ഴിഞ്ഞ രാത്രിയില്‍ പതിവു പോലെ സി.എന്‍.എന്നിലെ വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രസ് ബ്രീഫിങ്ങിനു ശേഷം ചാനല്‍ മാറ്റിയതാണ്. ബി.ബി.സി അപ്പോള്‍ ബോറിസ് ജോണ്‍സന്റെ അസുഖ വിവരം പറയുകയാണ്;- പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മരുന്നുകളോട് പ്രതികരിക്കുന്നു. അല്‍പം കഴിഞ്ഞ് ബി.ബി.സി ഒരു ഡോക്യുമെന്ററിയിലേക്ക് കടക്കുന്നു. മനസില്‍ കണ്ണീരു പൊടിയുന്ന ദൃശ്യങ്ങളിലൂടെ ക്യാമറ കടന്നുപോകുന്നു. അതൊരു അഭയാര്‍ഥി ക്യാമ്പാണ്. സിറിയന്‍ അഭയാര്‍ഥികളുടെ ക്യാമ്പ്. അവിടെ ഒരു സ്ത്രീ അവരുടെ വസ്ത്രം കീറിമുറിച്ച് മക്കള്‍ക്കായി മാസ്‌ക് ഉണ്ടാക്കുന്നു. ഒരു ചെറിയ സ്‌കാര്‍ഫ് പോലെ അത് മുഖാവരണമാക്കാം. അവര്‍ അതിസമ്പന്നതയില്‍ സിറിയയിലെ അലെപ്പോയില്‍ ജീവിച്ചിരുന്നവരാണ്. 

ക്യാമ്പില്‍ ആവശ്യത്തിന് സാനിറ്റൈസര്‍ ഇല്ലെന്ന് ഒരു കൗമാരക്കാരന്റെ പരാതി. തൊട്ടടുത്ത ദൃശ്യത്തില്‍ വൃത്തിയില്ലാത്ത പോര്‍ട്ടബിള്‍ ക്യാബിനുകള്‍. ടോയ്‌ലെറ്റുകള്‍. കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ കളിക്കുന്ന കുട്ടികള്‍. കോവിഡ് 19 വൈറസിന്റെ സാമൂഹിക വ്യാപനം തടയണമെങ്കില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്ന് ലോകം മുഴുവന്‍ പറയുകയാണ്. ഇവരും അതു കേള്‍ക്കുന്നുണ്ട്. പക്ഷെ സാധിക്കില്ലെന്ന് മാത്രം. 

ശുദ്ധീകരിച്ച കുടിവെള്ള ബോട്ടിലുകളുമായി ട്രക്കുകള്‍ വരുമ്പോള്‍, ഭക്ഷണപ്പൊതികള്‍ക്ക് വരിനില്‍ക്കുമ്പോള്‍ എന്ത് സാമൂഹിക അകലം? വാട്‌സ് ആപ്പില്‍ ട്രോളുകളും അതിനു മേള്‍ ട്രോളുകളുമായി സ്വന്തം വീടുകളുടെ സുരക്ഷിതത്വത്തില്‍ അത്യാവശ്യത്തിന് ഭക്ഷണവും കഴിച്ച് ലോക്ക്ഡൗണില്‍ കഴിയുന്ന ആരും തന്നെ ഈ പ്രശ്‌നം അനുഭവിക്കുന്നില്ല. 

മാനസികസംഘര്‍ഷം ഉണ്ടാകും. പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. എല്ലാം ശരിയാണ്. പക്ഷെ നിങ്ങളും ഇതെഴുതുന്ന ഞാനും കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ട്. അത്യാവശ്യത്തിന് നല്ല ഭക്ഷണം കഴിക്കുന്നുണ്ട്. വൃത്തിയുള്ള മുറികളില്‍ ഉറങ്ങുന്നുണ്ട്. വ്യായാമം ചെയ്യുന്നുണ്ട്. വേദപുസ്തകങ്ങള്‍ പാരായണം ചെയ്യുന്നുണ്ട്. പാട്ടു കേള്‍ക്കുന്നുണ്ട്. സിനിമകള്‍ കാണുന്നുണ്ട്. ശുചിത്വം പാലിക്കുന്നുണ്ട്. സാനിറ്റൈസറും മാസ്‌കും ഉപയോഗിക്കുന്നുണ്ട്. ഇതൊന്നുമില്ലാതെ വലിയ ഒരു വിഭാഗം ഈ ലോകത്തുണ്ട്. 

സിറിയയില്‍നിന്നും ഫലസ്തീനില്‍നിന്നും മ്യാന്‍മറില്‍നിന്നും യെമനില്‍ നിന്നുമൊക്കെ പലായനം ചെയ്ത കുട്ടികളും സ്ത്രീകളും പ്രായം ചെന്നവരും ഉള്‍പ്പെടുന്ന നിസ്സഹായരായ മനുഷ്യരും ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന കുറെ പ്രവാസികളും. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യു.എന്‍.എച്ച്.സി.ആറും വിവിധ രാജ്യങ്ങളും അഭയാര്‍ഥികള്‍ക്കു വേണ്ടി പലതും ചെയ്യുന്നുണ്ടെങ്കിലും അവര്‍ സ്വന്തം രാജ്യത്തു നിന്ന് ആട്ടിയോടിക്കപ്പെട്ടവരാണ്.
യുദ്ധവും വംശീയ കലാപവും പട്ടിണിയും മൂലം പലായനം ചെയ്തവര്‍. അവര്‍ ക്യാമ്പുകളില്‍ പരിമിതസൗകര്യങ്ങളില്‍ കൂട്ടമായി ജീവിക്കുന്നു. മറുവശത്ത് ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ ഐക്യരാഷ്ട്രസഭ കാണുന്നില്ല. കാണേണ്ട കാര്യമില്ല. അവര്‍ സാമ്പത്തിക അഭയാര്‍ഥികളാണ്. അവര്‍ക്ക് മടങ്ങിപ്പോകാന്‍ ഒരു നാടുണ്ട്. ആ നാട്ടിലെത്തിക്കുക എന്ന ന്യായമായ ആവശ്യം മാത്രമെ അവര്‍ മുന്നോട്ടു വെക്കുന്നുള്ളു. 

ക്യാമ്പുകളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു പ്രവാസികളുണ്ട് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍. 1984 മുതല്‍ മൂന്ന് വര്‍ഷം ജിദ്ദയില്‍ തുറമുഖ തൊഴിലാളികളുടെ ലേബര്‍ ക്യാമ്പില്‍ ജീവിച്ചിട്ടുണ്ട് ഞാന്‍. എട്ടുപേരുടെ മുറിയായിരുന്നെങ്കിലും ആ മുറിയില്‍ ഞാന്‍ ഉള്‍പ്പടെ ഏഴു പേരെ ഉണ്ടായിരുന്നുള്ളു. ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍. മുകളില്‍ കിടക്കുന്നയാള്‍ ഒന്ന് തിരിഞ്ഞു കിടന്നാല്‍ താഴെ കിടക്കുന്നയാള്‍ ഉണരും. കൊച്ചിക്കാരായ സലിമും പ്രസന്നനും. മാഹിക്കാരനായ രാജേന്ദ്രന്‍. എഴുപുന്നക്കാരന്‍ പീറ്റര്‍. തമിഴ്‌നാട്ടുകാരായ അഷറഫും രമേശനും. 

ഇവരില്‍ രാജേന്ദ്രന്‍ ദീര്‍ഘകാലം സൗദിയില്‍ തന്നെ ഉണ്ടായിരുന്നു. സലിം തിരികെ നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറി. മറ്റുള്ളവരെ 1988നു ശേഷം കണ്ടിട്ടില്ല. പൊതുകുളിമുറികള്‍. ടോയ്‌ലെറ്റുകള്‍. തിരക്കുള്ള മെസ് റൂമുകള്‍. അലക്കിയിടാന്‍ പൊതുസ്ഥലം. ലേബര്‍ ക്യാമ്പ് അനുഭവരേഖകള്‍ പിന്നീട് ഞാന്‍ യാനപാത്രം എന്ന പേരില്‍ പുസ്തകമാക്കിയിട്ടുണ്ട്. കേരളത്തെ ഡ്രാഫ്റ്റയച്ചു നില നിര്‍ത്തുന്ന പ്രവാസിസമൂഹത്തെ കുറിച്ച് ആ പുസ്തകത്തിന്റെ അവതാരികയില്‍ കെ.സി. നാരായണന്‍ വിശദമായി എഴുതിയിട്ടുണ്ട്. 

ലേബര്‍ ക്യാമ്പുകള്‍ ഒരു വ്യത്യസ്ത ലോകമാണ്. അനുഭവത്തിലൂടെ തിരിച്ചറിയേണ്ട ലോകം. അത്തരം ലേബര്‍ ക്യാമ്പുകളില്‍ ഒരു കാരണവശാലും സാമൂഹിക അകലം പാലിച്ച് കൊറോണക്കാലത്തെന്നല്ല ഒരു കാലത്തും ജീവിക്കാനാവില്ല. അതു കൊണ്ടാണ് പൊള്ളുന്ന നെഞ്ചില്‍ കൈ വെച്ചു അവര്‍ പറയുന്നത് എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍. അതല്ല, ഇവിടെ രോഗപ്രതിരോധത്തിന് സാമൂഹിക അകലം പാലിക്കണമെങ്കില്‍  ഇന്ത്യന്‍ നയതന്ത്ര കാര്യലയങ്ങളുടെ ശക്തമായ ഇടപെടല്‍ വേണം. 

നയതന്ത്ര ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട പല കാര്യങ്ങളും ഇടപെടലുകളും ഗള്‍ഫില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നില്ലേയെന്ന സംശയം റിയാദിലെ മാധ്യമ പ്രവര്‍ത്തകനായ ഷക്കീബ് കൊളക്കാടന്‍ പങ്കു വെക്കുന്നത് ഗൗരവത്തോടെ കാണണം. കൊറോണയ്ക്ക് മുമ്പും ഇതാണ് അവസ്ഥ. നയതന്ത്ര ഉദ്യോഗസ്ഥര്‍ സാമൂഹിക പ്രവര്‍ത്തകരെ പല കാര്യങ്ങള്‍ക്കും ചുമതലപ്പെടുത്തി കത്തുനല്‍കുന്നു. സാമൂഹിക പ്രവര്‍ത്തകര്‍ അത് സന്തോഷത്തോടെ നിര്‍വഹിക്കുന്നു. എംബസികളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ എല്ലാവരും ഇത്തരക്കാരല്ലെന്ന അനുഭവം എനിക്കുണ്ട്. എന്നാല്‍ അതു പോര. ആരൊക്കെ എന്തൊക്കെ വാചകം അടിച്ചാലും ഗള്‍ഫില്‍ ഭരണകൂട തലത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യയുടെ ഔദ്യോഗിക സംവിധാനമായ എംബസിക്കെ സാധിക്കൂ. 

വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സാമൂഹിക പ്രവര്‍ത്തകര്‍ പലപ്പോഴും മന്ത്രാലയ തലത്തില്‍ കാര്യങ്ങള്‍ നടത്തുന്നതെന്ന യാഥാര്‍ഥ്യം കാണാതെ പോകരുത്. ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ സാമൂഹിക പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവര്‍ ഇടപെട്ടാലെ കാര്യങ്ങള്‍ സുഗമമായി നടക്കു. എന്നാല്‍ അതല്ല ഇപ്പോഴത്തെ അവസ്ഥ. ഇത് അത്യന്തം ഗൗരവമായ സാമൂഹികപ്രശ്‌നമാണ്. 

കോവിഡ് 19ന് എതിരെയുള്ള പോരാട്ടത്തില്‍ ഒരു രാജ്യവും വിട്ടുവീഴ്ച ചെയ്യില്ല. നിയമപരമായി തന്നെ ഇടപെടലുകള്‍, അതും നയതന്ത്ര തലത്തില്‍ തന്നെ നടത്തിയാലെ ഹെല്‍പ് ഡെസ്‌ക് പോലുള്ള നോര്‍ക്ക സംവിധാനങ്ങള്‍ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കു. അതല്ലാതെയുള്ള എല്ലാ ഇടപെടലുകള്‍ക്കും പരിമിതിയുണ്ട്. നാട്ടിലേക്കുള്ള വിമാന സര്‍വീസിന്റെ കാര്യത്തിലും ഉഭയകക്ഷി സമ്മതം ആവശ്യമാണ്.  കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കു. കേരളത്തിന്റെ ഒരു പകുതി ഗള്‍ഫിലാണെന്ന തിരിച്ചറിവില്‍ സംസ്ഥാന സര്‍ക്കാരിനോട് ഒപ്പം നിന്നു കൊണ്ട് മലയാളി  ഒറ്റ മനസോടെ കേന്ദ്രത്തോട്  ഈ ഇടപെടല്‍ ആവശ്യപ്പെടണം. അതാകട്ടെ  മലയാളിയുടെ ധാര്‍മിക ബാധ്യത കൂടിയാണ്. 

content highlights: life of indian diaspora in the time of corona