ക്സലൈറ്റുകള്‍ എന്നു കേട്ടാല്‍ ഭയമായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആദ്യമായി ആ വാക്ക് കേള്‍ക്കുന്നത്. പശ്ചിമബംഗാളിലെ നക്സല്‍ബാരി ഗ്രാമത്തില്‍നിന്ന് ഒരു തീനാളമായി പടര്‍ന്ന് ഇന്ത്യയാകെ എഴുപതുകളിലെ തലമുറയില്‍ അനുരണനങ്ങള്‍ സൃഷ്ടിച്ച വിപ്ലവ പ്രസ്ഥാനം. 

ചാരു മജുംദാറും കാനു സന്യാലും ജംഗള്‍ സന്താലും വഴിയോര മതിലുകളില്‍ ചുവന്ന അക്ഷരത്തില്‍ നിറഞ്ഞുനിന്ന കാലം. ഇന്ത്യന്‍ ചക്രവാളങ്ങളില്‍ വസന്തത്തിന്റെ ഇടിമുഴക്കം പ്രതീക്ഷിച്ചവരുടെ ചെറുതും വലുതുമായ സംഘങ്ങള്‍. 1964ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പാണ് സി.പി.ഐ.എം.എല്ലിന്റെയും പിറവിക്ക് കാരണം. ഒരുപാട് സഖാക്കളെ ആശയക്കുഴപ്പത്തിലാക്കിയ ആ പിളര്‍പ്പ് തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കും വഴിവെച്ചു. 

തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ആകൃഷ്ടരായ നിരവധി ചെറുപ്പക്കാര്‍ എന്റെ നാടായ കൊടുങ്ങല്ലൂരിലും ഉണ്ടായിരുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ ബുദ്ധികേന്ദ്രമായിരുന്ന കെ. വേണുവിന്റെ (വേണു ചേട്ടന്‍) ജന്മനാട് കൊടുങ്ങല്ലൂരിനു സമീപം പുല്ലൂറ്റായിരുന്നു. എന്റെ ഉമ്മയുടെ വീടും പുല്ലൂറ്റായിരുന്നു. 

കെ.വേണുവിന്റെ കുടുംബവുമായി ഉമ്മയുടെ കുടുംബത്തിന് അടുത്ത സൗഹൃദബന്ധമുണ്ടായിരുന്നു. മലയാള കവിതക്ക് പുതുമാനങ്ങള്‍ നല്‍കിയവരില്‍ പ്രമുഖനായ കെ.സച്ചിദാനന്ദനും ലളിത നന്ദകുമാറും (വി.ടി.നന്ദകുമാറിന്റെ ഭാര്യ) ഉള്‍പ്പടെ ആ കുടുംബത്തിലെ ഏതാണ്ടെല്ലാവരെയും ഉമ്മാക്ക് നന്നായി അറിയാമായിരുന്നു. 

കെ.വേണുവിനെ പോലീസ് തിരയുന്നുവെന്ന വാര്‍ത്ത ഉമ്മയൊക്കെ ഏറെ വേദനയോടെയാണ് അന്ന് കേട്ടത്. കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്‌കൂളിനു സമീപത്തെ എന്റെ വീടിനു നാലഞ്ചു വീടുകള്‍ അകലെയും ഒരു നക്സലൈറ്റ് ഉണ്ടെന്ന അറിവാണ് അക്കാലത്ത് എന്നെ  ഭയപ്പെടുത്തിയത്. 

എന്റെ ബാപ്പ ഉമ്മര്‍മാഷിന് അടുത്തറിയാമായിരുന്ന നീലകണ്ഠദാസിന്റെ പത്തുമക്കളില്‍ ഇളയ മകനായിരുന്നു ആളുകള്‍ പറഞ്ഞു കേട്ട ആ നക്സലൈറ്റ്. കൊടുങ്ങല്ലൂരിന്റെ സാംസ്‌കാരിക, രാഷ്ട്രീയ ഭൂമികയില്‍ നിര്‍ണായകമായ ഒരു സ്ഥാനം അടയാളപ്പെടുത്തിയ സഖാവ് ടി.എന്‍.കുമാരന്റെ ഇളയ സഹോദരന്‍ ടി.എന്‍.ജോയി (നജ്മല്‍ ബാബു). 

കഴിഞ്ഞ ദിവസം ടി.എന്‍.ജോയിയുടെ ഓര്‍മ ദിനമായിരുന്നു. ടി.എന്‍.ബാലകൃഷ്ണന്‍ മാഷായിരുന്നു ആ കുടുംബത്തിലെ മൂത്ത അംഗം. പിന്നെ  ടി.എന്‍.കുമാരേട്ടന്‍. വിമലാദേവിയെന്ന സ്വാതന്ത്രസമരത്തിലൊക്കെ പങ്കെടുത്ത് അക്കാലത്ത് ജോലി നഷ്ടപ്പെട്ട ഒരു സഹോദരിയുണ്ടായിരുന്നു ഇവര്‍ക്ക്. 

ഈ അടുത്ത കാലത്താണ് അവരെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത്. സുശീലാദേവിയെന്ന ടി.എന്‍. ജോയിയുടെ സഹോദരിയെയും ഞാന്‍ അറിയില്ല. അതേ സമയം ടി.എന്‍.ഗീഥ ടീച്ചറെയും മേഘനാഥന്‍ വക്കീലിന്റെ ഭാര്യ ടി.എന്‍.ഭാഗ്യത്തെയും കണ്ടിട്ടുണ്ട്. പ്രേമ ചേട്ടനെയും മോഹനേട്ടനെയും രാജീവേട്ടനെയും നന്നായി അറിയും. ഇവരെല്ലാവരുമായും എന്റെ ബാപ്പാക്ക് നല്ല ബന്ധമായിരുന്നു. 

നീലകണ്ഠദാസെന്ന ഉല്‍പതിഷ്ണുവായ മനുഷ്യന്റെ മക്കളെല്ലാവരും ശരാശരി മലയാളിയുടെ ബൗദ്ധിക ചതുരങ്ങള്‍ക്ക് പുറത്ത് ഉജ്വല മാനങ്ങളോടെ ജീവിച്ചവരും ജീവിക്കുന്നവരുമാണ്.  അവരുടെ ചെറുമക്കളില്‍ ഹാരിയെ പോലെയും അജയനെയും പോലെയുമുള്ള വൈജ്ഞാനിക വെളിച്ചങ്ങളുണ്ടായിരുന്നു. 

ഇന്ത്യന്‍ വോളിബോളിനു മറക്കാനാവാത്ത സുധീറിനെ പോലെയുളള നല്ല കായികതാരവും ഉണ്ടായിരുന്നു. (ടി.എന്‍.കുമാരന്റെ മകന്‍ സുധീര്‍ മരണപ്പെട്ടു. സഹോദരന്‍ മനോജ് യു.കെയിലാണ്). ഇങ്ങനെ ആ കുടുംബത്തിലെ മരിച്ചു പോയവരെയും ജീവിച്ചിരിക്കുന്നവരില്‍ പലരെയും എനിക്കറിയാം. 

ടി.എന്‍.ജോയിയെ പരിചയപ്പെടുന്നത് ഏറെ വൈകിയാണ്. ടി.എന്‍.ജോയിയെ തിരക്കി പോലീസ് എത്തുന്നതിനെ കുറിച്ച് നാട്ടുകാര്‍ പറയുന്നത് കേട്ട് ഉറക്കം നഷ്ടപ്പെട്ടിരുന്നുവെന്ന് മാത്രം. ജോയി ചേട്ടന്‍ സാഹസികമായി വീട്ടില്‍ ഒളിച്ചിരുന്ന കഥയൊക്കെ പലരില്‍നിന്നും കേട്ടിട്ടുണ്ട്. അതില്‍ എത്ര വാസ്തവമുണ്ടെന്ന് അറിയില്ല. 

വലിയ ഒരു നക്സലൈറ്റ് സമീപത്തുണ്ടെന്ന വിവരം മനസില്‍ അടക്കി നിര്‍ത്തിയാണ് അന്ന് സ്‌കൂളില്‍ പോയിരുന്നത്. കോങ്ങാട്ടും പാലക്കാട്ടും ജന്മിമാരുടെ തല വെട്ടല്‍. പുല്‍പ്പള്ളി സ്റ്റേഷന്‍ ആക്രമണം. അജിതയുടെ ഫോട്ടോ. രക്തം പുരണ്ട കൈപ്പത്തി പതിച്ച സ്റ്റേഷന്‍ ചുമരുകള്‍. (വര്‍ഷങ്ങള്‍ക്ക് ശേഷം അജിതയെ കോഴിക്കോട് ജോയി മാത്യുവിന്റെ ബോധി ബുക്സില്‍ വെച്ചാണ് പരിചയപ്പെടുന്നത്).

ജയറാം പടിക്കല്‍, പുലിക്കോടന്‍ നാരായണന്‍ ,ലക്ഷ്മണ തുടങ്ങിയ പോലീസ് പേരുകള്‍. അങ്ങനെ ആ കാലം കടന്നു പോകവെ ഒരു നാള്‍ രാജന്റെ കഥ. ഈച്ചരവാര്യരുടെ തോരാത്ത കണ്ണീര്. മൗനത്തിലേക്ക് പോയ ഒരമ്മ. പിന്നെയും കുറെ അമ്മമാര്‍. അങ്ങനെ ദിവസവും നക്സലുകളുടെ കഥകള്‍. 

അടിയന്തരാവസ്ഥയുടെ ദിനരാത്രങ്ങള്‍ക്കും ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പതനത്തിനും ശേഷം പോലീസ് പിടിച്ചു കൊണ്ടുപോയി കാണാതായവരുടെ കഥകള്‍ ഒന്നൊന്നായി പുറത്തു വരുന്നു. ഇന്ത്യയിലാകെ ഈ അവസ്ഥയുണ്ടായിരുന്നു. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ നക്സലൈറ്റുകളില്‍ ജീവന്‍ തിരിച്ചു കിട്ടിയവര്‍ ജയില്‍ മോചിതരായി പുറത്തു വന്നു. 

അപ്പോഴേക്കും ഞാന്‍ സ്‌കൂള്‍ വിട്ട് കോളേജില്‍ എത്തിയിരുന്നു. അതും കഴിഞ്ഞ് കുറെക്കാലം കൂടി കഴിഞ്ഞാണ് ആ നക്സലൈറ്റ് എന്റെ കണ്‍മുന്നിലൂടെ മുണ്ട് മാടിക്കുത്തി മെല്ലെ മെല്ലെ നടന്നു പോയത്. അന്നാണ് ജോയി ചേട്ടനെ (ടി.എന്‍.ജോയി) ആദ്യം കാണുന്നത്. സംസാരിച്ചില്ല. അപ്പോഴും ഭയമായിരുന്നു. വലിയ വിപ്ലവകാരിയാണ്.... എങ്ങനെ സംസാരിക്കും. 

വീണ്ടും മാസങ്ങള്‍ കടന്നു പോയി. കൊടുങ്ങല്ലൂര്‍ ഒ.കെ ഹാളിനോട് ചേര്‍ന്ന കെട്ടിടത്തില്‍ ജോയി ചേട്ടന്‍ ഒരു ലൈബ്രറി തുടങ്ങി. സൂര്യകാന്തിയെന്നായിരുന്നു ആ ലൈബ്രറിയുടെ പേര്. അവിടെ വിശ്വസാഹിത്യത്തിലെയും മലയാള സാഹിത്യത്തിലെയും മികച്ച പുസ്തകങ്ങളുണ്ടെന്ന് എന്‍.ടി. ബാലചന്ദ്രനാണ് പറഞ്ഞത്. 

ബാലചന്ദ്രന്‍ അന്ന് കലാകൗമുദിയിലും മാതൃഭൂമിയിലുമൊക്കെ കഥകളെഴുതിയിരുന്നു. ഫീച്ചറുകളും. മസ്‌കറ്റിലേക്ക് പോയിരുന്നില്ല. ബാലചന്ദ്രന്റെ നോവലായ ചിലമ്പ് പിന്നീടാണ് മാതൃഭൂമി വാരികയില്‍ വരുന്നത്. പുഴ വഴിയുളള ഒരു തെങ്ങിന്‍ തോപ്പും ഞാന്‍ അതില്‍ പ്രധാന കഥാപാത്രമാകുന്നതും പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. പുഴയേക്കാള്‍ പുരാതനമായ വഴി മറ്റേതുണ്ട് എന്ന് ബാലചന്ദ്രന്‍ ചോദിച്ചപ്പോള്‍ അന്ന് ഞാന്‍ മറുപടി പറഞ്ഞില്ല. എല്ലാ മനസുകളിലേക്കും ഓര്‍മകളുടെ ഒരു പുഴ ഒഴുകുന്നുണ്ടെന്നും അതിന് ചിരപുരാതന ഗന്ധമുണ്ടെന്നും ഇന്നറിയുന്നു.

പുതിയകാലത്തിന്റെ സാഹിത്യം വായിക്കാനുള്ള ആഗ്രഹവുമായി ഒരു നാള്‍ ഞാന്‍ നാരായണന്‍കുട്ടി മാഷോടൊപ്പം സൂര്യകാന്തിയിലെത്തുന്നു. ഒരു ചെറിയ മുറിയും വരാന്തയുമാണ് സൂര്യകാന്തി. മുറിയില്‍ നിറയെ പുസ്തകങ്ങള്‍. പുസ്‌കങ്ങളില്ലാത്ത ഭാഗത്ത് ഒരു കട്ടില്‍. പുറത്തെ വരാന്തയില്‍ ചാരുകസേര. അതില്‍ ജോയി ചേട്ടന്‍. 

അന്ന് ഞാന്‍ എഴുതി തുടങ്ങിയിട്ടില്ല. എഴുതണമെന്ന ആശയുണ്ട്. ബാലചന്ദ്രനാണ് ഗുരു. തൃപ്രയാറില്‍ ബാലചന്ദ്രന്‍ വടക്കേടത്തും കാട്ടൂരില്‍ ടി.വി. കൊച്ചുബാവയുമുണ്ട്. തൃശൂര്‍ ജില്ലയിലെ എല്ലാ സാംസ്‌കാരിക പരിപടികളിലും കേള്‍വിക്കാരനായി പോയിരുന്നതു കൊണ്ട് ഇവരുമായൊക്കെ നല്ല പരിചയം. അശോകന്‍ ചെരുവിലും അഷ്ടമൂര്‍ത്തിയും വി.പി സുദര്‍ശനനും എം.പി സുരേന്ദ്രനും  വി.ജി തമ്പിയും ഹിരണ്യനും ഗീത ഹിരണ്യനും വീക്ഷണം ശ്രീകുമാറും അങ്കണം ഷംസുദ്ദീനുമൊക്കെ  അങ്ങനെയാണ് സുഹൃത്തുക്കളാകുന്നത്. 

ജോയി ചേട്ടനോട് നാരായണന്‍കുട്ടി മാഷാണ് കാര്യം പറയുന്നത്. ലൈബ്രറിയില്‍ അംഗത്വമെടുക്കണം. എടുക്കാം. ചെറിയ ഒരു തുക അടയ്ക്കണം. അടയ്ക്കാം. വീടെവിടെയെന്ന് ചോദ്യം. ആരുടെ മകന്‍. ഉത്തരങ്ങള്‍ ജോയി ചേട്ടനെ തൃപ്തിപ്പെടുത്തി. അങ്ങനെ എല്ലാവര്‍ക്കും അവിടെ അംഗത്വം കൊടുക്കില്ല. പുസ്തകമെടുത്തു. ഖസാക്കിന്റെ ഇതിഹാസം. എഴുത്തിന്റെ മാസ്മരികത അനുഭവിച്ചറിഞ്ഞു.

പല പ്രാവശ്യം വായിച്ച നോവലാണ് ഖസാക്കിന്റെ ഇതിഹാസം. ആ ആവേശം തന്നെയാണ് 1982ല്‍ എന്നെയും സുഹൃത്തുക്കളായ നന്ദകുമാറിനെയും അജിയെയും ഫോട്ടോഗ്രാഫര്‍ ഹാഷിം ഹാറൂണിനെയും തസറാക്ക് തേടി പോകാന്‍ പ്രേരിപ്പിച്ചതും. മാതൃഭൂമിയില്‍ എന്റെ ആദ്യ ഫീച്ചര്‍ വരുന്നത് 1982 ജൂണിലാണ്. 

അപ്പോഴേക്കും ജോയി ചേട്ടനുമായി അടുത്ത സൗഹൃദം രൂപപ്പെട്ടിരുന്നു. ഏതാണ്ട് എല്ലാ ദിവസവും സൂര്യകാന്തിയില്‍ പോകും. മണിക്കൂറുകള്‍ ചെലവഴിക്കും. ചിലപ്പോള്‍ കൊള്ളിക്കത്തറയുടെ റെസ്റ്റോറന്റില്‍ പോയി ഒരുമിച്ച്  ഉച്ചയൂണ് കഴിക്കും. വളരെ സജീവമായി തന്നെ ജനകീയ സമരങ്ങള്‍ക്ക് അന്ന് പിന്തുണ നല്‍കിയിരുന്നു. പ്രസംഗം ഇല്ലായിരുന്നു.

സമര മുഖങ്ങളില്‍ പില്‍ക്കാലത്തും ജോയി ചേട്ടനെ കണ്ടിട്ടുണ്ട്. ഉയര്‍ന്ന നൈതികതയും അര്‍പ്പണ ബോധവും ഉണ്ടായിരുന്ന ജോയി ചേട്ടന് ജനകിയ സമരങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു. ബി.രാജീവനൊക്കെ അന്ന് സൂര്യകാന്തിയില്‍ വന്നിരുന്നത് ഓര്‍മിക്കുന്നു. ഗള്‍ഫില്‍ പോകുന്നതു വരെ ബാലചന്ദ്രനും നിത്യസന്ദര്‍ശകനായിരുന്നു. നാരായണന്‍കുട്ടി മാഷ്, കലാധരന്‍, ഇടയ്ക്ക് വല്ലപ്പോഴും മുഹമ്മദലി, പിന്നെ കരിമിക്ക (പോപ്പ് ഫൂട്വെയര്‍) അങ്ങനെ നിരവധി ബുദ്ധി ജീവികള്‍. അവരുടെ ചര്‍ച്ചകളൊന്നും മനസിലായിരുന്നില്ല. 

എന്റെ വായനയെ പരുവപ്പെടുത്തുകയും ശരിയായ ദിശയിലേക്ക് തിരിച്ചു വിടുകയും ചെയ്തതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട് ജോയി ചേട്ടന്‍. പ്രമുഖരായ പല എഴുത്തുകാരെയും ഞാന്‍ സൂര്യകാന്തിയില്‍ മുഖാമുഖം കണ്ടു. വായിച്ചറിഞ്ഞു. വിശ്വസാഹിത്യത്തിന്റെ വാതായനങ്ങള്‍ കടന്നു പോകാന്‍ നാരായണന്‍കുട്ടി മാഷ് സഹായിച്ചു. 

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഗൗരവ വായനയില്ലാത്ത എനിക്ക് ഇന്നും കരുത്താകുന്നത് സൂര്യകാന്തിയിലെ എണ്‍പതുകളിലെ വായനയാണ്. അലസ വായന ആരോഗ്യത്തിന് ഹാനികരമാണെന്ന സിദ്ധാന്തം ഞാന്‍ ആദ്യമായി കേള്‍ക്കുന്നതും ജോയി ചേട്ടനില്‍ നിന്നാണ്. ജോയി ചേട്ടന്‍ സൗന്ദര്യ വര്‍ധക താല്‍പര്യത്തിലേക്കും സംഗീതത്തിലേക്കും തിരിഞ്ഞ കാലത്താണ് ഞാന്‍ പ്രവാസിയാകുന്നത്. പിന്നീട് വളരെ അപൂര്‍വമായി മാത്രമെ ഞാന്‍ ജോയി ചേട്ടനെ കണ്ടിട്ടുള്ളു.

വഴിയില്‍ വെച്ചാണ് പിന്നീട് വല്ലപ്പോഴും കണ്ടിട്ടുള്ളത്. ഇടക്കാലത്ത് ജോയി ചേട്ടന്റെ കുറിപ്പുകള്‍ അന്ന് ഞാന്‍ ജോലി ചെയ്തിരുന്ന സൗദിയിലെ പത്രത്തില്‍ ന്യൂസ് എഡിറ്ററായിരുന്ന സി.കെഹസന്‍കോയ കൊടുത്തിരുന്നു. പിന്നീട് മുസാഫിറും ഈ പതിവു തുടര്‍ന്നു. വളരെ വ്യത്യസ്തമായ വീക്ഷണങ്ങളുടെ ആ കുറിപ്പുകള്‍ക്ക് നല്ല വായനക്കാരുണ്ടായിരുന്നു. 

പി.സി. ജോസി ജോയിചേട്ടനെ കുറിച്ച് പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചപ്പോള്‍ എഴുതാന്‍ പറഞ്ഞെങ്കിലും എഴുതിയില്ല. എന്നെക്കാള്‍ ആത്മബന്ധമുളളവരും അടുത്തറിഞ്ഞവരുമാണ് അതില്‍ എഴുതിയിരിക്കുന്നത്. ടി.എന്‍ ജോയിയില്‍ നിന്ന് നജ്മല്‍ ബാബുവിലേക്കുള്ള മതം മാറ്റം സമകാലിക ഇന്ത്യന്‍ ഫാസിസത്തോടുള്ള വെല്ലുവിളിയായി തോന്നിയിരുന്നു. ആ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചു. മരണാനന്തര വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നില്ലെയെന്ന ചോദ്യവും മനസിലുണ്ട്. തിളക്കം മാറാത്ത സൂര്യകാന്തിയില്‍ ഓര്‍മയുടെ ഒരു ദളമായി ജോയി ചേട്ടന്‍ അങ്ങനെ ഒരു ചെറുചിരിയോടെ നില്‍ക്കട്ടെ

content highlights: ku iqbal remembers tn joy