പരസ്പരം തേടിയലയുന്ന കണ്ണുകളുമായി കൗമാരവും യുവത്വവും ഉത്സവപറമ്പിലൂടെ അങ്ങനെ നടന്നു നീങ്ങുകയാണെന്ന്് എഴുതിയത് എന്‍.ടി ബാലചന്ദ്രനാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സാഹിത്യ ഭൂമുകയില്‍ നിറഞ്ഞാടിയ അന്നത്തെ നിരൂപകര്‍ വിളിച്ച അഞ്ചാം തലമുറ കഥാകൃത്തുക്കളുടെ കളത്തിനു പുറത്ത് നെഞ്ചു വിരിച്ചു നിന്ന് മികച്ച കഥകള്‍ എഴുതിയവരായിരുന്നു കൊടുങ്ങല്ലൂര്‍ക്കാരന്‍ എന്‍.ടി ബാലചന്ദ്രനും കാട്ടൂരുകാരന്‍ ടി.വി കൊച്ചുബാവയും. ഇവരുടെ സമകാലികരായിരുന്ന അശോകന്‍ ചെരുവിലും അഷ്ടമൂര്‍ത്തിയും ഇപ്പോഴും നല്ല കഥകളെഴുതുന്നു. ഇതേ കാലത്തു തന്നെയാണ് വാക്കുകളില്‍ അഗ്നി സ്ഫ്‌ലിംഗങ്ങളുമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരവ്.

 കടമ്മിനിട്ടയും മറ്റും കവിയരങ്ങുകളിലൂടെ കവിതയെ ജനകിയമാക്കിയിരുന്ന കാലം. പങ്കജ്ഉദാസിനെയും ജഗജിദ്‌സിംഗിനെയും കേരളം കേട്ടു തുടങ്ങിയതും പത്രങ്ങളിലും വാരികകളിലും ഫീച്ചറുകള്‍ കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതും ഇക്കാലത്തു തന്നെയാണ്. ഇ.വി.ശ്രീധരന്‍, കള്ളിക്കാട് രാമചന്ദ്രന്‍, മുസാഫിര്‍, ബി.രവീന്ദ്രന്‍ (ചിന്ത രവി) മുരളി, എന്‍.ടി.ബാലചന്ദ്രന്‍, കവി രാവുണ്ണി (രാവുണ്ണി തൃശൂരിനെ കുറിച്ച് എഴുതിയതു പോലെ മനോഹരമായി  പിന്നെയാരും എഴുതിയിട്ടില്ല,  കുടമാറ്റങ്ങളുടെ നടക്കാവ് എന്നായിരുന്നു ശീര്‍ഷകം)  ഇ.എം.അഷറഫ് , ടി.വി.കൊച്ചു ബാവ ( വിലാസിനിയെ കുറിച്ചുള്ള എഴുത്ത് മറക്കാനാവില്ല) തുടങ്ങിയവര്‍  അക്കാലത്ത് എഴുതിയിരുന്ന ഫീച്ചറുകള്‍ കവിതയോട് അടുത്ത് നിന്നിരുന്നു.

അന്നത്തെ ശീര്‍ഷകങ്ങള്‍ കാലമെത്ര കഴിഞ്ഞിട്ടും മനസില്‍ നിന്ന് മായുന്നില്ല. അഗ്നി കിരീടം തെറിച്ച ആലപ്പുഴ, പണ്ട് ഇവിടെ ഒരു സുല്‍ത്താനുണ്ടായിരുന്നു , പാണന്റെ തുടി കേട്ടുണരുന്ന പകലുകള്‍ തുടങ്ങി മനസ് കൂടെ കൊണ്ടു പോകുന്ന ശീര്‍ഷകങ്ങളും എഴുത്തും. ആനന്ദ് പറഞ്ഞതു പോലെ അന്നത്തെ കാലത്ത് അറിവായിരുന്നു ശക്തി. ഇന്ന് വിവരങ്ങളാണ് ശക്തി.  ഗൂഗിള്‍ സര്‍ച്ചിന്റെ കാലം. മാതൃഭൂമി ഉള്‍പ്പടെയുള്ള വാരികകള്‍ വരുന്നത് കാത്ത് മട്ടിമരചോട്ടില്‍ നിന്നിരുന്ന കുറെ വര്‍ഷങ്ങളുണ്ടായിരുന്നു ജീവിതത്തില്‍. ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് 1982 ജൂണില്‍ എന്റെ ഒരു ഫീച്ചര്‍ മാതൃഭൂമി വാരാന്തപതിപ്പില്‍ അച്ചടിച്ചു വരുന്നത്. ആ കാത്തിരിപ്പ് ഒരു സുഖമായിരുന്നു. ഹൃദയ ധമനികളില്‍ പടരുന്ന വേദനയായിരുന്നു. ഒടുവില്‍ പേര് അച്ചടിച്ചു വരുന്നത് കാണുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷം. ഇന്ന് കാത്തിരിപ്പില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ തിരസ്‌കരിച്ചാല്‍ മുഖ പുസ്തകത്തില്‍ എഴുതും. കാശുള്ളവന്‍ ഈ എഴുത്തെല്ലാം ചേര്‍ത്ത് പുസ്തകമാക്കും. ആ പുസ്തകം ആരെങ്കിലും വായിക്കുന്നുണ്ടോ എന്നത് അയാളുടെ വിഷയമല്ല. പ്രകാശനമാണ് മുഖ്യം. പിന്നെ ചര്‍ച്ചകള്‍. സാഹിത്യ സാംസ്‌കാരിക രംഗത്ത് നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ചിലതെല്ലാം ഗുണകരമാണെന്ന് പറയണം. പക്ഷെ ഗൗരവ വായന കുറഞ്ഞു പോകുന്നു. 

ഇതുവരെയെത്തുമ്പോള്‍ ഈ മട്ടിമരം എവിടെയാണെന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്താണ് തന്റെ അതിരുകള്‍ ആകാശമാണെന്ന് വിളംബരം ചെയ്യുന്ന ശിഖരങ്ങളുമായി ഈ മട്ടി മരം നില്‍ക്കുന്നത്. എത്ര പതിറ്റാണ്ടായി ആ മരം അവിടെ നില്‍ക്കുന്നുവെന്ന് ആരും കൃത്യമായി പറഞ്ഞിട്ടില്ല. ഇനി ഇത് മട്ടിമരം തന്നെയാണൊ എന്നു പോലും ഉറപ്പിച്ചു പറയാനാവില്ല. മട്ടി മരം എന്ന് ആരോ എന്നോ ഒരിക്കല്‍ വിളിച്ചിരിക്കണം. ഈ ഭീമന്‍ മരം വലിയ ഒരു ചുറ്റളവില്‍ തണലാകുന്നു. മണ്ണിന്റെ ആഴങ്ങളിലേക്ക് നീണ്ടു പോയിരിക്കുന്ന അതിന്റെ വേരുകള്‍ മണ്ണ്ിനു മുകളിലുമുണ്ട്. ആ വേരുകള്‍ നിരവധി തലമുറകളുടെ ഇരിപ്പിടം കൂടിയായിരുന്നു. ഇന്നും മട്ടി ചുവട്ടില്‍ കൊടുങ്ങല്ലൂരിലെ ഏറ്റവും പുതിയ തലമുറ വന്ന് എത്തി നോക്കുന്നെങ്കിലുമുണ്ട്. 

മട്ടി ചോടിന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുമുണ്ട്. ഈ മരത്തിന്റെ ചുവട്ടിലായിരുന്നു മേനോന്റെ പെട്ടിക്കട. സര്‍ബത്തും തണുത്ത നാരങ്ങാ വെള്ളവും ലഭിച്ചിരുന്ന ആ പെട്ടിക്കട  തലമുറ കൈമാറി അവിടെ ഉണ്ടായിരുന്നതായി ഓര്‍മിക്കുന്നു. ഇപ്പോഴുണ്ടോ എന്ന് ഉറപ്പു പോര. നാലഞ്ചു വര്‍ഷമായി ഞാന്‍ ആ പരിസരത്ത് പോയിട്ട്. കൊടുങ്ങല്ലൂരിലെ പല തലമുറകള്‍ക്ക് വായനാ ശീലം ഉണ്ടാക്കി കൊടുത്ത രണ്ട് ബുക് സ്റ്റാളുകളില്‍ ഒന്ന് ഈ മട്ടി മരത്തിന് സമീപത്തായിരുന്നു. സി.കെ.എം മേനോന്റെ പുസ്തക ശാല. അദ്ദേഹത്തിന്റെ മകന്‍ രഘു ഇന്നും അത് നില നിര്‍ത്തുന്നു. ബാലരമയും പൂമ്പാറ്റയുമൊക്കെ കുട്ടിക്കാലത്ത് വാങ്ങി വായിച്ചിരുന്ന ആ കടയില്‍ നിന്നു തന്നെയാണ് കൗമാരത്തിലും യൗവ്വനത്തിലുമൊക്കെ മാതൃഭൂമി വാരികയും കലാകൗമുദിയും കേരള ശബ്ദവുമൊക്കെ വാങ്ങിയിരുന്നത്. മലയാള നാടും അന്നത്തെ വായനാ ശീലത്തിന്റെ ഭാഗമായിരുന്നു.

 പ്രൊഫ.എം.കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം മലയാളനാടിലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. വാരികകള്‍ പുറത്തിറങ്ങുന്ന ആദ്യ ദിവസം തന്നെ വായിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. അതു കൊണ്ട് തന്നെ മട്ടിമര ചോട്ടില്‍ സി.കെ.എം മേനോന്‍ സൈക്കിളില്‍ വാരികകളുടെ കെട്ടുമായി വരുന്നത് കാത്ത് നില്‍ക്കും. ഞാന്‍ മാത്രമല്ല. പലരുമുണ്ടായിരുന്നു ആ കൂട്ടത്തില്‍. കൊടുങ്ങല്ലൂര്‍ അമ്പല മൈതാനത്തെ കേരള ബുക്ക് ഹൗസിലും വാരികകള്‍ ലഭിക്കുമായിരുന്നു. അപ്പു മേനോന്റേതായിരുന്നു കേരള ബുക്ക് ഹൗസ്. അപ്പുമേനോന്റെ മകന്‍ ജയകുമാര്‍ സഹപാഠിയായിരുന്നു. സഹോദരന്‍ ശശി സുഹൃത്തും. ശശി വാഹനാപകടത്തില്‍ മരണപ്പെട്ടു. രാമചന്ദ്രന്റെ പിതാവ് കെ.കെ.ആര്‍ നടത്തിയിരുന്ന  പോപ്പുലര്‍ ബുക്ക് ഹൗസും വടക്കന്‍ പറവൂരില്‍ കൊടുങ്ങല്ലൂരിലെ വി.കെ.കൃഷ്ണ മേനോന്‍ സാര്‍ നടത്തിയിരുന്ന ലോട്ടസ് ബുക്‌സും അറിയപ്പെടുന്ന ബുക്സ്റ്റാളുകളായിരുന്നു. ലോട്ടസ് ഇന്നും പ്രസിദ്ധമാണ്. കേരള ബുക്ക് ഹൗസും പ്രവര്‍ത്തിക്കുന്നുണ്ട്. ലോട്ടസ് ബുക്‌സിലും അവരുടെ പ്രസിലും ഞാന്‍ കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. 

മട്ടിമരചോട്ടില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ തപസു ചെയ്തിരുന്നവര്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ അവര്‍ അങ്ങനെ തൊട്ടടുത്തുള്ള ചായകടയില്‍ നിന്ന് ചായ കുടിച്ച് അങ്ങനെ സൊറ പറഞ്ഞിരിക്കും. പല വഴിക്കായി ആ കൂട്ടം പിരിഞ്ഞു പോവുകയും പുതിയത് രൂപപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ചിത്രകലയിലെ അതികായകനായിരുന്ന ആര്‍ട്ടിസ്റ്റ് മാധവമേനോന്റെ സായാഹ്ന സൈക്കിള്‍ സവാരിയും ഈ മട്ടിമരത്തിന്റെ മുന്നിലൂടെയായിരുന്നു. ടാറ്റാ കമ്പനിക്ക് എതിരെ കേസ് പറഞ്ഞ് വിജയിച്ച എന്‍.ടി.ശങ്കരകുട്ടി മേനോനും ആ വഴി കടന്നു പോകാറുണ്ട്. ഇദ്ദേഹം അക്കാലത്ത് മാതൃഭൂമി പത്രത്തില്‍ നല്ല കത്തുകള്‍ എഴുതിയിരുന്നു. ഒരുകാലത്ത് കൊടുങ്ങല്ലൂര്‍ക്കാരുടെ ഹീറോകളായിരുന്ന പാംലന്റ് വാസുവേട്ടന്‍, നെടുമുറി ഭാസ്‌കരേട്ടന്‍ തുടങ്ങിയവര്‍ ഈ മട്ടിമരചോട്ടില്‍ കഥകള്‍ പറഞ്ഞ് നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഭാസ്‌കരേട്ടന്‍ ആ പരിസരത്ത് തന്നെയാണ് വീടു വെച്ച് താമസിച്ചിരുന്നത്. കേരളത്തില്‍ ഒരു പക്ഷെ ആദ്യമായി പ്രേംനസീറിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതും ഇംഗ്ലീഷ് ബാനറുകള്‍ നസീര്‍ സിനിമ കളിക്കുന്ന തിയേറ്ററുകള്‍ക്ക് മുന്നില്‍ കെട്ടിയതും ഈ മട്ടിമര ചോട്ടില്‍ സമ്മേളിച്ചിരുന്നവരായിരുന്നു. പ്രേംനസീറിനെ ലെജന്റ് എന്ന് ആദ്യം സംബോധന ചെയ്തത് ഈ കൂട്ടായ്മയാണ്. ഇന്നത്തെ പോലെ ഫാന്‍സ് അസോസിയേഷമുകള്‍ കൂണു പോലെ മുളച്ചിട്ടില്ലാത്ത കാലത്തായിരുന്നു ഇത്. 

തുടക്കത്തില്‍ പറഞ്ഞതു പോലെ പരസ്പരം തേടിയലയുന്ന കണ്ണുകളുമായി ഈ മട്ടിമരചോട്ടിലൂടെയും നിരവധി കൗമാരങ്ങള്‍ കടന്നു പോയിട്ടുണ്ട്. അന്നത്തെ കാമുകന്‍മാര്‍ക്ക് ആഗോള കാമുക പരിവേഷമുണ്ടായിരുന്നു. പ്ലാറ്റോണിക് ലവ് എന്നു പറയുന്നത് അന്നായിരുന്നു. അന്നത്തെ ആ കാമുക ഹൃദയങ്ങള്‍ക്ക് ഈ മട്ടിമരചോട് തണലേകിയിരുന്നു. അവരുടെ സ്വപ്‌നങ്ങള്‍ക്ക് ഹരിത ഭംഗി നല്‍കിയിരുന്നു. കാലമെത്ര കടന്നു പോയി. ആ മട്ടിമരചോട്ടില്‍ ഇരുന്നിരുന്നവരില്‍ എത്രയോ പേര്‍ മരിച്ചു പോയി. ചിലര്‍ കൊടുങ്ങല്ലൂരില്‍ നിന്ന് കൂടു മാറി. ദല്‍ഹിയിലും മദിരാശിയിലും മുംബെയിലും കൊല്‍ക്കത്തയിലും തുടങ്ങി അധികം ദൂരത്തല്ലാത്ത തൃശൂര്‍ നഗരത്തിലും പിന്നെ എര്‍ണാകുളത്തും തൃപ്പൂണിത്തുറയിലും വരെ ഇക്കൂട്ടത്തില്‍ പെട്ടവരുണ്ട്. ആരൊക്കെ തന്നെ ഉപേക്ഷിച്ചു പോയാലും ഇപ്പോഴും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നവരുണ്ടെന്നും ദൂരെ ഇരുന്നു് തന്റെ തണലില്‍ സാന്ത്വനം കണ്ടെത്തുന്നവരുണ്ടെന്നും ആ മട്ടിമരത്തിനറിയാം.