തിജീവനത്തിന്റെ പലായനങ്ങള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് പുതുമയുള്ള കാര്യമല്ല. കൊറോണയുടെ ഈ ലോക്ക് ഡൗണ്‍ കാലത്ത് അവരുടെ നടത്തത്തിന് പകര്‍ച്ചവ്യാധിയുടെ ഭീതിയുമായി ബന്ധം വന്നതോടെയാണ് കൂട്ട പലായനം തുടങ്ങിയത്. അതാകട്ടെ ഈ സമയം കാരണം ദേശിയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ലോകത്തെ അറിയിച്ചു. തൊട്ടു പിറകെ പ്രാദേശിക ഭാഷാ പത്രങ്ങളും ചാനലുകളും രംഗത്തു വന്നു. ഇതോടെ ഇന്ത്യ മുഴുവന്‍ കൊറോണകാലത്തെ കൂട്ട പലായനങ്ങള്‍ ചര്‍ച്ചാ വിഷയമായി. നല്ലത്. ഇപ്പോഴെങ്കിലും ഇത്തരം പലായനങ്ങള്‍ ചര്‍ച്ചയായല്ലൊ.  

ഇന്ത്യന്‍ ഗ്രാമീണ  റിപ്പോര്‍ട്ടിംഗ് മേഖലയിലെ വിഖ്യാത മാധ്യമ പ്രവര്‍ത്തകനായ പി.സായിനാഥ് പതിറ്റാണ്ടുകളായി ഈ പലായന നടത്ത പ്രതിഭാസത്തെ കുറിച്ച് നമ്മോടു വിളിച്ചു പറയുന്നുണ്ട്. അതാരും ശ്രദ്ധിച്ചിരുന്നില്ല. സായിനാഥിന്റെ എവരിബഡി ലവ്‌സ് എ ഗുഡ് ഡ്രോട് എന്ന പുസ്തകത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ യാഥാര്‍ഥ്യങ്ങള്‍ വെളിവാക്കുന്നുണ്ട്. നിരവധി വര്‍ഷങ്ങളിലെ ഗവേഷണത്തിനു ശേഷം തയാറാക്കിയതാണ് ഈ പുസ്തകം. (ഇതിന്റെ മലയാളം പരിഭാഷ മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്)

എവരി ബഡി ലവ്‌സ എ ഗുഡ് ഡ്രോട്ട് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ തൊഴിലാളികളുടെ കൂട്ട പലായനം ഇന്ന് ചര്‍ച്ച ചെയ്യുന്നവര്‍ സായിനാഥിനെ അറിയണം. ഈ പുസ്തകം മറിച്ചെങ്കിലും നോക്കണം. കണക്കുകളുടെ ചതുരങ്ങളില്‍ ഇന്ത്യയില്‍ ദാരിദ്ര്യം കുറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം അതല്ലെന്ന് ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തും. നമ്മള്‍ ഏറെക്കുറെ തുടച്ചു നീക്കിയെന്ന് പറയുന്ന ക്ഷയ രോഗം ബാധിച്ച് ഇപ്പോഴും ഇന്ത്യയില്‍ പതിനായിരങ്ങള്‍ മരിക്കുന്നുണ്ടെന്ന് നാം അറിയും. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ജീവിതാവസ്ഥ അതി ദയനിയമാണ്. കേരളത്തില്‍ ജീവിക്കുന്ന ശരാശരി മലയാളിക്ക് ഇത് പെട്ടെന്ന് ഉള്‍ കൊള്ളാനാവില്ല. 

കേരളിയ നവോത്ഥാനം പോലെ  വിപ്ലവകരമായ ഒരു ചുവടു വെപ്പും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടന്നിട്ടില്ല. കടുത്ത ജാതിയതയും അതുമായി ബന്ധപ്പെട്ട വിവേചനങ്ങളും ആത്മാഭിമാന സംരക്ഷണ കൊലപാതകങ്ങളും നിര്‍ബാധം നടക്കുന്നു. നമ്മുടെ ദേശിയ മാധ്യമങ്ങള്‍ അടക്കം റൂറല്‍ റിപ്പോര്‍ട്ടിംഗിനു വലിയ പ്രാധാന്യം കൊടുക്കാത്തതു കൊണ്ട് ഇതു പുറത്തറിയുന്നില്ല. എളുപ്പത്തില്‍ വര്‍ഗീയത ആളികത്തിക്കാവുന്ന ചില ഉത്തരേന്ത്യന്‍ സംഭവങ്ങളുടെ വീഡിയോ കവറേജിനു അപ്പുറത്ത് സാമൂഹ്യ മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുക്കുന്നില്ല. 

ഇന്നിപ്പോള്‍ ഉത്തരേന്ത്യന്‍ ഗ്രാമീണ തൊഴിലാളികളുടെ  നടത്തത്തിനു പിറകിലെ രാഷ്ട്രീയം വരെ ചര്‍ച്ചയാകുന്നു. വാസ്തവത്തില്‍ രാഷ്ട്രീയമല്ല മാനവികതയാണ് ചര്‍ച്ചയാകേണ്ടത്. കാരണം ഇത് പതിറ്റാണ്ടുകളായി തുടരുന്ന പ്രതിഭാസമാണ്. പട്ടിണി, കാലാവസ്ഥാ വ്യതിയാനം, ജൈവപരമായ കാരണങ്ങള്‍, തൊഴിലില്ലായ്മ ,ആഭ്യന്തര കലാപം തുടങ്ങി നിരവധി കാരണങ്ങളുടെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്  പലായനം നടക്കുന്നുണ്ട്. ഇത് ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നതുമല്ല. ആഫ്രിക്കന്‍ രാജ്യങ്ങളിലും മെക്‌സിക്കോ മുതലായ രാജ്യങ്ങളിലും നിരന്തരം സംഭവിക്കുന്നുണ്ട്. 

ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യു.എന്‍.എച്ച്.സി.ആറിന്റെ ( യു.എന്‍ അഭയാര്‍ഥി ഏജന്‍സി)  ഇത്തരം പലായനങ്ങളെ കുറിച്ചുള്ള നിര്‍വചനം തന്നെ ഇന്റേണലി ഡിസ്‌പ്ലെയിസ്ഡ് മൈഗ്രേഷന്‍ എന്നാണ്.  ആഗോളതലത്തില്‍ ഇന്റേണല്‍ മോണിറ്ററിംഗ് ഡിസ്‌പ്ലെയിസ്‌മെന്റ് മോണിറ്റര്‍ സെന്റര്‍ ( ഐ.ഡി.എം.സി) തന്നെ ഇതിന്റെ കണക്കെടുപ്പിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ പലായനം ചെയ്യുന്നവരെ സഹായിക്കാന്‍ 2021 വരെയുള്ള പദ്ധതികള്‍ക്കും ഐക്യരാഷ്ട്ര സഭ രൂപം കൊടുത്തിട്ടുണ്ട്. 

സഹായം എവിടെയൊക്കെ എത്തുന്നുണ്ടെന്നതു പോലെ അതു ലഭ്യമാക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കുന്നുവെന്നതു കൂടി പ്രധാനപ്പെട്ട കാര്യമാണ്. വ്യവസായിക വിപ്ലവത്തിന്റെ ചൈനയിലാണ് ഇത്തരം പലായനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. രണ്ടാം സ്ഥാനത്ത് ഫിലിപ്പൈന്‍സും മൂന്നാം സ്ഥാനത്ത് ഇന്ത്യയും നാലാം സ്ഥാനത്ത് ഇന്‍ഡോനേഷ്യയുമാണ്. കണക്കുകളില്‍ എല്ലാ വര്‍ഷവും വരുന്ന വ്യത്യാസത്തിന് അനുസരിച്ച് ഈ സ്ഥാന നിര്‍ണയത്തിലും മാറ്റം വരാറുണ്ടെങ്കിലും ചൈന തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ജന സംഖ്യാനുപാതവും കണക്കിലെടുക്കണമല്ലൊ. 

2017 ലെ കണക്കനുസരിച്ച് മാത്രം 24 ലക്ഷം ജനങ്ങള്‍ ഇന്ത്യക്ക് അകത്ത് തന്നെ അവര്‍ ജീവിച്ചിരുന്ന പ്രദേശങ്ങള്‍ വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറ്റ പലായനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരോ വര്‍ഷവും ഈ കണക്കില്‍ പത്തു മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടാകുന്നുണ്ട്. ഇക്കാര്യം 2015 ല്‍ തന്നെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സായിനാഥ് ചൂണ്ടികാട്ടിയിരുന്നു. പതിറ്റാണ്ടുകളായി റൂറല്‍ റിപ്പോര്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സായിനാഥിനെ പോലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എഴുതുകയും പറയുകയും ചെയ്തിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്തര്‍ സംസ്ഥാന പലായനങ്ങളെ കുറിച്ച് ഗൗരവപൂര്‍വമായ പഠനം നടത്തിയിട്ടില്ല.

 അത്യുഷ്ണ കാലത്ത് ബിഹാറില്‍ നിന്നും യുപിയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും പതിനായിരക്കണക്കിന് ഗ്രാമീണരാണ് കന്നുകാലികള്‍ ഉള്‍പ്പടെയുള്ള സ്ഥാവര ജംഗമ സ്വത്തുക്കളുമായി പലായനം ചെയ്യുന്നത്. മഴക്കാലത്തും ഇതേ പലായനങ്ങള്‍ നടക്കുന്നു. അതിനിടയില്‍ പലായന വഴികളില്‍ വീണ് കുട്ടികളും സ്ത്രീകളും വൃദ്ധരും യുവാക്കളും മരണപ്പെടുന്നുണ്ട്. ഈ മരണങ്ങള്‍ കണക്കില്‍ പെടാറില്ല.  

 ഗ്രാമങ്ങളില്‍ ജോലിയില്ലാതാകുമ്പോഴും കന്നുകാലികള്‍ കൂട്ടത്തോടെ ചത്തു വീഴുമ്പോഴും നിര്‍ധനരും നിസഹായരും നിരക്ഷരരുമായ ഗ്രാമീണ ജനതക്കു മുന്നില്‍ പലായനമല്ലാതെ വേറെ വഴിയില്ല. ഈ പരിപ്രേക്ഷ്യത്തില്‍ നോക്കുമ്പോള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെയും തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും പാവപ്പെട്ടവര്‍ക്ക്  മുന്നില്‍ കേരളം പോലെ ഒരു സംസ്ഥാനം തുറന്നു കൊടുത്ത സാധ്യതകള്‍ വളരെ വലുതാണ്. ആ സാധ്യതകള്‍ അവര്‍  പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ വേനലും മഴയും കാരണം സ്വന്തം ഗ്രാമത്തില്‍ തൊഴില്‍ രഹിതരാക്കുന്നവര്‍ മാത്രമല്ല അല്ലാത്തവരും കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളെന്നോ അതിഥി തൊഴിലാളികളെന്നോ എന്തു പേരിട്ടു വിളിച്ചാലും ഇവര്‍ ഇന്ത്യക്ക് അകത്തു നടക്കുന്ന പലായനത്തിന്റെ കണക്കില്‍ പെടുന്നവര്‍ തന്നെയാണ്. 

 മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തെ കുറിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായ പഠനം നടത്തി കൊണ്ടിരിക്കുന്ന സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസിലെ ഗവേഷകര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ കുറിച്ചു കൂടി ഗൗരവത്തോടെ പഠിക്കണം. ഭാവിയില്‍ ഈ സര്‍വെയും കേരളത്തിന് ആവശ്യമായി വരും. കൃത്യമായ കണക്ക് തന്നെ തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ശേഖരിക്കേണ്ടതുണ്ട്. നാളെ കേരളത്തിന്റെ ് അസംഘടിത തൊഴില്‍ മേഖല വീണ്ടും മലയാളികള്‍ തന്നെ കൈകാര്യം ചെയ്യുന്ന ഒരവസ്ഥ സങ്കല്‍പിക്കുക. അന്ന് ഈ അതിഥി തൊഴിലാളികള്‍ അനിവാര്യമായ മറ്റൊരു പലായനത്തിലേക്ക് തിരിയും. തൊഴിലിന് ആളെ വേണ്ടാത്ത അവസ്ഥ വന്നാല്‍ ആ നിമിഷം അവര്‍ പലായനം ചെയ്യും. സമീപ ഭാവിയിലൊന്നും പക്ഷെ ഇതു പ്രതീക്ഷിക്കേണ്ടെന്ന് മാത്രം.