പിക്നിക്കിന് മുമ്പ് തന്നെ ചട്ടക്കാരി ഇറങ്ങിയിരുന്നെങ്കിലും ഒറ്റക്കോ സംഘമായോ അങ്ങനെ സിനിമക്ക് പോകുന്ന കാലമായിരുന്നില്ല അത്. പിക്നിക് വന്നപ്പോള്‍ കൊടുങ്ങല്ലൂര്‍ ശ്രീകാളീശ്വരി തിയേറ്ററില്‍ പോയി കണ്ടു. അങ്ങനെ ചന്ദ്രക്കാലമാനത്തു നിന്ന് ഇറങ്ങി വന്ന ലക്ഷ്മിയെ കണ്ടു. അപ്പോള്‍ കാറ്റില്‍ കസ്തൂരി മണം ഉണ്ടായിരുന്നു. ശ്രീകുമാരന്‍ തമ്പി എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും വശ്യ മനോഹര ഗാനങ്ങളായിരുന്നു പിക്നിക്കില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജുനന്‍ മാഷുടെ കൈ പിടിച്ച് റിയാദില്‍ വെച്ച് ഇതു പറഞ്ഞപ്പോള്‍ മാഷ് സ്നേഹാതുരമായി നോക്കി. അതാകട്ടെ അവസാന കൂടികാഴ്ചയും ആയിരുന്നു. തമ്പി സാറിനോട് ഇതു പറഞ്ഞിട്ടില്ല. മറ്റ് പല കാര്യങ്ങളും പറഞ്ഞിട്ടുമുണ്ട്. തമ്പി സാറിന്റെ വിഖ്യാത സിനിമയായ മോഹിനിയാട്ടത്തില്‍ ലക്ഷ്മിയായിരുന്നു നായിക.  ഏറെ ബഹുമാനിക്കുന്ന  സിനിമാക്കാരില്‍ പെട്ട ഒരാളാണ് തമ്പി സാര്‍. മറ്റൊരാള്‍ ബാലചന്ദ്ര മേനോന്‍. പിന്നെ പ്രിയപ്പെട്ട കമല്‍. അക്കു അക്ബറും ലിജോ ജോസും ദിലീഷും ആഷിക്കും അനിയന്‍മാരെ പോലെ. സഹപാഠിയായിരുന്ന കമറുദ്ദീന്റെ (മരണപ്പെട്ടു) സഹോദരന്‍ എന്ന നിലയില്‍ അക്കുവുമായി പ്രത്യേക അടുപ്പം.   നടന്‍ സിദ്ധിഖിനെയും സംവിധായകന്‍ സിദ്ധിഖിനെയും വല്ലപ്പോഴും വിളിക്കും. ജനാര്‍ദാനേട്ടനെയും വിളിക്കും. ജനാര്‍ദനേട്ടനുമായി പത്തു മിനിറ്റ് സംസാരിച്ചാല്‍ പത്തു ദിവസത്തെ പോസീറ്റീവ് എനര്‍ജിയാണ് സിരകളിലേക്ക് ശബ്ദതരംഗമായി പ്രസരിക്കുക. സഹ സംവിധായകന്‍ ജയരാജും ഇടക്കിടെ അന്വേഷണങ്ങളുമായി മെസഞ്ചറില്‍ വരും. 

പിക്നിക് കണ്ട ശ്രീകാളീശ്വേരി തിയേറ്ററിനെ ഞങ്ങള്‍ എസ്.കെ.ടി യെന്നാണ് വിളിച്ചിരുന്നത്. എന്റെയും അജിയുടെയും നന്ദന്റെയുമൊക്കെ സഹപാഠി പ്രദീപും അവന്റെ സഹോദരന്‍ മുരളിയും (മുരളിയേട്ടന്‍) പിന്നെ രാമന്‍കുട്ടി മാഷുമൊക്കെ എസ്.കെ.ടി കുടുംബത്തിലെ അംഗങ്ങളായിരുന്നു. നല്ല സ്നേഹമുള്ളവര്‍. പലപ്പോഴും അക്കാലത്ത് സൗജന്യമായി എസ്.കെ.ടി യില്‍ സിനിമ കണ്ടിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ സിനിമകള്‍ അധികവും പ്രദര്‍ശിപ്പിച്ചിരുന്നതും കാളീശ്വരിയിലായിരുന്നു. പ്രദീപിന് ഇരിങ്ങാലക്കുയില്‍ പ്രഭാത് തിയേറ്ററും ഉണ്ടായിരുന്നു. ഇടക്കാലത്ത് പ്രദീപിന് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം വന്ന കാലത്ത് ഞാന്‍ ഒരു ചലച്ചിത്ര പ്രസിദ്ധീകരണത്തിന്റെ ലേഖകനാണ്. പ്രദീപുമായി അവന്റെ യെസ്ഡിയില്‍ പല സിനിമാ ലൊക്കേഷനുകളിലും പോയിട്ടുണ്ട്. അവന് ചാന്‍സ് വാങ്ങി കൊടുക്കാന്‍ കഠിന ശ്രമം തന്നെ നടത്തിയിട്ടുണ്ട്. ചില സിനിമകളില്‍ ചെറിയ സീനുകളില്‍ പ്രദീപ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ആ വകയില്‍ പ്രദീപ് ചെലവു കുറെ ചെയ്തിട്ടുമുണ്ട്. പിന്നീട് അവന്‍ ആ മോഹം ഉപേക്ഷിച്ച് പ്രവാസിയായി. മുരളിയേട്ടനും സിനിമാ മോഹം കലശലായ കാലം ഉണ്ടായിരുന്നു. ചില സിനിമകള്‍ വിതരണത്തിനെടുത്തായിരുന്നു ആ മോഹം തീര്‍ത്തത്. ഒരു സിനിമ നിര്‍മിക്കാനും പദ്ധതിയിട്ടിരുന്നു. കമലിനെ കൊണ്ട് സംവിധാനം ചെയ്യിക്കാനായിരുന്നു ഉദ്ദേശം. കഥയും തിരക്കഥയും തയാറാക്കാന്‍ കുറെ ദിവസം ആലുവാ പാലസിലും തിരുവനന്തപുരം അമൃതയിലും താമസിച്ചതും എഴുതിയതും നിറം മങ്ങാത്ത ഓര്‍മകളാണ്. ഒന്നുകില്‍ സിനിമ അല്ലെങ്കില്‍ സീരിയല്‍ ഇതായിരുന്നു തീരുമാനം. കൊടുങ്ങല്ലൂര്‍ കമല്‍ ഏജന്‍സീസ് രാമചന്ദ്രനും അപ്പോളോ ടയേഴ്സിലെ പ്രേമചന്ദ്രനും ഈ സംരഭത്തിനു വേണ്ടി ദിവസങ്ങളോളം യാത്ര ചെയ്തിട്ടുണ്ട്. ഒന്നും നടന്നില്ല.

 ഒന്നാം തരം ഒരു ക്രൈം സ്റ്റോറിയായിരുന്നു എഴുതി തീര്‍ത്തത്. നര്‍മം കലര്‍ന്ന ഒരു ക്രൈം സ്റ്റോറി അന്ന് മലയാള സിനിമ പറഞ്ഞിട്ടുണ്ടായിരുന്നില്ല. രസികനായ ഒരു സര്‍ക്കിള്‍ ഇന്‍സ്പെകര്‍ വളരെ കോളിളക്കം സൃഷ്ടിച്ച  കേസ് തെളിയിക്കുന്ന കഥയായിരുന്നു അത്. കുറെക്കാലം ബയന്റ് ചെയ്ത ആ തിരക്കഥ സൂക്ഷിച്ചിരുന്നു. ചിതലായി വന്ന് കാലം അത് നശിപ്പിച്ചു കളഞ്ഞു. പത്തു വര്‍ഷം മുമ്പു വരെ കൈയിലുണ്ടായിരുന്നു. ഒരു കോപ്പി രാമചന്ദ്രന്റെ കൈവശവും ഉണ്ടായിരുന്നു. അതും നശിച്ചു പോയി. പക്ഷെ ഞങ്ങളുടെ മനസില്‍ ഇതുവരെ അഭ്രപാളികളില്‍ തെളിയാത്ത ആ കഥയും കഥാപാത്രങ്ങളുമുണ്ട്. ആ കഥ എഴുതുമ്പോഴെല്ലാം ലക്ഷ്മിയായിരുന്നു നായിക. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സ്ഥിരം മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്ന കോളേജ് അധ്യാപികയായ ഭാര്യയുടെ വേഷം. മക്കളുമായി പല പ്രാവശ്യം പിണങ്ങി പോകുന്ന കഥാപാത്രം. അങ്ങനെ എത്രയോ കഥകളുടെ ചര്‍ച്ചകള്‍. പൂര്‍ത്തീകരിക്കാത്ത തിരക്കഥകള്‍. പിന്നീട് ഉപേക്ഷിച്ച സിനിമാ മോഹം. അപ്രതീക്ഷിതമായി ഗദ്ദാമയുടെ കഥ. അതും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു യാത്രക്കിടയില്‍ കമലിന്റെ വിളി. അങ്ങനെയാണ് സിനിമ. അതല്ലെങ്കില്‍ അതാണ് സിനിമയെന്ന് പറയുന്നത്. അപ്രതീക്ഷിത നിമിത്തങ്ങളിലൂടെയാണ് പലപ്പോഴും ഒരു സിനിമ രൂപപ്പെടുന്നത്. 

എഴുപതുകളിലെയും എണ്‍പതുകളിലെയും യുവത്വത്തിന് നയന സുഖം നല്‍കിയ അഭിനയ പ്രതിഭയായിരുന്നു ലക്ഷ്മി. കണ്ണുകളാണ് അവരുടെ സൗന്ദര്യം. ദേഷ്യം വരുമ്പോഴും പ്രണയാതുരയാകുമ്പോഴും ആ മുഖത്തു മിന്നി മറയുന്ന ഭാവങ്ങള്‍ക്ക് പ്രത്യേകതയുണ്ട്. ചടുലമായ നടത്തവും പെട്ടെന്നുള്ള ഭാവ മാറ്റങ്ങളുമാണ് ഇന്ത്യന്‍ സിനിമയില്‍ ലക്ഷ്മിയെ വേറിട്ട അഭിനേത്രിയാക്കുന്നത്. ചട്ടക്കാരിയിലെ നായകനായിരുന്ന മോഹന്‍ശര്‍മയുമായി പ്രണയത്തിലായ ലക്ഷ്മി ആദ്യ ഭര്‍ത്താവായ ഭാസ്‌കറിനെ ഉപേക്ഷിച്ചു. 1980ല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു. പിന്നീട് ചലച്ചിത്ര പ്രവര്‍ത്തകനായ ശിവചന്ദ്രനെ വിവാഹം ചെയ്തു. ആദ്യ വിവാഹത്തില്‍ പിറന്ന നടി ഐശ്വര്യയാണ് ഏക മകള്‍. ഒരു ദത്തു പുത്രിയുണ്ട്. സംയുക്ത. വരദറാവുവാണ് ലക്ഷ്മിയുടെ പിതാവ്. മാതാവ് കുമാരി രുക്മണി. ഇരുവരും ചലച്ചിത്ര പ്രവര്‍ത്തകരായിരുന്നു. ഈ പാരമ്പര്യത്തിന്റെ കരുത്തിലാണ് ലക്ഷ്മി തന്റെ അഭിനയ ചക്രവാളം വികസിപ്പിച്ചത്. ഇന്നും അവര്‍ സജീവമായി രംഗത്തുണ്ട്. 

1974 പുറത്തിറങ്ങിയ ചട്ടക്കാരിയിലൂടെയാണ് ലക്ഷ്മി ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന അഭിനേത്രിയായി മാറുന്നത്. ചട്ടക്കാരിയിലെ ജൂലിയെ അവിസ്മരണിയമാക്കിയ ലക്ഷ്മി 1974 ല്‍ തന്നെയാണ് പിക്നിക്കിലും തുടര്‍ന്ന് പ്രയാണത്തിലും സിന്ധുവിലും ചട്ടമ്പി കല്യാണിയിലും അഭിനയിച്ചത്. എല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍. 1952ല്‍ അഭിനയ പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്ന യാരാഗുദുപദി വെങ്കിട്ട മഹാലക്ഷ്മിയെന്ന ലക്ഷ്മി 1961 ല്‍ തന്നെ അഭിയത്തിന് തുടക്കം കുറിച്ചിരുന്നു. 1968 ലും ഒരു സിനിമയില്‍ അഭിനയിച്ചു. 1969 മുതല്‍ 1974 വരെ തമിഴില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1974 ല്‍ അവരുടെ ജന്‍മരേഖയിലെ ഭാഗ്യ താരകം ശരിക്കും പ്രകാശ പൂരിതമാവുകയായിരുന്നു. മഞ്ഞിലാസിന്റെ കെ.എസ്.സേതുമാധവന്‍ ചിത്രമായ ചട്ടക്കാരി ചരിത്രമായി . പമ്മന്റെ ചട്ടക്കാരിയെന്ന നോവലിന് തോപ്പില്‍ഭാസിയാണ് തിരക്കഥയെഴുതിയത്. ദേവരാജന്‍മാഷായിരുന്നു സംഗീതം. ബാലുമഹേന്ദ്രയായിരുന്നു ഈ ചിത്രത്തിന്റെ ഛായാഗ്രഹണമെന്ന് പലര്‍ക്കും അറിയില്ല. ചിത്രത്തില്‍ ഉടനീളം മിനി സ്‌കര്‍ട്ട് ധരിച്ചാണ് ലക്ഷ്മി അഭിനയിച്ചത്.

 ഒരു ഒന്നാം തരം പമ്മന്‍ കഥാപാത്രം. മികച്ച നടനായി അടൂര്‍ഭാസിക്ക് സംസ്ഥാന പുരസ്‌കാരം. മികച്ച നടി ലക്ഷ്മി. കളക്ഷന്‍ റെക്കോഡുകള്‍ തീര്‍ത്ത സെല്ലുലോയിഡിലെ പ്രണയ കാവ്യമെന്ന് ചട്ടക്കാരിയെ വിശേഷിപ്പിക്കാം. ലക്ഷ്മി ഈ സിനിമയില്‍ ജൂലിയായി കൈയടക്കമുള്ള അഭിനയമാണ് കാഴ്ച വെച്ചത്.  ഹിന്ദിയില്‍ അത് ജൂലിയായി. തെലുങ്കിലും ആ ചിത്രം ഇറങ്ങി. തുടര്‍ച്ചയായി 40 ആഴ്ചകള്‍ ബാംഗ്ലൂരിലെ തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രമായിരുന്നു ചട്ടക്കാരി. 1977 ല്‍ ത ചില നേരങ്ങളില്‍ ചല മനിതര്‍കള്‍ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തേക്ക് ആദ്യത്തെ ദേശിയ പുരസ്‌കാരം എത്തിച്ചു. 1975 ല്‍ കേരള സര്‍ക്കാര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കിയിരുന്നു. 

നാലു ഭാഷകള്‍ അനായാസമായി സംസാരിക്കുന്ന ലക്ഷ്മിക്ക് ഒമ്പത് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത്രയും ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ നേടുന്ന തെന്നിന്ത്യയിലെ ഏക നടിയാണ് ലക്ഷ്മി. ഇതില്‍ മോഹിനിയാട്ടവും ചലനവും ഉള്‍പ്പെടും. മലയാള സിനിമയില്‍ നസീര്‍ ഷീല കൂട്ട്കെട്ടു പോലെ 70 കളില്‍ കന്നഡ സിനിമയില്‍ അനന്തനാഗ് ലക്ഷ്മി കൂട്ട്കെട്ട് പ്രശസ്തമായിരുന്നു. ഭാഗ്യ ജോഡികളെന്ന് അറിയപ്പെട്ടിരുന്ന ഈ കൂട്ട്കെട്ട് 25 സിനിമകളില്‍ നായികാ നായകന്‍മാരായി. മലയാളത്തില്‍ നസീറിന്റെ നായികയായിട്ടാണ് ലക്ഷ്മി ജനപ്രിയ സിനിമകളില്‍  അഭിനയിച്ചത്. വിവിധ ഭാഷകളില്‍ 400 സിനിമകളില്‍ അഭിനയിച്ച ലക്ഷ്മി നിരവധി ജനപ്രിയ ടെലിവിഷന്‍ ടോക് ഷോകളും നടത്തിയിട്ടുണ്ട്. ബാലചന്ദ്രമേനോന്റെ കാര്യം നിസാരത്തിലെ നസീറിന്റെ നായികയായ അമ്മിണികുട്ടിയെ ഇന്നും മലയാളി മറന്നിട്ടുണ്ടാകില്ല. 1983 ല്‍ പുറത്തിറങ്ങിയ ഈ മേനോന്‍ ചിത്രം ഇന്നും പുതുമ നശിക്കാത്ത സിനിമയാണ്. സുന്ദരമായ കുടുംബ കഥ. പ്രേംനസീറും ഉമ്മറും മികച്ച അഭിനയം കാഴ്ച വെച്ച ചിത്രം കൂടിയാണ് കാര്യം നിസാരം. 2014 ല്‍ പുറത്തിറങ്ങിയ ഓര്‍മയുണ്ടോ ഈ മുഖമാണ് മലയാളത്തില്‍ അവസാനം അഭിനയിച്ച ചിത്രം. 1998 ല്‍ ഐശ്വര്യ റായിയുടെ (ജീന്‍സ്) മുത്തശിയായി അഭിനയിച്ചു കൊണ്ട് ബോളിവുഡില്‍ തിരിച്ചു വരവു നടത്തിയ ലക്ഷ്മി കരീന കപൂര്‍ ചിത്രത്തിലും അഭിനയിച്ചു. നമ്മുടെ പല താരങ്ങള്‍ക്കും സംഭവിക്കുന്നതു പോലെ റിയാലിറ്റി ഷോകളിലെ ജഡ്ജംിഗ് പാനലില്‍ എത്തുന്നതോടെ അഭിനയത്തിന്റെ രംഗത്തു നിന്നും സ്ഥിരമായി തന്നെ മാറി പോവുകയാണ്. ലക്ഷ്മിക്കും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്.