kurian varnasalaനിറക്കൂട്ടുകളുടെ വര്‍ണശാലയില്‍ നിന്ന്  സ്വന്തം പേരിനൊപ്പം വര്‍ണശാലയെ നെഞ്ചോട് ചേര്‍ത്ത് എഴുപതുകളില്‍ യാത്ര തുടങ്ങിയ ഒരാള്‍ നമുക്കിടയില്‍ ഇപ്പോഴും സജീവമാണ്. എണ്‍പതുകളില്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന കുര്യന്‍ വര്‍ണശാലയെന്ന ഈ ചിത്രകാരന്റെ പേരും അദ്ദേഹം രൂപകല്‍പന ചെയ്ത നിരവധി പോസ്റ്ററുകളും ഇപ്പോഴും മനസിലുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം തികച്ചും യാദൃശ്ചികമായി കുര്യന്‍ എന്റെ മുഖപുസ്തക ചങ്ങാതിയായതോടെ പഴയ ഐ.വി ശശി ചിത്രങ്ങളുടെ പോസ്റ്ററുകള്‍ വീണ്ടും മനസിലെത്തി. കുര്യന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചതോടെ സ്ഥിരം വാട്‌സ്ആപ്പ് സന്ദേശങ്ങളായി. ഐ.വി.ശശി, ഷരീഫ്, കുര്യന്‍ വര്‍ണശാല കൂട്ട്‌കെട്ട് ഇന്നും മലയാളിയുടെ ഓര്‍മയില്‍ വര്‍ണസങ്കലനങ്ങളുടെ ഹരിതാഭമായ ഓര്‍മയാണ്. മലയാള സിനിമയുടെ  ഭൂമികയില്‍ കുര്യന്റെ മാഞ്ഞു പോകാത്ത ഒരു കൈയൊപ്പുണ്ട്. 

1972 ല്‍ ഇന്നത്തെ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് അറിയപ്പെട്ടിരുന്നത് തൃശൂര്‍ ഗവണ്‍മെന്റ് ഒക്യുപെക്ഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലായിരുന്നു. അവിടത്തെ വിദ്യാര്‍ഥിയായിരുന്നു തൃശൂര്‍ വരന്തരപള്ളി സ്വദേശിയായ കുര്യന്‍. പേരിനൊപ്പം വര്‍ണശാല ഇഴ ചേര്‍ന്നത് പിന്നീട് പരസ്യകലാ സ്ഥാപനം തുടങ്ങിയപ്പോഴാണ്. വര്‍ണങ്ങളുടെ സങ്കലനം എന്ന അര്‍ഥത്തില്‍ വര്‍ണശാല എന്ന് സ്ഥാപനത്തിന് പേരിടുകയായിരുന്നു. 

കുട്ടിക്കാലം മുതലെ സിനിമ മനസിന്റെ ഹരമായിരുന്ന കുര്യന്‍ മനസില്‍ സൂക്ഷിച്ചിരുന്ന മോഹമായിരുന്നു സംവിധായകനാവുകയെന്നത്. മോഹം കലശലായതോടെ കുര്യന്‍ ചിത്രകലാ പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് മദ്രാസിലേക്ക് യാത്രയായി. മദ്രാസില്‍ വെച്ച് പരിചയപ്പെട്ട ഒരാള്‍ വഴി കുര്യന്‍ കൃസ്ത്യന്‍ ആര്‍ട്‌സ് ആന്റ് കമ്മൂണിക്കേഷന്‍സ് എന്ന ശ്രീലങ്കന്‍ സുവിശേഷ പ്രക്ഷേപണ കേന്ദ്രത്തിലെത്തി. അതായിരുന്നു ആദ്യത്തെ വഴിത്തിരിവ്. അവിടെ വെച്ചായിരുന്നു കുര്യന്‍ ഐ.വി ശശിയെ പരിചയപ്പെടുന്നത്. അന്ന് ഐ.വി ശശി കലാ സംവിധായകനായിരുന്നു. സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായി ശശി നിര്‍മാതാവിനെ തേടുന്ന കാലം. ഇരുവരും ആത്മസുഹൃത്തുക്കളായി. കമലഹാസന്റെ വീടിനോട് ചേര്‍ന്നുള്ള സാംകോ ലോഡ്ജിലായിരുന്നു ശശിയും ഷെരീഫും അന്ന് താമസിച്ചിരുന്നത്. കുര്യനും ശശിയും ഷെരീഫും പിന്നീട് ഒരുമിച്ചായി താമസം. നിരവധി കഥകള്‍ ചര്‍ച്ച ചെയ്ത കാലം. ജീവിതം സിനിമക്കു വേണ്ടി സമര്‍പ്പിച്ച ചെറുപ്പക്കാരുടെ മൂവര്‍ സംഘം. ഷെരീഫ് അന്നാളുകളില്‍ ഉത്സവം എന്ന പേരില്‍ തിരക്കഥയെഴുതി ശശിക്ക് കൊടുത്തിരുന്നു. പക്ഷെ നിര്‍മാതാവിനെ കിട്ടിയില്ല. 

ഉത്സവം എടുക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഐ.വി.ശശി. സിനിമ തുടങ്ങുമ്പോള്‍ കുര്യനെ സഹ സംവിധായകനാക്കാനും തീരുമാനിച്ചു. നിര്‍മാതാവിനെ കിട്ടാതെ ഉത്സവം നീണ്ടു പോയതോടെ ശശിയാണ് കുര്യനെ പോസ്റ്റര്‍ ഡിസൈനിലേക്ക് തിരിച്ചു വിട്ടത്. ഡോക്ടര്‍ ബാലകൃഷ്ണനെ പോയി കാണാന്‍ നിര്‍ദേശിച്ചു. കൂടിക്കാഴ്ച വെറുതെയായില്ല. ഡോ.ബാലകൃഷ്ണന്‍ അപ്പോള്‍ നിര്‍മിച്ചു കൊണ്ടിരുന്ന ഹരിഹരന്റെ രണ്ടാമത്തെ ചിത്രമായ കോളേജ് ഗേളിന്റെ പോസ്റ്ററുകള്‍ തയാറാക്കാനുള്ള നിയോഗം കുര്യനായിരുന്നു. അതു മികച്ച തുടക്കമായിരുന്നു. പ്രേംനസീറായിരുന്നു നായകന്‍. കോളേജ് ഗേള്‍ സൂപ്പര്‍ ഹിറ്റായതോടെ കുര്യനെ തേടി നിരവധി അവസരങ്ങളെത്തി. 

ഇതിനിടയില്‍ ഐ.വി ശശിക്ക് ഉത്സവത്തിന് നിര്‍മാതാവിനെ കിട്ടി. പോസ്റ്റര്‍ ഡിസൈനിന്റെ തിരക്ക് മാറ്റി വെച്ച് കുര്യന്‍ ശശിയുടെ സംവിധാന സഹായിയായി. മലയാള സിനിമയിലെ അക്കാലത്തെ ന്യൂ ജെന്‍ സിനിമയായിരുന്നു ഉത്സവം. ഇതിന്റെ പോസ്റ്റര്‍ ഡിസൈനും കുര്യന്‍ തന്നെ നിര്‍വഹിച്ചു. ശശിക്ക് വീണ്ടും സിനിമ കിട്ടി. രണ്ടാമത്തെ ചിത്രമായ അനുഭവത്തിലും കുര്യന്‍ തന്നെയായിരുന്നു സഹ സംവിധായകന്‍. ഐ.വി.ശശി മലയാള സിനിമയിലെ തിരക്കുള്ള സംവിധായകനായി മാറി. കുര്യനും തിരക്കായി. ശശിയുടെ ചിത്രങ്ങളുടെ സ്ഥിരം പോസ്റ്റര്‍ ഡിസൈനറായി കുര്യന്‍. ഇതിനിടയില്‍ പ്രേംനസീറുമായി അടുത്ത ബന്ധം. നല്ല സൗഹൃദമായി അതു വളര്‍ന്നു. ശശിയും ഷെരീഫും വിവാഹിതരായതോടെ മൂന്ന് പേരും മാറി താമസിച്ചെങ്കിലും അവരുടെ സൗഹൃദത്തിന് കുറവു വന്നില്ല. അക്കാലത്ത് സിനിമാ മേഖല അപൂര്‍വ സൗഹൃദങ്ങളുടെ കൂടി ഇടമായിരുന്നു. 

കുര്യന് ഇക്കാലത്ത് അന്യഭാഷാ ചിത്രങ്ങളുടെ പോസ്റ്റര്‍ ഡിസൈനിംഗ് കൂടി ലഭിച്ചതോടെ കുര്യന്‍ വര്‍ണശാല മലയാളിയുടെ മനസിലെ മായാത്ത പേരായി മാറി. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും കുര്യന്റെ വര്‍ണ സങ്കലനങ്ങളുടെ ഉദാത്തത വിളിച്ചോതി സിനിമാ പോസ്റ്ററുകള്‍ നിറഞ്ഞ കാലം. കുര്യന് മറക്കാനാവാത്ത കാലം. 

സിനിമയുടെ ഏതാണ്ടെല്ലാ മേഖലകളിലൂടെയും സഞ്ചരിക്കുന്നതിനിടെ നിര്‍മാണ മോഹമുദിച്ചു. വര്‍ണശാല സിനി എന്റര്‍പ്രൈസസ് എന്ന പേരില്‍ നിര്‍മാണ കമ്പനി തുടങ്ങി. സ്വന്തമായി ചിത്രം നിര്‍മിക്കാനായിരുന്നു പരിപാടി. പ്രേംനസീറിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ആദ്യം നിരുത്സാഹപ്പെടുത്തി. കുര്യന്റെ ഉറച്ച തീരുമാനത്തിനു മുന്നില്‍ സ്‌നേഹപൂര്‍വം കീഴടങ്ങിയ നസീര്‍ ഒടുവില്‍  ഡെയിറ്റ് കൊടുത്തു. ഷെരീഫിന്റെ തിരക്കഥ. ഐ.വി.ശശി സംവിധാനം. കുര്യന്‍ നിര്‍മാണം. ഇതായിരുന്നു പദ്ധതി. പക്ഷെ ശശിയുടെ തിരക്കും നസീറിന്റെ ഡെയിറ്റും ഒത്തു വരാതായതോടെ കെ.എസ്. സേതുമാധവനെ വെച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. അഡ്വാന്‍സും നല്‍കി. ഷൂട്ട് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സേതുമാധവന്‍ ആസ്തമ പിടിപെട്ട് കിടപ്പിലായതോടെ ആ ശ്രമവും പാളി. 

പ്രേംനസീറും സേതുമാധവനും കുര്യനോട് തന്നെ സംവിധായകനാകാന്‍ ആവശ്യപ്പെട്ടെങ്കിലും കുര്യന്‍ ഷെരീഫിനെ സംവിധായകനാക്കി. 1981 മാര്‍ച്ചില്‍ അങ്ങനെ കുര്യന്‍ നിര്‍മിച്ച ഷെരീഫ് സംവിധാനം ചെയ്ത അസ്തമിക്കാത്ത പകലുകള്‍ യാഥാര്‍ഥ്യമായി. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഒരു നിര്‍മാതാവ് കുര്യനെ സമീപിച്ച് പുതുമുഖങ്ങളെ വെച്ച് ഒരു സിനിമ സംവിാനം ചെയ്തു കൂടെയെന്ന് ചോദിച്ചു. കുര്യനിലെ സംവിധായകന്‍ ഉണര്‍ന്നു. മലയാളിയുടെ അഭിമാനമായി മാറിയ മമ്മുട്ടിയെ വെച്ച് ( അന്ന് പി.ഐ.മുഹമ്മദ്) കുര്യന്‍ അന്തിചുവപ്പ് എന്ന സിനിമ സംവിധാനം ചെയ്തു. ഇതോടെ താല്‍ക്കാലികമായി സംവിധാന രംഗത്തു നിന്ന് മാറിയ കുര്യന്‍ പിന്നീട് പോസ്റ്റര്‍ഡിസൈനിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കമലഹാസന്റെ സ്വന്തം നിര്‍മാണ കമ്പനിയുടെ ചിത്രങ്ങളുടെ സ്ഥിരം പോസ്റ്റര്‍ ഡിസൈനറായി മാറിയ കുര്യന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രാസ് വിട്ട് ആദ്യം തിരുവനനന്തപുരത്തും പിന്നീട് എര്‍ണാകുളത്തും താമസമായി. 

നാലു പതിറ്റാണ്ടു മുമ്പ് നിര്‍മാണ കമ്പനി തുടങ്ങുകയും സിനിമ നിര്‍മിക്കുകയും പിന്നീട് സംവിധായകനാവുകയും ചെയ്ത ചിത്രകാരനായ കുര്യന്‍ നമ്മുടെ സിനിമയുടെ ഗതിവേഗങ്ങളെയും തളര്‍ച്ചയെയും കൃത്യമായി നിരീക്ഷിക്കുന്നയാളാണ്. എന്താണ് സിനിമയെന്ന് സ്വന്തം ജീവിതം തന്നെ അര്‍പിച്ച് പഠിച്ച കുര്യന് ഇന്നത്തെ നല്ല ന്യൂ ജെന്‍ സിനിമകളോട് ആദരവാണ്. അതേ സമയം മറുവശത്ത് നാലാള്‍ പോലും കാണാനില്ലാതെ പോകുന്ന സിനിമകള്‍ ഉണ്ടാകുന്നതില്‍ നിരാശനും. ബൈബിളിനെ ആധാരമാക്കി ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി മലയാളം ഉള്‍പ്പടെ പന്ത്രണ്ട് ഭാഷകളില്‍ സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കുര്യന്‍. അതിനു മുമ്പ് ആദമും ഹവ്വയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു ചെറു ചിത്രവും മനസിലുണ്ട്. ഇതിന്റെ തിരക്കഥയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നാഷണല്‍ ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥയായിരുന്ന ഡെയിസിയാണ് ഭാര്യ. ഏക മകള്‍ ബിയാങ്ക അമേരിക്കയില്‍ ജോലി ചെയ്യുന്നു.