മുമ്പെ നടന്നു പോകുന്ന മനുഷ്യന്റെ പിറകെയാണ് ചരിത്രം വരുന്നത്.  നിര്‍മിതികളുടെ ചതുരങ്ങളായി മാത്രം നാം ചരിത്രത്തെ കാണരുത്. കാപട്യങ്ങളില്ലാതെ ചരിത്രത്തില്‍ ഇടം നേടുകയെന്നത് ദൈവ നിയോഗമാണ്.  ആ നിയോഗം പൂര്‍ത്തീകരിച്ച് മടങ്ങിയ ഒരാളാണ്  എടശേരി മൗലവിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന  മുഹമ്മദ്.  ഖുര്‍ആന്‍ പരിഭാഷകന്‍ , അതും ഖുര്‍ആന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യാസീന്റെ  ഇംഗ്ലീഷ് വിവര്‍ത്തനം നിര്‍വഹിച്ച ആദ്യ മലയാളി . 1953 ല്‍ ഖുര്‍ആന്‍ വിവര്‍ത്തനം വ്യാഖ്യാനത്തോടു കൂടി പുറത്തിറക്കി. ഖുര്‍ആന്‍ മാനവരാശിക്ക് മൊത്തം വെളിച്ചമാണെന്നും ആ വെളിച്ചം എല്ലാവരിലും എത്താന്‍ പരിഭാഷ ആവശ്യമാണെന്നും മനസിലാക്കിയ ആളായിരുന്നു മുഹമ്മദ്.  ഖുര്‍ആന്‍ പരിഭാഷക്ക് ഹൈദരാബാദ് നൈസാമിന്റെ സഹായം ലഭിച്ചിരുന്നു. ഇതേ മുഹമ്മദാണ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സംസ്‌കൃതത്തില്‍ പൂന്തിങ്കള്‍ എന്ന കാവ്യം എഴുതിയതും രാഗാര്‍ച്ചന, രഹസ്യ രേഖ തുടങ്ങിയ കവിതാ സമാഹാരങ്ങളിലൂടെ പ്രശസ്തനായതും.  അറബ് ശാസ്ത്രജ്ഞര്‍ നടത്തിയിരുന്ന പ്രകാശ വികിരണ ഗവേഷണങ്ങളും ജൈവ ശാസ്ത്ര ഗവേഷണങ്ങളും അറബി ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന ജേര്‍ണലുകളില്‍ നിന്ന് മനസിലാക്കിയെടുക്കുകയും അത് ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായും ഗവേഷണ തല്‍പരരുമായും പങ്കു വെക്കുകയും ചെയ്തിരുന്നു. 

ഈ വഴിക്കുള്ള യാത്രയാണ് അദ്ദേഹത്തെ സി.വി രാമനുമായി അടുപ്പിച്ചത്. വിവിധ ഭാഷകളിലുള്ള വൈജ്ഞാനിക ശാസ്ത്ര ഗ്രന്ഥങ്ങളുടെ വായനയാണ് അദ്ദേഹത്തിന്റെ അറിവിന്റെ ലോകം വിശാലമാക്കിയെന്ന് പറയണം. പരിഭാഷകളെ ആശ്രയിക്കുന്നവരാണ് ഭൂരിപക്ഷം പേരും. വിലപ്പെട്ട ഒരു ഗ്രന്ഥത്തെ അതിന്റെ മൂല ഭാഷയില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണ്. 

ജീവിച്ചിരുന്ന കാലം അടയാളപ്പെടുത്തി മടങ്ങി പോയ ഒരാള്‍.  നവ്യമായ ആശയങ്ങളുടെ പിറകെ യാത്ര ചെയ്ത ധിഷണാശാലി.  തീര്‍ച്ചയായും പഠിക്കപ്പെടേണ്ട ഒരു ജീവിതം.  ജന്മനാടായ തളിക്കുളത്തെ പുതു തലമുറ ഈ അടുത്ത കാലത്ത് അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊതു സമൂഹവുമായി പങ്കു വെച്ചപ്പോഴാണ്  കേരളം മറന്നു പോയ ഈ ധൈഷണിക പ്രതിഭ വീണ്ടും ചര്‍ച്ചയാകുന്നത്.  തളിക്കുളം സര്‍ക്കാര്‍ സ്‌കൂളിലെ 1992 ബാച്ച് കൂട്ടായ്മയുടെ ഒരു പരിപാടിക്കിടെ അധ്യാപകനായ മദനനന്‍ തളിക്കുളമാണ് പി.എം.മുഹമ്മദിന്റെ ചരിത്രം പറഞ്ഞത്. 

അത് കേട്ടിരുന്നവരില്‍ കൗതുകമുണര്‍ത്തിയെന്ന് പിന്നീട് വന്ന ഫെയിസ് ബുക്ക് പോസ്റ്റുകളും എഴുത്തുകളും അന്വേഷണങ്ങളും സാക്ഷ്യപ്പെടുത്തുന്നു. 1956 ല്‍ തളിക്കുളം ഹൈസ്‌കൂള്‍ നിര്‍മാണ കമ്മിറ്റിയുടെ രക്ഷാധികാരിയായിരുന്നു എടശേരി മൗലവി . തളിക്കുളം ബന്ധുവും തളിക്കുളം ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന മുനീര്‍ എടശേരിയും മുഹമ്മദ് ഹനീഫ തളിക്കുളവും റെജി എടശേരിയുമൊക്കെ വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പുതുതലമുറക്ക് ആ ജീവിത യാത്രയെ കുറിച്ച് കുറെ അറിവുകള്‍ ലഭിച്ചു. ഇതു വലിയ കാര്യമാണ്. പ്രതിഭകള്‍ മനസില്‍ കുറിക്കാറുണ്ട്,  എന്നെ ഓര്‍മിക്കാന്‍ ഞാന്‍ ഉണ്ടാകണമെന്നില്ല. എക്കാലത്തും അതങ്ങനെ സംഭവിച്ചു കൊണ്ടിരിക്കും. 

അറബിക് ഭാഷയെ സംബന്ധിച്ചിടത്തോളം ജീവിച്ചിരുന്ന കാലം മുഴുവന്‍ അദ്ദേഹം  അറിവിന്റെ അക്ഷയഖനി തന്നെയായിരുന്നു. അതോടൊപ്പം മറ്റ് ഭാഷകളിലെ അറിവു കൂടിയായപ്പോള്‍  മുഹമ്മദ് വൈജ്ഞാനിക മേഖലയില്‍ തിളങ്ങി.  ഇംഗ്ലീഷും ഉറുദുവും പേര്‍സ്യനും അടക്കം പതിനാറു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന അറബിക് അധ്യാപകന്‍.  മക്കള്‍ക്ക് വഴികാട്ടിയും സുഹൃത്തും. കേരളത്തിലെ പുകഴ്പെറ്റ കലാലയങ്ങളായ പാലക്കാട് വിക്ടോറിയയിലും മഹാരാജാസിലും തിരുവന്തപുരം യൂനിവേഴ്സിറ്റി കോളേജിലും അധ്യാപകനായിരുന്ന സൗമ്യനും ശാന്തനുമായ പ്രഭാഷകന്‍. കമ്മ്യൂണിസവുമായി യോജിക്കാവുന്നിടത്തൊക്കെ യോജിക്കാമെന്ന് സ്വന്തം സമുദായത്തോട് നിരന്തരം പറയുകയും പ്രോഗ്രസീവ് ലീഗുണ്ടാക്കി കേരളത്തിലുടനീളം പ്രസംഗിച്ചു നടക്കുകയും എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും ചെയ്ത് ധീരനായ മനുഷ്യന്‍. 

സി.വി രാമന്റെ സുഹൃത്ത്. റോസാപൂക്കളില്‍ നിന്ന് റോസെക്സ് എന്ന പേരില്‍ ജാം ഉല്‍പാദിപ്പിച്ച മുഹമ്മദ് ശുദ്ധമായ വെളിച്ചെണ്ണയില്‍ നിന്ന് സോപ്പും നിര്‍മിച്ചു. വീട്ടില്‍ വെച്ച് ചോക്ളെറ്റ് നിര്‍മിച്ചും  ശ്രദ്ധേയനായി. മനുഷ്യന് ഗുണകരമാകുന്ന പരീക്ഷണങ്ങള്‍ക്കു വേണ്ടി സ്വത്തും സമയവും ഉപയോഗിച്ചു. ലക്ഷക്കണക്കിനു ടണ്‍ കശുമാങ്ങ പാഴായി പോകുന്ന നാടാണ് കേരളം. കശുമാങ്ങ ഉണക്കി ദീര്‍ഘകാലം സൂക്ഷിക്കാമെന്ന് തെളിയിക്കുകയും അതിന്റെ പ്രചാരകനാവുകയും ചെയ്തു .  ഈ സംരംഭത്തിന് ദേശിയ തലത്തില്‍ അംഗീകാരം ലഭിച്ചിരുന്നു. അതോടെ ഇതിന്റെ പാറ്റന്റ് ലഭിക്കാനുള്ള ശ്രമങ്ങളുമായി ദേശിയ കശുവണ്ടി കയറ്റുമതി കൗണ്‍സില്‍ ശ്രമം തുടങ്ങിയിരുന്നു. പ്രതിവര്‍ഷം 900 കോടി രൂപ രാജ്യത്തിന് ലഭിക്കുമായിരുന്ന ആ സംരഭത്തിന്റെ പൂര്‍ത്തീകരണത്തിനു മുമ്പ് അദ്ദേഹം മരണപ്പെട്ടു.

 കൗണ്‍സില്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച വരെ നിശ്ചയിച്ചിരുന്നു. രാജ്യത്തിന് ഏറെ ഗുണകരമാകുമായിരുന്ന ആ സ്വപ്ന പദ്ധതി നടക്കാതെ പോയി. വൈജ്ഞാനിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ വളരെ അപൂര്‍വം പേരെ ജൈവശാസ്ത്ര രംഗത്തും കാര്‍ഷിക രംഗത്തും മികവു തെളിയിച്ചിട്ടുള്ളു. അവരില്‍ ഒരാളായിരുന്നു മൗലവി. പരീക്ഷണങ്ങള്‍ക്കു വേണ്ടി അന്നത്തെ കാലത്ത് രണ്ട് വീടുകളും ഭൂമിയും അദ്ദേഹം വിറ്റിരുന്നു . മാനവികതയെ അത്രമാത്രം പുണര്‍ന്നിരുന്നു അദ്ദേഹം. അതോടൊപ്പം നൈതിക ബോധം ഒരിക്കലും കൈവിട്ടുമില്ല. നല്ല നിലയില്‍ അടയാളപ്പെടുത്തുന്ന സമ്മോഹന ജീവിതങ്ങളെല്ലാം പില്‍ക്കാല തലമുറകള്‍ക്ക് വെളിച്ചത്തിന്റെ തുരുത്തുകളാണ്.  

1919 ല്‍ തൃശൂര്‍ ജില്ലയിലെ തളിക്കുളം എടശേരിയില്‍   ജനനം .പിതാവ്  അബ്ദുല്‍ ഖാദര്‍. മാതാവ് ഉമ്മാച്ചു. കുട്ടിക്കാലത്തു തന്നെ അറബിക്കും സംസ്‌കൃതവും പഠിച്ചു. നവോത്ഥാനത്തോടൊപ്പം സഞ്ചരിച്ചു. വിദ്യഭ്യാസ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ദേശമാണ് തളിക്കുളം. ആ നാടും പരിസരവും പിന്നെ കൊടുങ്ങല്ലൂര്‍ അഴീക്കോട് മതിലകം പുതിയകാവ് ഭാഗങ്ങളുമായുള്ള ബന്ധവും അദ്ദേഹത്തെ  ഏറെ സംസ്‌കരിച്ച ഘടകങ്ങളാണ്. മണപ്പുറമെന്ന് പൊതുവെ പറയുന്ന തൃശൂരിന്റെ തീരദേശത്ത് ജീവിച്ചു മരിച്ച നിരവധി കലാകാരന്‍മാരുണ്ട്. ഇന്നും ഇവിടെ ജീവിക്കുന്ന കലാകാരന്‍മാരുണ്ട്. ഒരു കാലത്ത് കേരളത്തിലെ അമേച്വര്‍ നാടക വേദിയുടെ കരുത്തായിരുന്നു മണപ്പുറത്തെ കലാകാരന്‍മാര്‍.

ഈ സാംസ്‌കാരിക ഭൂമികയുടെ ചരിത്രം പറഞ്ഞു തരാന്‍ വിശ്വ വിജ്ഞാനകോശം പോലെ ഒരാളുണ്ട്. ഹാസം കാക്കശേരി. ഹംസക്ക തന്നെയാണ് എടശേരി മുഹമ്മദ് മൗലവിയെ കുറിച്ച് സംസാരത്തിനിടയില്‍ സൂചിപ്പിച്ചത്. കേട്ടപ്പോള്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹം തോന്നി. അറിഞ്ഞപ്പോള്‍ എന്തു കൊണ്ടാണ് ഇത്തരം പ്രതിഭകളെ കുറിച്ച് നാം പഠിക്കാതെ പോകുന്നതെന്ന ചോദ്യവും മനസില്‍ ഉയര്‍ന്നു.  അദ്ദേഹത്തിന്റെ മക്കളെ നമ്മള്‍ അറിയും. അവരുടേതായ സംഭാവനകളിലൂടെയാണ് നാം അവരെ അറിയുന്നത്. റാഹത്ത് (റിട്ടയേഡ് എച്ച്.എസ്.എ പയ്യന്നൂര്‍)നസ്റിയ ( റിട്ട.എച്ച്.എസ്.എസ്.ടി ,കണ്ണാടി പാലക്കാട് ) കോളേജ് വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയര്‍ ചെയ്ത എഴുത്തുകാരിയായ ഡോ. സക്കീന ,  ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രിന്‍സിപ്പലെന്ന ഖ്യാതിയോടെ ഫാറൂഖ് കോളേജിനെ നയിച്ച ഡോ.മുബാറക് പാഷ , സപ്ളെകോ എം.ഡി യായ  അലി അസ്ഖര്‍ പാഷ ഐ.എ.എസ് എന്നിവര്‍ മക്കള്‍. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൃഹലക്ഷ്മി നടത്തിയ കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി സാഹിത്യ രംഗത്ത് ശ്രദ്ധേയയായി മാറിയ ഡോ.സക്കീന ഏറെക്കാലമായി എഴുതുന്നില്ലെങ്കിലും നല്ല വായനക്കാരിയും നിരീക്ഷകയുമാണ്. (ഗ്രഹലക്ഷ്മിയുടെ എഡിറ്ററായിരുന്ന ഡോ.പി.ബി ലല്‍ക്കാര്‍ സക്കീനയുടെ സാഹിത്യ സൃഷ്ടികളെ കുറിച്ച് ഈ അടുത്ത ദിവസം സ്വകാര്യ സംഭാഷണത്തില്‍ പരമാര്‍ശിച്ചിരുന്നു.) അലി അസ്ഖര്‍പാഷ ഐ.എ.എസു മായാണ് എനിക്ക് നേരിട്ട് പരിചയം. ഗദ്ദാമ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അദ്ദേഹത്തെയും കൂട്ടി ആസ്പിന്‍ അഷറഫ്ക്ക തൃശൂരില്‍ വന്നിരുന്നു. ഗദ്ദാമയുടെ നിര്‍മാതാവ് പ്രദീപിന്റെ അടുത്ത സുഹൃത്തായിരുന്നു അലി അസ്ഖര്‍ പാഷ. എന്നാല്‍ അദ്ദേഹവും ഡോ.സക്കീനയുമൊക്കെ മുഹമ്മദ് എടശേരിയുടെ മക്കളാണെന്ന് ഹംസക്ക പറഞ്ഞപ്പോഴാണ് അറിയുന്നത്. ഇവരുടെ മാതാവ് പടിയത്ത് ബ്ലാംങ്ങാചാലില്‍ മറിയുമ്മ. കൊടുങ്ങല്ലൂരിലെ പേരു കേട്ട മുസ്ലിം തറവാടുകള്‍ ബന്ധം കൊണ്ട് പരസ്പരം ഇഴ ചേര്‍ക്കപ്പെട്ടവരാണ്. ഏതാണ്ട് എല്ലാ തറവാടുകളില്‍ നിന്നും സ്വതന്ത്ര സമര സേനനാനികള്‍ ഉണ്ടായിട്ടുണ്ട്. നല്ല എഴുത്തുകാരും രാഷ്ട്രിയക്കാരും കുറവല്ല. സീതിസാഹിബും മുഹമ്മദ് അബ്ദുറഹ്‌മാനും പിറന്ന മണ്ണില്‍ നിന്ന് തന്നെയാണ് സാംസ്‌കാരിക കേരളത്തിന്റെ ജ്വാലാ മുഖങ്ങളായി പി.ഭാസകരനെ പോലുള്ളവര്‍ ഉദയം ചെയ്തത്.  കാലത്തെ സാക്ഷി നിര്‍ത്തി ചരിത്രത്തിന്റെ രഥ ചക്രങ്ങള്‍ പഴയ മുസ്രിസിന്റെ സഞ്ചാരപഥങ്ങളിലൂടെ എക്കാലത്തും കടന്നു പൊകുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ഒരുപാട് മാറിയെങ്കിലും ആ മണ്ണില്‍ ഇഴചേര്‍ന്നു കിടക്കുന്ന സാംസ്‌കാരിക തനിമക്ക് മങ്ങലേറ്റിട്ടില്ല.