ലപ്പോഴും ആലസ്യത്തിന്റെ പുതപ്പണിയുന്ന വാരാന്ത്യങ്ങള്‍ ചിലപ്പോള്‍ സജീവവും സാര്‍ഥകവുമാകും. അത്തരത്തില്‍ കടന്നുപോയ രണ്ട് വാരാന്ത്യങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. ആദ്യത്തേത് ജിദ്ദയില്‍നിന്ന് തായിഫിലേക്കുള്ള അപ്രതീക്ഷിത യാത്രയായിരുന്നു. കോടയിറങ്ങുന്ന താഴ്‌വരകളും ഇടയ്ക്കിടെ മഴയുമുള്ള തായിഫിലേക്ക് പുറപ്പെടാനുള്ള റഫീഖ് ഭായിയുടെ (ഷെയിഖ് റഫീഖ് ) തീരുമാനം പെട്ടെന്നായിരുന്നു. 

മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന യാതകളേക്കാള്‍ ഹരം പെട്ടെന്നുള്ള യാത്രകളില്‍ നിന്നാണെന്ന് പലപ്പോഴും ബോധ്യം വന്നിട്ടുണ്ട്. ഒരു കാലത്ത് ഇത്തരം നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. മൂന്നാറിലേക്കുള്ള ആദ്യയാത്ര അതിലൊന്നായിരുന്നു. വൈകുന്നേരം കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിന്റെ പുല്‍മൈതാനത്ത് സൊറ പറഞ്ഞിരിക്കുമ്പോള്‍ സി.കെ ഉമേഷാണ് ചോദിച്ചത് (പില്‍ക്കാലത്ത് സി.കെ ഉമേഷ് കൊടുങ്ങല്ലൂരിന്റെ എം.എല്‍.എ യായി ) നമുക്ക് മൂന്നാറിലേക്ക് പോയാലോയെന്ന്. പിന്നെന്താ പോകാമെന്നായി പ്രേമചന്ദ്രന്‍. കോഴിക്കോട് സര്‍വകലാശാല പോള്‍വോള്‍ട്ട് ചാമ്പ്യനായിരുന്ന പ്രേമചന്ദ്രന്‍ അന്ന് അപ്പോളോ ടയേഴ്‌സ് ജീവനക്കാരനായിരുന്നു. കൂടെ കുട്ടന്‍ തമ്പുരാനെന്ന് വിളിച്ചിരുന്ന സിവില്‍ സപ്ലൈസ് ഓമനകുട്ടന്‍ ചേട്ടന്‍. ഉമേഷിന്റെ പച്ച നിറമുള്ള ഫിയറ്റ് കാറില്‍ മൂന്നാറിലേക്ക്. 

അവിടെ ചെല്ലുമ്പോള്‍ നല്ല ജനത്തിരക്ക്. അവധിക്കാലമായിരുന്നു. മുറി കിട്ടാനില്ല. ഒടുവില്‍ പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസില്‍ ചിന്നത്തമ്പിയും പെരിയ തമ്പിയും മുറി തരപ്പെടുത്തുന്നു. അന്നത് പ്രാചീനമായ ഒരു കെട്ടിടമായിരുന്നു. ചിന്നത്തമ്പിയും പെരിയ തമ്പിയും റെസ്റ്റ് ഹൗസ് കാവല്‍ക്കാരായിരുന്നു. മടങ്ങുന്നത് ഒരാഴ്ചക്ക് ശേഷം. ഉമേഷിന്റെ പച്ച ഫിയറ്റില്‍ ഇതുപോലെ എത്രയോ യാത്രകള്‍. പിന്നീട് ഈ ഫിയറ്റ് മതിലകത്തുള്ള സി.കെ ഹുസൈന്‍ വാങ്ങിയപ്പോഴും യാത്രകള്‍ തുടര്‍ന്നു. ഹുസൈന്റെ കറുത്ത അംബാസഡറിലും കമല്‍ ഏജന്‍സീസ് രാമചന്ദ്രന്റെ കാറിലും നിരവധി യാത്രകള്‍. പല യാത്രകളിലും നന്ദനും അജിയും പ്രേമനുമൊക്കെ സഹയാത്രികര്‍. 

തീവണ്ടിയില്‍ അജിയുടെയും അവന്റെ പിതാവ് പി.എന്‍.മേനോന്റെയും കൂടെ മുംബെയിലേക്ക് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു യാത്ര. റെയില്‍വേയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു മേനോന്‍ സാര്‍. അദ്ദേഹത്തിന്റെ മരണം വരെ തുടര്‍ന്ന അടുത്ത സുഹൃദ്ബന്ധം. ആ യാത്ര ഒരു മഴക്കാലത്തായിരുന്നു. ദളിത് പാന്തര്‍ മൂവ്‌മെന്റിന് മഹാരാഷ്ട്രയില്‍ ഏതാണ്ട് തുടക്കം കുറിച്ച കാലം. ഈ മൂവ്‌മെന്റിന്റെ ശക്തനായ പ്രചാരകനായിരുന്നു കവി അമൃത്ഗാംഗര്‍. മഴയില്‍ കുതിര്‍ന്ന മുംബെ തെരുവുകളിലൂടെ അദ്ദേഹത്തെ തേടിപ്പോയതും കണ്ടെത്തിയതും റെയില്‍വെ പോലീസിലെ കോണ്‍സ്റ്റബിളായിരുന്ന ജോര്‍ജ്. മേനോന്‍ സാറിന്റെ കീഴുദ്യോഗസ്ഥനും ശിക്ഷ്യനുമായിരുന്നു ജോര്‍ജ്. മേനോന്‍ സാറിന് അങ്ങനെ വലിയ ശിഷ്യവലയം ഉണ്ടായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം റിട്ടയറായി കൊടുങ്ങല്ലൂരിലെ തറവാട്ടില്‍ എത്തിയ കാലത്ത് ഞാനും അറിയാതെ അദ്ദേഹത്തിന്റെ ശിഷ്യനായി. കഥകള്‍ നിറഞ്ഞ മനസായിരുന്നു അദ്ദേഹത്തിന്റേത്. 

തായിഫിലെ കോടമഞ്ഞ് മൂടിയ കാഴ്ചകള്‍.
തായിഫിലെ കോടമഞ്ഞ് മൂടിയ കാഴ്ചകള്‍.

ഒരു ട്രാവല്‍ ബാഗ് എപ്പോഴും തയാറാക്കി വെക്കുന്നതു കൊണ്ട് തായിഫിലേക്ക് പുറപ്പെടുമ്പോള്‍ അതെടുത്ത് ഡിക്കിയില്‍ വെച്ചു. തണുപ്പിനെ പ്രതിരോധിക്കാനുള്ളതെന്നും കരുതാതെയായിരുന്നു രണ്ടാഴ്ച മുമ്പുള്ള തായിഫ് യാത്ര. വൈകീട്ട് നാലു മണിയോടെ ജിദ്ദയില്‍ നിന്ന് ഹറമൈന്‍ റോഡ് വഴി ബീര്‍ഘനം ചുറ്റി ജുഹറാനയിലെ കമ്പനിയുടെ ഹോളോബ്രിക്‌സ് ഫാക്ടറിയിലെത്തി. അവിടെ നിന്ന് റഫീഖ് ഭായിയുടെ സഹോദരിയുടെ മകന്‍ ഷബീറും അവന്റെ ഉപ്പയും നല്ല ഗായകനുമായ കബീറും വണ്ടിയില്‍ കയറി. ഷബീര്‍ സാരഥിയായി. അപ്പോഴേക്കും ഇരുട്ട് വീണിരുന്നു. തായിഫിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അഷിഫയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ജബല്‍ ദാക്കയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. സമുദ്രനിരപ്പില്‍നിന്ന് 9500 അടി ഉയരത്തിലുള്ള ജബല്‍ ദാക്കയിലേക്ക് രാത്രി പന്ത്രണ്ടുമണിക്കും പ്രാദേശികസഞ്ചാരികളുടെ പ്രവാഹം. താഴ്‌വരയില്‍നിന്ന് തണുപ്പിനെ പ്രതിരോധിക്കാന്‍ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു. വന്‍മലയുടെ ശിരസില്‍നിന്ന് കോടമഞ്ഞ് പുഴപോലെ ഒഴുകി വരുന്ന കാഴ്ച അവിസ്മരണീയം. വാഹനങ്ങളുടെ ഹെഡ് ലൈറ്റില്‍ മഞ്ഞലകള്‍ വെട്ടിത്തിളങ്ങി. സിരകളില്‍ പടരുന്ന തണുപ്പിലേക്ക് കൈവീശി അധികനേരം നടക്കാനായില്ല. പ്രായം കൂടി വരുന്നെന്ന മുന്നറിയിപ്പുമായി ശ്വാസതടസം. ഓക്‌സിജന്‍ കുറവാണെന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് വാഹനത്തിന് അകത്ത് കയറി ചൂടുചായ കഴിച്ചു. അപ്പോഴും ഷബീറും റഫീഖ് ഭായിയും കബീറും പുറത്തെ മഞ്ഞില്‍ മുങ്ങി നില്‍ക്കുകയായിരുന്നു. റഷ്യയില്‍ ഉണ്ടായിരുന്ന കാലത്തെ ശൈത്യത്തെ കുറിച്ചായിരുന്നു അപ്പോള്‍ റഫീഖ് ഭായി സംസാരിച്ചിരുന്നത്.  

റഷ്യന്‍കഥകള്‍ മുഴുവന്‍ കേള്‍ക്കുന്നത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. ഇറാനിലെ ബന്ദര്‍ബാസില്‍ നിന്ന് ഡോക്ടര്‍ ഷിവാഗൊ കണ്ട് ആവേശം പൂണ്ട യുവാവ് റഷ്യയിലേക്ക് നടത്തിയ യാത്രയും പിന്നീട് അവിടെ തങ്ങിയതും കഥയെ വെല്ലുന്ന ജീവിതം. ഞങ്ങളുടെ അറബിക് മജ്‌ലിസില്‍ അക്കഥ കേട്ടിരിക്കാന്‍ ദമാമില്‍ നിന്ന് അതിഥിയായി എത്തിയ എഴുത്തുകാരി ആര്‍.ഷഹനയും (പതിച്ചിയുടെ കഥാകാരി) ഭര്‍ത്താവ് അനീഷും മകളും അനീഷിന്റെ ഉമ്മയും. അല്‍പം കഴിഞ്ഞ് ആ സദസില്‍ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ മുസാഫിറും ഭാര്യ സലീനയും മകന്‍ മന്‍ഹറുമെത്തി. മുംബെയില്‍ നിന്ന് തുടങ്ങി ഇറാനിലൂടെ റഷ്യയിലേക്കും കിര്‍ഗിസ്ഥാനിലേക്കും നീണ്ടു പോയ ആ കഥാരാവില്‍  അറിവും കൗതുകവും അദ്ഭുതവും വേണ്ടത്രയുണ്ടായിരുന്നു. അതിനിടെ ഷഹന സഹറാവിയത്തെ കുറിച്ച് പറയുന്നു. അയര്‍ലന്‍ഡില്‍ പ്രവാസിയായ ജുനൈദ് അബൂബക്കറിന്റെ പുതിയ നോവലാണ് സഹറാവിയം. സിറിയന്‍, യെമന്‍,ഫലസ്തീന്‍ അഭയാര്‍ഥികളെ കുറിച്ച് ധാരാളം കേട്ടിട്ടുള്ള മലയാളികള്‍ സഹറാവികളെന്ന അറബ് ഗോത്ര സമൂഹത്തിന്റെ പലായന കഥകള്‍ കേട്ടിട്ടില്ല. അങ്ങനെയും അഭയാര്‍ഥികളുണ്ട്. ഈ അഭയാര്‍ഥികള്‍ തിരിച്ചെത്താതിരിക്കാന്‍ മൊറോക്കൊ ശക്തമായ നിരീക്ഷണം നടത്തുന്നു.  അന്താരാഷ്ട്രസമൂഹം അത്രയൊന്നും ചര്‍ച്ച ചെയ്യാത്ത സഹറാവിയന്‍ പലായനത്തെ കുറിച്ചാണ് ഷഹന പറഞ്ഞത്. ജുനൈദിനോട് സ്‌നേഹം തോന്നി. പുതിയ കഥകളുടെ ആകാശത്ത് ധ്രുവ നക്ഷത്രങ്ങളുണ്ടാവട്ടെ. പുതിയ കാറ്റും പുതിയ വെളിച്ചവും ആശയങ്ങളും മനുഷ്യ മനസിന് ഉണര്‍വ് പകരട്ടെയെന്ന പ്രാര്‍ഥനയോടെ ഒരു വാരാന്ത്യം കൂടി കടന്നു പോകുമ്പോള്‍ അവിസ്മരണിയ രാവുകള്‍ക്ക് ഒരു അനുബന്ധം കൂടി.