മെഹറാന്‍ കരീമി നസീരിയെ നേരില്‍ കണ്ടവര്‍ ലോകത്ത്  കുറവായിരിക്കും. എന്നാല്‍ മെഹറാനെ കുറിച്ച് കേട്ടവരും ടോം ഹാന്‍കിസിലൂടെ അയാളെ കണ്ടവരും കുറവല്ല. സിനിമയില്‍ മായാജാലം സൃഷ്ടിക്കുന്ന സ്റ്റീവന്‍ സ്പില്‍ ബര്‍ഗ് രണ്ടര ലക്ഷം ഡോളര്‍ കൊടുത്താണ് മെഹറാന്‍ കരീമിയുടെ ജീവിത കഥയുടെ അവകാശം പൂര്‍ണമായും വാങ്ങുന്നത്. പിന്നീട് തന്റെ ഭാവനയുടെ വര്‍ണ തൂവലുകള്‍ തുന്നി ചേര്‍ത്ത് അത്യപൂര്‍വ ദൃശ്യ വിസ്മയമാക്കി 2004 ല്‍ ദി ടെര്‍മിനല്‍ എന്ന സിനിമ. 

2003 സെപ്റ്റംബറില്‍ സ്പില്‍ബര്‍ഗിന്റെ ഡ്രീം വര്‍ക്‌സ് പ്രൊഡക്ഷന്‍ രണ്ടര ലക്ഷം ഡോളര്‍ മെഹറാന് നല്‍കിയെന്ന വിവരം ദി ഗാര്‍ഡിയനാണ് പുറത്തു വിട്ടത്. പിന്നീട് ന്യൂയോര്‍ക്ക് ടൈംസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കി. സിനിമ പുറത്തിറങ്ങുമ്പോഴും ഫ്രാന്‍സിലെ ഒരു എയര്‍പോര്‍ട്ടില്‍ ടെര്‍മിനല്‍ മാനായി കഴിയുകയായിരുന്നു മെഹറാന്‍ കരീമി നസീരിയെന്ന ആഗോള പൗരന്‍. 

1988 ല്‍ തുടങ്ങിയ മെഹറാന്റെ ടെര്‍മിനല്‍ ജീവിതം അവസാനിക്കുന്നത് 2006 ജൂലൈ മാസത്തിലാണ്. നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ വിമാനത്താവളത്തിനകത്ത് ജീവിച്ച അത്ഭുത മനുഷ്യന്റെ നിസഹായതയെ കുറിച്ച് ഒരു നിമിഷം സങ്കല്‍പിച്ചാല്‍ പോലും തലച്ചോറില്‍ ഒരു ജംബൊ വിമാനം ഇരമ്പും. കൂടുതല്‍ ആലോചിച്ചാല്‍ നിങ്ങള്‍ എവിടെയും ലാന്റ് ചെയ്യില്ല.  ഏതു ഫാന്റസിയെയും വെല്ലുന്ന ഈ ജീവിതത്തിനു മുകളിലൂടെ  പറന്നു കൊണ്ടേയിരിക്കും. ഇങ്ങനെയും ഒരു ജീവിതമൊ ? കൂടി വന്നാല്‍ 48 മണിക്കൂര്‍ വൈകുന്ന ഒരു എയര്‍ ഇന്ത്യ വിമാനത്തിന്റെ കഥയെ മാധ്യമങ്ങളിലൂടെ നമ്മള്‍ വായിച്ചിട്ടുള്ളു. എയര്‍പോര്‍ട്ടില്‍ 48 മണിക്കൂര്‍ കുടുങ്ങുന്ന യാത്രക്കാരുടെ നെഞ്ചകം പിടക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. കുട്ടികളും സ്ത്രീകളും അടക്കം  കുടുങ്ങി കിടക്കുന്ന യാത്രക്കാരുടെ ഏതാനും മണിക്കൂറുകളുടെ നിസഹായത പോലും നമ്മെ വേദനിപ്പിക്കുന്നു. മെഹറാന്‍ കരീമി നസീരിയെന്ന മനുഷ്യന്‍ പതിനെട്ട് വര്‍ഷമാണ് ഫ്രാന്‍സിലെ ഒരു വിമാനത്താവളത്തില്‍ ജീവിച്ചത്. 

ആന്‍ഡ്രു നിക്കോളും സാഷാ ഗോവാസിയും സംയുക്തമായി കഥ എഴുതിയ ദി ടെര്‍മിനലില്‍ ടോം ഹാന്‍ക്‌സാണ് നായകന്‍. കാതറിന്‍ സെറ്റാ ജോണ്‍സ് നായികയും. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ഒരു സഞ്ചാരി യുദ്ധവും ആഭ്യന്തര പ്രശ്‌നങ്ങളും മൂലം ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ പെട്ടു പോകുന്നതാണ് ദി ടെര്‍മിനലിന്റെ കഥ. മെഹറാന്‍ കരീമി നസീരിയുടെ ജീവിതം സ്റ്റീവന്‍ സ്പില്‍ ബെര്‍ഗിന് പ്രചോദനം മാത്രമായിരുന്നെന്ന് വെളിപ്പെടുത്തുന്ന ചിത്രമാണ് ദി ടെര്‍മിനല്‍. ആഗോള തലത്തില്‍ വന്‍ വിജയം നേടിയ ഈ സിനിമ 219 ദശലക്ഷം ഡോളറിന്റെ വരുമാനമുണ്ടാക്കി.

 ചിത്രത്തിന് ചെലവു വന്നത് അറുപത് ദശ ലക്ഷം ഡോളര്‍ മാത്രമായിരുന്നു. ഹോളിവുഡിലെ സ്പില്‍ബര്‍ഗിന്റെ വന്‍ ഹിറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വരുമാനം കുറവാണെങ്കിലും സ്പില്‍ബര്‍ഗിന്റെ കൈയൊപ്പു പതിഞ്ഞ ചിത്രമാണ് ദി ടെര്‍മിനല്‍. സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി ഹോളിവുഡ് സിനിമക്ക് പുതിയ മാനങ്ങള്‍ നല്‍കിയ സ്പില്‍ബര്‍ഗ് വ്യത്യസ്തമായ ഒരു ശൈലിയിലാണ് ദി ടെര്‍മിനലിനെ മുന്നോട്ട് കൊണ്ടു പോയിരിക്കുന്നത്. മനുഷ്യന്റെ നിസഹായതയെയും ലോക രാഷ്ട്രിയത്തെയും യുദ്ധങ്ങളെയും വേര്‍പാടുകളെയും വിശകലനം ചെയ്യുന്നു ഈ സിനിമ. എന്നാല്‍ സിനിമ പറയുന്നതിനേക്കാള്‍ എത്രയോ നിസഹായമായ ജീവിതമായിരുന്നു മെഹറാന്റേത്. അയാള്‍ ദുരന്തങ്ങളിലേക്ക് എടുത്തെറിയപ്പെട്ട മനുഷ്യനാണ്. ദി ടെര്‍മിനല്‍ മാന്‍ എന്ന തന്റെ ആത്മകഥയില്‍ മെഹറാന്‍ ഈ ജീവിതം പറയുന്നുണ്ട്. 

1977 ല്‍ ഇറാനില്‍ നിന്ന് ഷാ ഭരണകൂടം പുറത്താക്കിയ മെഹര്‍ അസീരി രാഷ്ട്രിയ അഭയം തേടിയുള്ള യാത്രക്കിടയിലാണ് ഫ്രാന്‍സിലെ ചാള്‍സ് ഡി ഗാലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി പോകുന്നത്. പിന്നീട് ടെര്‍മിനല്‍ വണ്ണിലായി ജീവിതം. ഷാ ഭരണകൂടം പുറത്താക്കിയതിന് യാതൊരു തെളിവും ഇല്ലാതിരുന്നതു കൊണ്ട് തന്നെ ബെല്‍ജിയത്തിലെ യു.എന്‍ ഹൈക്കമ്മീഷണര്‍ അഭയാര്‍ഥി പരിഗണന നല്‍കാന്‍ തയാറായില്ല. 1986 ല്‍ ബ്രിട്ടീഷ് പൗരത്വം നേടാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. ഇതിനിടയില്‍ നീണ്ട യാത്രകള്‍ക്കിടെ വിലപ്പെട്ട ജീവിത രേഖകള്‍ ( രേഖകളാണ് മനുഷ്യനെ നില നിര്‍ത്തുന്നത്. പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും മറ്റ് ഐ.ഡികളും ഇല്ലാതായാല്‍ നമ്മളെല്ലാം മെഹര്‍ അസീരിമാരാകും ) സൂക്ഷിച്ചിരുന്ന ബ്രീഫ്‌കെയ്‌സ് നഷ്ടപ്പെടുന്നു. കളവു പോയെന്നാണ് അസീരി അധികൃതരോട് പറഞ്ഞത്. 

യു.കെ യിലേക്ക് വിമാനം കയറിയെങ്കിലും അവിടെ നിന്ന് അസീരിയെ ഫ്രാന്‍സിലേക്ക് തിരിച്ചയച്ചു. ഫ്രഞ്ച് പോലീസ് അസീരിയെ അറസ്റ്റ് ചെയ്‌തെങ്കിലും വിട്ടയച്ചു. പക്ഷെ പൗരത്വം ഇല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തു കടക്കാനാവാതെ അസീരി ടെര്‍മിനലില്‍ തന്നെ കുടുങ്ങി പോവുകയായിരുന്നു. വിമാനങ്ങള്‍ പറന്നുയരുന്നതും ഇറങ്ങുന്നതും യാത്രക്കാര്‍ കടന്നു പോകുന്നതും കണ്ടു കൊണ്ട് തന്റെ ഇരിപ്പിടത്തില്‍ അസീരി കഴിഞ്ഞു കൂടി. പ്രത്യേക സ്ഥലം തന്നെ അസീരിക്ക് ഇരിക്കാനും കിടക്കാനും ഫ്രഞ്ച് എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയിരുന്നു. ഭക്ഷണവും വായിക്കാന്‍ പത്രങ്ങളും മാസികകളും സൗജന്യമായി ലഭിച്ചിരുന്നു. പതിനെട്ട് വര്‍ഷത്തിനിടയില്‍ തന്റെ കണ്‍മുന്നിലൂടെ എണ്ണമറ്റ യാത്രക്കാര്‍ കടന്നു പോയിട്ടും അസീരിക്ക് മാത്രം പറക്കാനൊ പുറത്തിറങ്ങാനൊ സാധിച്ചില്ല. ഈ ജീവിത്തതിനു പകരം വെക്കാന്‍ ഏതു ഭാവനയുണ്ട് ?  

1992 ല്‍ ക്രിസ്ത്യന്‍ ബോഗറ്റ് എന്ന അഭിഭാഷകനായ മനുഷ്യവകാശ പ്രവര്‍ത്തകന്‍ അസീരിയുടെ കേസ് ഏറ്റെടുത്തു. ഫ്രഞ്ച് കോടതിയുടെ വിധി ശ്രദ്ധേയമായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് അസീരിയെ പുറത്താക്കാന്‍ അധികൃതര്‍ക്ക് അവകാശമില്ല. അതേ സമയം രാജ്യത്തെ മണ്ണില്‍ കാല്‍ കുത്താന്‍ അനുവദിക്കുകയുമരുത്. വിചിത്രമെന്ന് തോന്നാവുന്ന ഈ വിധിയെ തുടര്‍ന്ന് അസീരി വീണ്ടും എയര്‍പോര്‍ട്ട് ജീവിതം തുടര്‍ന്നു. അതിനിടെ ബെല്‍ജിയവും ഫ്രാന്‍സും അസീരിക്ക് പൗരത്വം വാഗ്ദാനം ചെയ്‌തെങ്കിലും അയാള്‍ സ്വീകരിച്ചില്ല. ബ്രിട്ടീഷ് പൗരത്വം തന്നെ വേണമെന്ന നിലപാടിലായിരുന്നു അസീരി. ഇറാന്‍ വംശജനായ അസീരിയെന്നാണ് കടലാസുകളില്‍ ബെല്‍ജിയവും ഫ്രാന്‍സും രേഖപ്പെടുത്തിയിരുന്നത്. താന്‍ ഇറാനിയല്ലെന്നും അവിടെ നിന്ന് പുറത്താക്കപ്പെട്ട താന്‍ സര്‍ ആല്‍ഫ്രഡ് മെഹറാന്‍ ആണെന്നും അങ്ങനെ തന്നെ പേരു രേഖപ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. 

ഇത് അംഗീകരിക്കാന്‍ ഫ്രാന്‍സിനൊ ബെല്‍ജിയത്തിനൊ സാധിക്കില്ലായിരുന്നു. ഇതോടെ അഭിഭാഷകനും കൈവിട്ടു. മെഹറാന്‍ വീണ്ടും എയര്‍പോര്‍ട്ടിലെ അന്തേവാസിയായി. ഒരു രാജ്യത്തെയും പൗരത്വമില്ലാതെ അയാള്‍ എയര്‍പോര്‍ട്ടില്‍ ജീവിച്ചു. പുസ്തകം വായിച്ചും എഴുതിയും ധനതത്വശാസ്ത്രം പഠിച്ചും  എയര്‍പോര്‍ട്ട് ജീവനക്കാരുടെ കനിവില്‍ കഴിയുന്നതിനിടെ അദ്ദേഹത്തിനു അനുവദിച്ചു നല്‍കിയിരുന്ന സ്ഥലം ഉള്‍പ്പെട്ട ഭാഗം പൊളിച്ചു മാറ്റാനുള്ള തീരുമാനം വന്നു. നവീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പൊളിച്ചു മാറ്റല്‍. ഇതോടെ അദ്ദേഹം പരിക്ഷീണനും നിരാശനും രോഗിയുമായി. 2006 ജൂലെയില്‍ മെഹറാനെ ആശുപത്രിയിലേക്ക് മാറ്റി. 2007 ജനുവരിയില്‍ ആശുപത്രി വിട്ട ശേഷം റെഡ് ക്രസന്റിന്റെ അഭയ കേന്ദ്രത്തിലും പിന്നീട് പാരീസിലെ പ്രമുഖ ചാരിറ്റി സെന്ററിലുമായി കഥയെ വെല്ലുന്ന ആ ജീവിതം. ഇതിനിടയില്‍ നിരവധി ഡോക്യുമെന്ററികള്‍ക്കും ടി.വി സീരിയലുകള്‍ക്കും ആ ജീവിതം പ്രചോദനമായി. 2004 ല്‍ പുറത്തിറങ്ങിയ മെഹറാന്റെ ആത്മകഥ ഇന്നും ബെസ്റ്റ് സെല്ലറാണ്. മനുഷ്യന്റെ നിസഹായതയുടെയും അതിജീവനത്തിന്റെ നിശബ്ദമായ പോരാട്ടങ്ങളുടെയും അടക്കി പിടിച്ച നിലവിളികളുടെയും പ്രതീകമാണ് മെഹറാന്‍ കരീമി നസീരി.  ഈ ലോകത്ത് ജീവിക്കുന്ന ഏതൊരാള്‍ക്കും ഏതു സമയത്തും സംഭവിക്കാവുന്ന ഒരു  ദുരന്തത്തിന്റെ മുന്നറിയിപ്പ് കൂടിയാണ് ഈ മനുഷ്യന്‍.