എണ്‍പതുകളില്‍ മലയാള നാടകവേദിയിലെ അന്നത്തെ പഴയ തലമുറയിലെ പ്രതിഭകളെ കുറിച്ച് മാതൃഭൂമി വാരാന്ത പതിപ്പില്‍ ഒരു പരമ്പരയെഴുതുന്ന കാലം. കെ.സി.നാരായണനായിരുന്നു വാരാന്തപതിപ്പിന്റെ ചുമതല. വി.ആര്‍.ഗോവിന്ദനുണ്ണിയാണ് ഇന്ന് സുഭാഷ്ചന്ദ്രന്‍ ഇരിക്കുന്ന കസേരയില്‍. വാരിക തിരുവനന്തപുരത്തു നിന്നായിരുന്നു എഡിറ്റ് ചെയ്തിരുന്നത്. ഇന്നത്തെ പോലെ അന്നും ഒരുപാട് പുതിയ എഴുത്തുകാര്‍ക്ക് വാരാന്ത പതിപ്പും വാരികയും മത്സരിച്ച്  അവസരം നല്‍കിയിരുന്നു. ഈ പരമ്പര കഴിഞ്ഞ് അധികം താമസിയാതെ ഞാന്‍ പ്രവാസിയായി. ജിദ്ദയിലെ സീ പോര്‍ട്ടിലായിരുന്നു തുടക്കത്തില്‍ ജോലി. 

നാടക താര പരമ്പരക്ക് നിമിത്തമായത് കെ.എസ് ജോര്‍ജിനെയും കെ.പി.എ.സി സുലോചനയെയും കുറിച്ച് എഴുതിയ രണ്ട് ഫീച്ചറുകളായിരുന്നു. രണ്ടും ഏറെ വിവാദം സൃഷ്ടിച്ച ഫീച്ചറുകള്‍. തുടര്‍ന്നാണ് പരമ്പരയെ കുറിച്ച് ആലോചിക്കുന്നതും ലിസ്റ്റ് തയാറാക്കുന്നതും. ആവേശത്തോടെ ആ യാത്ര തുടങ്ങുന്നതിനു മുമ്പ്  ഒരു റഫറന്‍സ് പോലെ മുരളിയുടെ നാടകം ജീവിതമാക്കിയവര്‍ എന്ന പുസ്തകം വായിച്ചിരുന്നു. വിസ്മയിപ്പിക്കുന്ന ഭാഷയില്‍ എഴുതിയിരുന്ന ആ പുസ്തകത്തില്‍ ഇല്ലാത്തവരെ കണ്ടെത്തി ലിസ്റ്റ് ഉണ്ടാക്കുക ശ്രമകരമായിരുന്നു. അന്ന് കള്ളിക്കാട് രാമചന്ദ്രനും ഇ.വി ശ്രീധരനും മുസാഫിറും എന്‍.ടി ബാലചന്ദ്രനും മുരളിയും ഉള്‍പ്പടെയുള്ളവര്‍ ഫീച്ചറുകളെ കവിത പോലെ വായനക്കാരെ ആസ്വദിപ്പിച്ചിരുന്ന നാളുകള്‍. പുതിയ രീതിയില്‍ എങ്ങനെ ഈ പരമ്പര അവതരിപ്പിക്കാമെന്നായി ചിന്ത. എന്നാല്‍ അത്രയൊന്നും അന്ന് സാധിച്ചില്ല. ഭാഷ കൊണ്ട് മത്സരിക്കാന്‍ പരിമിതിയുണ്ടായിരുന്നു. എങ്കിലും ഒരു വിധം പതിമൂന്ന് ലക്കങ്ങള്‍ എഴുതിയെന്ന് മാത്രം. ആ പരമ്പരയില്‍ വന്ന പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ല. അത് പുസ്തകവും ആക്കിയില്ല.  പരമ്പര അവസാനിച്ചപ്പോള്‍ മഹാ നടന്‍ പ്രേംജി ഒരു അവലോകന കുറിപ്പ് വാരാന്തപതിപ്പില്‍ തന്നെ എഴുതിയിരുന്നു. ഇന്ന് പഴയ ആ പത്ര താളുകള്‍ തന്നെ കൈവശമില്ല. മഴയും വെയിലും മഞ്ഞും വസന്തവും പ്രളയവുമായി ഋതുക്കള്‍ എത്ര കടന്നു പോയി. 

തംബുരുവിലേക്ക് വരാം. കെ.എസ്. ജോര്‍ജിനെ തിരുവനന്തപുരത്തെ അന്ന് അദ്ദേഹം താമസിച്ചിരുന്ന വാടക വീട്ടില്‍ വെച്ചായിരുന്നു കണ്ടത്. എം.കൃഷ്ണന്‍ നായര്‍ സാറാണ് വീട് പറഞ്ഞു തന്നത്. മാരിവില്ലിന്‍ തേന്‍ മലരെ ക്ഷീണിതമായ ശബ്ദത്തിലാണെങ്കിലും മനോഹരമായി പാടിയ ശേഷം കെ.എസ് ജോര്‍ജ് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലിരുന്നു ജീവിത കഥ പറയുകയാണ് എന്ന ഒരു വരി അതിലുണ്ടായിരുന്നു. കെട്ടിട ഉടമ ഈ വരിക്ക് എതിരെ പ്രതിഷേധിച്ചു. വാടക വീട്ടിലിരുന്ന് കഥ പറയുകയാണെന്ന് എഴുതാത്തതിനായിരുന്നു പ്രതിഷേധം. എന്തിന്റെ പേരിലാണ് അയാള്‍ അന്ന് അങ്ങനെ പ്രതികരിച്ചതെന്ന് അറിയില്ല. ഫീച്ചര്‍ പ്രസിദ്ധീകരിച്ച ഞായറാഴ്ച മുതല്‍ തന്നെ വിവാദവും തുടങ്ങി. തന്റെ ചികിത്സക്ക് വേണ്ടി 250 രൂപ ചോദിച്ചിട്ട് തരാതെ തന്നെ കൊണ്ട് തന്റെ പ്രാണനായ തംബുരു (ഹാര്‍മോണിയമാണ് ഉദ്ദേശിച്ചത് ) കെ.പി.എ.സി യില്‍ പണയം വെപ്പിക്കാന്‍ തോപ്പില്‍ ഭാസി കൂട്ടു നിന്നെന്ന് കെ.എസ് ജോര്‍ജ് പറഞ്ഞിരുന്നു. ഈ ഭാഗം ഹൈലൈറ്റ് ചെയ്താണ് വന്നത്. കോഴിക്കോട്ടെ സംഗീത പ്രണയികള്‍ രംഗത്തു വന്നു. അവര്‍ പണം സ്വരൂപിച്ചു കെ.എസ് .ജോര്‍ജിനെ സഹായിക്കാന്‍. 

മറക്കാനാവാത്ത നിരവധി ഗാനങ്ങളിലൂടെ ഇന്നും മലയാളിയുടെ മനസില്‍ ജീവിക്കുന്ന കെ.എസ് ജോര്‍ജിനു വേണ്ടി കേരളത്തില്‍ ഉടനീളം നാടക ആസ്വാദകരും സംഗീതത്തെ സ്‌നേഹിക്കുന്നവരും രംഗത്തു വന്നു. ഇന്നിന്റെ മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ പ്രതീക്ഷിക്കാത്ത ഇംപാക്ട് . തോപ്പില്‍ ഭാസിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സ്വാഭാവികമായും അത് സി.പി.ഐ ക്ക് എതിരെയും വന്നു. സുലോചന ചേച്ചിയും കെ.പി.എ.സിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇരുവരും പറഞ്ഞതൊന്നും പരമാവധി വിട്ടു പോകാതെ ഫീച്ചറില്‍ വന്നിരുന്നെങ്കിലും തികച്ചും വ്യക്തിപരമായി തോപ്പില്‍ഭാസിക്ക് എതിരെ ഇരുവരും ഉന്നയിച്ച ചില ആരോപണങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കിയിരുന്നു.  സുലോചന ചേച്ചിയെ കായംകുളത്ത് വെച്ചായിരുന്നു അന്ന് കണ്ടത്. കലേശേട്ടന്‍ അവരെ അന്ന് വിവാഹം ചെയ്തിരുന്നോ എന്ന് ഓര്‍മയില്ല. ചേച്ചിയുടെ സഹോദരന്‍ അവിടെ ഉണ്ടായിരുന്നു. ചേച്ചിയുടെ മരണം വരെ ആ കുടുംബവുമായി എനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. കെ.പി.എ.സി സുധര്‍മ ചേച്ചിയുമായും ഇതേ ബന്ധം സൂക്ഷിച്ചിരുന്നു. കാലക്കല്‍ കുമാരനും ഒ.മാധവനും ഉള്‍പ്പടെ പല പ്രതിഭകളും ഈ പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നു. 

തംബുരു പണയം വെച്ചെന്ന പരാമര്‍ശം വിവാദമായി കത്തി പടര്‍ന്ന് കോഴിക്കോടും കായംകുളവും കൊല്ലവും കടന്ന് ഒടുവില്‍ നിയമസഭയിലെത്തി. അന്ന് കൊടുങ്ങല്ലൂര്‍ എം.എല്‍.എ സി.പി.ഐ യുടെ സഖാവ് വി.കെ രാജനായിരുന്നു. സഖാവ് ഞങ്ങള്‍ കൊടുങ്ങല്ലൂര്‍ക്കാര്‍ക്ക് ജീവിച്ചിരുന്ന കാലത്തു മാത്രമല്ല ഇന്നും സ്വന്തം രാജേട്ടന്‍. പിന്നീട് കൃഷി മന്ത്രിയായ വി.കെ രാജന്‍ അകാലത്തില്‍ പൊലിഞ്ഞു പോയ തന്റേടിയായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ സുനില്‍കുമാറാണ് ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍ എം.എല്‍.എ . പൂല്ലൂറ്റുകാരനായ രാജേട്ടന് എന്റെ ഉമ്മയുടെ  കുടുംബവുമായി കുട്ടിക്കാലം മുതലെ അടുപ്പമുണ്ടായിരുന്നു. ആ അടുപ്പം സ്വാഭാവികമായും എന്നോടും കാണിച്ചിരുന്നു. 

കെ.എസ്.ജോര്‍ജ് ഫീച്ചര്‍ കാരണം രാജേട്ടനായിരുന്നു നിയമസഭയില്‍ പെട്ടത്. രാജേട്ടന്‍ ഏതൊ സുപ്രധാന വിഷയം അവതരിപ്പിക്കുന്നതിനിടെ പല കോണുകളില്‍ നിന്ന് പണയം വെച്ച തംബുരു വിഷയവും ഉയര്‍ന്നു വന്നു. പണയം വെച്ച തംബുരു എടുത്തു കൊടുത്തിട്ടു മതി പ്രസംഗമെന്ന് വരെ ആരൊ വിളിച്ചു പറഞ്ഞു. രാജേട്ടന്‍ അതിനെ സ്വതസിദ്ധമായ ശൈലിയില്‍ നേരിട്ടെങ്കിലും അത് അദ്ദേഹത്തെ വിഷമിപ്പിച്ച സംഭവമായിരുന്നു. നിയമസഭ കഴിഞ്ഞ് കൊടുങ്ങല്ലൂരെത്തിയ രാജേട്ടനെ തൊട്ടുത്ത ദിവസം മേത്തലയില്‍ നടന്ന ഒരു സാംസ്‌കാരിക പരിപാടിയില്‍ വെച്ച് കണ്ടപ്പോള്‍ അദ്ദേഹം അത് പറയുകയും  ചെയ്തു. നാടകകൃത്തും ഗാനരചയിതാവുമായ ബക്കര്‍ മേത്തലയും നടന്‍ കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കുട്ടിയും ആ പരിപാടിയുടെ സംഘാടകരായിരുന്നുവെന്നാണ് ഓര്‍മ. കെ.എസ്.ജോര്‍ജ് പറഞ്ഞത് ശരിയാണൊ എന്ന് ഞാന്‍ തിരക്കിയില്ലെന്ന പരാതിയും അദ്ദേഹം ഉന്നയിച്ചു. കെ.എസ്.ജോര്‍ജ് എന്ന മലയാളിയുടെ പ്രിയ ഗായകന്‍ തനിക്ക് പ്രാണനായ സ്വന്തം തംബുരുവിനെ ചേര്‍ത്ത് വെച്ച് അങ്ങനെ ഒരു കളവു പറയുമൊ ? ഇല്ലെന്നാണ് അന്നത്തെ പോലെ ഇന്നും എന്റെ വിശ്വാസം.

Content Highlights:   ku iqbal writes about ks george, kpac sulochana and vk rajan