ഫാദര്‍ ബോബി ജോസ് കട്ടിക്കാടിനെ നേരിട്ട് അറിയില്ല. വായനയുടെയും എഴുത്തിന്റെയും ലോകത്തുനിന്ന് ഏറെ അകന്നു പോയിരുന്ന കാലത്താണ് സുഹൃത്തും വഴികാട്ടിയുമായിരുന്ന സഖാവ് ബി.എസ് രാജീവിന്റെ മരണം. തിരുവനന്തപുരം ജില്ലയിലെ അറിയപ്പെടുന്ന സി.പി.എം നേതാവായിരുന്നു ബി.എസ്.രാജീവ് എന്ന സൗമ്യനായ മനുഷ്യന്‍. അധ്യാപകനായിരുന്നു. നല്ല വായനക്കാരനായിരുന്നു. എപ്പോഴൊക്കെ നിന്ദയുടെയും ഏകാന്തതുയുടെയും ലോകത്തെ തണുത്തറുഞ്ഞ ഇടനാഴികളില്‍ ശ്വാസം കിട്ടാതെ പിടഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ നല്ല സൗഹൃദങ്ങള്‍ എനിക്കു നേരെ കൈ നീട്ടിയിട്ടുണ്ട്. വരൂ , എഴുന്നേല്‍ക്കു. നടക്കാന്‍ ഇനിയും ഏറെ ദൂരമുണ്ടെന്ന് അവര്‍ പറയും. മനസ് നിറയെ കണ്ണീരുമായി ഞാന്‍ അവര്‍ക്ക് മുന്നില്‍ മുട്ടു കുത്തും. അവരില്‍ പലരെയും വേദനിപ്പിച്ചിട്ടുണ്ടെന്ന കുറ്റ ബോധത്താല്‍ നീറി പിടയും. പിന്നെ പതുക്കെ നടന്നു തുടങ്ങും. 

ബി.എസിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ഫാദര്‍ ബോബി ജോസിന്റെ കൂട്ട് എന്ന പുസ്തകത്തെ കുറിച്ച് അറിയുന്നത്. സഖാവ് രാജീവിന്റെ സഹോദരന്‍ ബി.എസ്.രതീഷാണ് ഈ പുസ്തകത്തെ കുറിച്ച് ആദ്യമായി പറഞ്ഞത്. ചലച്ചിത്ര ,ടെലിവിഷന്‍ പ്രവര്‍ത്തകനാണ് രതീഷ്. വായിക്കാന്‍ ഏറെ ആഗ്രഹിച്ച പുസ്തകം എത്തിച്ചു തരാന്‍ കവിയും നല്ല വായനക്കാരനുമായ ഷിഹാബിനോട് പറഞ്ഞെങ്കിലും ഷിഹാബ് പെട്ടെന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതിനാല്‍ അതിനു സാധിച്ചില്ല. സാധാരണ ഷിഹാബാണ് എനിക്ക് പുസ്തകങ്ങള്‍ എത്തിച്ചു തരാറുള്ളത്. എന്റെ കൈയില്‍ സ്വന്തമെന്ന് പറയാവുന്ന 800 ല്‍ അധികം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഭൂരിപക്ഷവും ചിതലരിച്ചു പോയി. അറിവു തിന്നു തീര്‍ത്ത ചിതലുകളോട് പറയാനൊന്നുമില്ല. എവിടെയാക്കെ ചിതല്‍ കൂട്ടങ്ങളെ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ വല്ലാത്ത ബഹുമാനം തോന്നിയിട്ടുണ്ട്. കുറച്ചു കാലം മുമ്പ് കുറെ പുസ്തകങ്ങള്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ അനാഥാലയത്തിനു നല്‍കി. 

അപൂര്‍വമായ ചില പുസ്തകങ്ങള്‍ മക്കളും ഭാര്യയും കൂടി ഒരു തുകല്‍ പെട്ടിയിലാക്കി സൂക്ഷിക്കുന്നുണ്ട്. ഫാദര്‍ ബോബി ജോസിന്റെ പുസ്തകം ആ കൂട്ടത്തിലില്ല. ഇപ്പോഴും എനിക്ക് അത് കിട്ടിയിട്ടുമില്ല. എങ്കിലും ആ പുസ്തകത്തെ ഞാനറിയുന്നു. അതിലെ വരികളെ ഞാന്‍ സ്പര്‍ശിക്കുന്നു. അതു കൊണ്ടാണ് നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറം പഴയ കാമ്പസ് കാല ചങ്ങാതിമാരെ സൈബര്‍ ലോകത്തു കൂടെയെങ്കിലും തിരികെ കിട്ടുമ്പോള്‍ സന്തോഷം തോന്നുന്നത്. നിനക്കാതെ പെയ്ത മഴയില്‍ ഒരു മാത്ര കേറി നില്‍ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതിയെന്ന് ഫാദര്‍ പറയുന്നു. ഋതുഭേദങ്ങളുടെ നൈരന്തര്യങ്ങളില്‍ വിണ്ടു കീറിയ പാദങ്ങളും വിഴുപ്പു വസ്ത്രങ്ങളുമായി നിങ്ങളെ അനുഗമിക്കുന്ന പൊടി പുരണ്ട ആത്മാവാണ് ചങ്ങാതിയെന്ന് കൂട്ടില്‍ പറയുന്നു. യാത്രകളുടെ ഏതോ ഘട്ടത്തില്‍ ചങ്ങാതി ചോദിക്കുന്നുണ്ട് , നിനക്കും എന്നെ വിട്ടു പോകണമോ ? അപ്പോള്‍ അയാള്‍ ആ വലിയ മുക്കുവനെ പോലെ വിവേകിയാകുന്നു, നിന്നെ വിട്ടു ഞാന്‍ എങ്ങോട്ടു പോകാന്‍ ? 

ആയുസിന്റെ ഏടുകള്‍ മറിഞ്ഞു പോയ നാലു പതിറ്റാണ്ടെന്ന് പറയുന്നത് നിസാര കാലയളവല്ല. 1976 നും 78 നും ഇടയില്‍ കൂടെ പഠിച്ചിരുന്ന പലരെയും മറന്നു പോയിരുന്നു. സൗഹൃദത്തിന്റെ നൈരന്തര്യം കാത്തു സൂക്ഷിച്ചവര്‍ അപൂര്‍വം. ഇടക്കിടെ ബന്ധപ്പെട്ടിരുന്നു ഇഖ്ബാല്‍ കാക്കശേരി. ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ നസറുദ്ദീന്‍. പിന്നെ അബ്ദുല്ലാ പടിയത്തും നജീബും. ഹോളണ്ടി ബാങ്ക് നിസാറിനെയും ടൈറ്റസിനെയും റഷീദിനെയും കമറുവിനെയും ഇടക്കിടെ കാണുമായിരുന്നു. കമറു ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 

 രണ്ട് ഷാനവാാസുമാരെയും കണ്ടു മുട്ടിയിരുന്നു. ഷാഹുല്‍ ഹമീദിനെയും വിശ്വംഭരനെയും അതു പോലെ കാണാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ നജീബിനും അബ്ദുല്ലക്കും ഇക്കുവിനും റഷീദിനുമൊക്കെ ഒരു ഉള്‍വിളി .ആ ഉള്‍വിളിക്ക് ഉത്തരമായി അസ്മാബിയന്‍സ് 76 , 78 എന്ന വാട്സ്ആപ്പ് ഗ്രൂപ്പ്. ഏറെ ശ്രമകരമായിരുന്നു പഴയ സഹപാഠികളെ കണ്ടെത്തല്‍. ശ്രമം തുടര്‍ന്നു. ഓരോരുത്തരായി സൈബര്‍ പാതകളിലൂടെ വരുമ്പോള്‍ അനുഭവിക്കുന്ന ആത്മനിവൃതിക്ക് പകരം വെക്കാനില്ല. ഷാനുവിനെയാന്നും ഒട്ടും ഓര്‍മയുണ്ടായിരുന്നില്ല. പക്ഷെ അയാള്‍ സൈബര്‍ ലോകത്തു കൂടി നീട്ടിയത് വലിയ ചങ്ങാത്തമാണ്. അയാള്‍ ഇല്ലെങ്കില്‍ ഇപ്പോള്‍ ഗ്രൂപ്പ് നിശ്ബ്ദമായി പോകുന്നതു പോലെയാണ് അനുഭവപ്പെടുക. അങ്ങനെ വേറെയും ചിലരുണ്ട്. ഷരീഫും ഡോ.സുന്ദറും ഡോ.രാധാകൃഷ്ണനും അന്‍സാരിയും സിദ്ധിഖും നിസാറും  എടവനക്കാട് സഖീറും ശ്രീധരനും സലീനയും ബുഷറയും നസീമയും ഗീഥയും ഫാത്തിമമാരും ഹാജറയും സീനത്തും താരയും മൂന്ന് ജമീലമാരും ആമിനകുട്ടിയും അസ്മാബിയും തുടങ്ങി നിരവധി പേര്‍. പേരു പറഞ്ഞാല്‍ 120 പേരെഴുതണം. പ്രിയ സൗഹൃദങ്ങളെ ക്ഷമിക്കുകയെന്ന് മാത്രമെ പറയാനാകു. പക്ഷെ ഓരോരുത്തരും  മനസിലുണ്ട്. ജോസഫ് ആന്റണിക്ക് ചുമന്ന പൂക്കളുള്ള ഒരു ഷര്‍ട് തിരിച്ചു കൊടുക്കനുണ്ട്. ദുബായില്‍ പോകുമ്പോള്‍ മെയ്തീനെ കാണണം. പാട്ടിന്റെ ലോകത്ത് ശരത്തുണ്ട്. 

അങ്ങനെയിരിക്കെ നവാസിന് ഒരു ആശയം. ഒരു കുടുംബോത്സവം . സ്നേഹാതുരവും സമ്മോഹനവുമായ പോയ കാലം തിരിച്ചു പിടിക്കുക മാത്രമായിരുന്നില്ല ഓരോരുത്തരുടെയും കുടുംബാംഗങ്ങളെയും ചെറു മക്കളെയും സര്‍ഗ ചൈതന്യത്തിന്റെ തിളക്കത്തിലേക്ക് കൈപിടിച്ച് എത്തിക്കുക എന്നതു കൂടിയായിരുന്നു ലക്ഷ്യം. അതാകട്ടെ അത്ര അനായാസമായ കാര്യമായിരുന്നില്ല. ദിവസങ്ങള്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍. അധ്വാനം. ഏകോപനം. എല്ലാ തിരക്കുകളും മാറ്റി വെച്ച് കണ്‍വീനന്‍മാര്‍ ജനറല്‍ കണ്‍വീനറുടെയും അസ്മാബിയന്‍സ് 76 ,78 വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍മാരുടെയും ഒപ്പം ഒറ്റ മനസായി രംഗത്തു വന്നു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നെന്ന് ആലങ്കാരികമായി പറയാം. നൂറു കണക്കിന് എന്‍ട്രികള്‍ എത്തി. ചെറുമക്കള്‍ പാട്ടു പാടി. കവിതാലാപനം നടത്തി. നൃത്തം ചെയ്തു. അറുപതിലു കലയുടെ മജ്ഞീരധ്വനികള്‍ മറന്നിട്ടില്ലെന്ന് തെളിയിച്ച് ശകുന്തള നൃത്തം ചെയ്തു. 

ശബ്ദ നാടകം പഴയ ആകാശവാണികാലത്തെ ഓര്‍മിപ്പിച്ചു. ശബ്ദ നിയന്ത്രണം നന്നായി പാലിച്ചു അഭിനേതാക്കള്‍. മികച്ച എഡിറ്റിംഗും. ഗ്രൂപ്പിലെ അംഗങ്ങളുടെ പാചക കൈപ്പുണ്യം . പലരുടെയും ഭര്‍ത്താക്കന്‍മാരും ചിലരുടെ ഭാര്യമാരും വിഭവങ്ങളുമായെത്തി. രസകരമായ കുറെ ദിവസങ്ങള്‍. അവതാരകരായി എത്തിയവരും പരിപാടികള്‍ അവതരിപ്പിച്ചവരും വിസ്മയിപ്പിച്ചു. . ഇത് ചെറിയ സംഗതിയല്ല. സൈബര്‍ ലോകത്ത് നൂറു കണക്കിന് എന്‍ട്രികളെ ഏകോപിക്കുകയെന്ന് പറഞ്ഞാല്‍ നേരിട്ട് ഒരു സ്റ്റേജില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. നല്ല ക്ഷമയും തെരഞ്ഞെടുക്കാനുള്ള വിവേകവും വേണം. സമയം കണ്ടെത്തണം. കണ്ണും മനസും ഒന്നാകണം. കാത്തിരിപ്പിന്റെ വിനാഴികകള്‍ പാഴായി പോയില്ലെന്ന് ഗ്രൂപ്പംഗങ്ങള്‍ക്ക് തോന്നണം. മക്കളും ചെറുമക്കളും നിറഞ്ഞാടിയ ദിവസങ്ങള്‍ വര്‍ണാഭമായിരുന്നു. സമ്മാനമൊന്നും വലിയ പ്രശ്നമല്ലെന്നും പങ്കാളിത്തമാണ് പ്രധാനമെന്നും തെളിയിച്ച മണിക്കൂറുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് പങ്കെടുത്തവര്‍ വിളംബരം ചെയ്തത് സ്നേഹോജ്വലമായ ചങ്ങാത്തത്തിന്റെ മനോഹാരിത. പതിറ്റാണ്ടുകളായി പരസ്പരം കാണാത്തവര്‍. എവിടെയെങ്കിലും വെച്ച് കണ്ടാല്‍ തന്നെ തിരിച്ചറിയല്‍ അത്ര എളുപ്പമല്ല. ജീവിതം അതിന്റെ നിശ്ചയിക്കപ്പെട്ട വഴിത്താരകളിലൂടെ കടന്നു പോയപ്പോള്‍ പതിറ്റാണ്ടുകള്‍ വരുത്തിയ മാറ്റം. കൗമാരത്തിന്റെ വിസ്മയ തുമ്പത്ത് ഉൂഞ്ഞാലാടിയ ദിവസങ്ങള്‍ തിരിച്ചു പിടിക്കുക അത്ര എളുപ്പമല്ല. അതിന് മനസ് പരുവപ്പെടേണ്ടതുണ്ട്. തിരിച്ചു നടപ്പാണ് ഇത്. ചങ്ങാത്തത്തിന്റെ കൈ പിടിച്ചുള്ള തിരിച്ചു നടപ്പ്. ചൂളമര ചോട്ടില്‍ ഇനിയും വസന്തം വിടരാനുണ്ടെന്ന തോന്നലിന്റെ കരുത്തിലുള്ള തിരികെ നടത്തം. ഒരു ഡയറികുറിപ്പില്‍ പോലും അദൃശ്യനായ ചങ്ങാതിയെ തേടിയുള്ള തിരച്ചിലുണ്ടെന്ന് ഫാദര്‍ പറയുന്നു. അതെ ഫാദര്‍ തന്നെ പറയുന്നതു പോലെ ജീവിതം ഒരുവനായി കാത്തു വെക്കുന്ന അനന്യമായ കരുണയുടെ പേരാണ് കൂട്ട്. അതു കൊണ്ട് പ്രിയപ്പെട്ടവരെ ഉത്സവങ്ങളുടെ കാലത്തും അല്ലാത്തപ്പോഴും ചേര്‍ന്നു നില്‍ക്കുക. നമ്മള്‍ തിരികെ പിടിച്ച കൂട്ടിന്റെ ,ചങ്ങാത്തത്തിന്റെ ഒരു വര്‍ഷം പിന്നിടുകയാണെന്ന് കൂടി ഓര്‍മിക്കുമ്പോള്‍ മനസ് ധന്യമാകും. ധന്യമാകണം. ആരും പോകരുത്. ആയുസും ആരോഗ്യവും അനുവദിച്ചാല്‍ കാണാന്‍ ഒരു നാള്‍ വരിക തന്നെ ചെയ്യും.