പ്രതീക്ഷകളുടെ തിളക്കമുള്ള ആ മുഖം എന്നെ വിടാതെ പിന്തുടരുകയാണ്. ഞാന്‍ അയാളെ നേരില്‍ കണ്ടിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. അയാള്‍ എന്റെ അയല്‍വാസിയായിരുന്നെന്ന കാര്യം പോലും കാട്ടില്‍ ചിറ്റേടത്തെ നന്ദകുമാര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്.

തീരെ ചെറുപ്രായത്തില്‍ പ്രവാസം വരിച്ചവനാണ് ഞാന്‍. അയല്‍ക്കാരെയൊക്കെ വല്ലപ്പോഴും അവധിക്കാലങ്ങളില്‍ കാണും. കൊടുങ്ങല്ലൂരിലെ അരാകുളത്തിനു പടിഞ്ഞാറു വശത്തെ എന്റെ തറവാട്ടു വീട്ടില്‍നിന്ന് വളരെയെന്ന് പറഞ്ഞാല്‍ വളരെയടുത്തായിരുന്നു ആ കുടുംബം താമസിച്ചിരുന്നത്.

മരിച്ച് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ മുഖം മായാതെ മുന്നില്‍ നില്‍ക്കുന്നു. ആ ശബ്ദം എന്റെ കാതോരത്തുണ്ട്. മരിക്കാന്‍ പ്രായമായിരുന്നില്ലെന്ന് ആലങ്കാരികമായി പറയാം. പക്ഷെ സമയം തീരാതെ ആരും രംഗവേദി വിട്ടു പോകുന്നില്ല.

ആഗ്രഹങ്ങളൊക്കെ ബാക്കി വെച്ചിട്ടുണ്ടാകും എന്നതിനപ്പുറം ജീവിച്ചിരുന്ന കാലത്തെ ചില അടയാളപ്പെടുത്തലുകളുണ്ട്. ആ അടയാളപ്പെടുത്തലുകളില്‍ നാല്‍പത്തിയെട്ടാം വയസില്‍ മരിക്കുമ്പോള്‍ സച്ചി ധന്യനായിരുന്നിരിക്കണം.

സച്ചിദാനനന്ദന്‍ എന്ന സച്ചി എന്റെ നാട്ടുകാരനായിരുന്നെന്ന് ഞാന്‍ അറിയുന്നത് സച്ചിയുടെ മരണശേഷമാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിയെന്ന് മരണ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. കോട്ടപ്പുറം മുതല്‍ കോതപറമ്പു വരെയുള്ളവര്‍ കൊടുങ്ങല്ലൂര്‍ക്കാരെന്ന് പറയാറുണ്ട്. അങ്ങനെ എവിടെയെങ്കിലും ആയിരിക്കുമെന്നാണ് കരുതിയത്.

തൈവാലത്ത് പ്രേമചേട്ടന്റെ മകള്‍ സിന്ധുവിന്റെ ഫെയ്‌സ്ബുക്കില്‍ സച്ചിയുടെ സഹോദരി സുജാത സിന്ധുവിന്റെ കൂട്ടുകാരിയും സഹപാഠിയുമായിരുന്നെന്ന കുറിപ്പ് കണ്ടതോടെ വീട് അരാകുളത്തിന് പരിസരത്ത് എവിടെയെങ്കിലും ആയിരിക്കുമെന്ന തോന്നല്‍ ബലപ്പെട്ടു.
തുടര്‍ന്ന് വന്ന മരണ വാര്‍ത്തകളിലൊന്നില്‍ വീട് ഗൗരിശങ്കര്‍ ഹോസ്പിറ്റലിനു സമീപമെന്നും കണ്ടു.

സെല്ലുലോയിഡില്‍ പ്രതിഭയുടെ വെളിച്ചം വിതറിയ ഇങ്ങനെ ഒരാള്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ അത്രക്ക് അടുത്ത് ഒരിടത്ത് ജീവിച്ചിരുന്നുവെന്ന തിരിച്ചറിവ് പിന്നെ നഷ്ടബോധമായി മാറി. സച്ചിയുടെ സമകാലികരെന്ന് പറയാവുന്ന പല കൊടുങ്ങല്ലൂര്‍ക്കാരുമായും എനിക്ക് ബന്ധമുണ്ട്. അവരെ ഞാനും എന്നെ അവരും അറിയും. 1984 വരെ ഞാന്‍ സജീവമായി നാട്ടില്‍ ഉണ്ടായിരുന്നു. പിന്നീട് 1988 അവസാനം മുതല്‍ 1990 വരെ വീണ്ടും സജീവമായിരുന്നു.

ഞാനറിയാത്ത എത്രയോ പ്രതിഭകള്‍ എന്റെ നാട്ടില്‍ ഉണ്ട്. പക്ഷെ അഭിമുഖങ്ങളിലൊന്നും സച്ചി തന്റെ നാടു വെളിപ്പെടുത്തിയതായി ഞാന്‍ ഓര്‍മിക്കുന്നില്ല. മരണാനന്തരം സച്ചിയുടെ അഭിമുഖങ്ങളൊക്കെ വീണ്ടും വീണ്ടും കണ്ടപ്പോഴും കൊടുങ്ങല്ലൂര്‍ അങ്ങനെ പരാമര്‍ശിച്ചിട്ടില്ല.

ഇതു തന്നെയാണ് കഴിഞ്ഞ ദിവസം അനന്തപത്മനാഭനും (കലാനിലയം കൃഷ്ണന്‍ നായരുടെ മകന്‍) പറഞ്ഞത്. അഡ്വ.രഞ്ജിത് മാരാരുടെ ഓഫീസ് മുമ്പ് സച്ചി ഉപയോഗിച്ചിരുന്നതാണെന്ന് അവിടെ ഒരു കേസിന്റെ കാര്യം സംസാരിക്കാന്‍ പോയപ്പോഴാണ് അനന്ത പത്മനാഭന്‍ അറിയുന്നത്. അന്നു തന്നെയാണ് സച്ചി കൊടുങ്ങല്ലൂര്‍ക്കാരനാണെന്ന കാര്യവും അനന്ത പത്മനാഭന് മനസിലാകുന്നതും.

രഞ്ജിത് മാരാരാണ് പിന്നെ ഫോണില്‍ ബന്ധപ്പെടുത്തിയത്. സച്ചി മരിക്കുന്നതിന് ഏതാണ്ട് അടുത്താണ് ഈ ബന്ധം തുടങ്ങുന്നത്. കലാനിലയത്തിന്റെ സല്‍ക്കലാ ദേവി തന്‍ എന്ന വിഖ്യാതമായ ടൈറ്റില്‍ സോങ് ഒരു സിനിമയില്‍ ഉപയോഗിക്കണമെന്ന് സച്ചിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനു സമ്മതവും നല്‍കിയിരുന്നു.

പിന്നീട് അവര്‍ പലപ്പോഴും രണ്ടു കൊടുങ്ങല്ലൂര്‍ക്കാരുടെ സ്വാതന്ത്ര്യത്തോടെയും ഊഷ്മളതോടെയും ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നു. കണ്ടില്ലെന്ന് മാത്രം. സച്ചി കൊച്ചിയിലേക്കും അതുവഴി തൃപ്പൂണിത്തുറയിലേക്കും കൂടു മാറിയെങ്കിലും അയാള്‍ തനി  കൊടുങ്ങല്ലൂര്‍ക്കാരനായിരുന്നു. അതയാളുടെ ചലനങ്ങളില്‍ പ്രകടമായിരുന്നു. ചോര ചോരയെ തിരിച്ചറിയുമെന്നതു പോലെ സൂക്ഷിച്ചു നോക്കിയാല്‍ ഒരു കൊടുങ്ങല്ലൂര്‍ക്കാരന് മറ്റൊരു കൊടുങ്ങല്ലൂര്‍ക്കാരനെ എളുപ്പം തിരിച്ചറിയാം.

അയ്യപ്പനും കോശിയും കണ്ടതിനു ശേഷം ഞാന്‍ സച്ചിയുടെ ഒരു ഫാന്‍ ആയി മാറിയിരുന്നു. അത് ആണുങ്ങളുടെ സിനിമയായിരുന്നു. എന്നിട്ടും അതില്‍ ആദിവാസി ഊരിലെ പെണ്ണൊരുത്തി പുരുഷ ഈഗോ കീറി മുറിക്കുന്നു. രണ്ട് വ്യക്തികള്‍ക്കിടയില്‍ പെട്ടെന്ന് തികച്ചും അവിചാരിതമായി ഉയിര്‍ കൊള്ളുന്ന ഈഗോ തന്നെയാണ് നിയമവിഷയമായി ഈ സിനിമയില്‍ പരിണമിക്കുന്നത്. വളരെ കാലത്തിനു ശേഷം രഞ്ജിത്തിനെ നടനായി കണ്ടതും ഈ സിനിമയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രഞ്ജിത് അഭിനയിച്ച ചിത്രം കാണുന്ന കാലത്ത് രഞ്ജിത് ഇടക്കിടെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശിച്ചിരുന്നു. കമലിനെ കാണാനും ഹുസൈനിക്കയെ കാണാനുമായിരുന്നു വരവ്.

അന്ന് തൃശൂര്‍ ഡ്രാമാ സ്‌കൂളിന്റെ സാരഥി വയലാ വാസുദേവപിള്ള കൊടുങ്ങല്ലൂരിനു സമീപം പുല്ലൂറ്റ് ഭാഗത്തായിരുന്നു താമസിച്ചിരുന്നത്. വലിയ ഒരു നെല്‍പ്പാടം കടന്നു വേണമായിരുന്നു ആ വീട്ടിലെത്താന്‍. അലക്സ് കടവിലും രഞ്ജിത്തും ആ വീട്ടില്‍ പോയത് ഓര്‍മയുണ്ട്. രഞ്ജിത്തിനെ പിന്നെയും പലപ്പോഴും കണ്ടിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എഴുതുമ്പോള്‍ ഏതാണ്ട് മിക്ക ദിവസവും കൂടെയുണ്ടായിരുന്നു. കോഴിക്കോട് മഹാറാണിയായിരുന്നു അന്നത്തെ താവളം. രഞ്ജിത്തിന് പിന്നീട് തിരക്കായി.

പ്രവാസ ലോകത്തു നിന്ന് വല്ലപ്പോഴും അവധിക്കെത്തുന്ന ഞാന്‍ രഞ്ജിത്തിനെയെന്നല്ല അക്കാലത്ത് ബന്ധമുണ്ടായിരുന്ന ആരെയും തിരക്കി പോകാറുമില്ല. കമലിനെ മാത്രം എല്ലാ അവധിക്കാലത്തും പതിവു തെറ്റാതെ കാണും. കമലിനോടും ഞാന്‍ സച്ചിയെ കുറിച്ച് ചോദിച്ചിട്ടില്ല. സച്ചിയെ കുറിച്ച് ആരോടും ചോദിച്ചിട്ടില്ലെന്നതാണ് സത്യം.

ഒരു ചര്‍ച്ചയിലും സച്ചി കടന്നു വന്നിട്ടില്ല. ഈ അടുത്ത കാലത്ത് അയ്യപ്പനും കോശിയുമാണ് സച്ചിയെ ഞാനുമായി അടുപ്പിക്കുന്നത്. കിനാവുകളെല്ലാം കതിരെടുത്തു പോകുന്ന ഇക്കാലത്തും ആത്മാവിന്റെ ആഴക്കടലില്‍ അത്രമേല്‍ അടുപ്പത്തോടെ ഇപ്പോള്‍ സച്ചിയുണ്ട്. എനിക്കയാളെ കാണാം. അയാളെ തൊടാം. കേള്‍ക്കാം.

അയ്യപ്പനും കോശിയും കണ്ട ശേഷം സച്ചിയെ വിളിക്കണമെന്നുണ്ടായിരുന്നെങ്കിലും മറന്നു പോയി. നമ്പര്‍ സംഘടിപ്പിക്കല്‍ എന്നെ സംബന്ധിച്ചിടത്തോളം അത്ര  ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്നിട്ടും അതു ചെയ്തില്ല. വിളിച്ചില്ല. ഇപ്പോഴിതാ സച്ചി എന്നോടു ചോദിക്കുന്നു, എന്തെ വിളിച്ചില്ല നാട്ടുകാരാ?

എനിക്ക് മറുപടിയില്ല. എല്ലാ ദിവസവും രാവിന്റെ ഏകാന്തകളിലേക്ക് സച്ചി അയ്യപ്പനും കോശിയുമായി, അല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സുമായി കടന്നു വരുന്നു. സച്ചിയെ കുറിച്ച് അനുസ്മരണ കുറിപ്പ് എഴുതാനുള്ള ഒരു ബന്ധവും ഇല്ലെന്ന് ഉറപ്പുണ്ടായിട്ടും ഇതെഴുതുന്നത് എന്തിനെന്ന് ചോദിച്ചാല്‍ എന്തെ എന്നെ വിളിച്ചില്ല നാട്ടുകാരാ എന്ന സച്ചിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണെന്ന് പറയാം. അല്ലെങ്കില്‍ അയാള്‍ തീര്‍ച്ചയായും പരിഭവിക്കും. ആ പരിഭവം കേള്‍ക്കാന്‍ ഇനി എനിക്ക് വയ്യ.

content highlights: ku iqbal remembers director sachy