ന്ന് പതിവിലും വൈകി കൊട്ടാരത്തില്‍ നിന്ന് പിരിയാന്‍ നേരം ഒരു ചെറുപ്പക്കാരന്‍ തേടിയെത്തുന്നു. ആളെ പരിചയമുണ്ട്. നാടക പ്രവര്‍ത്തകനായ ദേവരാജന്‍. മാടമ്പ് കുഞ്ഞികുട്ടന്‍ പറഞ്ഞു വിട്ടതാണ്. അദ്ദേഹവും ഒരു ചെറു സംഘവും പരിസ്ഥിതി സംരക്ഷണ ജാഥയുടെ ഭാഗമായി ഒരു വഞ്ചിയില്‍ പുഴ വഴി വരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് പാലത്തിനു സമീപം വഞ്ചിയടുപ്പിക്കും. വിളിച്ചു കൊണ്ടു വരാന്‍ പറഞ്ഞു. രാത്രി അപ്പോള്‍ പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. ഓമന ചേട്ടനും പ്രേമചന്ദ്രനും (ഗോപാല്‍ജി പുത്രന്‍) ഞാനും ദേവരാജനും കൂടി രണ്ട് സ്‌ക്ൂട്ടറുകളില്‍ പുല്ലൂറ്റ് പാലത്തിന് അടുത്തേക്ക്. വഞ്ചി എത്തിയിട്ടില്ല. ദൂരെ എവിടെയും വെളിച്ചം കാണുന്നുമില്ല. പുഴയില്‍ നിലാവാണ്. പി.ഭാസ്‌കരന്‍ മാഷ് അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ഈ പുഴ വഴി നിലാവ് പെയ്യുന്ന രാത്രിയില്‍  പ്രിയതമയോടൊപ്പം വഞ്ചിയില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അന്നേരം കവിയുടെ മനസില്‍ അനുരാഗ കരിക്കിന്‍ വെള്ളം. അല്ലിയാമ്പല്‍ കടവ്. ദൂരെ താമര.  കാല്‍പനികതയുടെ പൂനിലാവില്‍ അങ്ങനെ മലയാളി ഒരിക്കലും മറക്കാത്ത ഒരു മനോഹര ഗാനം. 

പാലത്തിന്റെ അഴികളില്‍ പിടിച്ച് പുഴയിലേക്ക് നോക്കി നില്‍ക്കുന്ന നാലു പേര്‍. നിലാവും ചെറിയ മഞ്ഞും. പട്രോള്‍ പോലീസ് ജീപ്പും എക്സൈസ് ജീപ്പും ഇരമ്പിയെത്തിയത് പെട്ടെന്നാണ്. മുഖത്തേക്ക് ടോര്‍ച്ച് വെളിച്ചം. പോലീസ് ജീപ്പില്‍ അന്നത്തെ കൊടുങ്ങല്ലൂര്‍ എസ്.ഐ മോഹന്‍കുമാര്‍.  വിദ്വത് പീഠത്തില്‍ നജ്മല്‍ ബാബുവിന്റെ ഗസല്‍ രാവ് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെ സമ്മതിച്ച സഹൃദയന്‍. എന്താണ് ഇവിടെ ? മാടമ്പ് കുഞ്ഞികുട്ടന്‍ ഒരു വഞ്ചിയില്‍ ഇതു വഴി വരുന്നുണ്ട്. സാറിനും അദ്ഭുതം. അപ്പോഴേക്കും എക്സൈസ് ജീപ്പില്‍ നിന്ന് വിദ്യ ഇറങ്ങി ഞങ്ങളുടെ അടുത്തെത്തിയിരുന്നു. പിന്നീട് പോലീസ് എക്സൈസ് പാര്‍ട്ടികളും ഞങ്ങളും പാലത്തില്‍ മാടമ്പിനെ കാത്തു നിന്ന മറക്കാനാവാത്ത രാത്രി. പത്തു മിനിറ്റിനുള്ളില്‍ മാടമ്പും സുഹൃത്തുക്കളുമെത്തി. എന്താടോ ഇത്, പരിസ്ഥിതി ജാഥ ക്രിമിനല്‍ കുറ്റമാക്കിയോ ? എന്നിട്ട് ഒരു ചിരി. എസ്.ഐ മോഹന്‍കുമാര്‍ കൈ കോടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു പോയി.

 വിദ്യയും എക്സൈസ് ഓഫീസര്‍മാരും പിറകെ പോയി. മാടമ്പും സംഘവും ഞങ്ങളും ഏറെ നേരം പാലത്തിന്റെ ഇറക്കിലിരുന്ന് സാഹിത്യം പറഞ്ഞു. സിനിമയെ കുറിച്ചു പറഞ്ഞു. കൃത്യമായി എങ്ങനെ ഞങ്ങള്‍ കൊട്ടരത്തില്‍ ആ സമയത്തു കാണുമെന്ന് മനസിലാക്കിയെന്ന ചോദ്യം മനസില്‍ കിടന്ന് വീര്‍പ്പു മുട്ടി. ചോദിച്ചു. അതാണെടോ മാന്ത്രിക താന്ത്രിക വിദ്യ. സ്നേഹം ചാലിച്ച മാടമ്പിയന്‍ മാജിക്. ഈ സ്നേഹം ഞാന്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. കോഴിക്കോട് അളകാപുരിയില്‍ എന്റെ പുസ്ത പ്രകാശന ചടങ്ങിന് മാടമ്പ് വരുന്നത് വയനാട്ടില്‍ നിന്ന് ഒരു ലോറിയിലാണ്. ബസ് കാത്തു നി്ന്നാല്‍ വൈകുമെന്ന് തോന്നി ലോറിക്ക് കൈ കാണിച്ചു. നിര്‍ത്തി. ഡ്രൈവര്‍ക്ക് കുറെ പുരാണ കഥകള്‍ പറഞ്ഞു കൊടുത്തു. കാശ് വാങ്ങിയില്ല. മാടമ്പ് നന്നായി കഥ പറയും. എത്ര സമയം വേണമെങ്കിലും നാം അത് കേട്ടിരിക്കും. 

ഈ കോവിഡ് കാലത്ത് മാടമ്പ് കുഞ്ഞികുട്ടന്‍ മരിച്ചു. ഭ്രഷ്ടും അശ്വത്ഥാമാവും അവിഘ്നമസ്തുവുമൊന്നും മരിക്കുന്നില്ല. ദേശാടനങ്ങള്‍ തീരുന്നില്ല. പൊതു മലയാളി സമൂഹം മാത്രമല്ല സമകാലീകരായ എഴുത്തുകാരും നിരൂപകരും വേണ്ടത്ര മനസിലാക്കാതെ പോയ പ്രതിഭയാണ് മാടമ്പ് കുഞ്ഞികുട്ടനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പക്ഷെ കോവിലന്‍ മാത്രമായിരുന്നു മാടമ്പിനെ ശരിക്കും അറിഞ്ഞിരുന്ന ഒരാള്‍. അപൂര്‍വ പുസ്തകങ്ങള്‍ തേടി പിടിക്കാന്‍ ബഹു മിടുക്കനായിരുന്നു മാടമ്പ്. അത് ആദ്യം വായിച്ചിരുന്നത് കോവിലനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമുഖ പത്രത്തിന്റെ വാര്‍ഷിക പതിപ്പില്‍ ഇവരുടെ അപൂര്‍വ സൗഹൃദത്തെ കുറിച്ച് ഞാന്‍ എഴുതിയിരുന്നു. 

മാടമ്പ് തേടി പിടിക്കും കോവിലന്‍ വായിക്കും എന്നോ മറ്റോ ആയിരുന്നു ശീര്‍ഷകം. നേരത്തെ സൗഹൃദം ഉണ്ടായിരുന്നെങ്കിലും പിന്നെയും കുറെ കഴിഞ്ഞാണ് മാടമ്പിനെ ഇന്റര്‍വ്യു ചെയ്യുന്നതും അത് മാതൃഭൂമി വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിക്കുന്നതും. അക്കാലത്ത് മാടമ്പിനെ മനയില്‍ ചെന്ന് കൂട്ടി കൊണ്ടു പോരാറായിരുന്നു പതിവ്. പലപ്പോഴും സി.കെ ഹുസൈനിക്കയും കാണും. പ്രേമനുമായും ഓമന ചേട്ടനുമായും രാമചന്ദ്രനുമായും മാടമ്പിന് എന്നോടുള്ളതു പോലെ തന്നെ സ്നേഹമായിരുന്നു. മാടമ്പിന് കൊടുങ്ങല്ലൂരുമായി വല്ലാത്ത ആത്മബന്ധം ഉണ്ടായിരുന്നു. വിദ്വത് പീഠത്തിലേക്ക് മാടമ്പിനെ കൊണ്ടു വന്നത് കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടി തമ്പുരാട്ടിയായിരുന്നു. മാടമ്പിന്റെ സഹോദരനായിരുന്നു തമ്പുരാട്ടി കത്തയച്ചത്. വന്നത് മാടമ്പായിരുന്നു. മാടമ്പ് കൊടുങ്ങല്ലൂര്‍ നഗരത്തിലേക്ക്  രാജകിയമായി പ്രവേശിക്കുകയായിരുന്നെന്നാണ് ആ വരവ് കണ്ടവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. 

ബസ് ഇറങ്ങി അയ്യപ്പന്റെ സൈക്കിള്‍ റിക്ഷയിലായിരുന്നത്രെ വരവ്. അക്കാലത്ത് കൊടുങ്ങല്ലൂര്‍ ബോയിസ് ഹൈസ്‌കൂളിന് പടിഞ്ഞാറു വശത്തെ ആല്‍ത്തറക്ക് സമീപം രണ്ട് സൈക്കിള്‍ റിക്ഷകള്‍ ആവശ്യക്കാരെ കാത്തു കിടന്നിരുന്നു. പിന്നെ ഒരു സൈക്കിള്‍ റിക്ഷ ഉണ്ടായിരുന്നത് ചേരമാന്‍ മസ്ജിദിനു സമീപത്തായിരുന്നു. കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടി തമ്പുരാട്ടിയും സഖാവ് ടി.എന്‍.കുമാരേട്ടനുമൊക്കെ അധികവും ഈ സൈക്കിള്‍ റിക്ഷകളിലാണ് പഞ്ചായത്ത് ഓഫീസിലേക്കും മറ്റും പോയിരുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍  ഇവരുടെ  റിക്ഷായാത്രകള്‍ കണ്ടിട്ടുണ്ട്. 

മാടമ്പ് കൊടുങ്ങല്ലൂരില്‍ എത്തുന്ന കാലത്ത് പാം ലാന്റ് വാസുവേട്ടന്‍ എന്ന സഹൃദയനായ സമ്പന്നന്റെ പുഷ്‌കല കാലമായിരുന്നു. വാസുവേട്ടന്റെ ആതിഥ്യം സ്വീകരിക്കാത്ത എഴുത്തുകാരും സിനിമാക്കാരും അന്നുണ്ടായിരുന്നില്ല. മലയാളിയുടെ വായനാനുഭവത്തെ മാറ്റി മറിച്ച രണ്ടു പെണ്‍കുട്ടികള്‍ പോലുള്ള നോവലിന്റെ രചയിതാവ് വി.ടി.നന്ദകുമാറും അന്ന് കൊടുങ്ങല്ലൂരിലുണ്ട്.  വാസുവേട്ടന്റേയും നന്ദേട്ടന്റെയുമൊക്കെ നേതൃത്വത്തില്‍ ഒരു സാഹിത്യ മാസികയും പുറത്തിറങ്ങിയിരുന്നു. ഭ്രഷ്ട് മാടമ്പ് എഴുതുന്നത് ഈ കൂട്ടുകെട്ടിനോടൊപ്പം സഞ്ചരിക്കുമ്പോഴാണ്. പില്‍ക്കാലത്ത് നന്ദേട്ടനും മാടമ്പു കുഞ്ഞികുട്ടനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മാജിക്കല്‍ റിയലിസത്തെ കുറിച്ച് മലയാളി ചര്‍ച്ച ചെയ്യുന്നതിനും എത്രയോ മുമ്പ് തന്നെ മാടമ്പ് ആ രീതിയില്‍ എഴുതിയിട്ടുണ്ട്. നീര്‍ക്കോലിയും ഉറുമ്പും തവളയുമൊക്കെ കഥാപാത്രങ്ങളായി. മനുഷ്യനെ കാണുമ്പോഴും അവന്റെ അഹന്ത കാണുമ്പോഴും നീര്‍ക്കോലിക്ക് ഒക്കെ പരമ പുഛമായിരിക്കുമെന്ന് മാടമ്പ് പറഞ്ഞു. ജീവിതം ആഘോഷിക്കുമ്പോഴും ആത്മിയതയെ തള്ളി പറഞ്ഞിട്ടില്ല. അമ്പലത്തില്‍ പൂജാരിയായിട്ടുണ്ട്. പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. നടനായി. തിരക്കഥാകൃത്തായി. ബഹുമുഖ പ്രതിഭ അതിന്റെ ചരിത്രപരമായ നിയോഗം നിര്‍വഹിച്ച് മടങ്ങി പോയിരിക്കുന്നു. 

വി.ടി.നന്ദകുമാറും മാടമ്പും ഇപ്പോള്‍ ഓര്‍മയായിരിക്കുന്നു. എന്റെ ഉമ്മാടെ സഹപാഠിയായിരുന്നു നന്ദേട്ടന്റെ ഭാര്യ ലളിത നന്ദകുമാര്‍. കവി സച്ചിദാനന്ദന്റെ സഹോദരി. കെ.വേണുവിന്റെ അടുത്ത ബന്ധു. പാം ലാന്റ് വാസുവേട്ടന്റേത് ഇതിഹാസ തുല്യമായ ജീവിതം.  രേഖപ്പെടുത്താതെ പോയ  ചരിത്രം. എപ്പോള്‍ കാണുമ്പോഴും എന്നെ കുറിച്ച്  എഴുതണമെന്ന് വാസുവേട്ടന്‍ പറയുമായിരുന്നു. അത് ഒരു കഥ. അതു പോലെ എത്രയെത്ര ഇതിഹാസ ജീവിതങ്ങള്‍. ഈ ജീവിതങ്ങളെ ആത്മബന്ധത്താല്‍ സ്പര്‍ശിച്ചു പോയ പ്രതിഭയായിരുന്നു മാടമ്പ് കുഞ്ഞികുട്ടന്‍. കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാനെ കുറിച്ച്  ഡോക്യമെന്ററി എടുക്കണമെന്ന് സി.കെ.ഹുസൈന്‍ ഇക്കാക്ക് ഒരു മോഹം. അതിന്റെ തിരക്കഥ എഴുതാന്‍ മാടമ്പിനെ സമീപിച്ചപ്പോള്‍ മാടമ്പ് പറഞ്ഞത് ഇങ്ങനെ, ഹുസൈന്റെ പേരില്‍ വേണമെങ്കില്‍ എഴുതാം. സാക്ഷാല്‍ മാടമ്പിന്റെ പേരിലും എഴുതാം. രണ്ടിനും രണ്ട് നിരക്കാണ്. അക്കാലത്ത് മലയാള സിനിമയില്‍ ഗോസ്റ്റ് റൈറ്റിംഗിനെ മാടമ്പാവുകയെന്നാണ് പറഞ്ഞിരുന്നത്. 

ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ മറുപടി, ആരെങ്കിലും രക്ഷപ്പെടണമെങ്കില്‍ രക്ഷപ്പെടട്ടെ. നമുക്കെന്ത് നഷ്ടം. മാടമ്പിനോടൊപ്പമുള്ള യാത്രകള്‍ ഏറെ രസകരമായിരുന്നു.   നൈസര്‍ഗികമായ ഫലിതങ്ങള്‍. പുതിയ അറിവുകള്‍.  ഒരു നിമിഷം പോലും യാത്രകളില്‍ പാഴാവില്ല. എന്റെ പ്രവാസത്തിന്റെ രണ്ടാമൂഴത്തിനു മുമ്പുള്ള ഇടവേളയിലാണ് ഞങ്ങള്‍ കൂടുതല്‍ അടുത്തത്. വീണ്ടും വിസ വന്നപ്പോള്‍ മാടമ്പ് പറഞ്ഞു, തനിക്ക് ഞാനൊരു സര്‍ട്ടിഫിക്കറ്റ് തരാം. ബീഹാറില്‍ നിന്നും ബംഗാളില്‍ നിന്നും വെള്ളപ്പൊക്ക കാലത്ത് നമ്മുടെ നാട്ടിലെത്തുന്നവരുടെ കൈവശം കാണാറില്ലെ ഒരു സര്‍ട്ടിഫിക്കറ്റ് അതു പോലെ ഒരെണ്ണം. അതില്‍ ഇങ്ങനെ എഴുതാം, മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ ഫീച്ചറുകളെഴുതി തകര്‍ന്ന ഒരു ചെറുപ്പക്കാരന്‍ അന്നവും അര്‍ഥവും തേടി ഒരിക്കല്‍ കൂടി സൗദി അറേബ്യയിലേക്ക് വരുന്നു. ദയവു ചെയ്ത് ആരെങ്കിലും ഒരു ജോലി നല്‍കി സഹായിക്കണം. തിരികെ ഉടനെയൊന്നും കയറ്റി വിടരുത്. പിന്നീട് പല അവധിക്കാലത്തും കണ്ടു മുട്ടി. കൊടുങ്ങല്ലൂരിലെ വീട്ടില്‍ പലപ്പോഴും വന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഞാന്‍ ഭാര്യയോടൊപ്പം മാടമ്പിനെ കാണാന്‍ പോയപ്പോള്‍ മാടമ്പ് പറഞ്ഞു,  ഇവനെ നന്നായി നോക്കണം. ലേശം കുറുമ്പ് . ഇത്തിരി അരാജകത്വം. അറിവില്ലായമ ശ്ശി ഉണ്ട്. എന്നാലും പാവമാണ്. ഇനി ഒരിക്കലും മാടമ്പിനെ കാണില്ല. കഥകള്‍ പറഞ്ഞ് കൂടെ ഒരു യാത്രയില്ല. മാടമ്പ് കുഞ്ഞികുട്ടന്‍, പി.ഒ. കിരാലൂര്‍ എന്ന വിലാസത്തില്‍ കത്തയച്ചാല്‍ കൈപ്പറ്റാന്‍ അവിടെ മലയാള സാഹിത്യത്തിലെ ഒറ്റയാനില്ല. എഴുതിയത്രയും മലയാളിയുടെ ചിന്തകളില്‍ കനല്‍ പടര്‍ത്തുമെന്നുറപ്പ്. സാഹിത്യ, സാംസ്‌കാരിക ഭൂമികയില്‍ അത്രക്ക് പ്രോജ്വലമായ അടയാളപ്പെടുത്തലായിരുന്നു മാടമ്പിന്റെ  ജീവിതം.