സ്വന്തം പേരിനൊപ്പം ഗാന്ധിയെ ചേര്‍ത്ത് പിടിക്കുന്ന എത്ര മലയാളികളുണ്ടെന്ന് അറിയില്ല. ഏതായാലും പ്രവാസ ലോകത്ത് എന്റെ അറിവില്‍ ഒരാളെയുള്ളു. ദുബായ് മീഡിയ സിറ്റിയിലെ ബ്ലാക് വാട്ടര്‍ യു.കെ സിന്‍ഡിക്കേറ്റിനു വേണ്ടി  ചിത്രങ്ങള്‍ വരക്കുന്ന രേഖാ ചിത്രകാരനായ കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി അഷര്‍ ഗാന്ധി. സര്‍ഗാത്മക സൃഷ്ടികളിലേക്ക് പത്രാധിപന്‍മാര്‍ക്ക് ശേഷം ആദ്യം കണ്ണോടിക്കുന്നതും പിന്നീട് അതിലെ കഥാപാത്രങ്ങളെ രേഖാ ചിത്രങ്ങളാക്കുകയും ചെയ്യുന്ന ചിത്രകാരന്‍മാര്‍ക്ക് ലോകത്ത് എവിടെയും പ്രമുഖ സ്ഥാനമുണ്ട്. 

വായനാനുഭവത്തെ ദൃശ്യാനുഭവവുമായി ഇഴ ചേര്‍ത്തവരാണ് നമ്പൂതിരിയും എ.എസും എം.വി ദേവനും മദനനുമൊക്കെ. ഇവരുടെ ധന്യ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ് ചന്ദ്രശേഖരനും ഒ.ബി നാസറും വിജയരാഘവനും സഗീറും സുനിലും ഷരീഫും അഷര്‍ഗാന്ധിയും. പുതിയ രേഖാചിത്രകാരന്‍മാര്‍ വേറെയുമുണ്ട്. യയാതിയിലെയും രണ്ടാമൂഴത്തിലെയും കഥാ പാത്രങ്ങള്‍ വരകളിലൂടെ ജീവന്‍ വെച്ചതും അത് വായനക്കാരന്റെ മനസിനെ പിന്തുര്‍ന്നതും ഇന്നും പിന്തുടരുന്നതിനും കാലം സാക്ഷി. 

അഷര്‍  ഒരു പക്ഷെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ക്ക് കവര്‍ പേജ് ചെയ്തിട്ടുള്ള ചിത്രകാരന്‍ കൂടിയാണ്. എം.എന്‍ വിജയന്റെ വര്‍ണങ്ങളുടെ സംഗീതത്തിന് കവര്‍ വരച്ചായിരുന്നു തുടക്കം. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം.ടി യുടെ കാലം പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ മോഹനവര്‍മയുടെ ഓഹരി മാധവിക്കുട്ടിയുടെ കഥകള്‍ ഒ.എന്‍.വി കവിതകള്‍ തുടങ്ങി ആയിരത്തോളം പുസ്തകങ്ങള്‍ക്ക് കവര്‍ പേജ് ചെയിതിട്ടുണ്ട് വര്‍ഷങ്ങളായി ഷാര്‍ജയില്‍ പ്രവാസിയായ അഷര്‍. 

നാട്ടില്‍ അഷര്‍ എന്ന പേരില്‍ വരച്ചിരുന്ന അദ്ദേഹം പേരിനൊപ്പം ഗാന്ധി കൂട്ടി ചേര്‍ത്തത് ആറു വര്‍ഷം മുമ്പാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗാന്ധിയെ അവതരിപ്പിച്ച് സമ്മാനം നേടിയ ഫാന്‍സി ഡ്രസ് മത്സരത്തിന്റെ ബാക്കി പത്രം മാത്രമല്ല അഷറിന് ഈ പേര്. അന്താരാഷ്ട പ്രസിദ്ധീകരണങ്ങള്‍ക്ക് വരച്ചു തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ ഐഡന്റിക്ക് വേണ്ടി കൂടിയാണ് ആറു വര്‍ഷം മുമ്പ് അഷര്‍ പേരിനൊപ്പം ഗാന്ധി ചേര്‍ത്തതും അതു വഴി രേഖാചിത്രം വരക്കുന്ന  മലയാളി ഗാന്ധിയായി മാറിയതും. ചിത്രകലയുടെ സജീവതയിലേക്ക് വഴി തെളിയിച്ചത് കവി സത്യന്‍ മാടാക്കരയാണ്.  

2017 ലെ ഷാര്‍ജ പുസ്തകോത്സവത്തില്‍ 24 മിനിറ്റ് മാത്രം സമയമെടുത്ത് മൂന്ന് മീറ്റര്‍ ഉയരത്തിലും രണ്ട് മീറ്റര്‍ വീതിയിലും അക്രൊലാക് പെയിന്റില്‍ നോവലിസ്റ്റ് ഷെമിയുടെ പുതിയ നോവലായ മലപ്പുറത്തിന്റെ മരുമകള്‍ക്ക് വേണ്ടി  അഷര്‍ വരച്ച കവര്‍ ചിത്രം അന്താരാഷ്ട്ര തലത്തില്‍  ശ്രദ്ധ നേടിയിരുന്നു. 

കഴിഞ്ഞ ദിവസം സമാപിച്ച ഈ വര്‍ഷത്തെ ഷാര്‍ജാ പുസ്തകോത്സവത്തിലും അഷര്‍ ചിത്രം വരച്ചിരുന്നു. ഇത്തവണ കുട്ടിക്കാലത്തെ കുറിച്ചുള്ള തത്സമയ രേഖാ ചിത്രങ്ങളാണ് വരച്ചത്. കുട്ടികള്‍ സ്റ്റേജില്‍ അവതരിപ്പിച്ച ബാല്യത്തിന് അനുബന്ധമായി ഒരു കഥ പോലെ മനോഹരമായ ചിത്രങ്ങള്‍ വരക്കുകയായിരുന്നു അഷര്‍. ഷാര്‍ജ ബുക്ക് ഫെയറില്‍ പ്രകാശന ചടങ്ങുകള്‍ക്കും പ്രസംഗങ്ങള്‍ക്കും ഇടയില്‍ നടന്ന ഈ ഈ തത്സമയത്തിന് സാക്ഷ്യം വഹിക്കാന്‍ നല്ല ആള്‍കൂട്ടം തന്നെ ഉണ്ടായിരുന്നു. എ.എസാണ് അഷറിനു പ്രിയപ്പെട്ട മലയാളത്തിലെ രേഖാ ചിത്രകാരന്‍. തന്റെ വരകള്‍ക്കും അതിനു പിറകിലെ ആശയങ്ങള്‍ക്കും അന്താരാഷ്ട്ര മാനം നല്‍കാനാണ് അഷര്‍ ഇഷ്ടപ്പെടുന്നത്. 

പെന്‍ഗ്വിന്‍ പോലുള്ള വിഖ്യാത പ്രസിദ്ധീകരണാലയങ്ങള്‍ക്കും ലോക ആനുകാലികങ്ങള്‍ക്കും രേഖാ ചിത്രങ്ങള്‍ നല്‍കുന്ന ബ്ലാക് വാട്ടര്‍ യു.കെ.ക്ക് വേണ്ടി അന്താരാഷ്ട്ര പരിപ്രേഷ്യത്തില്‍ വരക്കുന്ന രേഖാ ചിത്രങ്ങള്‍ക്ക് മള്‍ട്ടി ഡൈമന്‍ഷന്‍സ് രീതിയാണ് അഷര്‍ പിന്തുടരുന്നത്. പെയിന്റിംഗില്‍ കണ്ടമ്പററി രീതിയും. നാട്ടില്‍ വിവിധ പത്രങ്ങളില്‍ രണ്ട് പതിറ്റാണ്ടിലേറെ കാലം ജോലി ചെയ്തിട്ടുണ്ട്. 

നൂറിലധികം അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി വരക്കുന്ന അഷര്‍ ദുബായ് ടൂറിസത്തിനു വേണ്ടി വരച്ച ഒട്ടകങ്ങളെ കുറിച്ചുള്ള ക്യാമല്‍ നോട്‌സ് വേറിട്ട കാഴ്ചയാണ്. ഇതെല്ലാം ഇന്നലെകളിലെ അഷറാണെങ്കില്‍ നാളത്തെ അഷറിന്റെ പ്രമുഖ സംഭാവനയായി കാലം വിലയിരുത്താന്‍ പോകുന്നത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ സമ്പൂര്‍ണ കഥാപാത്രങ്ങളുടെ രേഖാ ചിത്ര സമാഹാരമായിരിക്കും. ലൈഫ് ആന്റ് ടൈം ഓഫ് എം.ടി എന്ന പേരില്‍ തുടക്കം കുറിച്ചിരിക്കുന്ന ഈ രേഖാ ചിത്ര പദ്ധതിയുടെ ഭാഗമായി നൂറ് കഥാ പാത്രങ്ങളെ ഇതിനകം അഷര്‍ വരച്ചു കഴിഞ്ഞു. എം.ടി യുടെ കൃതികളുടെ പുനര്‍ വായനയിലാണ് ഇപ്പോള്‍ അഷര്‍. എം.ടി യുടെ കഥകള്‍ക്കും രണ്ടാമൂഴത്തിനുമൊക്കെ നമ്പൂതിരി ഉള്‍പ്പടെയുള്ള പ്രമുഖര്‍ വരച്ച രേഖാ ചിത്രങ്ങളുമായി ഒരു സാമ്യവും ഇല്ലാത്ത അഞ്ഞൂറ് രേഖാ ചിത്രങ്ങളായിരിക്കും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുക. 

എം.ടി യുടെ ഇതുവരെയുള്ള സൃഷ്ടികളിലൂടെയുള്ള സമ്പൂര്‍ണ രേഖാ ചിത്ര യാത്ര പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും.  ഇപ്പോള്‍ തന്റെ സമയത്തിലധികവും അഷര്‍ ചെലവഴിക്കന്നത് ഈ വരക്ക് വേണ്ടിയാണ്. എം.ടി യും ഇതിന് അനുഗ്രഹവും അനുവാദവും നല്‍കിയിട്ടുണ്ട്.  ഭാര്യ ദില്‍ഷാന. ജെറിന്‍ റികാസ്, ലാസിം അഷര്‍ മക്കള്‍. വൈവിധ്യങ്ങളുടെ ചിത്രകാരാ ലൈഫ് ഓഫ് ടൈം എം.ടി ക്കു വേണ്ടി  ആസ്വാദക ലോകം കാത്തിരിക്കുകയാണ് .