നിലനില്‍പിന്റെ പ്രത്യയശാസ്ത്രം എന്തെന്ന് ഒരാള്‍ക്ക് കൃത്യമായി മനസിലാക്കി കൊടുക്കുന്ന ഇടമാണ് സിനിമ. കാലികമായ നിലനില്‍പാണ് സിനിമയില്‍ പ്രധാനം. നടനും നടിയും തന്നെ സ്വയം ശ്രദ്ധിക്കുന്നതോടൊപ്പം അഭിനയിക്കുന്ന കാലമത്രയും ചുറ്റുപാടുകളും നിരീക്ഷിച്ചുകൊണ്ടിരിക്കണം. വിപണന സാധ്യകളുടെ ലോകത്ത് കാലിടറാതെ നോക്കണം. സ്വയം മാര്‍ക്കറ്റിംഗ് എന്ന തന്ത്രം ഒരുപക്ഷെ രൂപപ്പെട്ടതു തന്നെ സിനിമയില്‍ നിന്നായിരിക്കണം. ഇന്ന് മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ പോലും സ്വയം മാര്‍ക്കറ്റിംഗിന് നിര്‍ബന്ധിതരാകുന്നു. വിവര സാങ്കേതിക വിദ്യ ഇത്രയൊന്നും വികാസം പ്രാപിക്കാത്ത കാലത്തു പോലും സിനിമയില്‍ ഈ തന്ത്രം ഉണ്ടായിരുന്നു. സ്വന്തം ചട്ടകൂടും അതിലെ ആരാധകവൃന്ദവും അവരുടെ ആരവങ്ങളും പ്രധാനമാണ്. ഇന്ന് ഇത് ശ്രഷ്ടിക്കാന്‍ എളുപ്പം സാധിക്കും. അതോടൊപ്പം പ്രതിഭ കൂടി ഉണ്ടെങ്കില്‍ തിളങ്ങാം. സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം എക്കാലത്തും  പ്രമേയവും നല്ല അവതരണവും ക്രിയാത്മക സൗന്ദര്യവും തന്നെയാണ് ആകര്‍ഷക ഘടകം. സുകുമാര്‍ അഴീക്കോട് പറഞ്ഞതു പോലെ കലയുടെ ലോകത്ത് രണ്ടു തരം സൗന്ദര്യ ശ്രംഗങ്ങളുണ്ട്. സ്വയം നിര്‍മിതമായതും സ്വാഭാവികമായി ഉയര്‍ന്നു വന്നതും. സിനിമയില്‍ ഇതു രണ്ടും കാണാം. ഒരു സിനിമയില്‍ അഭിനയിക്കുക, ഒരു സിനിമക്ക് കഥയെഴുതുക, ഒരു സിനിമ സംവിധാനം ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ ശ്രമിച്ചാല്‍ നടക്കാവുന്ന കാര്യമാണ്. പക്ഷെ അത് നിലനിര്‍ത്തി കൊണ്ടു പോകലാണ് അതീവ ശ്രമകരമായ ജോലി. അതിന് ഭാഗ്യം മാത്രം പോര. കഠിനമായ പോരാട്ടം തന്നെ വേണം. പൊരുതി കയറാനുള്ള യാത്ര മാത്രമാണ് നടക്കുന്നത്. വെള്ളി വെളിച്ചത്തില്‍ നിന്നു പോയാല്‍ ആളെ പൂര്‍ണമായി വിസ്മരിക്കുകയെന്നതും സിനിമ തരുന്ന പാഠമാണ്. അങ്ങനെ വിസ്മരിക്കപ്പെട്ട പ്രതിഭകളെത്രയാണ്. 

കൊടുങ്ങല്ലൂര്‍ക്കാരനായ സിനിമാ താരമായി ഞാന്‍ ആദ്യം കാണുന്നതും കേള്‍ക്കുന്നതും ബഹദൂര്‍ക്കാനെയാണ്. കൊടുങ്ങല്ലൂര്‍ക്കാരുടെ അഭിമാനവും മദ്രാസിലെത്തുന്ന കൊടുങ്ങല്ലൂര്‍ക്കാരായ അഭിനയ മോഹികളുടെ ആശ്രയവുമായിരുന്ന ബഹദൂര്‍ക്ക. അബ്ബാസ് എന്ന സ്ഥിരം വില്ലന്‍ വേഷം ചെയ്തിരുന്ന ഒരാള്‍ കൂടി ഉണ്ടായിരുന്നു കൊടുങ്ങല്ലൂര്‍ക്കാരനായി . അബ്ബാസ് കൊമ്പന്‍ മീശക്കാരനായിരുന്നു. ബഹദൂര്‍ക്ക ഇന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വേറെ ലെവലായിരുന്നു. പി.ഭാസ്‌കരന്‍ മാഷ് സിനിമാ ലോകത്ത് നേരത്തെ ഉണ്ടായിരുന്നു. മണപ്പുറം ഭാഗത്തു നിന്ന് രാമുകര്യാട്ട്. പിന്നീട് ഹമീദ് കാക്കശേരി. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ കമലും കൊടുങ്ങല്ലൂരിന്റെ യശസ് ഉയര്‍ത്തി. ഇവര്‍ക്കിടയില്‍ അധികമാരും ഇന്ന് ചര്‍ച്ച ചെയ്യാത്ത, എന്തിന് ഓര്‍മിക്കാത്ത ഒരാളുണ്ട്. 1975 ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സുധീര്‍. കൊടുങ്ങല്ലൂരിലെ വിഖ്യാതമായ തറവാട്ടില്‍ നിന്ന് സിനിമാ ലോകത്തേക്ക് പടി കടറി പോയ സുധീര്‍ 100 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ഒരു പക്ഷെ സത്യനു ശേഷം സ്വാഭാവിക അഭിനയം എന്തെന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ ആദ്യ നായക നടനായിരുന്നു സുധീര്‍. നല്ല സുന്ദരനുമായിരുന്നു. ചെമ്പരത്തിയൊക്കെ കാണുന്ന കാലത്ത് സുധീര്‍ കൊടുങ്ങല്ലൂര്‍ക്കാരനായിരുന്നു എന്ന് അറിയില്ലായിരുന്നു. ചെമ്പരത്തി കാണുന്ന കാലത്ത് മാത്രമല്ല സത്യത്തിന്റെ നിഴലില്‍ കാണുന്ന കാലത്തും സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. എസ്.എന്‍ തിയേറ്ററിലും ശ്രീകാളീശ്വരിയിലും ഉന്തും തള്ളുമിട്ട് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റെടുത്ത് സിനിമ കാണുന്ന കാലം. സത്യന്റെ സിംഹാസനത്തില്‍ ഇനി ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അന്ന് നിരൂപകര്‍ക്ക് സുധീര്‍. അഭിനയത്തിലെ സ്വാഭാവികതയും ഡയലോഗ് ഡെലിവറിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

നല്ല നടനെന്ന് വളരെ പെട്ടെന്ന് പേരെടുത്ത ആളായിരുന്നു സുധീര്‍. എഴുപതുകളിലെ  തിരക്കുള്ള നടന്‍മാരില്‍ ഒരാള്‍. പടിയത്ത് അബ്ദുറഹീമില്‍ നിന്ന് സുധീറിലേക്കുള്ള നടന പാത ദുര്‍ഘടം പിടിച്ചതായിരുന്നെങ്കിലും സുധീര്‍ പൊരുതി കയറിയാണ് താരമായി വളര്‍ന്നത്. 1970 ല്‍ പുറത്തിറങ്ങിയ നിഴലാട്ടമായിരുന്നു ശ്രദ്ധേയമായ ആദ്യ ചിത്രം. 1972 ല്‍ പുറത്തിറങ്ങിയ ചെമ്പരത്തി സുധീറിന് താര പരിവേഷം നല്‍കി. 1975 ല്‍ സത്യത്തിന്റെ നിഴലില്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം. ഇതോടെ പ്രശസ്തിയുടെ നെറുകയിലെത്തി പ്രതിഭാശാലിയായ ഈ നടന്‍. ചെമ്പരത്തിയിലെ രാജനെയൊക്കെ മറക്കാനാവില്ല. ഹലോ ഡാര്‍ലിംഗ് പോലുള്ള ജനകിയ സിനിമകളിലും അക്കാലത്ത് സുധീര്‍ അഭിനയിച്ചിട്ടുണ്ട്. പ്രേംനസീര്‍ നിത്യ ഹരിത നായകനായി അരങ്ങു വാഴുന്ന കാലത്താണ് സുധീര്‍ തന്റെ ഇരിപ്പിടം കണ്ടെത്തിയത്. 1975 ല്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരേ സമയം അന്നത്തെ സമാന്തര സിനിമയുടെയും തനി കച്ചവട സിനിമയുടെയും ഭാഗമായി സന്തുലിതമായ അഭിനയ മികവ് കാഴ്ച വെച്ച നടനെന്ന നിലയിലും സുധീറിന് മലയാള സിനിമാ ചരിത്രത്തില്‍ സ്ഥാനമുണ്ട്. ആരൊക്കെ മായ്ച്ചു കളയാന്‍ ശ്രമിച്ചാലും ചരിത്രത്തിന്റെ താളില്‍ തിളക്കത്തോടെ തന്നെ സുധീറിന്റെ പേര് നില നില്‍ക്കും. ചെമ്പരത്തിയിലും ചായത്തിലുമൊക്കെ അഭിനയിച്ച സുധീര്‍ ചിരിക്കുടുക്കയിലും റാഗിംഗിലുമൊക്കെ അഭിനയിക്കുമ്പോഴും തന്റെ സിദ്ധി നിലനിര്‍ത്തി. നാട്ടുകാരനായ ഹമീദ് കാക്കശേരി സംവിധാനം ചെയ്ത മനസിലും (1973)  മൊയ്തു പടിയത്തിന്റെ മകനും പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ സിദ്ധിഖ് ഷമീറിന്റെ കടലിലും (1994)  സുധീര്‍ അഭിനയിച്ചു. നാട്ടുകാരുടെ സിനിമാ സംരഭങ്ങളിലൊക്കെ സുധീര്‍ സഹകരിച്ചിട്ടുണ്ട്. 

വളരെ കാലം കഴിഞ്ഞാണ് ബഹദൂര്‍ക്ക മാത്രമല്ല സുധീറും നാട്ടുകാരനാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്. ചലച്ചിത്ര മേഖലയിലെ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് നടക്കുന്ന കാലത്ത് സുധീര്‍ കൊടുങ്ങല്ലൂര്‍ക്കാരനാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ സുധീറിനെ കണ്ടില്ല. അഥവാ കാണാന്‍ ശ്രമിച്ചില്ല. എണ്‍പതുകളുടെ തുടക്കത്തിലാണ് അത്. സുധീര്‍ അന്നും സജീവമായി രംഗത്തുണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും സുധീര്‍ നായക സ്ഥാനത്തു നിന്ന് ഉപ നായക സ്ഥാനത്തേക്കും തിരിച്ചും യാത്ര തുടങ്ങിയിരുന്നു. ചെറിയ റോളുകളില്‍ പോലും പില്‍ക്കാലത്ത് അഭിനയിച്ചിട്ടുണ്ട്. മലയാളി വേണ്ടത്ര അംഗീകരിക്കാതെ പോല അഭിനയ പ്രതിഭയെ നാട്ടുകാരും കാര്യമായി ഗൗനിച്ചില്ലെന്ന് വേണം പറയാന്‍. സുധീറിന്റെ സ്മരണ പുതുക്കുന്ന ചടങ്ങുകളൊന്നും നടന്നതായി എനിക്ക് അറിവില്ല. ഒരു പക്ഷെ ഞാന്‍ അറിയാതെ പോയതായിരിക്കും. ഇതു വായിക്കുന്ന എന്റെയും സുധീറിന്റെയും നാട്ടുകാര്‍ക്ക് തിരുത്താം. എന്റെ ശ്രദ്ധയില്‍ കൊടുങ്ങല്ലൂരിന്റെ സംഭാവനയായ ഈ മഹാ നടന് ഉചിതമായ സ്മരകം ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതു കൊണ്ടാണ് ഇതു പറയുന്നത്. ബഹദൂര്‍ക്കാനെയും പി.ഭാസ്‌കരന്‍മാഷെയും കമലിനെയുമൊക്കെ പല പ്രാവശ്യം നേരിട്ടു കണ്ടിട്ടുള്ള സംസാരിച്ചിട്ടുള്ള ഞാന്‍ സുധീറിനെ അദ്ദേഹത്തിന്റെ മരണം വരെ നേരിട്ടു കണ്ടിട്ടുമില്ല. 2004 ലായിരുന്നു സുധീറിന്റെ മരണം. അക്കാലം വരെ അദ്ദേഹം സിനിമയില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അന്തര്‍മുഖത്വത്തോടെ ജീവിച്ചുവെന്നു വേണം പറയാന്‍.