അന്നത്തെ വൈകുന്നേരം കോടമഞ്ഞിലൂടെ വയനാടന്‍ ചുരം ഇറങ്ങി വന്ന ഒരു ലോറിയില്‍ മലയാളിയെ എഴുത്തു കൊണ്ട് വിസ്മയിപ്പിച്ച മാടമ്പ് കുഞ്ഞികുട്ടനും ഉണ്ടായിരുന്നു. ലോറി കോഴിക്കോട്ടെത്തുന്നതു വരെ സഹൃദയനായ ഡ്രൈവറുമായി കഥ പറഞ്ഞിരുന്ന ആളെ ഡ്രൈവര്‍ക്ക് മനസിലായില്ല. അതേ സമയം ദ്രഷ്ടും ഉത്തരകോളനിയും കോളനിയും വായിച്ചിട്ടുള്ള ആളായിരുന്നു ഡ്രൈവര്‍. മാടമ്പ് പറഞ്ഞില്ല. ഡ്രൈവര്‍ ചോദിച്ചുമില്ല. ഇന്നത്തെ പോലെ പുസ്തകങ്ങളുടെ കവര്‍ ചട്ടയില്‍ എഴുത്തുകാരന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ അടിച്ചു വരുന്ന കാലമായിരുന്നില്ല അത്. ചാനലുകളും സജീവമല്ല. ചാനലുകള്‍ പിച്ച വെക്കുന്നതെയുള്ളു. മാടമ്പ് കോഴിക്കോട്ടെത്തി നേരെ വന്നത് അളകാപുരിയിലേക്ക്. അവിടെ അളാകാപുരിയുടെ ഗെയിറ്റില്‍ ഒരൊറ്റ സിനിമ കൊണ്ട് മലയാള സിനിമയില്‍ കൈയൊപ്പു ചാര്‍ത്തിയ സ്വപ്ന സഞ്ചാരിയായ ഒരാളെ കണ്ടു മുട്ടുന്നു. ഇരുവരും കെട്ടി പിടിക്കുന്നു. കണ്ടിട്ട് ഒരുപാട് നാളായ സുഹൃത്തുക്കള്‍. വയനാട്ടിലായിരുന്ന മാടമ്പ് കുഞ്ഞികുട്ടന്‍ എന്റെ ആദ്യ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ ജോയി മാത്യു ( നടന്‍) ക്ഷണിച്ചിട്ട് വന്നതാണ്. (ജോയിയുടെ ബോധിബുക്സാണ് ആ പുസ്തകം പുറത്തിറക്കിയത്. വിവിധ പത്രങ്ങളില്‍ എഴുതിയ മിഡില്‍പീസുകളുടെ ഒരു ലഘു സമാഹാരമായിരുന്നു അത്. അതിന് നടുക്കണ്ടങ്ങള്‍ എന്നു പേരിട്ടത് ജമാല്‍ കൊച്ചങ്ങാടി. കവര്‍ വരച്ചത് വിജയരാഘവന്‍.) എന്നാല്‍ ഹമീദ് കാക്കശേരിയെന്ന മതിലകത്തുകാരന്‍ എന്തോ ആവശ്യത്തിന് കോഴിക്കോട് വന്നപ്പോള്‍ പത്രത്തിലെ ഇന്നത്തെ പരിപാടിയിലെ കുറിപ്പു കണ്ട് അളകാപുരിയിലെത്തിയതാണ്. ഹമീദിക്കയെ അന്നാണ് ഞാന്‍ ആദ്യം കാണുന്നത്. 1973 ല്‍ മനസ് എന്ന സിനിമ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ ഇങ്ങനെയൊരാള്‍ കൊടുങ്ങല്ലൂരിനടുത്ത് മതിലകത്തു നിന്ന് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ടെന്ന് തിരിച്ചറിയുമ്പോഴേക്കും ഹമീദ് കാക്കശേരി സിനിമാ ലോകത്തോട് താല്‍ക്കാലികമായി വിട പറഞ്ഞിരുന്നു.
ഹമീദ് കാക്കശേരിയെ ഇടക്കിടെ ഞാന്‍ തേടി കൊണ്ടിരുന്നു. വര്‍ഷങ്ങളുടെ ആ അന്വേഷണം എങ്ങുമെത്തിയില്ലെന്ന നിരാശയുണ്ടായിരുന്നു. എന്റെ ബാപ്പയുടെ സഹോദരി ഐശു ടീച്ചറുടെ ഭര്‍ത്താവും പ്രമുഖ എഴുത്തുകാരനും സഹകാരിയുമായിരുന്ന പി.പി.ഇസ്മയിലാണ് ഹമീദ് കാക്കശേരിയെ കുറിച്ച് ആദ്യമായി എന്നോടു പറയുന്നത്. മതിലകത്തുകാരനായ ഇസ്മയില്‍ മാസ്റ്ററുമായി കാക്കശേരി സഹോദരന്‍മാര്‍ക്ക് നല്ല ബന്ധമായിരുന്നു. മജീദ് മാഷെയൊക്കെ ഞാന്‍ ആ വീട്ടില്‍ വെച്ചാണ് കണ്ടിട്ടുള്ളത്. ആസ്പിന്‍ അഷറഫ്ക്കയും ഹമീദ് കാക്കശേരിയെ കുറിച്ച് ഏറെ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ കണ്ടിട്ടുള്ളവര്‍ ഹമീദ് കാക്കശേരിയെ മരണം വരെ മറക്കില്ല. ലോകത്തെ കൗതുകത്തോടെ നോക്കുന്ന കണ്ണുകളായിരുന്നു.

അളകാപുരിയില്‍ അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. അജ്ഞാതമായ ഒരു സ്നേഹപാശത്തിന്റെ ഇടനാഴികള്‍ കടന്ന് ഹമീദ് കാക്കശേരിയെന്ന ഹമീദിക്ക അളകാപുരിയില്‍ എത്തിയിരിക്കുന്നു. യു.എ.ഖാദര്‍ മാടമ്പ് കുഞ്ഞികുട്ടന് നല്‍കി പ്രകാശനം നിര്‍വഹിക്കുമ്പോള്‍ തൊട്ടടുത്ത് ഹമീദിക്കയും ഉണ്ടായിരുന്നു. ജമാല്‍ കൊച്ചങ്ങാടിയും വി.ആര്‍.ഗോവിന്ദനുണ്ണിയും ശത്രുഘ്നനും കെ.പി രാമനുണ്ണിയും സി.കെ.ഹസന്‍കോയയും ബക്കര്‍ മേത്തലയും എന്റെ സഹോദരി ഷാലിനിയുടെ ഭര്‍ത്താവ് വി.കെ.ഷറഫുദ്ദീനും (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി റിട്ടയര്‍ ചെയ്തു) സംസാരിച്ച ആ ചടങ്ങില്‍ ഹമീദിക്കയും ലഘു പ്രസംഗം നടത്തി. എന്നെ അതിശയിപ്പിച്ച പ്രസംഗം. അക്കാലത്ത് ഞാന്‍ മാതൃഭൂമി വാരാന്തപതിപ്പില്‍ സ്ഥിരമായി എഴുതിയിരുന്നു. അതില്‍ ചില ഫീച്ചറുകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു പ്രസംഗം. എത്രമാത്രം സ്വന്തം നാട്ടുകാരനായ ഒരാളെ ഹമീദിക്ക ശ്രദ്ധിച്ചിരുന്നുവെന്ന തിരിച്ചറിവ് ഒരു കൈക്കുമ്പിള്‍ സ്നേഹമായി എന്നെ തലോടി. എന്റെ ഉമ്മ ഖദീജയും ഭാര്യ റസീനയും സഹോദരന്‍ ഡോ. കെ.യു. കുഞ്ഞിമൊയ്തീനും ആ ചടങ്ങിന് സക്ഷികളായിരുന്നു. അവരൊക്കെ ഹമീദിക്കയെ കുറിച്ച് കേട്ടിട്ടുള്ളവരായിരുന്നു. കാണുന്നത് അന്നാണെന്ന് മാത്രം.
കാക്കശേരി ഖാദര്‍കുഞ്ഞി ഹാജിയുടെയും ചക്കിങ്ങപീടികയില്‍ മറിയുമ്മുടെയും പത്തു മക്കളില്‍ ആറാമത്തെ മകനാണ് ഹമീദ് കാക്കശേരി. പ്രൗഢ പാരമ്പര്യമുള്ള കുടുംബം. 1941 ല്‍ ജനനം. 2002 ഫെബ്രുവരി 20 ന് മരണം. ഭാര്യ. സഫിയ. മക്കള്‍ ഫാസിലും റീമയും. ഹമീദിക്കാടെ സഹോദരന്‍മാരില്‍ ഹംസക്കാനെ മാത്രമെ എനിക്ക് അടുത്ത് പരിചയമുള്ളു. റഹിം കാക്കശേരി, സുബൈര്‍ കാക്കശേരി, കുഞ്ഞിമുഹമ്മദ് കാക്കശേരി തുടങ്ങിയവരെ നേരിട്ട് അറിയില്ല. അതേസമയം ഇവരുടെ ബന്ധു ഇഖ്ബാല്‍ കാക്കശേരി (ഇക്കു) എന്റെ സഹപാഠിയായിരുന്നു. ഹമീദിക്കയുടെ മകന്‍ ഫാസില്‍ ശ്രദ്ധിക്കപ്പെടുന്ന ഷോര്‍ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥി ജീവിതകാലത്ത് കെ.എസ്.യു വിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. 1962 ല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കാല്‍പാടുകള്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് ഹമീദ് കാക്കശേരി സിനിമാ ലോകത്ത് എത്തുന്നത്. ഈ സിനിമയാണ് യേശുദാസിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ഹമീദ് പിന്നീട് മൂടുപടത്തില്‍ അഭിനയിച്ചു. ഇതോടെ അഭിനയം കുറച്ചു കാലം നിര്‍ത്തി സംവിധാനം പഠിക്കാന്‍ തുടങ്ങി. ശശികുമാറിന്റെ കൂടെയായിരുന്നു കുറെക്കാലം. അന്ന് മണപ്പുറത്ത് നിന്ന് രാമുകര്യാട്ട് അടക്കം നിരവധി പേര്‍ സിനിമയിലുണ്ട്. പി.ഭാസ്‌കരന്‍ തിളങ്ങി നില്‍ക്കുന്ന കാലം. പിഭാസ്‌കരനോടൊപ്പം മിണ്ടാപെണ്ണ് , തറവാട്ടമ്മ, കള്ളിചെല്ലമ്മ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സഹകരിച്ചു. വിവിധ സംവിധായകരുടെ കൂടെ നാല്‍പതോളം ചിത്രങ്ങള്‍. 1973 ലായിരുന്നു സ്വതന്ത്ര സംവിധായകനായി രംഗത്തു വന്നത്. കലാലയ ഫിലിംസിന്റെ ബാനറില്‍ എച്ച്. എച്ച്. അബ്ദുല്ല സേട്ടായിരുന്നു നിര്‍മാതാവ്. ഹമീദ് കാക്കശേരി കഥയും തിരക്കഥയും എഴുതി ചിത്രം സംവിധാനം ചെയ്തു. 1973 ഒക്ടോബര്‍ 25 ന് പ്രേംനസീര്‍ നായകനും ജയഭാരതി നായികയുമായി പുറത്തിറങ്ങിയ മനസ് നിരവധി പ്രത്യേകതകള്‍ ഉള്ള ചിത്രമായിരുന്നു. കൊച്ചിന്‍ ഇബ്രാഹിം എന്ന ഗായകന്റെ അരങ്ങേറ്റം ഈ സിനിമയിലൂടെ ആയിരുന്നെന്നാണ് ഓര്‍മ. ഗായിക എസ്.ജാനകി ഒരു ഗസ്റ്റ് റോളില്‍ വന്ന സിനിമ. രവീന്ദ്രന്‍മാഷ് കുളത്തൂപുഴ രവിയായിരുന്ന കാലത്ത് സഹകരിച്ച സിനിമ. നാട്ടുകാരനായിരുന്ന സുധീറിന് മികച്ച അവസരം ലഭിച്ച ചിത്രം. കെ.പി.ഉമ്മറും ശങ്കരാടിയും സുജാതയും സുധീറും രാജശ്രീയും വിന്‍സന്റും ബഹദൂറും അടൂര്‍ഭാസിയും ടി.ആര്‍.ഓമനയും അടക്കം വലിയ താര നിര. ആ വര്‍ഷത്തെ ഏറ്റവും താരമൂല്യമുള്ള ചിത്രമായിരുന്നു മനസ്. ചിത്രം സാമ്പത്തികമായും കലാപരമായും ചരിത്രമെഴുതി.
പി.ഭാസ്‌കരന്‍ എഴുതി ബാബുരാജ് സംഗീതം സംവിധാനം നിര്‍വഹിച്ച എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ ഒന്നായ കല്‍പനാരാമത്തില്‍ കണികൊന്ന പൂത്തപ്പോള്‍ സ്വപ്ന മനോഹരി നീ വന്നു എന്ന ഗാനം പാടിയത് കൊച്ചിന്‍ ഇബ്രാഹിമായിരുന്നു. ഹംസ കാക്കശേരിയായിരുന്നു ഇബ്രാഹിമിനെ ഹമീദ്ക്കായുടെ അടുത്ത് എത്തിച്ചത്. അതും നേരിട്ടല്ല. ചരിത്രകാരന്‍ പി.എ.സെയ്ദുമുഹമ്മദിന്റെ ഭാര്യയും അധ്യാപികയുമായരുന്ന ഖദീജ ടീച്ചറുടെ ശുപാര്‍ശയിലായിരുന്നു ഇബ്രാഹിം ഹമീദ്ക്കയെ കണ്ടത്. ആരുടെ ശുപാര്‍ശ പരിഗണിച്ചില്ലെങ്കിലും അമ്മായിയായ ഖദീജ ടീച്ചറുടെ കത്ത് പരിഗണിക്കുമെന്ന് ഹംസാ കാക്കശേരിക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെ ഇബ്രാഹിം പാടി. പാട്ട് ഹിറ്റാവുകയും ചെയ്തു. മനസ് വന്‍ വിജയമായതോടെ നാലു സിനിമകളാണ് ലഭിച്ചത്. യതിഭംഗം, കസ്തൂരിമാന്‍, കാര്‍ത്തിക വിളക്ക് തുടങ്ങിയ സിനിമകളുടെ ചിത്രീകരണം ഏതാണ്ട് പകുതിയോളം പൂര്‍ത്തിയായിരുന്നു. മൂന്ന് ചിത്രത്തിലെയും നായിക റാണിചന്ദ്രയായിരുന്നു. വിമാനാപകടത്തില്‍ റാണിചന്ദ്ര മരിച്ചതോടെ ഈ സിനിമകള്‍ മുടങ്ങി. ഏതാണ്ട് അക്കാലത്ത് തന്നെയാണ് സിനിമകള്‍ കറുപ്പിലും വെളുപ്പിലും നിന്ന് വര്‍ണങ്ങളിലേക്ക് മാറി തുടങ്ങിയത്. ഇതും വിനയായി. നിരവധി ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പെട്ടിയിലായ കൂട്ടത്തില്‍ ഹമീദ് കാക്കശേരിയുടെ സിനിമാ സ്വപ്നങ്ങളും കൂട്ടിലടക്കപ്പെട്ടു. പിന്നീട് കൊച്ചിയുടെ സമഗ്ര ചരിത്രം സിനിമയാക്കി. ഈ സിനിമയും പുറത്തു വന്നില്ല. ഇതോടെ മനസ് മടുത്ത ആ കലാകാരന്‍ ഖത്തറില്‍ പ്രവാസ ജീവിതം തുടങ്ങി. കലാകരന് ബിസിനസ് പറ്റില്ലെന്ന് ബോധ്യപ്പെട്ടത് വന്‍ നഷ്ടങ്ങള്‍ സംഭവിച്ച ശേഷമായിരുന്നു. പ്രതിസന്ധികളില്‍ പെട്ടതോടെ നാട്ടിലേക്ക് മടക്കം. വീണ്ടും സിനിമാ രംഗത്ത് സജീവമായി. കമലിന്റെ ഭൂമിഗീതം, ടി.വി.ചന്ദ്രന്റെ ഓര്‍മകള്‍ ഉണ്ടായിരിക്കണം, , പാഥേയം, വെങ്കലം തുടങ്ങിയ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്തു.
പ്രതിഭയുടെ ധൂര്‍ത്ത് തന്നെ ഉണ്ടായിരുന്നെന്ന് പറയാവുന്ന കലാകാരനായിരുന്നു ഹമീദ് കാക്കശേരി. അഭ്രപാളികളെ സമ്പന്നമാക്കേണ്ടിയിരുന്ന ഒരാള്‍. കല്‍പനാരാമത്തില്‍ കണികൊന്ന പൂത്തപ്പോള്‍ കിനാവുകളില്‍ സിനിമ കണ്ട മനുഷ്യന്‍. മണപ്പുറം പോലും മറന്നു പോയ ഹമീദ് കാക്കശേരിയുടെ സ്മരണ നിലനിര്‍ത്താന്‍ ഒരു ലൈബ്രറി പോലും ജന്മനാട്ടിലില്ല. 2007 ഫെബ്രുവരിയില്‍ അഞ്ചാം ചരമദിനത്തോട് അനുബന്ധിച്ച് സഹോദരന്‍ ഹംസകാക്കശേരിയും മറ്റ് സഹോദരന്‍മാരും മുന്‍കൈയെടുത്ത് സാംസ്‌കാരിക സമ്മേളനത്തോടെ നടത്തിയ സ്മരണാജ്ഞലിക്ക് അപ്പുറത്ത് ഇതുവരെ മറ്റ് പരിപാടികളൊന്നും നടന്നിട്ടില്ല. മണപ്പുറത്ത് ജീവിച്ചു മരിച്ചു പോയ വലിയ കലാകാരനായിരുന്നു സ്നേഹസമ്പന്നനായ ഹമീദ് കാക്കശേരി. കൊടുങ്ങല്ലൂരിന്റെ സാംസ്‌കാരികഭൂമികയില്‍ നിര്‍ണായക സ്ഥാനമുണ്ട് ഹമീദ് കാക്കശേരിക്ക്. പുതുതലമുറയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മനസു വെച്ചാല്‍ ഹമീദ്കാക്കശേരിയുടെ സ്മരണാര്‍ഥം ജന്മനാട്ടില്‍ ഒരു അക്ഷര സ്മാരകമുണ്ടാകും. ഇന്നും മണപ്പുറത്തിന്റെ സിരാപടലങ്ങളില്‍ കലയുടെ രക്തയോട്ടമുണ്ട്. അതാകട്ടെ ചൈതന്യവത്തായ നൈരന്തര്യവുമാണ്.