മെര്‍ലിനെ എനിക്ക് നേരിട്ട് പരിചയമില്ല. സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഒരിക്കല്‍ ഒരു മലയാളി കൂട്ടായ്മയുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മെര്‍ലിന്‍ എന്നെ കണ്ടിട്ടുണ്ട്. അവിടെ അന്ന് ധാരാളം നഴ്സുമാരും അധ്യാപികമാരും ഉണ്ടായിരുന്നു. പലരും നല്ല കലാകാരികള്‍. ഭാഷാ സ്നേഹികള്‍. സാഹിത്യ പ്രണയികള്‍. ചിലര്‍ ഭരത നാട്യമൊക്കെ അവതരിപ്പിച്ചിരുന്നു. കലയെ നെഞ്ചോട് അടക്കി പിടിച്ച് കടല്‍ കടന്നവര്‍. ആ രാത്രിയില്‍ അവര്‍ സ്വത്വം വീണ്ടെടുക്കുകയായിരുന്നു. ജീവിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയായിരുന്നു. സ്നേഹം നിലാവായി പെയ്തിറങ്ങിയ ആ രാത്രി സമ്മാനിച്ച സംഘാടകര്‍ക്ക് നന്ദി. മെര്‍ലിനും അന്നവിടെ കവിതാലാപനം നടത്തിയിരുന്നു. മെര്‍ലിന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ വിവരം തിരക്കാനാണ് കഴിഞ്ഞ ദിവസം ഞാന്‍ അവരെ വിളിക്കുന്നത്. 

അയാളുടെ രോഗ പുരോഗതി ദിവസവും മെര്‍ലിന്‍ എന്നെ വാട്സ്ആപ്പ് വഴി അറിയിച്ചു കൊണ്ടിരുന്നു. കൂട്ടത്തില്‍ മെര്‍ലിന്‍ അതേ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മനോരോഗിയായ ഒരു യുവാവിന്റെ കഥ പറഞ്ഞു. പല ദിവസങ്ങളായി ആശുപത്രി ഗെയിറ്റിനു മുന്നില്‍ ചുറ്റി തിരിഞ്ഞിരുന്ന ആ യുവാവിനെ മെര്‍ലിനും സഹ പ്രവര്‍ത്തകരും നേരത്തെ ശ്രദ്ധിച്ചിരുന്നു. വെറുതെ അവരെ നോക്കി ചിരിക്കും. ഒന്നും പറയില്ല.  വിഷാദം കലര്‍ന്ന ചിരി. അതു കൊണ്ടു തന്നെ അവനോട് അവര്‍ക്ക് വിരോധം തോന്നിയില്ല. ഒരു നാള്‍ രാവിലെ ആശുപത്രി ഗെയിറ്റില്‍ കിടന്ന് അവന്‍ അപസ്മാരം ബാധിച്ചവനെ പോലെ പിടയുന്നതാണ് മെര്‍ലിന്‍ കണ്ടത്. അവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി വേദന സംഹാരി കഴിച്ചതു കൊണ്ടാണ് വിറയല്‍ അനുഭവപ്പെട്ടതെന്ന മനസിലായതോടെ അതിനുള്ള മറു മരുന്നുകള്‍ നല്‍കി. വയറു കഴുകി വേദന സംഹാരിയുടെ അവസാന കണികയും ഒഴിവാക്കി. 

ഇനിയാണ് കഥ തുടങ്ങുന്നത്. ആരാണ് ഈ യുവാവ് ? അന്വേഷണമായി. എവിടെ നിന്നു വന്നു. തിരിച്ചറിയല്‍ രേഖയുണ്ട്. പക്ഷെ ബന്ധപ്പെടേണ്ടത് ആരെയെന്ന് മെര്‍ലിന്‍ ഉള്‍പ്പടെയുള്ള നഴ്സുമാര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. അവന്റെ  മൊബൈലില്‍ നിന്ന് അവര്‍ നാട്ടിലെ നമ്പര്‍ കണ്ടെത്തി വീട്ടില്‍ വിളിച്ചു. സൈബര്‍ പാതയുടെ അങ്ങേ തലക്കല്‍ അവന്റെ അമ്മയാണ് ഫോണ്‍ എടുത്തത്. വിവരം കേട്ടതും അവര്‍ കരച്ചിലായി. അമ്മയുടെ കരള്‍ പിടഞ്ഞു. അവരുടെ നെഞ്ചിടിപ്പിന്റെ ശബ്ദം ഇങ്ങേ തലക്കല്‍ കേള്‍ക്കാമായിരുന്നു. അവന്‍ നേരത്തെ തന്നെ മാനസിക രോഗത്തിനു ചികിത്സ തേടിയിരുന്നുവെന്ന് അമ്മ പറഞ്ഞു. അങ്ങനെയുള്ള ഒരാളെ എന്തിനാണ് നിങ്ങള്‍ ഗള്‍ഫിലേക്ക് കയറ്റി വിട്ടതെന്ന ചോദ്യത്തിന് നീണ്ട മൗനമായിരുന്നു ഉത്തരം. 

കുടുംബ പ്രശ്നങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ അവര്‍ അവനെ വിസ വരുത്തി നാടു കടത്തുകയായിരുന്നു. നിസഹായനായ ആ യുവാവ് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചാണ് ഇവിടെ ജീവിക്കുന്നതെന്നും അയാളെ നിങ്ങള്‍ തിരികെ നാട്ടിലേക്ക് കൊണ്ടു പോകണമെന്നും മെര്‍ലിനും സഹ പ്രവര്‍ത്തകരും വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനു സമ്മതം പ്രകടിപ്പിച്ചില്ല. ആ അമ്മ മാത്രം ദിവസവും മെര്‍ലിനെയും മകനെയും മാറി മാറി വിളിച്ചു കൊണ്ടിരുന്നു. വീട്ടില്‍ ഒരു മനോരോഗിയുണ്ടെന്നറിഞ്ഞാല്‍ തകര്‍ന്നു പോകുമെന്ന് കരുതുന്ന അന്തസായിരുന്നു ആ വീട്ടുകാരുടെ പ്രശ്നം. അമ്മ മാത്രം കണ്ണീരൊഴുക്കി. മാതൃ സ്നേഹത്തിന്റെ പകരം വെക്കാനില്ലാത്ത വിശുദ്ദിയുടെ കണ്ണീര്. അതാകട്ടെ ആരും തിരിച്ചറിഞ്ഞതുമില്ല. പ്രിയ സുഹൃത്തിന്റെ പെട്ടെന്നുള്ള മരണമാണ് ആ യുവാവിന്റെ മനോനില തകര്‍ത്തത്. എല്ലാ മനസും ഭ്രമിക്കുന്നുണ്ട്. അത് അസാധാരണമാകുമ്പോള്‍ ചിത്തഭ്രമമാകുമെന്നാണ് ശാസ്ത്രം പറയുന്നത്. സ്വബോധത്തിനും ഭ്രാന്തിനും ഇടയില്‍ ഏതു നിമിഷത്തിലും പൊട്ടാവുന്ന ഒരു നൂല്‍പാലം മാത്രം. പളുങ്ക്പാത്രം പോലെ പൊട്ടി തകരുന്ന മനസിലെ ശ്ലഥ ചിത്രങ്ങള്‍ ഏറ്റവും അടുപ്പമുള്ളവര്‍ക്ക് പോലും കാണാന്‍ സാധിക്കില്ല. ഈ യുവാവിന്റെ അവസ്ഥയും അതു തന്നെയായിരുന്നു. അവന് സുഹൃത്തിന്റെ അടുത്തെത്തണം. അതിന് മരണമാണ് വഴി. എപ്പോഴും ചിന്ത മരണത്തെ കുറിച്ച് മാത്രം. ആത്മഹത്യയുടെ അപകടകരമായ സാധ്യതകള്‍ തേടുന്ന മനസായിരുന്നു അവന്റേത്. ജോലിയിലൊന്നും ശ്രദ്ധിക്കാന്‍ അവനു സാധിച്ചിരുന്നില്ല. ഇപ്പോള്‍ അവന്‍ എവിടെയാണെന്ന് പോലും മെര്‍ലിനറിയില്ല. എവിടെയെങ്കിലും സുഖമായി അവന്‍ ജീവിക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മെര്‍ലിന്‍. 

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മധ്യ വയസ്‌കന്റെ കഥ പറഞ്ഞതും മെര്‍ലിന്‍ തന്നെ. ഒരിക്കല്‍ പ്രവാസം നിര്‍ത്തി തിരിച്ചു പോയതാണ് ഇദ്ദേഹം. അന്നും ചികിത്സ കഴിഞ്ഞാണ് പോയത്. സൗജന്യമായി മരുന്ന് ലഭിച്ചിരുന്നു. അക്കാലത്തും വിശ്രമം അധികം ലഭിക്കാത്ത സൂപ്പര്‍മാര്‍ക്കറ്റ് ജോലിയാണ് ചെയ്തിരുന്നത്. തീരെ അവശനായപ്പോഴാണ് എക്സിറ്റില്‍ നാട്ടിലേക്ക് പോയത്. വീണ്ടും തിരിച്ചു വന്നിരിക്കുന്നു. ഇപ്പോഴും അസുഖം മാറിയിട്ടില്ല. വളരെ സൂക്ഷിക്കണം. എന്തിനാണ് തിരിച്ചു പോന്നതെന്ന ചോദ്യത്തിനു മുന്നില്‍ അയാള്‍ പതറി പോയി. അവിടെ ജീവിക്കാന്‍ വയ്യ സിസ്റ്ററെ. വരുമാനം വേണ്ടെ ? മരുന്നിനു പൈസ വേണ്ടെ ? വീടു പണി തീര്‍ന്നിട്ടില്ല ? മകളുടെ വിവാഹം കഴിഞ്ഞിട്ടില്ല. ശരാശരി പ്രവാസിയുടെ കണ്ണീരു പുരണ്ട വേദനകള്‍. അതങ്ങനെ സങ്കട പുഴയിലൂടെ ഒഴുകുകയാണ്. കൂടുതലൊന്നും അവര്‍ ചോദിച്ചില്ല. പഴയ ഒരു സുഹൃത്ത് വിസ അയച്ചു കൊടുത്തു. 

ഇനി ജോലി ചെയ്ത് കടങ്ങള്‍ വീട്ടണം. വീടു പണി തീര്‍ക്കണം. മകളുടെ വിവാഹം നടത്തണം. മെര്‍ലിനു സഹ പ്രവര്‍ത്തകരും അയാള്‍ക്ക് അവരാല്‍ കഴിയുന്ന സഹായം ചെയ്തു കൊടുത്തു. അധികൃതരെ കണ്ട് സൗജന്യമായി കുറച്ചു മാസങ്ങള്‍ കഴിക്കാനുള്ള മരുന്നു കൊടുത്തു. അയാളുടെ കണക്കു കൂട്ടലുകള്‍ പിഴക്കരുതെയെന്ന് അവര്‍ പ്രാര്‍ഥിച്ചു. തിരിഞ്ഞു തിരിഞ്ഞു നോക്കി നടന്നു പോകുന്ന അയാളുടെ ക്ഷീണിച്ച മുഖം മെര്‍ലിന്റെ മനസില്‍ നിന്ന് മായുന്നില്ല. 

മെര്‍ലിനോട് സംസാരിക്കുമ്പോഴൊക്കെ ഞാന്‍ ആയിരത്തി ഒന്നു രാവുകളിലെ ഷെഹര്‍സാദിനെ ഓര്‍മിച്ചു. നിര്‍ത്താതെ കഥ പറഞ്ഞ ഷഹര്‍സാദ്. ഗള്‍ഫിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിനു വരുന്ന നഴ്സുമാരുടെ മനസിലെല്ലാം ഇത്തരം കഥകളുണ്ടാകും. നിരാലംബരും നിസഹായരുമായ എത്രയോ പ്രവാസികളെ അവര്‍ രക്ഷിച്ചിരിക്കുന്നു. അജ്ഞാതരായ എത്രയോ രോഗികളെ കുറിച്ച് അവര്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കുന്നു. പിന്നീട് സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തുന്ന അന്വേഷണമാണ് പലരെയും നാട്ടിലെത്തിക്കുന്നത്. ഗള്‍ഫിലെ ഏറ്റവും വലിയ പെണ്‍ പ്രവാസി സമൂഹമാണ് മലയാളി നഴ്സുമാര്‍. 

യൂറോപ്പിലെയും ഗള്‍ഫിലെയും മലയാളി നഴ്സുമാരെ താരതമ്യം ചെയ്യരുത്. രണ്ടും രണ്ട് വ്യത്യസ്ത സാഹചര്യത്തില്‍ ആതുര സേവനം നടത്തുന്നവരാണ്. കേരളിയ സമൂഹം ഇന്ത്യക്ക് പുറത്ത്  ജോലി ചെയ്യുന്ന നഴ്സുമാരുടെ വന്‍ സമൂഹത്തെ കുറിച്ച് ആദരവോടെ സംസാരിക്കണം. കാരണം അവര്‍ പൊതു പ്രവാസി സമൂഹത്തിന്റെ സാന്ത്വനമാണ്. ഗള്‍ഫില്‍ ആതുര ശുശ്രൂഷ ഇന്നത്തേക്കാള്‍ ചെലവേറിയിരുന്ന കാലമുണ്ടായിരുന്നു. സ്വകാര്യ ക്ലിനിക്കുകളിലൊക്കെ വന്‍ തുക ഈടാക്കിയിരുന്ന കാലം. മലയാളിയായ കെ.ടി.റബീഉള്ളയെ പോലെ ആതുര ശുശ്രൂഷയെ ജനകിയവല്‍ക്കരിച്ചവരാണ് നിരക്ക് കുറച്ച് കണ്‍സല്‍ട്ടന്‍സി തുടങ്ങിയത്. ഇപ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും നിര്‍ബന്ധം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ ലഭിക്കും. ഇതു വലിയ ആശ്വാസമാണ്. വലിയ അപകടം പറ്റുന്നവരെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ദീര്‍ഘകാലം ചികിത്സിക്കാറുണ്ട്. 

ഇതിനെല്ലാം സൗകര്യം ചെയ്യുന്നവരും ശുപാര്‍ശ ചെയ്യുന്നവരുമാണ് നമ്മുടെ നഴ്സുമാര്‍. കോവിഡ് രോഗികളുടെ എണ്ണം ഗള്‍ഫില്‍ വര്‍ധിച്ച കാലത്ത് ഇവരുടെ സേവനം വളരെ വലുതായിരുന്നു. സര്‍ക്കാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന നഴ്സുമാരാണ് അന്ന് പ്രവാസികളായ കോവിഡ് രോഗികള്‍ക്ക് വലിയ സഹായമായി മാറിയത്. വന്ദേഭാരത് മിഷന്‍ തുടങ്ങിയപ്പോള്‍ രോഗികള്‍ക്ക് യാത്രക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും മറ്റും സംഘടിപ്പിച്ചു നല്‍കിയതും നഴ്സുമാരായിരുന്നു. കോവിഡ് കാലത്ത് മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനും അവര്‍ മുന്നില്‍ നിന്നു.  മലയാളി നഴ്സുമാര്‍ നല്‍കിയ പിന്തുണയെ കുറിച്ച് ഗള്‍ഫിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുണ്ട്. മലയാളി പ്രവാസി സമൂഹത്തിന്റെ മനസില്‍ ആ നന്ദിയും ആദരവും ഉണ്ട്. അതു കൊണ്ടാണ് അവര്‍ക്ക് ഭൂമിയിലെ മാലാഖമാരോട് ആദരവു കലര്‍ന്ന സ്നേഹം. ഈ സ്നേഹം പ്രവാസികളുടെ നാട്ടിലെ ബന്ധുക്കള്‍ക്കും ഉണ്ടാകണം.