. അത് ചെലവായി തീരുന്നതു വരെ അങ്ങനെ കറങ്ങാം. തിരിച്ചെത്താനുള്ള പെട്രോളിനുള്ള പൈസ കഴിച്ച് ബാക്കിയൊക്കെ ചെലവാക്കി കഴിഞ്ഞാല്‍ സമാധാനം. അന്നത്തെ ജീവിതം അങ്ങനെയായിരുന്നു. ഇളം നീല നിറമുള്ള ഒരു പഴയ ലാംബ്രട്ട സ്‌കൂട്ടറാണ്. അന്നാളുകളില്‍ ആ സ്‌കൂട്ടര്‍ ചെന്നെത്താത്ത സ്ഥലങ്ങളില്ല. അന്ന് ആ യാത്ര പക്ഷെ തൃപ്രയാറില്‍ എത്തിയില്ല. മലയാള നോവലിനെ ജനകിയമാക്കിയ എഴുത്തുകാരന്‍ മൊയ്തു പടിയത്തിന്റെ വീടിനു മുന്നില്‍ ആ യാത്ര അവസാനിച്ചു.  

വീടിനു മുന്നില്‍ ചെറിയ ആള്‍കൂട്ടം കണ്ടാണ് ഞങ്ങള്‍ റോഡ് സൈഡില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയത്. എഴുത്തും ചിന്തകളും ഉപേക്ഷിച്ച് അദ്ദേഹം മരണത്തിന്റെ  തണുപ്പിലേക്ക് മടങ്ങിയിരിക്കുന്നു.  സമുദായ സമവാക്യങ്ങളെ സ്വന്തം ധൈഷണികത കൊണ്ട് മറി കടക്കുകയും നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്ത ധീരനായ ഒരാളുടെ ശാന്തമായ ഉറക്കം. മയ്യിത്ത് കിടത്തിയിരിക്കുന്ന കട്ടിലിന് അരികില്‍ മകന്‍ സിദ്ധിഖ ഷമീര്‍. സിദ്ധിഖ് എന്റെ ജൂനിയറായിരുന്നു. കോളേജ് വിട്ട ശേഷം കാണാമറയത്തുണ്ടായിരുന്നിട്ടും നേരില്‍ കണ്ടിരുന്നില്ല.  പെയ്തൊഴിയാന്‍ കാത്തു വെച്ച കണ്ണീരുമായ സിദ്ധിഖ് ഷമീര്‍ ഇതാ മുന്നില്‍. മയ്യിത്ത കണ്ട് പുറത്തിറങ്ങി. അധികം ആളുകളില്ല. സാംസ്‌കാരിക നായകന്‍മാര്‍ ഇല്ലെന്നു തന്നെ പറയാം. ഏതാനും കിലോ മീറ്ററുകള്‍ക്ക് അപ്പുറത്താണല്ലൊ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍. അവിടെ സാഹിത്യ അക്കാദമി. നിരവധി സാംസ്‌കാരിക നായകന്‍മാരുടെ വീടുകള്‍ തൃശൂരിലുണ്ട്. അറിയാഞ്ഞിട്ടോ അറിഞ്ഞിട്ട് വരാഞ്ഞിട്ടോ എന്നറിയില്ല. 'കാണാനുള്ളത് കരളില്‍ പകരാന്‍ ' ഇനി മൊയ്തു പടിയത്തില്ലെന്ന തിരിച്ചറിവ് നൊമ്പരമായി. 

കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തു തന്നെ മൊയ്തു പടിയത്ത് എഴുത്തു തുടങ്ങിയിരുന്നു. പിതൃ സഹോദര പുത്രന്‍ യൂസഫ ്പടിയത്തും ( സംവിധായകന്‍ കമലിന്റെ ഭാര്യാ പിതാവ് ) ത്രിമൂര്‍ത്തിയുമാണ് മൊയ്തു പടിയത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്. അച്ചടിക്കപ്പെട്ട ആദ്യ കഥ ബീവിയുടെ കത്ത്. പില്‍ക്കാലത്ത് എഴുതിയ കഥകള്‍ അധികവും മുസ്ലിം പശ്ചാത്തലത്തിലാണ്.  ഭ്രാന്തന്‍ എന്ന പേരിലും ചില കഥകള്‍ എഴുതിയിട്ടുണ്ട്. 1955 ലാണ് ആദ്യ നോവലായ ഉമ്മ പ്രസിദ്ധീകരിക്കുന്നത്. 1960 ല്‍ അത് സിനിമയായി. ഒരു പക്ഷെ മുസ്ലിം പശ്ചാത്തലത്തില്‍ ഇറങ്ങി സാമ്പത്തിക വിജയം നേടിയ  ആദ്യ സിനിമ.  120 ല്‍ അധികം കൃതികള്‍. പത്തോളം സിനിമകള്‍.  കെ.എം.മൗലവിയെ പോലുള്ളവരുടെ പ്രഭാഷണങ്ങളാണ് സമുദായ പരിഷ്‌കരണ , നവോത്ഥാന രംഗത്തേക്ക് മൊയ്തു പടിയത്തിനെ തിരിച്ചു വിട്ടത്. 

പടിയത്ത് പുത്തന്‍കാട്ടില്‍ അബ്ദുല്‍ കരീമിന്റെയും അയ്യാരില്‍ ചക്കപ്പന്‍ചാലില്‍ കുഞ്ഞിബീപാത്തുവിന്റെയും മൂത്ത മകനായി 1930 മെയ് 28 ന് ജനനം. ഏഴാം വയസില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ ധിഷണാശാലി. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കിയ തറവാടാണ് പടിയത്ത് തറവാട്. എറിയാട്, അഴീക്കോട്, കോതപറമ്പ്, കാര, മതിലകം, കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം , തളിക്കുളം ഭാഗങ്ങളിലെ ഏതാണ്ടെല്ലാ മുസ്ലിം തറവാടുകളും  സ്വതന്ത്യത്തിന് മുമ്പും ശേഷവും  വിദ്യഭ്യാസത്തിന്  പ്രാധാന്യം നല്‍കിയതായി കാണാം.   ഈ ഭാഗത്തെ മുസ്ലിം തറവാടുകള്‍ സാംസ്‌കാരിക കേരളത്തിന് സംഭാവന ചെയ്ത പ്രതിഭകളും ധാരാളം. കൊടുങ്ങല്ലൂര്‍ അഴീക്കോട് ഭാഗങ്ങളിലെ മുസ്ലിം തറവാടുകള്‍ വിവാഹ ബന്ധങ്ങളിലൂടെ പരസ്പരം കോര്‍ത്തിണക്കപ്പെട്ടിട്ടുണ്ട്. ആരെ കണ്ട് സംസാരിച്ചാലും ഒരു മൂത്താപ്പ, മൂത്തുമ്മ ,എളാപ്പ, എളീമ ബന്ധം പാരമ്പര്യത്തിന്റെ ഞരമ്പുകളുമായി കെട്ടു പിണഞ്ഞതായി കാണാം. 

പടിയത്തിന്റെ മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കൊടുങ്ങല്ലൂരില്‍ ഒരു  അനുസ്മരണ യോഗം നടത്തി. സദസ് നിറയെ ആളുകളെ ഞാന്‍  പ്രതീക്ഷിച്ചിരുന്നു. അസ്മാബി കോളേജിലെ ഇംഗ്ലീഷ് പ്രോഫസര്‍ ആര്‍.പി മേനോന്‍, നാടക കൃത്തും കവിയുമായ ബക്കര്‍ മേത്തല, കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കുട്ടി, പ്രൊഫ.പീതാംബരന്‍ , ഫോട്ടോഗ്രാഫറും ചിത്രകാരനുമായ കൃഷ്ണകുമാര്‍, പ്രേമചന്ദ്രന്‍  തുടങ്ങി ഏതാനും പേര്‍ മാത്രം. അടുത്ത ദിവസം മാതൃഭൂമിയുടെ പ്രാദേശിക ലേഖകന്റെ  ബോക്സ് സ്റ്റോറിയുടെ ശീര്‍ഷകം ഇങ്ങനെ, ജന്‍മ നാടും പടിയത്തിനെ . വലിയ അവഗണനയെ കുറിച്ച് ഒരു ചെറിയ വാര്‍ത്ത.  

ആ വാര്‍ത്ത ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇന്നും നില നില്‍ക്കുകയാണ്. ജന്‍മനാട് മൊയ്തു പടിയത്തിന് അര്‍ഹമായ അംഗീകാരം നല്‍കിയോ  ?  ഞാന്‍ ഉള്‍പ്പടെയുള്ള കൊടുങ്ങല്ലൂര്‍ക്കാര്‍ മൊയ്തു പടിയത്തിനെ മറന്നു. ജന്‍മനാട്ടില്‍ അദ്ദേഹത്തിന് സ്മാരകങ്ങളില്ലെന്നാണ് അറിവ്. ലക്ഷക്കണക്കിന് വായനക്കാരുടെ മനസില്‍ മൊയ്തു പടിയത്ത് സിനിമകളിലൂടെയും നോവലുകളിലൂടെയും ജീവിക്കുന്നു. സാംസ്‌കാരിക ഭൂമികയില്‍ മായാത്ത ഒരു കൈയൊപ്പു ധാരാളം.  ആ കൈയൊപ്പിന് മരണമില്ല. 1982 മുതല്‍ സ്ഥിരമായി  എഴുതി കൊണ്ടിരുന്ന എനിക്ക് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് മാതൃഭൂമി വാരാന്തപതിപ്പില്‍ നല്ലൊരു കവര്‍ സ്റ്റോറി ചെയ്യാമായിരുന്നു. ( ലോക പ്രശസ്ത ചിത്രകാരന്‍ കൊടുങ്ങല്ലൂര്‍ മാധവമേനോനെയും ഞങ്ങള്‍ നാട്ടുകാര്‍ തിരിച്ചറിഞ്ഞില്ല) . 

അതെന്റെ തെറ്റ്. 1989 ജനുവരി 11 ന് തൃപ്രയാര്‍ യാത്ര വേണ്ടെന്ന് വെച്ച് കൊടുങ്ങല്ലൂര്‍ക്ക് മടങ്ങുമ്പോള്‍ എന്റെ മനസില്‍ ഒരു വിങ്ങലായിരുന്നു. ധിക്കാരിയും നൈതിക ബോധങ്ങളുടെ കാവല്‍ക്കാരനുമായിരുന്ന ഒരു അപൂര്‍വ ജന്‍മത്തെയാണ് ഞാന്‍ കാണാതെ പോയത്.  വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും ബക്കറും സിദ്ധിഖ് ഷമീറിനെ തേടി പോയിരുന്നു. പിന്നീട് ഇപ്പോഴാണ് വീണ്ടും അസ്മാബിയന്‍സ് എന്ന ഗ്രൂപ്പിലൂടെ ബന്ധപ്പെടുന്നത്. അതിനിടയില്‍ കടന്നു പോയ കാലം കവര്‍ന്നെടുത്ത വയസെത്ര ? സിദ്ധിഖും ഞാനും പരസ്പരം ചോദിച്ചു. സിദ്ധിഖ് ഷമീര്‍ അറിയപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. പുതിയ എഴുത്തിന്റെയും സിനിമയുടെയും ചിന്തയിലാണ്  സിദ്ധിഖ് ഷമീര്‍. 

മലയാള നോവല്‍ സാഹിത്യത്തിലെ മുസ്ലിം പശ്ചാത്തല കൃതികളെ കുറിച്ച് രണ്ട് പ്രധാനപ്പെട്ട പഠനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ അതില്‍ മൊയ്തു പടിയത്ത് ഇല്ലാതെ പോയത് എന്തു കൊണ്ടാണെന്ന് അറിയില്ല. ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ മലയാളത്തിലെ ആദ്യത്തെ എഴുത്തുകാരനല്ല മൊയ്തു പടിയത്ത്.  അത് ചിലരുടെ വിധിയാണ്. കാരണങ്ങള്‍ പലതാണ്. സാഹിത്യ ലോകത്ത് തന്നെയുള്ള സൗഹൃദങ്ങളുടെ കുറവ്. ലോബികളുടെയും മുഖ്യധാരാ നിരൂപകരുടെയും പിന്തുണ ലഭിക്കാതിരിക്കല്‍.  സാഹിത്യവുമായി ബന്ധപ്പെട്ട എസ്റ്റാബ്ലിഷ്മെന്റുകളായ അക്കാദമി പോലുള്ള പ്രസ്ഥാനങ്ങളെ തിരുത്താന്‍ ശ്രമിക്കല്‍.  സത്യസന്ധമായ വിമര്‍ശനങ്ങള്‍. ഇങ്ങനെ പല ഘടകങ്ങള്‍ തിരസ്‌കാരവുമായ ബന്ധപ്പെട്ട്  ചൂണ്ടികാട്ടാം.

 മൊയ്തു പടിയത്ത് സ്വന്തം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ സൃഷ്ടിച്ചെടുത്ത പശ്ചാത്തലത്തിന് പൊതു സാമൂഹ്യ ബന്ധം കൂടിയുണ്ടായിരുന്നു. ജീവിതത്തില്‍ താന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ സത്യങ്ങളാണ് തുറന്നെഴുതിയത്. സ്വാഭാവികമായും എതിര്‍പ്പുകള്‍ക്ക് വഴി വെച്ചെങ്കിലും അതോടൊപ്പം മാറ്റങ്ങളും സംഭവിച്ചു. അതായിരുന്നു ആ എഴുത്തിന്റെ വിജയം. മൊയ്തു പടിയത്ത് കഥ പറയുന്ന ലളിതമായ രീതിയെ വായനക്കാര്‍ ഇഷ്ടപ്പെട്ടു. ആസ്ഥാന നിരൂപകര്‍ അവഗണിച്ച മൊയ്തു പടിയത്തിനെ വായനക്കാര്‍ ജനകിയ എഴുത്തുകാരനാക്കി.  ഇന്നും ആ നോവലുകള്‍ക്ക് വായനക്കാരുണ്ട്. പുതു കാലത്തിന്റെ പുസ്തക നിര്‍മിതിയില്‍ പുറത്തിറക്കിയാല്‍ ഇപ്പോഴും പലതും ബെസ്റ്റ് സെല്ലറാകും. മെയ്തു പടിയത്തില്‍ നിന്ന് മൊയ്തു വെട്ടി മാറ്റി പടിയത്ത് എന്ന പേരില്‍ മാത്രവും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. 

പേരിലെ ഈ മാറ്റത്തിനു പിറകിലും ഒരു കഥയുണ്ട്. അതാകട്ടെ ഒരു ചരിത്രവുമാണ്. അടങ്ങാത്ത ദാഹം, മുത്ത് തുടങ്ങിയ നോവലുകളുടെ കവറുകളില്‍ നിങ്ങള്‍ പടിയത്ത് എന്നു മാത്രമെ കാണു. തറവാട്ടു കാരണവന്‍മാര്‍ക്ക് നിരന്തരം തലവേദന സൃഷ്ടിച്ച മൊയ്തു പടിയത്തിന് സമുദായ ഭൃഷ്ട് കല്‍പിക്കാന്‍ വരെ നീക്കം നടന്നു. പ്രമാണിമാരും പുരോഹിതന്‍മാരും യാഥാസ്ഥിതികന്‍മാരും മൊയ്തു പടിയത്തിന്റെ ചിന്താസരണിയെ നിശ്ചലമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പില്‍ക്കലത്ത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. താന്‍ കണ്ട ജീവിതങ്ങള്‍ വെറുതെ കഥയാക്കുകയായിരുന്നില്ല മൊയ്തു പടിയത്ത്.

 ആ കഥകള്‍ സ്നേഹഭാവനയുടെ തൂവല്‍ സ്പര്‍ശമായി മനസിനെ തഴുകുന്നു.  ശല്യക്കാരനായി മാറിയ മൊയ്തു പടിയത്തുമായി തറവാട്ടു കാരണവന്‍മാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പടിയത്ത് ഒഴിവാക്കി മൊയ്തു എന്നു മാത്രം വെച്ച് എഴുതണമെന്നായിരുന്നു തീരുമാനം. ഈ തീരുമാനത്തെ സധൈര്യം തള്ളി കളഞ്ഞ മൊയ്തു പടിയത്ത് നേരെ തിരിച്ച് പ്രവര്‍ത്തിച്ചു. മൊയ്തു ഒഴിവാക്കി പടിയത്ത് മാത്രം വെച്ച് പുസ്തകങ്ങള്‍ ഇറക്കി. നിരന്തരം എഴുതി. അതായിരുന്നു മൊയ്തു പടിയത്ത്. ഒരു പക്ഷെ ഇന്നത്തെ തലമുറയും ഇതിനു തൊട്ടു മുമ്പുള്ള തലമുറയും മൊയ്തു പടിയത്തിനെ കൂടുതല്‍ അറിയുന്നത് അദ്ദേഹത്തിന്റെ കഥകളെ ആസ്പദമാക്കിയെടുത്ത സിനിമകളുടെ പേരിലാണ്. ഉമ്മ, കുട്ടികുപ്പായം, യത്തീം,  മൈലാഞ്ചി, കുപ്പിവള, മണിയറ തുടങ്ങിയ പടിയത്ത് കഥയില്‍ ഇറങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയുടെ ചരിത്രത്തിലെ വന്‍ ഹിറ്റുകളാണ്. അല്ലാഹു അക്ബര്‍ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഇബിലീസുകള്‍ മേയുന്ന ദുനിയാവാണ് അവാസനാമായി എഴുതിയത്. ദാര്‍ശനിക  വിചാരത്തിന്റെ സ്ഫുരണം പോലെ അദ്ദേഹത്തിന്റെ  അവസാന നോവല്‍