സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് അര്‍ഥം പിടികിട്ടാത്ത ഒരു വാക്ക് കോലോത്തുംപറമ്പിലെ ഔട്ട്ഹൗസിനു മുന്നില്‍ ഒരു ബോര്‍ഡില്‍ പതിഞ്ഞു കണ്ടത്. പനേഷ്യയെന്നായിരുന്നു എഴുതിയിരുന്നത്. എഴുപതുകളാണ് കാലം. കോലോത്തുംപറമ്പിനു സമീപം അതായത് അരാകുളത്തിനു പടിഞ്ഞാറു വശത്തായിരുന്നു എന്റെ വീട്. ഇല്ലിമുളകള്‍ അതിരിട്ട എപ്പോഴും ഇളം തണുപ്പുള്ള ഇടവഴിയിലൂടെ നടന്നു വേണം വീട്ടിലെത്താന്‍. അതിലൂടെ നടന്ന് റോഡിലുമെത്താം. 

കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലേക്ക് പത്തു മിനിറ്റ് പോലും ദൂരമില്ല. വളരെക്കാലം ഒഴിഞ്ഞു കിടന്നിരുന്ന വിശാലമായ കുളമൊക്കെയുള്ള പറമ്പ് സെന്റിന് 200 രൂപ വില വെച്ചാണ് അന്ന് ബാപ്പ (ഉമ്മര്‍ മാഷ്) വാങ്ങിയതെന്ന് ഓര്‍മയുണ്ട്; ആ ഭാഗത്തേക്ക് ആദ്യം എത്തുന്ന മുസ്‌ലിം കുടുംബം. അയല്‍ വാസികള്‍ രാജഗോപാലന്‍ മുതലാളി, കാട്ടില്‍ ചിറ്റേടത്തുകാര്‍, കണ്ടംപറമ്പത്തുകാര്‍, അല്‍പം അകലെ പരാരത്ത് സുബ്രഹ്മണ്യന്‍ എന്ന ഖദര്‍ മാത്രം ധരിച്ചിരുന്ന പി.പി., കൃഷ്ണന്‍ മാസ്റ്ററും സാവിത്രിയും,ശങ്കരാടിയില്‍ വീട്, ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തിയിരുന്ന എഡിസന്‍ പരമേശ്വരന്‍ ചേട്ടന്റെ വീട്, അമ്മിണിഅമ്മയുടെ വീട്, ബാലന്‍മേനോന്റെ വീട്, പോലീസുകാരന്‍ കേശവമേനോന്റെ വീട്... അങ്ങനെ ചുറ്റും വീടുകള്‍. 

എല്ലാ വീട്ടില്‍ നിന്നും ബോയ്‌സ് ഹൈസ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നുണ്ട്. മധുചേട്ടന്റെ കുടുംബം താമസിക്കാന്‍ എത്തിയതോടെ ഗേള്‍സ് ഹൈസ്‌കൂളിലേക്കും രണ്ടുകുട്ടികളായി. ഗീഥയും ദേവിയും. ഇരുവരും ഇപ്പോള്‍ തൃശൂരാണ് സ്ഥിരതാമസം. ഇതില്‍ ദേവി എന്റെ സുഹൃത്ത് അജിത് കുമാറിന്റെ ഭാര്യയാണ്. ഗീഥ ബാങ്ക ജീവനക്കാരനായിരുന്ന വിജയന്റെ ഭാര്യ.

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ആ പരിസരത്ത് വീടുകളുടെ എണ്ണം കൂടി. നാലു കോളേജ് അധ്യാപകര്‍ അവിടെ സ്ഥലം വാങ്ങി വീടുവെച്ചു. പില്‍ക്കാലത്ത് കെ.കെ.ടി.എം. കോളേജ് പ്രിന്‍സിപ്പലായ കൊച്ചുമുഹമ്മദ് സാര്‍, ചെന്താമരാക്ഷന്‍ സാര്‍, രാമകൃഷ്ണന്‍ സാര്‍, പീതാംബരന്‍ സാര്‍ ഇവരാണ് താമസക്കാരായി എത്തിയത്. എല്ലാവരും നല്ല ചന്തമുള്ള വീടു വെച്ചു. അപ്പോഴേക്കും ഇല്ലിമുളകള്‍ അതിരിട്ട ഇടവഴി താറിട്ട ചെറുറോഡായി മാറിയിരുന്നു. 

പാമ്പുംകാവും വെട്ടി തെളിയിച്ചു. അരാകുളമെന്ന താമരക്കുളം നികന്നു. അവിടെ ബസ് സ്റ്റാന്‍ഡ് വന്നു. അതിനും മുമ്പ് ശില്‍പി തിയേറ്റര്‍ വന്നു. പനേഷ്യയും പടി കടന്നു പോയി. കോലോത്തും പറമ്പിലെ ഏട്ടന്‍ താമസം മാറി പോയി. ഈ ഏട്ടന്റെ യഥാര്‍ഥ പേര് രവിയെന്നായിരുന്നു. ചെറിയ കുട്ടികള്‍ മുതല്‍ ഏറെ മുതിര്‍ന്നവര്‍ വരെ ഏട്ടന്‍ എന്നു വിളിച്ചിരുന്നതു കൊണ്ട് അദ്ദേഹം രവി എന്ന പേരില്‍ നിന്ന് ഏട്ടനിലേക്ക് പരകായപ്രവേശം നടത്തിയെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ഏട്ടന്‍ ജീവിച്ചിരിപ്പില്ല.

ഏട്ടന്‍ പെരുമ്പാവൂരിലേക്ക് താമസം മാറ്റിയതിനു ശേഷം പ്രവാസത്തിന്റെ ഒരവധിക്കാലത്ത് പഴയകഥകള്‍ കേള്‍ക്കാന്‍ അവിടെ സുഹൃത്തുക്കളോടൊപ്പം പോയിരുന്നെങ്കിലും അന്ന് ഏട്ടനെ കാണാതെ മടങ്ങി. സഹോദരന്‍ സുകുമാരന്‍ ഇപ്പോള്‍ അങ്കമാലിയിലാണ് താമസമെന്ന് അവരുടെ പൊതുസുഹൃത്തായ വല്‍സേട്ടന്‍ പറഞ്ഞു. അക്കാലത്ത് ഞാന്‍ കണ്ട അതിസുന്ദരനും സുമുഖനുമായ ഒരാളായിരുന്നു സുകുമാരന്‍. അവര്‍ക്ക് ശ്രീകുമാര്‍ എന്ന സഹോദരനും ഉണ്ടായിരുന്നു. ശ്രീകുമാര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. 

പ്രായം കൊണ്ട് എത്രയോ ചെറുപ്പമായിരുന്നു പനേഷ്യക്ക് മുന്നിലൂടെ നടന്നു പോയിരുന്ന ഞാനും അജിയും രാധാകൃഷ്ണനും ശശിയും രവിയുമൊക്കെ. മുല്ലപ്പള്ളിയിലെ മധുവും രാജനും മോഹനനുമൊക്കെ പനേഷ്യക്ക് അപ്പുറത്തു നിന്നാണ് കൂടെ കൂടിയിരുന്നത്. ചിറ്റേടത്തെ നന്ദകുമാറും ഗോപിയും ആ വളവിലെത്തും പിന്നെ ഘോഷയാത്രയായാണ് തൊട്ടടുത്ത സ്‌കൂളിലേക്ക് യാത്ര. മൂന്നുമിനിറ്റു കൊണ്ട് മുല്ലപ്പള്ളിയില്‍ നിന്ന് സ്‌കൂളിലെത്തും. പക്ഷെ ആ മൂന്നുമിനിറ്റിനെ മൂന്ന് മണിക്കൂറിന്റെ മനോഹരയാത്രയാക്കി മാറ്റിയിരുന്നു ഞങ്ങള്‍. 

പനേഷ്യ രാവിലെ പോകുമ്പോഴും ഉച്ചക്ക് ഉണ്ണാന്‍ പോകുമ്പോഴും വൈകീട്ട് സ്‌കൂള്‍ വിട്ടു പോകുമ്പോഴും കൗതുകമായി നിറഞ്ഞു. സ്‌കൂള്‍ വിട്ടു പോയാലും അരമണിക്കൂറിനുള്ളില്‍ പുറത്തിറങ്ങും. സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കാനുള്ള ഇറക്കമാണ്. ഇപ്പോള്‍ മദിരാശിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള പി.കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സംഘം പുറപ്പെടുക. എല്ലാ വീടുകളിലും ചെന്ന് ആളെ വിളിച്ചു കൂട്ടി സംഘം ചേര്‍ന്നു പോകും. 

ഞാനും അയല്‍വാസി നിത്യാനന്ദനും (നിത്യന്‍ പോലീസിലായിരുന്നു) അവന്റെ ചേട്ടന്‍ നന്ദനും ഒരുമിച്ചാണ് പോക്കും വരവും. മൈതാനം ഒഴിഞ്ഞു കിട്ടാന്‍ സമയമെടുക്കും. സീനിയര്‍ കൂട്ടം രാജേന്ദ്രന്റെയും പ്രദീപിന്റെയുമൊക്കെ നേതൃത്വത്തില്‍ കളിക്കുന്നുണ്ടാകും. അസാമാന്യ ഫുട്‌ബോള്‍ പ്രതിഭകളായിരുന്നു രാജേന്ദ്രനും പ്രദീപും. വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിനു തന്നെ മുതല്‍ക്കൂട്ടാകുമായിരുന്നു ഇരുവരും. പില്‍ക്കാലത്ത് സംസ്ഥാന അത്‌ലറ്റിക് കോച്ചുമാരായി മാറിയ പ്രിന്‍സും ജോളിയുമൊക്കെ ആ മൈതാനത്ത് മിക്ക വൈകുന്നേരങ്ങളിലും വന്നിരുന്നു. പ്രമുഖ കായി താരം രണധീരന്‍ ആ മൈതാനത്ത് പ്രാക്ടീസ് ചെയ്തിരുന്നു. 

കളി കഴിഞ്ഞു മടങ്ങുമ്പോള്‍ ഇരുട്ടു വീണിരിക്കും. അപ്പോഴും പനേഷ്യ സജീവമായിരിക്കും. ബാറ്ററി റീ ചാര്‍ജിങ് എന്ന അദ്ഭുതമാണ് പനേഷ്യയില്‍ നടന്നിരുന്നത്. കാലം കുറെ കടന്നു പോയതിനു ശേഷമാണ് പനേഷ്യയെന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം പിടി കിട്ടുന്നത്. ഒറ്റമൂലിയെന്നാണ് അര്‍ഥം. കാലം തെറ്റിപ്പിറന്ന ഒരു സംരഭമായിരുന്നു അത്. എല്ലാത്തരം ബാറ്ററികളും അവിടെ റീ ചാര്‍ജ് ചെയ്തിരുന്നു. പരമേശ്വരന്‍ എന്ന എന്‍ജിനീയറായിരുന്നു മാസ്റ്റര്‍ ബ്രെയിന്‍. 

കോഴിക്കോട് ആര്‍.ഇ.സി യില്‍ നിന്ന് ബി.ഇ. എടുത്ത പരമേശ്വരന്‍ പിന്നീട് പെരുമ്പാവൂര്‍ റയോണ്‍സിലും സേലം സ്റ്റീലിലും ധനലക്ഷ്മി ബാങ്കിലുമൊക്കെ ഉന്നത തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന ബില്‍ഡറായ പരമേശ്വരന്‍ ഇപ്പോള്‍ തൃശൂരാണ് താമസം. ആ സംഘത്തില്‍ അന്ന് മോഹനനനും മഹാദേവനും  പ്രകാശേട്ടനും വിദ്യയുമൊക്കെ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഹൈദരാബാദ് സെന്‍ട്രല്‍ സ്‌കൂളിലെ പ്രിന്‍സിപ്പളായി വിരമിച്ച ബാലകൃഷ്ണന്‍ ഉള്‍പ്പടെ (ബാലമ്മാന്‍) നിരവധി ധൈഷണിക പ്രതിഭകളുടെ സംഗമത്തിനാണ് പനേഷ്യ സാക്ഷ്യം വഹിച്ചിട്ടുള്ളത്.

വലിയ ചരിത്രമൊന്നും പറയാനാവില്ലെങ്കിലും ആ കാലവും അന്നത്തെ യുവത്വത്തിന്റെ പൊള്ളുന്ന ചിന്തകളും വെച്ച് കൂട്ടി വായിക്കുമ്പോള്‍ ബൗദ്ധികതലത്തില്‍ പനേഷ്യ എന്ന സ്ഥാപനത്തിന് പ്രസക്തിയുണ്ട്. ആ പേരു തന്നെ നോക്കൂ. ബൗദ്ധികതലത്തില്‍ കേരളം കണ്ട ഏറ്റവും നല്ല തലമുറയെന്നാണ് എഴുപതുകളിലെ തലമുറയെ വിശേഷിപ്പിക്കേണ്ടത്. ഇന്ത്യന്‍ ചക്രവാളങ്ങളിലെ ഇടിമുഴക്കങ്ങള്‍ മുതല്‍ ശാസ്ത്ര ലോകത്തെ പുതുസംരഭങ്ങള്‍ വരെ ഏറ്റു വാങ്ങിയ ഒരു തലമുറ. 

ആ തലമുറയുടെ ഊര്‍ജം അതിന്റെ എല്ലാ അര്‍ഥത്തിലും ആവാഹിച്ചവരായിരുന്നു പനേഷ്യയിലെ കൂട്ടം. പില്‍ക്കാലത്ത് പനേഷ്യയിലെ ജൂനിയര്‍ സംഘത്തില്‍ പെട്ട വല്‍സേട്ടനും (ശ്രീവല്‍സന്‍) ജോയിയും ഇവര്‍ വഴി പരിചയപ്പെട്ട പ്രേമചന്ദ്രനും (അപ്പോളൊ) രാമചന്ദ്രനും (കമല്‍ ഏജന്‍സീസ്) ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന നന്ദപ്പനും  വിവേകാനന്ദനും ( മേജര്‍ ജനറലായി റിട്ടയര്‍ ചെയ്തു) നന്ദപ്പന്റെ ബന്ധു സുകുമാരനും (സുകുചേട്ടന്‍) ഒക്കെ അറിവിന്റെ മഹാ ദീപങ്ങളായിരുന്നു. ഈ സംഘമാണ് പ്രേംനസീര്‍ ഫാന്‍സ് ക്ലബ്ബ് രൂപീകരിച്ചത്. 

തലമുറ കൈമാറി ആ ക്ലബ്ബ് മുറി ഇപ്പോഴുമുണ്ട്. ഇന്നും വല്‍സേട്ടന്‍ ഉള്‍പ്പടെയുള്ളവര്‍  വായിച്ചിട്ടുള്ള ക്ലാസിക്കുകളില്‍ പലതും ഞാനും എന്റെ സുഹൃത്തക്കളും വായിച്ചിട്ടില്ല. പരന്നവായനയും ഉയര്‍ന്ന ചിന്തയും നൈസര്‍ഗിക നര്‍മബോധവും കാരണം അവരൊക്കെ ഏതു വിഷമാവസ്ഥയിലും ജീവിതത്തെ അതിന്റെ പ്രസന്നതയില്‍ തന്നെ ചേര്‍ത്തു പിടിച്ചിരുന്നു. അന്നത്തെ ആ സഹവാസങ്ങള്‍ തന്ന അനുഭവങ്ങളുടെ കരുത്തില്ലായിരുന്നെങ്കില്‍ എന്നേ പിടി വിട്ടു പോകുമായിരുന്നു ഈ ജീവിതമെന്ന് പലപ്പോഴും തോന്നാറുണ്ട്.  

content highlights: kannum kathum, panacia