അറിയുന്നവരായിരിക്കും, പക്ഷെ അറിയാതെ പോകും. അടുത്തുണ്ടാകും, കാണാതെ പോകും. അറിഞ്ഞിട്ടും അറിയാതെ പോകുന്ന ചില ജീവിതങ്ങളെ കുറിച്ച് ഗുരു തുല്യനായ കെ.സി.നാരായണന്‍ പറഞ്ഞത് ശരിയാണ്. അങ്ങനെയൊരു ജീവിതമാണ് എന്റെ ദൃശ്യ പരിധിയെ സ്പര്‍ശിക്കാതെ കടന്നു പോയത്. അതാകട്ടെ നൂറു ശതമാനം കലാകാരനായിരുന്ന ഒരാളുടെ ജീവിതമായിരുന്നു. നിര്‍മാതാവും നടനും ഗായകനും നൈതികബോധത്തോടെ ജീവിച്ച മനുഷ്യസ്നേഹിയുമായിരുന്ന അക്ബറിന്റെ ജീവിതം.
അക്ബര്‍ എന്റെ ബന്ധുവാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കിലും കൂടുതല്‍ പരിചയപ്പെടാനും ആ ജീവിത യാത്രയിലെ കഥകള്‍ കേള്‍ക്കാനും അവസരം ഉണ്ടായില്ല. ഇരുവരുടെയും പ്രവാസം പ്രധാന തടസമായിരുന്നു. ശ്രമിച്ചാല്‍ ഇതു മറി കടക്കാമായിരുന്നെങ്കിലും ശ്രമിച്ചില്ലെന്ന് പറയുന്നതായിരിക്കും ശരി. ഒടുവില്‍ കാണാന്‍ ആഗ്രഹിച്ച് കാട്ടൂരിലെ വീട്ടിലേക്ക് യാത്ര തിരിച്ചെങ്കിലും പാതി വഴിക്ക് തിരിച്ചു പോന്നു. അക്ബര്‍ അപ്പോള്‍ അസുഖബാധിതനായിരുന്നു. പാര്‍ക്കിന്‍സന്‍സ് തളര്‍ത്തി കളഞ്ഞിരുന്നു. ഓര്‍മകളെ പോലും പാര്‍ക്കിന്‍സന്‍സ് കുടഞ്ഞെറിയുമെന്നാണ് കേട്ടിട്ടുള്ളത്. തലച്ചോറില്‍ പ്രകമ്പനം നടക്കും. പലതും പറയണമെന്ന് ആഗ്രഹിക്കും. പറയാനാവില്ല. അങ്ങനെ പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കി വെച്ച് അവര്‍ പടി കടന്നു പോകും. അക്ബറിന്റെ കാര്യത്തിലും ഇതു ശരിയായിരുന്നെന്ന് ഭാര്യ ബേബി സാക്ഷ്യപ്പെടുത്തുന്നു. ഒരുപാട് പറയാന്‍ ബാക്കി വെച്ചാണ് അക്ബര്‍ യാത്രയായതെന്ന് ഭാര്യ പറയുമ്പോള്‍ സ്നേഹാതുരമായ ആ നേര്‍കാഴ്ചക്ക് മുന്നില്‍ അവര്‍ എത്ര വിതുമ്പിയിരിക്കുമെന്നാണ് ഇപ്പോള്‍ ഞാനോര്‍ക്കുന്നത്. അതൊരു നൊമ്പരമാണ്. ഒന്നും പരസ്പരം പറയാതെ മുഖാമുഖം നോക്കി കടന്നു പോയ നാളുകള്‍. അക്ബര്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. രോഗാവസ്ഥ അതിന് അനുവദിച്ചില്ലെന്ന് മാത്രം. അക്ബറിന്റെ ഓര്‍മകളാകെ ശ്ലഥ ചിത്രങ്ങളായി മാറിയ അക്കാലത്താണ് അക്ബറിനെ കാണേണ്ടെന്ന് തീരുമാനിച്ച് ഞാന്‍ തിരിച്ചു പോന്നത്. പിന്നീട് കാണാനും സാധിച്ചില്ല.
മനസു കൊണ്ട് ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത കലാകാരന്‍മാരില്‍ ഒരാളായിരുന്നു അക്ബര്‍. ഉത്തരം സിനിമയുടെ നിര്‍മാതാവെന്ന നിലയിലാണ് ആദ്യം അക്ബറിനെ കുറിച്ച് കേള്‍ക്കുന്നത്. അത് തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ സ്വദേശിയായ അക്ബറാണെന്ന് പിന്നീട് അറിഞ്ഞു. അഷറഫ്ക്കയുടെ ആസ്പിന്‍ ട്രാവല്‍സില്‍ വെച്ച് ഒരു നോട്ടം കണ്ടിട്ടുണ്ട്. നല്ല തിരക്കിലായിരുന്നു അക്ബര്‍. പ്രവാസത്തിന്റെ രണ്ടാമൂഴത്തിനോ മൂന്നാമൂഴത്തിനോ മുമ്പായിരുന്നു അതെന്നാണ് ഓര്‍മ. ആസ്പിനില്‍ വെച്ച് അങ്ങനെ പല പ്രതിഭകളെയും കണ്ടിട്ടുണ്ട്.
ആസ്പിന്‍ വെറുമൊരു ട്രാവല്‍സായിരുന്നില്ല. സാംസ്‌കാരിക രംഗത്തുള്ളവരുടെ കൂടിചേരലിന്റെ പൊതു ഇടം കൂടിയായിരുന്നു. ആദ്യം ഹുസയിന്‍ഇക്കയും പിന്നെ ഹുസയിന്‍ഇക്ക മരിച്ചപ്പോള്‍ അഷറഫ്ക്കയും മുന്നോട്ടു നയിച്ച സ്ഥാപനം. എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സിനിമാക്കാരുടെയുമൊക്കെ സ്ഥിരം സന്ദര്‍ശന കേന്ദ്രം. അവിടെ വെച്ചു തന്നെയാണ് അക്ബറിനെ ഞാന്‍ കണ്ടിട്ടുള്ളത്. ഒന്നോ രണ്ടോ വാക്ക് മാത്രം സംസാരിച്ചു പിരിഞ്ഞ ഒരു അപരാഹ്ന അനുഭവമായി അതങ്ങനെ നില്‍ക്കുന്നു. സുന്ദരനായിരുന്നു. നടപ്പിലും ഇരിപ്പിലും പ്രൗഢി കാത്തു സൂക്ഷിച്ചിരുന്നു. എപ്പോഴും വൃത്തിയായും ഭംഗിയായും വസ്ത്രം ധരിച്ച് മാത്രം എവിടെയുമെത്തി. സൗഹൃദങ്ങളെ നെഞ്ചോടു ചേര്‍ത്ത് കരുതലിന്റെ കരവലയത്തിലൊതുക്കിയ ശുദ്ധ ഹൃദയന്‍. നന്നായി പാടുമായിരുന്നു. സര്‍വകലാശാലതലത്തില്‍ മികച്ച ഗായകനുള്ള സമ്മാനം നേടിയിട്ടുണ്ട്. നടനായിരുന്നു. ഉത്തരം ഉള്‍പ്പടെ നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. കലക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയാറായിരുന്നു. യേശുദാസും ജയചന്ദ്രനും സംവിധായകരായ ഭരതനും മോഹനനനും ഉള്‍പ്പടെ സിനിമയില്‍ വലിയ സൗഹൃദ വലയമുണ്ടായിരുന്നു. മമ്മുട്ടിയും അടുത്ത തകുടുംബ സുഹൃത്തായിരുന്നു.
കാട്ടൂര്‍ക്കാരനാണ് ഉത്തരം അക്ബറെന്ന് പൊതുവെ സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്ന അക്ബര്‍. പി.ഡ.ബ്ല്യു.ഡി കരാറുകാരനായിരുന്ന പാലക്കല്‍ ഖാദര്‍ സാഹിബിന്റെയും ഫാത്തിമയുടെയും മകന്‍. 1946 ല്‍ ജനനം. 2018 ല്‍ മരണം. കാട്ടൂര്‍ സ്‌കൂളിലും ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലും കെ.കെ.ടി.എം കോളേജിലും കേരള വര്‍മയിലുമായി വിദ്യഭ്യാസം. സംവിധായകന്‍ പവിത്രനും ഗായകന്‍ ജയചന്ദ്രനും സഹപാഠികളായിരുന്നു. ഇന്നസെന്റും ഇരിങ്ങാലക്കുടയിലെ പുളിക്കല്‍ ജോണ്‍സനും അടുത്ത സുഹൃത്തുക്കള്‍. ബിരുദമെടുത്ത ശേഷം പ്രവാസത്തിലേക്ക്. കുവൈത്തിലും അബുദാബിയിലെ എണ്ണക്കമ്പനിയിലും അക്കൗണ്ട്സ് മാനേജരായി ജോലി. രണ്ട് പതിറ്റാണ്ട് പ്രവാസത്തിന്റെ ആദ്യമൂഴം. 1973 ല്‍ അയ്യാരില്‍ ഡോ.അബ്ദുല്ലയുടെയും തേപറമ്പില്‍ ഫാത്തിമയുടെയും മകള്‍ ബേബിയുമായി വിവാഹം. അംജദും സറീനയും മക്കള്‍. അംജദ് അബുദാബിയില്‍ ജോലി ചെയ്യുന്നു.
മലയാള സിനിമയില്‍ വലിയ പരീക്ഷണമായിരുന്ന ഉത്തരമാണ് അക്ബറിനെ സിനിമാ നിര്‍മാണ രംഗത്ത് എത്തിക്കുന്നത്. സഹപാഠിയായിരുന്ന പവിത്രനായിരുന്നു സംവിധായകന്‍. എം.ടി യുടെ തിരക്കഥ. മമ്മുട്ടിയും സുകുമാരനും ശങ്കരാടിയും പാര്‍വതിയും സുവര്‍ണയും അടങ്ങുന്ന വന്‍ താര നിര. അക്ബറും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഉത്തരത്തിന്റെ ദൃശ്യവായനക്ക് ഇന്നും മങ്ങലേറ്റിട്ടില്ല. എല്ലാം ഒത്തിണങ്ങിയാലും ചില നല്ല സിനിമകള്‍ പരാജയപ്പെടും. ഉത്തരത്തെയും പിന്തുടര്‍ന്നത് നിര്‍ഭാഗ്യം. വന്‍തുകയുടെ ബാധ്യത വരുത്തിയ ആദ്യ സിനിമ സംരഭത്തിനു ശേഷം അപൂര്‍വ ജന്മങ്ങളെന്ന സിനിമയെടുത്തു. പിന്നെ ഇന്നസെന്റ് കഥകളുമായി ടെലി സീരിയല്‍. ശുദ്ധ ഹൃദയനായ കലാകാരന്റെ നിര്‍ഭാഗ്യ വഴികളിലൂടെയുള്ള യാത്രകള്‍. പിന്നെയും പ്രവാസം. അതിനിടയില്‍ പാര്‍ക്കിന്‍സന്‍സിന്റെ പിടിമുറുക്കല്‍. മങ്ങി പോയ ഓര്‍മകള്‍. പറയാന്‍ ബാക്കി വെച്ച കാര്യങ്ങളുടെ കെട്ടുപൊട്ടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍. ഒടുവില്‍ ഏറെ പറയാന്‍ ബാക്കി വെച്ച് തന്നെ സിനിമാ രംഗത്ത് വേദനിപ്പിച്ചവരോടും വഞ്ചിച്ചവരോടും പരാതിയില്ലാതെ മടക്ക യാത്ര. തന്റെ സനിമാ സംരഭങ്ങളുമായി ബന്ധപ്പെട്ട് അക്ബര്‍ പറയാന്‍ ബാക്കി വെച്ച കുറെ കാര്യങ്ങള്‍ ഉൂഹിച്ചെടുക്കാവുന്നതാണെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഈ അടുത്ത ദിവസം രഞ്ജി പണിക്കര്‍ ദി കിംഗ് എന്ന സിനിമ ഉണ്ടായതെങ്ങനെയെന്ന് എഴുതിയിരുന്നു. തന്റെ അമ്മയെ അക്ബര്‍ ചെന്ന് നേരില്‍ കണ്ടതിനു ശേഷം അമ്മ പറഞ്ഞിട്ടാണ് രഞ്ജി പണിക്കര്‍ ആ തിരക്കഥയെഴുതുന്നത്. മമ്മുട്ടിയുടെ ഓപ്പണ്‍ ഡേറ്റുമായി ഷാജി കൈലാസിനോടൊപ്പം നാട്ടകം ഗസ്റ്റ് ഹൗസില്‍ തന്നെ കാണാനെത്തിയ അക്ബറിനെ കുറിച്ച് രഞ്ജി പണിക്കര്‍ എഴുതിയിട്ടുണ്ട്. ആ സിനിമ പക്ഷെ അക്ബറിനു മുഴുവനാക്കാനായില്ല. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ദി കിംഗ് പൂര്‍ത്തിയാക്കുന്നത് മാക് ഫിലിംസാണ്. ചിത്രീകരണം പാതി വഴിക്ക് നിന്നു പോകുമെന്ന അവസ്ഥ വന്നപ്പോഴാണ് അക്ബര്‍ ഈ കൈമാറ്റം നടത്തിയത്. ഈ സിനിമയിലൂടെ ഒരു തിരിച്ചു വരവായിരുന്നു അക്ബര്‍ ആഗ്രഹിച്ചത്. അത് നടക്കാതെ പോയി. ആദ്യ സിനിമയായ ഉത്തരത്തിന്റെ സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കിയ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ഒരു സാധാരണ ആഗ്രഹം മാത്രമായിരുന്നു അക്ബറിനു ഉണ്ടായിരുന്നത്. മമ്മൂട്ടി ഡേറ്റ് കൊടുക്കുകയും ചെയ്തു. എന്നിട്ടും നിര്‍ഭാഗ്യവശാല്‍ അക്ബറിന് ആ ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അതാണ് സിനിമ. സ്റ്റാര്‍ട് ക്യാമറ, ആക്ഷന്‍ പറഞ്ഞ് തുടങ്ങിയാലും ചിത്രീകരണം പൂര്‍ത്തിയായാലും സിനിമ പുറത്തു വരണമെന്നില്ല. വന്നാല്‍ തന്നെ വിജയിക്കണമെന്നില്ല. സിനിമ സംഭവിക്കുകയാണ്. ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ പാമ്പും കോണിയും കളിയിലൂടെ കടന്നു പോകുന്ന നിര്‍മാതാക്കളെ സിനിമയുമായി ബന്ധപ്പെട്ടവര്‍ പിന്നീട് അന്വേഷിക്കാറില്ല. ഒരു സിനിമ കഴിഞ്ഞാല്‍ അതു കഴിഞ്ഞു. നിര്‍മാതാവ് ഏതവസ്ഥയില്‍ ആയാലും അതു വിഷയമല്ല. സ്ഥിരമായ ബന്ധങ്ങളില്ല. സൗഹൃദങ്ങളില്ല. അപൂര്‍വം ചില ആത്മബന്ധങ്ങള്‍ നില നില്‍ക്കുന്നുവെന്ന് മാത്രം. അത്തരം ആത്മബന്ധങ്ങള്‍ അക്ബറിനു കരുത്തായിരുന്നു. അക്ബറിന്റെ സൗഹൃദങ്ങളുടെ വെളിച്ചം ഇപ്പോഴും അണയാതെ സൂക്ഷിക്കുന്നുണ്ട് കുടുംബം. സമ്മോഹനമായ ആ ഓര്‍മകളുടെ തെളിച്ചം അണയാതിരിക്കട്ടെ