
Photo: Mathrubhumi Archives
യാത്രകള്‍ ഹരമായിരുന്ന കാലത്താണ് ജമീല മാലിക്കിനെ കാണുന്നത്. എണ്‍പതുകളുടെ അവസാനമാണ് കാലം. അന്ന് മാതൃഭൂമി പത്രത്തിന് വനിതാരംഗം എന്ന പേരില്‍ ഒരു ഫീച്ചര്‍ പേജുണ്ടായിരുന്നു. രാജേന്ദ്രന്‍ പുതിയേടത്ത് വിജ്ഞാനരംഗവും പ്രീതി വനിതാ രംഗവും കൈകാര്യം ചെയ്തിരുന്നെന്നാണ് ഓര്‍മ. കാലഗണനയുടെ ചതുരങ്ങളില്‍ നിന്ന് ഓര്‍മകള്‍ അങ്ങനെ ചിതറി പോകുമ്പോള്‍ ഒരു തരം ഭയം അരിച്ചു കയറാറുണ്ടെങ്കിലും കാര്യമാക്കാറില്ല. മാത്രവുമല്ല കടന്നു പോകുന്ന പ്രായത്തെ കുറിച്ച് ആ ഭയം ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.
കൃത്യമായി ആരായിരുന്നു ഫീച്ചര്‍ പേജുകളുടെ എഡിറ്റര്‍മാരെന്ന് പറയാനാവുന്നില്ല. വനിതാരംഗമെന്ന ഫീച്ചര്‍ പേജില്‍ അന്നാളുകളില്‍ വിശിഷ്ട വനിതകളെ കുറിച്ച് പലരും എഴുതിയിരുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടി തമ്പുരാട്ടി, രാരിച്ചന്‍ എന്ന പൗരനിലെ നായിക വിലാസിനി (കൊടുങ്ങല്ലൂര്‍ രാമവര്‍മയുടെ ഭാര്യ), ജമീല മാലിക്ക് എന്നിവരെ കുറിച്ച് അടുപ്പിച്ചുള്ള ലക്കങ്ങളില്‍ ഞാന്‍ മൂന്ന് ഫീച്ചറുകള്‍ എഴുതിയിരുന്നു. ഗവേഷക വിദ്യാര്‍ഥികളൊക്കെ ജമീല മാലിക്കിനെ കണ്ടെത്തുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ എഴുത്ത്.
മുന്‍കൂട്ടി തീരുമാനിക്കുന്ന യാത്രകളായിരുന്നില്ല അന്ന് നടത്തിയിരുന്നത്. അത്തരം ഒരു യാത്രയില്‍ തിരുവനന്തപുരത്ത് വെച്ച് അലക്‌സ് കടവിലാണ് (ജീവിച്ചിരിക്കുന്നില്ല) ജമീല മാലിക്കിനെ കുറിച്ച് പറയുന്നത്. രഞ്ജിത് സിനിമാരംഗത്തേക്ക് ചുവടു വെക്കുന്ന കാലം. രഞ്ജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു അലക്‌സ്. അലക്‌സും സുഹൃത്തുക്കളും ചേര്‍ന്ന് അന്ന് കാലാള്‍പട എന്ന സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. രഞ്ജിത്താണ് എഴുത്ത്.
തിരുവനന്തപുരത്തെ ഒരു ഹോട്ടലിലായിരുന്നു സംഘം. ആ സംഘത്തില്‍ ക്ഷണിക്കപ്പെടാത്ത ഒരാളായി എത്തിയതായിരുന്നു ആ രാത്രിയില്‍ ഞാന്‍. വളരെ യാദൃശ്ചികമായി അന്നത്തെ രാത്രിയില്‍ അവിടെ കമലും സി.കെ ഹുസൈനും എത്തി. അവര്‍ ദൂരദര്‍ശനുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നു തിരുവനന്തപുരത്ത് വന്നത്.
ആ രാത്രിയിലെ ചര്‍ച്ചകളില്‍ ജമീല മാലിക്കും പുണ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും കടന്നു വന്നു. പുണ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പോയ ആദ്യത്തെ മലയാളി പെണ്‍കുട്ടി- ജമീല മാലിക്. ആദ്യത്തെ പുരുഷന്‍- രവി മേനോന്‍. രണ്ടും സിനിമയുടെ ചരിത്രം പഠിക്കുന്നവര്‍ രേഖപ്പെടുത്തി വെക്കണം. 1969ല്‍ പതിനാറാം വയസില്‍ അഭിനയം പഠിക്കാന്‍ പുണെയിലേക്ക് യാത്ര തിരിച്ച ജമീല മാലിക്കിനെ കുറിച്ച് എഴുതിയിട്ട് തന്നെ കാര്യം. ആഗ്രഹം അലക്‌സിനോട് പറഞ്ഞു. വഴിയുണ്ടാക്കാമെന്ന് അലക്‌സ്. നേരം പുലര്‍ന്നപ്പോള്‍ വീണ്ടും ചോദിച്ചു. അപ്പോഴാണ് അലക്‌സ് പറയുന്നത്, തിരുവനന്തപുരത്താണ്. അതെ തിരുവനന്തപുരത്ത് അവരുണ്ട്. പക്ഷെ കൃത്യമായ താമസസ്ഥലം അറിയില്ല. ആ പകല്‍ മുഴുവന്‍ അവരുടെ താമസ സ്ഥലം കണ്ടെത്താനുള്ള ശ്രമമായിരുന്നു.
തിരുവനന്തപുരത്തെ പല പ്രമുഖരോടും അന്വേഷിച്ചു. ഒടുവില്‍ പ്രൊഫസര്‍ എം.കൃഷ്ണന്‍ നായരാണ് കൃത്യമായ താമസ സ്ഥലം പറഞ്ഞു തന്നത്. അപ്പോഴേക്കും വൈകുന്നേരമായിരുന്നു. അടുത്ത ദിവസം ഉച്ചയോടെ ഞാന്‍ ജമീല മാലിക്കിന്റെ വാടക വീട്ടിലെത്തി. അവര്‍ അപ്പോള്‍ ട്യൂഷന്‍ കഴിഞ്ഞ് വന്നതെയുള്ളു. കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. അന്ന് അവര്‍ക്ക് നാല്‍പതു വയസിനു മേല്‍ പ്രായമുണ്ട്. പ്രാരാബ്ധങ്ങളുടെ ഭാരമുണ്ടായിരുന്നു മുഖത്ത്. കണ്ണുകളില്‍ വിഷാദവും. വളരെ പതുക്കെയാണ് അവര്‍ സംസാരിച്ചത്. നിറപ്പകിട്ടൊന്നുമില്ലാത്ത ജീവിതത്തിന്റെ അധ്യായങ്ങളിലൂടെ അവര്‍ കടന്നു പോകുമ്പോള്‍ ഞാന്‍ മനസില്‍ കുറിച്ചത് ഇതായിരുന്നു, ചരിത്രത്തില്‍ ഇടം നേടിയ ജമീല മാലിക്കിനോട് മലയാള സിനിമ എന്തേ നീതി പുലര്‍ത്തിയില്ല? അന്നെന്നല്ല പിന്നീടും അതുണ്ടായില്ല.
ജമീല മാലിക്കിന്റെ പിതാവ് കൊല്ലം സ്വദേശി മാലിക്ക് മുഹമ്മദ്. മാതാവ് കോന്നിയിലെ ക്രിസ്ത്യന്‍ കുടുംബാംഗം- തങ്കമ്മ. മാലിക്കും തങ്കമ്മയും പില്‍ക്കാലത്ത് കൊല്ലത്ത് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായിരുന്നു. മിത്രം പത്രത്തിന്റെ പത്രാധിപരായിരുന്നു മാലിക്ക്. തങ്കമ്മ അതിലെ സ്ഥിരം എഴുത്തുകാരിയും .അങ്ങനെയാണ് അവരുടെ ബന്ധം തുടങ്ങുന്നത്. മാലിക്കിന്റെയും തങ്കമ്മയുടെയും മകള്‍ ജമീല മാലിക്ക്. വാര്‍ധയിലെ ആശ്രമത്തില്‍ ജീവിച്ച് ഹിന്ദി പഠിച്ച സ്ത്രീയായിരുന്നു തങ്കമ്മ. ഗാന്ധിജി എഴുതിയ ഒരു കത്തായിരുന്നു വാര്‍ധയിലേക്ക് പോകാന്‍ തങ്കമ്മക്ക് പ്രചോദനമായത്. ഹിന്ദി ഭാഷയില്‍ പ്രകടിപ്പിച്ച മികവ് കണക്കിലെടുത്ത് രാഷ്ട്രപതിയുടെ പുരസ്‌കാരം തങ്കമ്മക്ക് ലഭിച്ചിട്ടുണ്ട്. നാടകവും സിനിമയുമൊക്കെ ഏറെ ഇഷ്ടമായിരുന്നു മാലിക്കിനും തങ്കമ്മക്കും. ആ ഇഷ്ടം മകളിലേക്കും പകര്‍ന്നു.
ഒരുമിച്ചുള്ള സിനിമക്ക് പോകലും നാടകം കാണലും പതിവായിരുന്നു. ജമീലക്ക് സിനിമാ കമ്പം കയറുന്നത് അങ്ങനെയാണ്. സിനിമയോടുള്ള ഈ അടങ്ങാത്ത അഭിനിവേശമാണ് അവരെ പുണെയില്‍ എത്തിച്ചത്. ജമീല മാലിക്ക് എത്തുന്ന കാലത്ത് രവി മേനോന്‍ അവിടെ വിദ്യാര്‍ഥിയാണ്. ശിവാജി ഗണേശനായിരുന്നു ജമീല മാലിക്കിന്റെ പ്രിയ നടന്‍. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായി അറുപതോളം സിനിമകളില്‍ ജമീല മാലിക്ക് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. എന്‍.എന്‍ പിഷാരടി സംവിധാനം ചെയ്ത റാഗിങ് ആയിരുന്നു ആദ്യ സിനിമ. വിന്‍സന്റ് നായകന്‍. നീലക്കണ്ണുകള്‍, സതി, ആദ്യത്തെ കഥ തുടങ്ങി നിരവധി മലയാള ചിത്രങ്ങള്‍. ദൂരദര്‍ശന്‍ പരമ്പരകള്‍. ആകാശവാണിയുമായും നല്ല ബന്ധം.
പക്ഷെ സിനിമയും സീരിയലുകളും ആകാശവാണി പ്രോഗ്രാമുകളും ഒന്നും അവരുടെ ജീവിതം നിറപ്പകിട്ടുള്ളതാക്കിയില്ല. ഞാന്‍ കാണുന്ന കാലത്ത് സ്വന്തമായി വീടുണ്ടായിരുന്നില്ല. പിന്നീടും അതുണ്ടായില്ലെന്നാണ് അറിവ്. പില്‍ക്കാലത്ത് താരസംഘടനയായ അമ്മ കൈനീട്ടം കൊടുത്തിരുന്നത് മഹാകാര്യം. പ്രതിഭയും സൗന്ദര്യവുമുണ്ടായിരുന്ന ജമീല മാലിക്കിനെ ഭാഗ്യം തുണച്ചില്ലെന്ന് പറയാമോ? അതോ അവരെ അംഗീകരിക്കാന്‍ മലയാള സിനിമ മടിച്ചു നിന്നോ? രണ്ടായാലും മലയാള സിനിമയുടെ ചരിത്രത്തില്‍ ജമീല മാലിക്കിന് ഒരിടമുണ്ട്. മായ്ച്ചാലും മായാത്ത ഒരിടം...
content highlights: memory about actress jameela malik