രു മഹാമാരിയോ പ്രളയമോ യുദ്ധമോ നിങ്ങളെ ഒറ്റപ്പെടുത്തുമ്പോള്‍ ദൂരെ ഒരിടത്ത് ഒരാളെങ്കിലും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്. അത് ആണാകാം. പെണ്ണാകാം. നിങ്ങള്‍ ഒരിക്കലും നേരില്‍  കണ്ടിട്ടില്ലാത്ത ഒരാള്‍ പോലുമാകാം. തീര്‍ച്ചയായും ഒരാള്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്. നിങ്ങളുടെ മാതാവ് ജീവിച്ചിരിക്കുന്നുണ്ടോ? ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ണീരില്‍ കുതിര്‍ന്നു പോകുന്ന പ്രാര്‍ഥനാവാചകങ്ങള്‍ ആ മാതൃഹൃദയം ചൊല്ലിക്കൊണ്ടിരിക്കും. 

ആത്മബന്ധത്തിന്റെ കടലാഴങ്ങളില്‍ നിന്ന് മറ്റൊരാള്‍ കൂടി പ്രാര്‍ഥിക്കുന്നുണ്ട്. നാം തിരിച്ചറിയാതെ പോകുന്ന അഥവാ തിരിച്ചറിഞ്ഞിട്ടും വേണ്ടത്ര ഗൗനിക്കാത്ത ഒരു ബന്ധത്തിന്റെ കരുത്ത്. നിങ്ങള്‍ എല്ലാവരെയും വിളിക്കുന്നുണ്ട്. അവരുടെ ക്ഷേമം അന്വേഷിക്കുുണ്ട്. അത് ഒറ്റപ്പെടുന്നവന്റെ മനസാണ്. തിരിച്ച് ഇത്തരം അന്വേഷണങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കരുത്.പ്രവാസിക്ക് അത് നന്നായി അറിയാം. അതല്ല ഇവിടെ വിഷയം. ആത്മബന്ധത്തിന്റ കണ്ണികള്‍ മരണം മുറിച്ചു മാറ്റുമ്പോഴുള്ള വേദനയാണ് വിഷയം. 

കൊറോണയുടെ ഈ ക്വാറന്റൈന്‍ കാലത്ത് മരണവീടുകളില്‍ മരിച്ചു കിടക്കുന്നവയാളെ ഒരു നോക്ക് കാണാനെത്തുന്ന പ്രിയപ്പെട്ടവരുടെ എണ്ണം തീരെ കുറവായിരിക്കും. ആരെയും പറഞ്ഞിട്ട് കാര്യമില്ല. സാമൂഹികസുരക്ഷയാണ് പ്രധാനം. കൊറോണയുടെ വ്യാപനം തടയാന്‍ അതല്ലാതെ വേറെ വഴിയില്ല. അമേരിക്കയില്‍ സ്‌കൂളുകളില്‍ വെടിവെപ്പുണ്ടാകുമ്പോള്‍ മാത്രം സാധാരണ നമ്മള്‍ കേള്‍ക്കാറുള്ള ലോക്ക്ഡൗണ്‍ നമുക്ക് മാത്രമല്ല ലോകത്തിനു തന്നെ ഇന്ന് ഏറെ പരിചയമുള്ള വാക്കായി മാറിയിരിക്കുന്നു. അങ്ങനെയുള്ള ഒരു കാലത്താണ് ഇപ്പോള്‍ നമ്മുടെ ജീവിതം.

ഒറ്റപ്പെടലിന്റെ ഈ കാലത്ത് രോഗബാധയുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ മരിക്കുന്നുണ്ട്. സ്വാഭാവികമരണങ്ങളും ധാരാളം. ചില സ്വാഭാവികമരണങ്ങള്‍ സാധരണഗതിയില്‍ നമ്മെ ഏറെ വേദനിപ്പിക്കുന്നതാകും. നേരത്തെ പറഞ്ഞ ആത്മബന്ധമാണ് അവിടെ ഇല്ലാതാകുന്നത്. ഇയിടെ നടന്ന മൂന്നു പ്രമുഖരുടെ മരണങ്ങള്‍ ഈ വേദനയുടെ ഭാഗമാണ്.

സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മൂന്നുപേരാണ് അടുത്തടുത്ത ദിവസങ്ങളില്‍ പടി കടന്നു പോയത്. മാതൃഭൂമിയുടെ മുന്‍ അസിസ്റ്റന്റ്  എഡിറ്റര്‍ വി.ആര്‍.ഗോവിന്ദനുണ്ണി. വിഖ്യാത ചിത്രകാരന്‍ കെ. പ്രഭാകരന്‍. കഥകള്‍ കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച ഇ.ഹരികുമാര്‍. ഇവരില്‍ വി.ആര്‍.ഗോവിന്ദനുണ്ണിയെന്ന ഉണ്ണിയേട്ടനുമായി സഹോദരതുല്യ ബന്ധം. ഉണ്ണിയേട്ടന്റെ മരണവിവരം ആദ്യം അറിയിച്ചത് മുസാഫിറാണ്. പിന്നെ കെ.സി നാരായണനും സി.കെ ഹസന്‍ കോയയും രാജേന്ദ്രന്‍ പുതിയേടത്തും പ്രേംചന്ദും വിവരവുമായി എത്തി. 

സൈബര്‍ പാതയുടെ ഇങ്ങേയറ്റത്ത് വല്ലാതെ തേങ്ങിപ്പോയി. ഇന്ത്യന്‍ റാഡിക്കല്‍ ചിത്രകലയിലെ വര്‍ണാഭമായ കാലത്തിനോപ്പം സഞ്ചരിച്ച കെ.പ്രഭാകരനുമായി അത്രക്ക് അടുത്ത ബന്ധമില്ല. സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്‍ ബി.രവീന്ദ്രനുമായി (ചിന്താരവി) പക്ഷെ നല്ല ബന്ധമായിരുന്നു. ഇ.ഹരികുമാര്‍ പ്രിയപ്പെട്ട കഥാകാരനായിരുന്നു. വായനക്കാരനും എഴുത്തുകാരനുമായുള്ള ബഹുമാനം കലര്‍ന്ന ആത്മബന്ധം. നേരില്‍ കണ്ട സന്ദര്‍ഭങ്ങള്‍ വിരളം. വളരെ മുമ്പ് ഒന്നോ രണ്ടോ കത്തുകള്‍. 

കൈമോശം വന്നു പോയ കത്തുകളുടെ കൂട്ടത്തില്‍ ഈ കത്തുകള്‍ മാത്രമല്ല വൈക്കം മുഹമ്മദ് ബഷീറും എം.കൃഷ്ണന്‍ നായരും പെരുമ്പടവം ശ്രീധരേട്ടനും മുസാഫിറും എന്‍.ടി.ബാലചന്ദ്രനും ഒക്കെ എഴുതിയ മനോഹരമായ കത്തുകളുണ്ട്. കെ.പി.ഉമ്മര്‍ എന്ന ഉമ്മുക്ക എഴുതിയ കത്തുണ്ടായിരുന്നു. ഉമ്മുക്കയെ കാണാന്‍ ഒരു വൈകുന്നേരം ഞാനും ഉണ്ണിയേട്ടനും കൂടി കോഴിക്കോട് മഹാറാണിയില്‍ പോയത് ഓര്‍മ വരുന്നു. ഉമ്മുക്കാനെ മലയാള സിനിമ ഒതുക്കിയതാണോ എന്ന ചോദ്യത്തിന് എല്ലാം വിധി പോലെ നടക്കുന്നുവെന്നായിരുന്നു മറുപടി. 

തൃക്കോട്ടൂരിന്റെ കഥാകാരന്‍ യു.എ.ഖാദര്‍ക്കയും ശ്രീകുമാര്‍ നിയതിയും കൂടെയുണ്ടായിരുന്നു. ശ്രീകുമാര്‍ അന്ന് കാലിക്കറ്റ് ടൈംസിലായിരുന്നു ജോലി ചെയ്തിരുന്നത്.  ജാമല്‍ കൊച്ചങ്ങാടിയും അന്ന് കോഴിക്കോടുണ്ട്. കഥയെഴുതിയിരുന്ന ബാങ്ക് ഉദ്യോഗസ്ഥനായ ഒരു രാജഗോപാലും അന്ന് കോഴിക്കോടുണ്ടായിരുന്നു. രാജഗോപാലിന്റെ ബന്ധു കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്നു. പേരൊന്നും ഓര്‍മയില്ല.   

കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തെ ചെലവൂര്‍ വേണു ചേട്ടന്റെ ഓഫീസായിരുന്നു അന്ന് കോഴിക്കോട്ടെ റിബലുകളായ ധൈഷണിക പ്രതിഭകളുടെ സംഗമകേന്ദ്രം. ഒരു ഭയത്തോടെയാണ് അവിടേക്ക് ശ്രീകുമാറിനൊപ്പം ആദ്യമായി കടന്നു ചെന്നത്. തലയെടുപ്പുള്ള മനുഷ്യര്‍. വൈജ്ഞാനിക ഗോപുരങ്ങള്‍. സൈക്കോയും സ്‌റ്റേഡിയവും രൂപകലയുമൊക്കെ പുറത്തിറക്കി മലയാളിയുടെ ചിന്തകളില്‍ തീ പടര്‍ത്തിയ ചെലവൂര്‍ വേണുവെന്ന സൗമ്യനായ മനുഷ്യന്‍ താടിയുഴിഞ്ഞ് നിഷ്‌കളങ്കമായി ചിരിച്ച് അവിടെ ആരെത്തിയാലും വരവേല്‍ക്കും. 

വല്ലപ്പോഴും മാത്രമാണ് അന്ന് വി.ആര്‍ ഗോവിന്ദനുണ്ണി കോഴിക്കോട് എത്തിയിരുന്നത്. മാതൃഭൂമി വാരികയുടെ ചുമതലയുമായി അന്ന് അദ്ദേഹം തിരുവനന്തപുരത്തായിരുന്നു. ഭാര്യ വത്സല ചേച്ചിയും അന്ന് തിരുവനന്തപുരം യൂണിറ്റിലായിരുന്നു. മകന്‍ ജനിച്ചിട്ടില്ല. അക്കാലത്താണ് കേരളത്തിലെ കോവിലകങ്ങളെ കുറിച്ച് ഞാന്‍ എഴുതിയ ഫീച്ചര്‍ (കിരീടവും ചെങ്കോലും നഷ്ടപ്പെട്ടവര്‍) മാതൃഭൂമി വാരികയുടെ കവര്‍ സ്റ്റോറിയായി വരുന്നത്. വാരിക പുറത്തിറങ്ങി കൈയില്‍ എത്തിയ നിമിഷം മറക്കാനാവില്ല. ഫോട്ടോഗ്രാഫര്‍ രാജന്‍ പൊതുവാളും  അന്ന് തിരുവനന്തപുരത്തുണ്ട്. കൊടുങ്ങല്ലൂരില്‍ എന്റെ വീടിന്റെ ഭാഗത്ത് മാതൃഭൂമി വിതരണം ചെയ്തിരുന്ന ഭാസ്‌കരനെ വാരിക ഏല്‍പിച്ചിരുന്നു. 

അതിനു ശേഷം ഗുരുവായൂരിലെ ആനപ്പറമ്പിനെ കുറിച്ചും പ്രേംജിയെ കുറിച്ചും വാരികയില്‍ എഴുതി. അന്ന് വാരാന്തപതിപ്പ് കെ.സി.നാരായണനായിരുന്നു ചുമതല. കെ.സി. പിന്നീട് വാരികയുടെ ചുമതലയിലുമെത്തി. ഇന്നത്തെ പോലെ അന്നും നവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ മാതൃഭൂമി വാരിക നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്‍.ടി. ബാലചന്ദ്രന്റെ ആദ്യ നോവലായ- ചിലമ്പ് ഗോവിന്ദനുണ്ണി വാരികയുടെ ചുമതല വഹിക്കുമ്പോഴാണ് പ്രസിദ്ധീകരിച്ചത്. 

ഞാന്‍ പിന്നെയും വാരികയില്‍ മൂന്ന് കവര്‍ സ്റ്റോറികള്‍ ചെയ്തു. പില്‍ക്കാലത്ത് വി.ആര്‍. ഗോവിന്ദനുണ്ണിയും ഞാനും കലൂരിലെ വാടക വീട്ടില്‍ കുറച്ചു കാലം താമസിച്ചിട്ടുണ്ട്. അന്ന് കാക്കനാടന്‍ ഉള്‍പ്പടെയുള്ള തലയെടുപ്പുള്ള എഴുത്തുകാര്‍ അവിടെ വരുമായിരുന്നു. രാജന്‍ കാക്കനാടനും വന്നതായി ഓര്‍മിക്കുന്നു. ടി.പത്മനാഭനെയും വി.കെ.എന്നിനെയും പരിചയപ്പെടുന്നതും അവിടെ വെച്ചാണ്. 

ഇഷ്ടപ്പെടാത്ത ഒരു കാര്യം, അല്ലെങ്കില്‍ വിവരക്കേട് നമ്മള്‍ പറയുകയാണെന്ന് കരുതുക. വി.ആര്‍.ജി അത് കേട്ടിരിക്കും. അല്‍പം കഴിഞ്ഞ് അതിരൂക്ഷമായി പ്രതികരിക്കുകയും ചെയ്യും. ഞാന്‍ ഉള്‍പ്പെടെ പല സുഹൃത്തുക്കളും ആ പ്രതികരണത്തിന്റെ ചൂട് അറിഞ്ഞിട്ടുണ്ട്. ആരെയും വകവെക്കുന്ന കൂട്ടത്തിലായിരുന്നില്ല. തനിക്ക് തോന്നുന്നത് ആരോടും തുറന്നു പറയും. ആള്‍കൂട്ടത്തിനിടയില്‍ നിന്നൊക്കെ ഇഷ്ടപ്പെടാത്തതു കണ്ടാല്‍ ഉടക്കും. 

ഒരു തലശേരി യാത്രയില്‍ ഞാന്‍ വല്ലാതെ ഭയപ്പെട്ടു പോയ അത്തരം ഒരു സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്. മരിച്ചു പോയ എ.സുജനപാലാണ് അന്ന് രക്ഷകനായി എത്തിയത്. പിന്നീട് ആ സംഭവത്തെ കുറിച്ച് ഓര്‍ത്ത് പശ്ചാത്തപിച്ചിട്ടുണ്ട് ഉണ്ണിയേട്ടന്‍. മാതൃഭൂമി വിട്ട് പന്നിയങ്കരയിലെ വീട്ടില്‍ അധികം യാത്രകളൊന്നും ഇല്ലാതെ കഴിഞ്ഞിരുന്ന, നല്ല ആരോഗ്യമുള്ള കാലമുണ്ടായിരുന്നു. അന്ന് പഴയസുഹൃത്തുക്കളില്‍ അധികം പേരും ആ വഴി വരാതെ പോകുന്നതിനെ കുറിച്ച് പരിഭവം പറഞ്ഞിട്ടുണ്ട് നിരവധി പ്രതിഭകളെ കണ്ടെത്തിയ ആ പത്രാധിപര്‍.  പന്നിയങ്കരയിലെ വീട്ടിലും ഞാന്‍ താമസിച്ചിട്ടുണ്ട്. എല്ലാ അവധിക്കാലത്തും മുറ തെറ്റാതെ ഞാന്‍ ഉണ്ണിയേട്ടനെ സന്ദര്‍ശിച്ചിരുന്നു.

വിവാഹിതനായ ശേഷം എന്റെ ആദ്യയാത്ര തന്നെ കോഴിക്കോട്ടേക്കായിരുന്നു. സൗഹൃദത്തിന് വലിയവില കല്‍പിച്ചിരുന്നു ഉണ്ണിയേട്ടന്‍. എഴുത്ത് തീരെ നിര്‍ത്തി നിശബ്ദനായപ്പോള്‍ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ച ജമാല്‍ കൊച്ചങ്ങാടിയെ കുറിച്ച് വലിയ മതിപ്പായിരുന്നു. ജാമാല്‍ക്കാനെ പോലെ വേറെയും പലരും ഉണ്ണിയേട്ടനെ കൊണ്ട് എഴുതിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കഥാകൃത്ത് അഷ്ടമൂര്‍ത്തിയാണ് ഈ അടുത്ത കാലത്ത് വി.ആര്‍.ഗോവിന്ദനുണ്ണിയെന്ന ഒരാള്‍ നമ്മുടെ സാംസ്‌കാരികഭൂമികയില്‍ സജീവമായിരുന്നുവെന്ന് മലയാളിയെ ഓര്‍മിപ്പിച്ചത്. മരണശേഷം പലരും ഫെയ്‌സ്ബുക്ക് കുറിപ്പുകളെഴുതി. സ്വയം ഒരു റഫറന്‍സ് പുസ്തകമായിരുന്നു ഒരു കാലത്ത് കോഴിക്കോട് നഗരത്തിലെ അതിസുന്ദരനും തന്റേടിയുമായ മാധ്യമ പ്രവര്‍ത്തകനായിരുന്ന വി.ആര്‍. ഗോവിന്ദനുണ്ണി. അന്നത്തെ ആ ചിത്രം മായാതെ മരണം വരെ ഉണ്ടാകും. അത് തന്നെയാണ് നല്ല ചിത്രം. 

content highlights: ku iqbal remembering vr govindanunni,e harikumar and k prabhakaran