ഗ്യാലറികളിലെ ആരവം മൈതാനത്ത് പന്തിനു പിറകെ പായുന്ന കളിക്കാരന്റെ കാലുകളില്‍ അഗ്നിയായി പടരുമ്പോഴാണ് കാല്‍പന്തുകളി അതിന്റെ അവിസ്മരണിയ മുഹൂര്‍ത്തങ്ങളിലേക്ക് വഴി മാറുന്നത്. മനോഹരമായ പാസുകളില്‍ നിന്ന് മറക്കാനാവാത്ത ഗോളുകള്‍ പിറക്കുമ്പോള്‍ ആര്‍ത്തിരമ്പുന്ന ഗ്യാലറികള്‍ കളിക്കാരന്റെ ആവേശമാണ്. ജയിച്ചവന്റെ സന്തോഷം ഗാലറികളിലെ ആരവവുമായി കൂടി ചേരുമ്പോള്‍ തോറ്റവന്റെ തേങ്ങലും ഇതേ ആരവത്തില്‍ അലിഞ്ഞു പോകുന്നുവെന്നാണ് ഫുട്‌ബോള്‍ മതം. തോറ്റവന്‍ കണ്ണീരോടെയും ജയിച്ചവന്‍ സന്തോഷത്തോടെയും കളം വിടുമ്പോള്‍ പ്രാര്‍ഥിക്കുന്നത് ഒന്നു തന്നെയാണ്, അടുത്ത കളിയിലെ ജയം. 

ഫുട്‌ബോള്‍ മത്സരങ്ങള്‍ ലൈവായി മിനി സ്‌ക്രീനില്‍ എത്തുന്നതിനു മുമ്പ് റേഡിയോ കമന്ററികളായിരുന്നു ആശ്രയം. കാതിലായിരുന്നു പ്ലേ ഗ്രൗണ്ട്. കാതില്‍ റേഡിയോ ചേര്‍ത്തുവെച്ച് ആവേശത്തോടെ കളി ആസ്വദിച്ചിരുന്ന കാലം. അത്തരം ഒരു കമന്ററിയാണ് കേരള ടീമിന്റെ പറക്കും ഫോര്‍വേഡായിരുന്ന നജുമുദ്ദീനെ പരിചയപ്പെടുത്തിയത്. അതാ ,പന്തിപ്പോള്‍ കേരളത്തിന്റെ ടൈറ്റാനിയത്തിന്റെ നജുമുദ്ദീന്റെ കാലുകളിലാണ്. വലതു വിംഗില്‍ നിന്ന് അതാ നജുമുദ്ദീന്‍ കുതിക്കുകയാണ്. ഇങ്ങനെ നജുമുദ്ദീനെ കുറിച്ച് പറയുമ്പോള്‍ നൂറു നാവുകള്‍ നിറഞ്ഞാടുകയായിരുന്നു കമന്ററിയില്‍. കേരള ഫുട്‌ബോള്‍ കണ്ട നൂറു ശതമാനം മാന്യനായ കളിക്കാരനായിരുന്നു കൊല്ലം തേവള്ളി സ്വദേശി അബ്ദുല്‍ഖാദര്‍ നജുമുദ്ദീന്‍. ഒരു കാലത്ത് കാല്‍പന്തുകളിയുടെ ചടുലവും വശ്യവുമായ മനോഹാരിത മലയാളിയ അനുഭവിപ്പിച്ച ജെന്റില്‍മാന്‍. അറുപത്തിയേഴാം വയസിലും തികഞ്ഞ കായികക്ഷമതയോടെ നജുമുദ്ദീന്‍ ഫുട്‌ബോള്‍ പരിശീലകനായി രംഗത്തുണ്ട്.  

1973ല്‍ ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ സന്തോഷ് ട്രോഫി ഫൈനല്‍ . അന്നത്തെ ദിവസം ആ തലമുറയിലെ ഒരു മലയാളിക്കും മറക്കാനാവില്ല. കേരളം ജയിക്കണം. മണിയാണ് ക്യാപ്റ്റന്‍. ഫൈനലില്‍ രവിയായിരുന്നു ഗോള്‍ കീപ്പര്‍. വിക്ടര്‍ മഞ്ഞിലക്കും  സേതുമാധവനും പരിക്ക് പറ്റിയതോടെയാണ് സെമി ഫൈനല്‍ മുതല്‍ രവിക്ക് ഈ നിയോഗം വന്നത്. വലതു വിംഗില്‍ നിന്ന് ബോളുമായി എതിരാളികളെ വെട്ടിച്ച് കുതിച്ച നജുമുദ്ദീന്‍ 38 ാം മിനിറ്റില്‍ നല്‍കിയ അളന്നു മുറിച്ച വോളി മണി കൃത്യമായി ഹെഡ് ചെയ്ത് ഗോളാക്കിയപ്പോള്‍ കേരളം ആകെ ആര്‍ത്തു വിളിച്ചു. റെയില്‍വെ ഗോള്‍ തിരിച്ചടിച്ചു. 65ാം മിനിറ്റില്‍ ജാഫര്‍ നല്‍കിയ പാസും മണി ഗോളാക്കി. എണ്‍പതാം മിനിറ്റില്‍ മണി നജുമുദ്ദീന്റെ പാസില്‍ നിന്ന് ഹാട്രിക് ഗോളടിച്ചതോടെ കാസര്‍കോട് മുതല്‍ പാറശാല വരെ ആഹ്ലാദത്തിന്റെ തിരയിളകി. എഫ്.എ.സി.ടി യുടെ എം.ആര്‍ ജോസഫ്. ഫാക്ടിന്റെ തന്നെ വില്യംസ്, അബ്ദുല്‍ ഹമീദ്, ദേവാനന്ദ്, ജാഫര്‍, ജോണ്‍ കെ ജോണ്‍, പ്രീമിയറിന്റെ പ്രസന്നന്‍,സി.സി ജേക്കബ്,സേവ്യര്‍ പയസ് തുടങ്ങി മലയാളി ഒരിക്കലും മറക്കാന്‍ പാടില്ലാത്ത പ്രതിഭാധനരായ കളിക്കാരാണ് അന്ന് കേരളം കാത്തിരുന്ന ഐതിഹാസിക വിജയം നേടി കൊടുത്തത്. 1981 വരെ നജുമുദ്ദീന്‍ സംസ്ഥാന ടീമില്‍ അംഗമായിരുന്നു. പത്തൊമ്പത് വര്‍ഷം ടൈറ്റാനിയത്തിന്റെ മുന്നണി പോരാളി. 

1979 ല്‍ കോയമ്പത്തൂരില്‍ നടന്ന സന്തോഷ് ട്രോഫിക്ക് കേരളം ഇറങ്ങുമ്പോള്‍ നജുമുദ്ദീനായിരുന്നു ക്യാപ്റ്റന്‍. അന്ന് ഗോള്‍ ആവറേജില്‍ കേരളം കപ്പില്‍ മുത്തമിടാനാവാതെ മടങ്ങി. പിന്നീട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം വി.പി സത്യനും വിജയനും പാപ്പച്ചനും ഷറഫലിയും ഒക്കെ അടങ്ങുന്ന തലമുറയാണ് കേരളത്തിന് സന്തോഷ് ട്രോഫി നേടി തന്നത്.  ഒളിമ്പ്യന്‍ റഹ്മാനും ചിദാനന്ദനും സാലഹും ചന്ദ്രശേഖരനും നാരായണനും തിരുവല്ല പാപ്പനും പിന്നീട് വി.പി സത്യനും ഐ.എം. വിജയനും ഷറഫലിയും പാപ്പച്ചനുമൊക്കെ സുവര്‍ണ ലിപികളില്‍ എഴുതിയ നമ്മുടെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ നൈരന്തര്യം പുതിയ തലമുറയിലൂടെ മുന്നോട്ടു പോകുമ്പോള്‍ ആഹ്ലാദത്തോടെ ആശിര്‍വദിക്കുകയാണ് നജുമുദ്ദീന്‍.  

കഠിനാധ്വാനം ചെയ്ത് വളര്‍ത്തിയെടുത്ത മനോഹരമായ ശൈലിയായിരുന്നു നജുമുദ്ദീന്റേത്. കളിച്ചിരുന്ന കാലത്ത് അയാള്‍ എതിരാളികളുടെ പേടി സ്വപ്നമായിരുന്നു. സൈമണ്‍ സുന്ദര്‍രാജിനെ പോലുള്ള അസാമാന്യ കോച്ചിംഗ് പ്രതിഭകളുടെ കീഴില്‍ ഫുട്‌ബോള്‍ പഠിക്കാനുള്ള ഭാഗ്യവും  ലഭിച്ചിട്ടുണ്ട്. ജൂനിയര്‍ നാഷണലില്‍ നിന്ന് സംസ്ഥാന ടീമിലെത്തി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് പിന്നീട് നിരവധി  ദേശിയ ടൂര്‍ണമെന്റുകളിലൂടെ കടന്നു പോയ കാല്‍പന്തു കളിയുടെ ഹരം പിടിപ്പിക്കുന്ന നാളുകള്‍ ഇന്നും ആ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. കരഘോഷങ്ങളുടെ കരുത്തില്‍ കളിക്കാരന്‍ നേടുന്ന വിജയങ്ങള്‍ കാണിക്ക് കൂടി അവകാശപ്പെട്ടതാണെന്ന പക്ഷക്കാരനാണ് നജുമുദ്ദീന്‍. 1976 ല്‍ ഇന്ത്യയുടെ ജൂനിയര്‍ നാഷണല്‍ ടീമില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ഭാഗ്യവും കൈവന്നിട്ടുണ്ട്. വിജയങ്ങള്‍ ഒരിക്കലും തന്നെ ഉന്‍മത്തനാക്കിയിട്ടില്ലെന്ന് വിനയപൂര്‍വം പറയും ടൈറ്റാനിയത്തിന്റെ പറക്കും താരം എന്ന വിശേഷണമുണ്ടായിരുന്ന ഈ കളിക്കാരന്‍. 

കേരളത്തില്‍ നടന്നിട്ടുള്ള മിക്ക ടൂര്‍ണമെന്റുകളിലും ടൈറ്റാനിയം വിജയ കിരീടം ചൂടിയ സുവര്‍ണകാലമുണ്ടായിരുന്നു.  ടൈറ്റാനിയത്തിന്റെ ഫുട്‌ബോള്‍ ടീം കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ നിര്‍ണായകമായ ഒരു കാലം അടയാളപ്പെടുത്തിയ ടീമായിരുന്നു. ടൈറ്റാനിയത്തിനും പ്രീമിയര്‍ ടയേഴ്‌സിനും ഫാക്ടിനുമൊക്കെ അന്ന് മികച്ച ടീമുണ്ടായിരുന്നു. കളിക്കാരെ കണ്ടെത്തി സ്ഥിരമായി ജോലിയും അതുവഴി ജീവിതവും  നല്‍കിയിരുന്ന കാലം. സജീവ ഫുട്‌ബോളില്‍ നിന്ന് വിട വാങ്ങിയ ശേഷവും കോച്ചായും മാനേജരായും ടൈറ്റാനിയം ടീമിന്റെ കൂടെ സഞ്ചരിക്കാന്‍ സമയം കണ്ടെത്തിയിരുന്നു നജുമുദ്ദീന്‍.  ജൂനിയര്‍ കൊല്ലം ഫുട്‌ബോള്‍ അക്കാദമിയിലൂടെ ഇപ്പോഴും ഫുട്‌ബോളുമായുള്ള ബന്ധം തുടരുന്ന നജുമുദ്ദീന്‍ കേരള ഫുട്‌ബോളിനും അതുവഴി ഇന്ത്യന്‍ ഫുട്‌ബോളിനും പുതിയ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന തിരക്കിലാണ്. 

അനാഥത്വത്തിന്റെ നൊമ്പരം അനുഭവിച്ച ബാല്യമായിരുന്നു നജുമുദ്ദീന്റേത്. ടൈറ്റാനിയത്തിലെ ജോലിയാണ് നജുമുദ്ദീനെ ജീവിതത്തിന്റെ പ്രസരിപ്പുകളിലേക്ക് എത്തിച്ചത്.  ടൈറ്റാനിയം എം.ഡി യായിരുന്ന പത്മകുമാര്‍ ഐ.എ. എസാണ് നജുമുദ്ദീനെ ജോലിക്ക് എടുത്തത്. ടൈറ്റാനിയത്തില്‍ പ്രവേശിച്ച ഉടനെയായിരുന്നു 1973 ലെ സന്തോഷ് ട്രോഫിയും വിജയവും. ഇതോടെ മലയാളികളുടെ പ്രിയ ഫുട്‌ബോള്‍ താരമായി മാറി. ഇക്കാലത്തായിരുന്നു നസീം ബീഗം ജീവിത സഖിയാകുന്നത്. അക്കാലത്തെ ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ ഒരു സെലിബ്രിറ്റിയാണ് തന്റെ ഭര്‍ത്താവെന്ന് നസീം ബീഗം തിരിച്ചറിഞ്ഞത്  വിവാഹത്തിനു ശേഷമായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചില ടൂര്‍ണമെന്റുകള്‍ക്ക്  നസീം ബീഗത്തെയും കൊണ്ടു പോകുമായിരുന്നു. പതുക്കെ പതുക്കെ അവര്‍ക്കും ഫുട്‌ബോള്‍ ഹരമായി തുടങ്ങി. നജുമുദ്ദീന്റെ ഫുട്‌ബോള്‍ ജീവിതത്തിന്റെയും പൊതുവെ കേരള ഫുട്‌ബോളിന്റെയും നാള്‍ വഴികള്‍ പറഞ്ഞു തരാന്‍ ഇന്ന് നസീം ബീഗത്തിന് സാധിക്കും.  ജിദ്ദയില്‍ ജോലി ചെയ്യുന്ന സുനില്‍ ഷഹീദിന്റെ ഭാര്യയും ഗായികയുമായ സോഫിയ സുനില്‍ ,സുമയ്യ ഷിഹാബ്, സാദിയ റഷീദ് എന്നിവര്‍ മക്കള്‍. ആരവങ്ങളടങ്ങാത്ത മൈതാനങ്ങളിലൂടെ ഇപ്പോഴും മനസു കൊണ്ട് സഞ്ചരിക്കുന്ന നജുമുദ്ദീനെ പോലുള്ളവര്‍ കേരള ഫുട്‌ബോളിനു നല്‍കിയ സംഭാവനകള്‍ കളിയെഴുത്തുകാര്‍ രേഖപ്പെടുത്തണം. കാരണം അത് ചരിത്രമാണ്. പന്തുമായി മുമ്പെ കുതിച്ചവന്റെ പിറകെ വന്ന ചരിത്രം.

Content Highlights: ku iqbal writes about najumudheen, veteran football player of kerala