ങ്കമാലി,ചാലക്കുടി,പെരുമ്പാവൂര്‍ മേഖലകളിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രളയകാലത്ത് കൂട്ടത്തോടെ തിരിച്ചു പോയെന്നും ഇപ്പോള്‍ അവര്‍ വീണ്ടും കേരളത്തിന്റെ തൊഴില്‍ഭൂമികയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് വാര്‍ത്ത. ഈ പ്രദേശങ്ങളിലെ ലോക്കല്‍ ബസുകള്‍ വരെ ബംഗാളിയിലും ഹിന്ദിയിലും ബോര്‍ഡ് വെച്ചാണ് സര്‍വീസ് നടത്തുന്നത്. കേരളം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ പ്രവാസഭൂമിയാണ്. കേരളത്തിന്റെ ഒരു പകുതിയാകട്ടെ ഗള്‍ഫില്‍ പ്രവാസ ജീവിതം നയിക്കുന്നു. 

തീരെ ചെറുതായിരിക്കുമ്പോള്‍ പശ്ചിമ ബംഗാളിലെ തന്റെ ഗ്രാമത്തില്‍നിന്ന് കരാറുകാരനോടൊപ്പം അങ്കമാലിയില്‍ എത്തിയ ഇന്‍ഷാമുല്‍ ഹഖ് അവിടെ നിന്ന് സൗദി യെമന്‍ അതിര്‍ത്തിയായ ജിസാനില്‍ എത്തിയ കഥ ഇങ്ങനെ...

അങ്കമാലിയില്‍ ഒരു ഹോട്ടലിലായിരുന്നു തൊഴില്‍.കേരളമെന്നാല്‍ ഇന്‍ഷാമുല്‍ ഹഖിന് അങ്കമാലിയും പിന്നെ മൂന്നാറുമാണ്. ഈ രണ്ടുസ്ഥലത്തും ജോലി ചെയ്തിട്ടുണ്ട്. അല്‍പ സ്വല്‍പം മലയാളം പറയും. സാക്ഷാല്‍ പശ്ചിമ ബംഗാളുകാരനാണ്. ബംഗ്ലാദേശില്‍നിന്ന് നുഴഞ്ഞു കയറിയതല്ല. ഇടതുപക്ഷ അനുഭാവിയാണ്. കേരളം ഭരിക്കുന്നത് സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്ന് അറിയാം. ഇതരസംസ്ഥാന തൊഴിലാളികള്‍ കടുത്തചൂഷണത്തിന്  വിധേയരാകുന്നുണ്ടെന്നാണ് ഹഖ് പറയുന്നത്. ഇത് സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. ഈ സര്‍ക്കാരിന് അതു സാധിക്കും. അതെന്തായാലും ഹോട്ടല്‍ ജീവിത്തിനിടയില്‍ പരിചയപ്പെട്ട സന്മനസുള്ള ഒരാളാണ് ഇന്‍ഷാമുല്‍ ഹഖിന് സൗദി വിസ കൊടുത്തത്. ജിസാനിലാണ് എത്തിയത്. ചെങ്കടലിലെ ഒരു ചെറുദ്വീപായ ഹബാര്‍ ദ്വീപില്‍ ജോലി ചെയ്യാനായിരുന്നു നിയോഗം. അതോടെ കരയുമായുള്ള ബന്ധം വിട്ടു. സൗദിയിലെ ഒരു ദ്വീപില്‍ ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസിയായി അയാള്‍ മാറി. (വിഖ്യാതമായ ഫുര്‍സാന്‍ ദ്വീപ് ഉള്‍പ്പെടെ 1300 ചെറുതും വലുതുമായ ദ്വീപുകളുണ്ട് സൗദിയിലെന്നാണ് കണക്ക് ) 

2017 മെയ് മാസത്തില്‍  പ്രവാസി വ്യവസായികളായ ഷെയിഖ് റഫീഖ് ,റാഫി ഏലംപാറ ,സൗദി വ്യവസായികളായ നായിഫ് അല്‍ ഒത്തൈബി ,ഒവൈദ് എന്നിവരോടൊപ്പം ഹബാര്‍ ദ്വീപിലെത്തിയപ്പോഴാണ് ഇന്‍ഷാമുല്‍ ഹഖിനെ കാണുന്നത്. അപൂര്‍വമായേ ഇവിടെ മലയാളികള്‍ എത്താറുള്ളു. അവരെ കണ്ടാല്‍ ഇന്‍ഷാമുല്‍ ഹഖിന് പെരുത്ത് സന്തോഷം. സുഖമല്ലെ, എന്തൊക്കെയുണ്ട് വിശേഷം , ഭക്ഷണം കഴിച്ചൊ, പോയിട്ട് വാ തുടങ്ങി കുറെ മലയാളം ഇന്‍ഷാമുല്‍ ഹഖിന്റെ നാവിന്‍ തുമ്പത്ത് അങ്കമാലിയില്‍നിന്ന് കുടിയേറിയിട്ടുണ്ട്. അത് ഇപ്പോഴും മലയാളികളെ കണ്ടാല്‍ എടുത്ത് പ്രയോഗിക്കും. 

ജിസാന്‍ ഫിഷ് മാര്‍ക്കറ്റിനു സമീപമുള്ള ജെട്ടിയില്‍നിന്ന് ബോട്ടില്‍ അര മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഹബാര്‍ ദ്വീപിലെത്താം. ആദ്യം പോകുന്നവര്‍ക്ക് യാത്ര സാഹസികമായി തോന്നും. സഞ്ചരിക്കുന്ന ബോട്ടിനെ തിരമാലകള്‍ എടുത്തുയര്‍ത്തും. പിന്നെ അതേ വേഗതയില്‍ താഴേക്ക്. ഭയം ചിറകടിക്കുന്ന മനസുമായെ ബോട്ടലിരിക്കാന്‍ സാധിക്കു. മാത്രവുമല്ല അധികം ദൂരത്തല്ല യെമന്‍. അവിടെ യുദ്ധം നടക്കുകയാണ്.

ഞങ്ങള്‍ യാത്ര ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസം ഹൂത്തികളുടെ ഒരു മിസൈല്‍ ജിസാനെ ലക്ഷ്യമാക്കി വന്നിരുന്നു. അത് ലക്ഷ്യം കാണും മുമ്പെ സൗദി സേന നശിപ്പിച്ചു. ഈ വാര്‍ത്ത വായിച്ചു കൊണ്ടായിരുന്നു യാത്ര. ദ്വീപില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്ത് സൗദി നാവികസേനയുടെയും സഖ്യകക്ഷികളുടെയും കൂറ്റന്‍ നിരീക്ഷണ കപ്പലുകള്‍ നങ്കൂരമിട്ട് കിടക്കുന്നുണ്ട്. ഇടക്കിടെ ആ കപ്പലുകളില്‍ നിന്ന് സൈറന്‍ മുഴങ്ങുന്നു. താഴ്ന്ന് പറക്കുന്ന ഹെലികോപറ്ററുകളില്‍ കാല് പുറത്തിട്ടിരിക്കുന്ന സൈനികര്‍. അവരുടെ കൈയില്‍ യന്ത്ര തോക്കുകള്‍.  നിരീക്ഷണം സജീവം. ബോട്ട് ഓടിക്കുന്ന സൗദി പൗരന്‍ മുകളിലേക്ക് നോക്കി കൈവീശുന്നുണ്ട്. അയാള്‍ ഈ കടല്‍ പാതയിലൂടെ സ്ഥിരം ബോട്ട് ഓടിക്കുന്നയാളാണ്. 

ഹബാര്‍ ദ്വീപില്‍ ഇന്‍ഷാമുല്‍ ഹഖിനോടൊപ്പം  വേറെ പത്തു പേരുണ്ട്. ഒരു പാകിസ്താനിയും ഒരു സോമാലിയും ഒരു ഫിലിപ്പീന്‍സുകാരനെയും മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. പുറംലോകവുമായി ഇവരെ ബന്ധപ്പെടുത്തുന്നത് വല്ലപ്പോഴും ദ്വീപിലെത്തുന്ന സഞ്ചാരികളാണ്. ഇവരങ്ങനെ പുറത്ത് പോകാറില്ല. ആവശ്യത്തിനുള്ള സാധനങ്ങള്‍ ദ്വീപിലെത്തും. മൊബൈലിന് നല്ല റേഞ്ചുള്ളതു കൊണ്ട് വേണമെന്ന് തോന്നുമ്പോള്‍ പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാം. വാട്‌സ്ആപ്പ് വഴിയും ബന്ധപ്പെടാം. വിരസത തോന്നുമ്പോള്‍ കടല്‍ പോലെ നല്ല ചങ്ങാതിയില്ലെന്ന് ഇന്‍ഷാമുല്‍ ഹഖ്. കടല്‍തിരകള്‍ സ്വന്തം കൂടപ്പിറപ്പികളെ പോലെ സാന്ത്വനിപ്പിക്കും. മനസിന് വിഷമം തോന്നിയാല്‍ കടല്‍ നോക്കിയിരുന്നാല്‍ മതി.  

ഹബാര്‍ ചെറിയ മനോഹരമായ ദ്വീപാണ്. ദ്വീപിലെത്തുന്ന സഞ്ചാരികള്‍ ആശ്രയിക്കുന്ന ഏക റെസ്റ്റോറന്റിലാണ് ഇന്‍ഷാമുല്‍ ഹഖിനു ജോലി. സഞ്ചാരികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് വേണ്ടി മീന്‍ പിടിക്കും. നല്ല ഞണ്ടുകളും കക്കയും ചിപ്പിയും കിട്ടും. പിടിക്കുന്ന മീന്‍ നല്ല സ്വാദോടെ പാകപ്പെടുത്തി കൊടുക്കും. അതിനുള്ള മസാലയും ഉപകരണങ്ങളും ദ്വീപിലുണ്ട്. ദ്വീപില്‍ പക്ഷെ വൈദ്യുതിയില്ല. ജനറേറ്റര്‍ ഉപയോഗിച്ചാണ് ലൈറ്റും എ.സി യുമൊക്കെ പ്രവര്‍ത്തിക്കുന്നത്. ജനറേറ്ററിന് ഇടക്കിടെ വിശ്രമം കൊടുക്കണം. വ്യാഴവും വെള്ളിയും നല്ല തിരക്കായിരിക്കും. ധാരാളം സഞ്ചാരികളെത്തും. കുടുംബങ്ങളെത്തുന്നത് വെള്ളിയാഴ്ചകളിലാണ്. ജെട്ടിയില്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. എന്നാലെ ബോട്ടിന് ടിക്കറ്റ് ലഭിക്കു. ഇന്‍ഷാമുല്‍ ഹഖും സഹ പ്രവര്‍ത്തകരും സഞ്ചാരികളെ കാത്ത് ഇപ്പോഴും ഹബാര്‍ ദ്വീപിലുണ്ട്. കരാര്‍ കാലാവധി കഴിഞ്ഞ് തിരിച്ചു പോകേണ്ടി വന്നാല്‍ സംശയമില്ല ഇന്‍ഷാമുല്‍ ഹഖ് വീണ്ടും അങ്കമാലിയിലെത്തും. 

content highlights: Life of west bengal native in jisan