ണ്‍പതുകളിലാണെന്നാണ് ഓര്‍മ. കൊടുങ്ങല്ലൂര്‍ താലപ്പൊലി കാവിലെ കച്ചവട പന്തല്‍ ലേലവുമായി ബന്ധപ്പെട്ട തര്‍ക്കം സമുദായ സ്പര്‍ധയിലേക്ക് പതുക്കെ നീങ്ങുമെന്ന് തോന്നിയ ഘട്ടത്തിലാണ് കൊടുങ്ങല്ലൂര്‍ എന്ന ദേശം അതിന്റെ പാരമ്പര്യ സിരാപടലങ്ങളില്‍ കാത്തു സൂക്ഷിക്കുന്ന യഥാര്‍ഥ മത സൗഹാര്‍ദം പ്രകടമാക്കിയത്. ഇന്നും എന്നും അത് ഇതേ കരുത്തില്‍ തുടരുന്നുവെന്നതാണ് വാസ്തവം. 

അന്നത്തെ താലപ്പൊലിക്കാലം മറക്കാനാവില്ല. താലപ്പൊലിക്ക് സംഘര്‍ഷം ഉണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഹിന്ദു, മുസ്‌ലിം,ക്രൈസ്തവ സഹോദരന്‍മാര്‍ അണി ചേര്‍ന്ന് താലപ്പൊലിക്ക്  മുമ്പ് കോട്ടപ്പുറത്തു നിന്ന് ചന്തപുര വരെ ഒരു സമാധാന യാത്ര നടന്നു. കോട്ടപ്പുറത്തെ കച്ചവടക്കാരും കൊടുങ്ങല്ലൂരിലെ കച്ചവടക്കാരും എല്ലാം അണി ചേര്‍ന്ന ആ യാത്രയുടെ മുന്‍ നിരയില്‍ കുര്യപിള്ളി സെയ്തുമുഹമ്മദെന്ന കൊടുങ്ങല്ലൂരിന്റെ സ്വന്തം മുക്രിക്കയുണ്ടായിരുന്നു. 

ബാങ്കു വിളിയുടെ ശബ്ദ സൗകുമാര്യം കൊണ്ട് എട്ടു പതിറ്റാണ്ടോളം ഒരു ദേശത്തെയാകെ വിളിച്ചുണത്തിയ മനുഷ്യന്‍. എ.ഡി. 629 ല്‍ മാലിക് ബിന്‍ ദിനാര്‍ നിര്‍മിച്ചതെന്ന് ചരിത്രം പറയുന്ന  ഇന്ത്യയിലെ ആദ്യത്തെ മസ്ജിദായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ പതിനൊന്ന് വയസു മുതല്‍ 91 വയസു വരെ ബാങ്കു വിളിച്ചു കഴിഞ്ഞ മുക്രിക്ക മരണപ്പെട്ടിട്ട് ഏതാനും വര്‍ഷങ്ങളായെങ്കിലും ഇപ്പോള്‍ ഓര്‍മിക്കാന്‍ കാരണം കഴിഞ്ഞ ദിവസം പ്രചരിച്ച വാട്‌സ്ആപ്പ് സന്ദേശമാണ്. 

മുക്രിക്ക കഴിഞ്ഞ ദിവസം മരിച്ചെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട സന്ദേശം.  ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഏതെങ്കിലും ഒരു മസ്ജിദില്‍ എട്ടു പതിറ്റാണ്ടു കാലം ബാങ്ക് വിളിച്ച ചരിത്രമുള്ള ഒരു മുക്രി (മുഅദ്ദിന്‍) കാണുമോ എന്നു സംശയം. എന്റെ പരിമിതമായ അറിവില്‍ ഇല്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവു ചെയ്ത് തിരുത്തണം. 

സുദീര്‍ഘമായ ഒരു അധ്യാത്മിക യാത്രയായിരുന്നു സൗമ്യനായിരുന്ന ഞങ്ങളുടെ മുക്രിക്കയുടേത്. 94-ാം വയസിലായിരുന്നു മരണം. പള്ളിയിലെ ബാങ്കു വിളിയും അതിനു ശേഷം പള്ളിക്ക് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പലചരക്ക് കടയിലെ കച്ചവടവുമായി ജീവിതം മുന്നോട്ടു കൊണ്ടു പോവുകയും സംതൃപ്തിയോടെ ജീവിക്കുകയും ചെയ്ത മനുഷ്യന്‍. എല്ലാവരോടും പതിഞ്ഞ ശബ്ദത്തില്‍ ചിരിച്ചു കൊണ്ട് സംസാരിക്കുകയും പതുക്കെ നടന്നു പോവുകയും ചെയ്തിരുന്ന ഒരാള്‍. 

കൊടുങ്ങല്ലൂരിലെ ഡോ.സെയിദുമായി ഫോണില്‍ സംസാരിക്കുമ്പോഴൊക്കെ മുക്രിക്കയുടെ ആരോഗ്യ സ്ഥിതി തിരക്കുമായിരുന്നു. അദ്ദേഹം കിടപ്പിലാണെന്ന് പറഞ്ഞു. ഒന്നു പോയി കാണണമെന്ന് തോന്നിയിരുന്നു. സാധിച്ചില്ല. എന്റെ ഉമ്മയും ബാപ്പയും മരിക്കുന്ന സമയത്ത് നാട്ടിലുണ്ടായിരുന്നില്ല. അത് മനസില്‍ വിങ്ങുന്ന കണ്ണീരാണ്. എന്റെ പിതാവിന്റെ സുഹൃത്തായിരുന്ന കൃഷ്ണമേനോന്‍ സാറുള്‍പ്പടെ എത്രയോ പ്രിയപ്പെട്ടവര്‍ കടന്നു പോയിരിക്കുന്നു. കാണണമെന്ന് കരുതും. സാധിക്കില്ല. കേരള ബുക്ക് ഹൗസ് ശശിയുടെയും മകന്റെയും വാഹനാപകട മരണത്തിനു ശേഷം അവന്റെ അമ്മയെ പോയി കണ്ടിട്ടില്ല. അങ്ങനെ എന്തെല്ലാം വേദനകള്‍ മനസില്‍ വിങ്ങി നില്‍ക്കുന്നു.  ഇപ്പോള്‍ മുക്രിക്കയുടെ മരണ വാര്‍ത്ത കഴിഞ്ഞ ദിവസം രാവിലെ വാട്‌സ്ആപ്പില്‍ വളരെ വളരെ വൈകി കണ്ടപ്പോഴും വിങ്ങി പോയി മനസ്. എത്ര കാലമായി അദ്ദേഹത്തെ കണ്ടിട്ട് ? കടന്നു പോകുന്ന വര്‍ഷങ്ങളെ കുറിച്ച് വേവലാതിയോടെ ഓര്‍മിക്കാന്‍ പോലും മറന്നു പോകുന്നു. 

പതിനൊന്നാം വയസില്‍ പിതാവ് മുഹമ്മദില്‍ നിന്നാണ് സെയ്തു മുഹമ്മദ് വാങ്ക് വിളിക്കുന്ന ചുമതല ഏറ്റെടുത്തത്. അന്ന് ചേരമാന്‍ ജുമാമസ്ജിദ് അതിന്റെ പ്രാചീനതയില്‍ തന്നെയായിരുന്നു നില കൊണ്ടിരുന്നത്. ഇന്ത്യയുടെ പുരാതന വാസ്തുശില്‍പ മാതൃകയിലായിരുന്നു നിര്‍മാണം. 1504 ലെ പോര്‍ച്ചുഗീസ് ആക്രമണത്തില്‍തകര്‍ന്നു പോയ പള്ളി പഴയ മാതൃകയില്‍ തന്നെ പുനര്‍നിര്‍മിക്കുകയായിരുന്നു. പിന്നീട് 1984 ല്‍ ഇന്നു കാണുന്ന രൂപത്തില്‍ പള്ളി വീണ്ടും പുനര്‍നിര്‍മിച്ചു. 1984 ലെ നിര്‍മാണത്തിന്റെ മേല്‍നോട്ടം എന്റെ ബന്ധുവായ എറമംഗലത്ത് എന്‍ജി.അബ്ദുല്ല സാഹിബിനായിരുന്നു.  അപ്പോഴും പഴയ പള്ളിയെ വലയം ചെയ്തു കൊണ്ടായിരുന്നു പുതിയ നിര്‍മാണം നടന്നത്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസും രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുല്‍ കലാമും ഉള്‍പ്പടെ നിരവധി വിശിഷ്ട വ്യക്തിത്വങ്ങള്‍ പലപ്പോഴായി ഈ മസ്ജിദ് സന്ദര്‍ശിച്ചിട്ടുണ്ട്.
 
എന്റെ തലമുറയും അതിനു മുമ്പുള്ള നിരവധി തലമുറകളും പുരാതന പള്ളിയില്‍ അതിന്റെ തനിമയില്‍ തന്നെ നമസ്‌കരിച്ചിട്ടുണ്ട്. അവിടെ നിരവധി തിരികളിട്ട് കത്തിക്കാവുന്ന ഒരു തുടല്‍ വിളക്കുണ്ട്. വൈദ്യുതിയില്ലാതിരുന്ന കാലത്ത് ഈ വിളക്കാണ് പള്ളിയിലെ വെളിച്ചമെന്ന് വൈദ്യുതി വരും മുമ്പ് തന്നെ ബാങ്കു വിളിക്കാന്‍ നിയോഗിതനായ മുക്രിക്ക പറഞ്ഞിട്ടുണ്ട്. അതു പോലെ ദര്‍സുകള്‍ നടന്നിരുന്നതും ഈ വിളക്കിനു സമീപത്തായിരുന്നു. പള്ളിയുടെ ചരിത്രം പുതു തലമുറക്ക് പറഞ്ഞു കൊടുക്കാന്‍ എപ്പോഴും ആവേശം കാണിച്ചിരുന്നു മുക്രിക്ക. പള്ളിക്ക് സമീപമുള്ള മ്യൂസിയത്തില്‍ എത്തുന്നവര്‍ക്ക് റഫറന്‍സ് പുസ്തകം പോലെയായിരുന്നു മുക്രിക്ക. 

അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ കൊടുങ്ങല്ലൂരിന് മാത്രമുള്ള ചില പ്രത്യേകതകളുണ്ട്. തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രവും ചേരമാന്‍ മസ്ജിദും തമ്മിലുള്ള ദൂരം അര കിലോമീറ്റര്‍ പോലും വരില്ല. അതു പോലെ തന്നെ ശ്രംഗപുരം ക്ഷേത്രവും മസ്ജിദും തമ്മിലും ഇത്ര തന്നെ ദൂരമെയുള്ളു. കോട്ടപ്പുറത്തെയും അഴീക്കോട്ടെയും വിഖ്യാതമായ കൃസ്തിയ ദേവാലയങ്ങളും പള്ളിയുമായുള്ള ദൂരവും കുറവാണ്. എല്ലാ മതസ്ഥരും കൊടുങ്ങല്ലൂര്‍ പള്ളിയില്‍ നേര്‍ച്ചയിടും. വെളിച്ചെണ്ണ നല്‍കും. ഇതൊക്കെ തലമുറകളിലൂടെ കൈമാറി പോരുന്ന സ്‌നേഹമാണ്. ആ സ്‌നേഹത്തിന് സാക്ഷിയായിരുന്നു കൊടുങ്ങല്ലൂരിന്റെ സ്വന്തം മുക്രിക്ക.