രാജ പൈതൃകത്തിന്റെ അകത്തളങ്ങളില്‍ നിന്ന് നവോത്ഥാന മുന്നേറ്റങ്ങളിലേക്ക് ഇറങ്ങി ചെന്നവരില്‍ നിരവധി തമ്പുരാട്ടിമാരുണ്ടായിരുന്നു. വിഖ്യാതമായ പാലിയം സത്യാഗ്രഹത്തിന്റെ ചരിത്രത്തിനപ്പുറത്തും വീര ചരിതം രചിച്ച തമ്പുരാട്ടിമാര്‍. അങ്ങനെയുള്ള തമ്പുരാട്ടിമാരെയും തമ്പുരാക്കന്‍മാരെയും കണ്ട ബാല്യ കൗമാര യൗവ്വനമായിരുന്നു എന്റേത്. അദ്ഭുതത്തോടെ അതിലേറെ ആദരവോടെ കൊടുങ്ങല്ലൂര്‍ കോവിലകങ്ങളെ നോക്കനിന്ന കാലം. വിദ്യാസ്മദ് പരദേവത അഥവാ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആപ്ത വാക്യത്തിന്റെ പ്രോജ്വല പാരമ്പര്യത്തില്‍ തിളങ്ങിയ കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ ധൈഷണിക ,വൈജ്ഞാനിക മേഖലകളിലെ സംഭാവനകളെ മലയാളി മനസു കൊണ്ട് നമിക്കണം. കേരള വ്യാസന്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍ പിറന്ന കോവിലകം. മറ്റ് രാജ വംശങ്ങള്‍ പടയെരുക്കങ്ങളുടെ പെരുമ്പറകള്‍ മുഴക്കിയിരുന്ന കാലത്ത് ദേശങ്ങള്‍ വെട്ടി പിടിക്കാന്‍ പോകാതെ കലക്കും സാഹിത്യത്തിനും വേണ്ടി ജീവിച്ച രാജ വംശം. തികച്ചും വേറിട്ട ഈ സഞ്ചാരപഥത്തില്‍ പില്‍ക്കാലത്ത് കമ്മ്യൂണിസത്തിന്റെ രണഭേരികള്‍ മുഴങ്ങി. അവിഭക്ത കമ്മയൂണിസ്ററ് പാര്‍ട്ടിക്ക് നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും കൊടുങ്ങല്ലൂര്‍ കോവിലകം സംഭാവന നല്‍കി. പന്തി ഭോജനത്തിലൂടെ കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാട്ടിമാര്‍ വെല്ലുവിളിച്ചതും തകര്‍ത്തെറിഞ്ഞതും ജാതി വ്യവസ്ഥയുടെ കോട്ടകളായിരുന്നു. പാലിയം സത്യഗ്രഹം ഉള്‍പ്പടെ ഐതിഹാസിക സമരമുഖങ്ങളില്‍ ധീരതയോടെ നിന്ന കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാട്ടിമാരുടെ വീര ചരിതം പക്ഷെ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല ഇതു ഗവേഷണ വിഷയം കൂടിയാണ്.
കോവിലകത്തെ പലരും സഹപാഠികളായിരുന്നു. മുതിര്‍ന്നപ്പോള്‍ കൊടുങ്ങല്ലൂര്‍ രാമവര്‍മയും ജനയുഗം തമ്പുരാനും ജപ്പാന്‍ മാഷും ടി.വി മാഷും മിടുക്കന്‍ തമ്പുരാനും തുടങ്ങി നിരവധി പേരുമായി ആദരവും ബഹുമാനവും കലര്‍ന്ന സൗഹൃദം. സൈക്കിള്‍ റിക്ഷയില്‍ പോയിരുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടി തമ്പുരാട്ടി ഒരു വിസ്മയമായിരുന്നു. മേത്തല പഞ്ചായത്ത് ഓഫീസിലേക്കായിരുന്നു അവരുടെ യാത്ര. അല്ലെങ്കില്‍ അഞ്ചപ്പാലത്തെ കോളനികളിലേക്ക്. ഏറെ വൈകിയാണെങ്കിലും കൊടുങ്ങല്ലൂര്‍ ഗേള്‍സ് ഹൈസ്‌കൂളിന് കുഞ്ഞികുട്ടിതമ്പുരാട്ടിയുടെ പേരു നല്‍കിയത് ഉചിതമായി. തമ്പുരാട്ടിയുടെ മകന്‍ പ്രദീപ് എന്റെ സഹപാഠിയായിരുന്നു. എന്റെ പിതാവ് ഉമ്മര്‍കുട്ടിമാഷെ എവിടെ വെച്ച് കണ്ടാലും ഉമ്മര്‍കുട്ടീ എന്നു നീട്ടി വിളിക്കുമായിരുന്നു തമ്പുരാട്ടി. എണ്‍പതുകളില്‍ പ്രദീപിന്റെ തോളിുല്‍ കൈയിട്ടു കൊണ്ടാണ് ഞാന്‍ മാളിക വീട്ടിലേക്ക് ചെല്ലുന്നത്. തമ്പുരാട്ടിയുടെ കൈയില്‍ നിന്ന് ഒരു കത്തു വേണം. മാതൃഭൂമി വാരികക്കു വേണ്ടി കേരളത്തിലെ കോവിലകങ്ങളിലൂടെ ഒരു യാത്രക്ക് ഒരുങ്ങുകയായിരുന്നു ഞാന്‍. മാതൃഭൂമിയുടെ കത്തുണ്ട് കൈവശം. തമ്പുരാട്ടിയുടെ കത്തു കൂടി ആയാല്‍ സംഗതി ഉഷാറാകും. കത്തു തന്നു.
ആ രണ്ടു കത്തുകളുമായി കേരളം മുഴുവന്‍ കോവിലകങ്ങളുടെ പൈതൃക ചരിത്രത്തിലൂടെ യാത്ര. ഒരു മാസത്തോളം നീണ്ടു നിന്ന ആ യാത്രയിലാണ് കേരളം ശരിക്കും കാണുന്നത്. വി.ആര്‍.ഗോവിന്ദനുണ്ണി (ഉണ്ണിയേട്ടന്‍) മാതൃഭൂമി വാരികയുടെചുമതല വഹിച്ചിരുന്ന കാലം .വാരിക ഇറങ്ങിയിരുന്നത് തിരുവന്ന്തപുരത്തു നിന്നായിരുന്നു. തിരുവന്തപുരം തമ്പാന്നൂരിലെ രാജാറാം ലോഡ്ജിലിരുന്ന് എഴുതി പൂര്‍ത്തിയാക്കിയ ദീര്‍ഘമായ ആ ഫീച്ചര്‍ കിരീടവും ചെങ്കോലും നഷ്ടപ്പെട്ടവര്‍ എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി വാരികയുടെ കവര്‍ സറ്റോറിയായി. ഉണ്ണിയേട്ടനും വത്സല ചേച്ചിയും അന്നു താമസിച്ചിരുന്നത് ശാന്തിനഗറിനടുത്ത് ഒരു വീട്ടിലായിരുന്നു. അവരുടെ അയല്‍വാസിയായിരുന്നു നെഹ്റു മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്ന ലക്ഷ്മി എന്‍ മോനോന്‍. ഇന്ന് ഉണ്ണിയേട്ടനില്ല. തമ്പുരാട്ടിയും. 1923 ല്‍ പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെയും മങ്കു തമ്പുരാട്ടിയുടെും മകളായി ജനിച്ച കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടി തമ്പുരാട്ടിയുടെ മരണം 2009 ഫെബ്രുവരിയിലായിരുന്നു. ഭര്‍ത്താവ് കിഴക്കേടത്തു മനക്കല്‍ നാരായണന്‍ നമ്പുതിരി. അധ്യാപകനായിരുന്നു. തമ്പുരാട്ടിയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറച്ച പിന്തുണ കൊടുത്തിരുന്ന നാരായണന്‍ നമ്പുതിരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ദിലീപ് രാജയും രേണുക തമ്പുരാട്ടിയും പ്രദീപ് രാജയും രാഗിണി തമ്പുരാട്ടിയും മക്കള്‍. ഇതില്‍ രാഗിണി ജീവിച്ചിരിപ്പില്ല.
കോവിലകങ്ങളെ കുറിച്ചുള്ള ഫീച്ചര്‍ അടിച്ചു വന്ന വാരിക പുറത്തിറങ്ങുന്ന ദിവസം കൊടുങ്ങല്ലൂര് ബോയിസ് ഹൈസ്‌കൂളിനു സമീപത്തെ മട്ടിചോട്ടില്‍ പത്ര വിതരണക്കാരന്‍ ഭാസ്‌കരനെ കാത്തു നിന്ന നിമിഷങ്ങള്‍ മറക്കാനാവില്ല. രണ്ട് വാരിക പറഞ്ഞേല്‍പിച്ചിരുന്നു. ഒന്ന് തമ്പുരാട്ടിക്ക് രാവിലെ തന്നെ കൊടുത്തു. വായിക്കട്ടെ. താന്‍ അബദ്ധം ഒന്നും എഴുതീട്ടില്ലല്ലൊ . നോക്കു എന്നു പറഞ്ഞ് മടങ്ങി. രണ്ടു ദിവസം കഴിഞ്ഞാണ് പിന്നെ തമ്പുരാട്ടിയെ കാണുന്നത്. മോശമായില്ല എന്നായിരുന്നു പ്രതികരണം. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തമ്പുരാട്ടിയെ കുറിച്ച് മാതൃഭൂമിയുടെ വനിതാ പേജില്‍ എഴുതുന്നത്. രാജേന്ദ്രന്‍ പുതിയേടത്തായിരുന്നു പത്രാധിപര്‍. ശീര്‍ഷകം, കോവിലകത്തു നിന്ന് കോളനിയിലേക്ക്. അന്ന് തമ്പുരാട്ടി മകനോടൊപ്പം കാക്കനാട് പടമുകള്‍ ഹൗസിംഗ് കോളനിയിലാണ് താമസിച്ചിരുന്നത്. ഈ തലക്കെട്ടിന്റെ പേരില്‍ പലരും പഴി പറഞ്ഞു. തമ്പുരാട്ടി പറഞ്ഞു, താന്‍ കൊടുത്തത് ശറിയായ തലക്കെട്ട് തന്നെ. എനിക്ക് ഒരു പരിഭവവുമില്ല. അന്ന് ആ ഫീച്ചറില്‍ ഞാന്‍ തമ്പുരാട്ടിയെ കമ്മ്യൂണിസ്ററ് വേദാന്തിസ്റ്റ് എന്നു വിശേഷിപ്പിച്ചിരുന്നു. അതും വിവാദമായി. ശ്രീരാമകൃഷ്ണാശ്രമവുമായി ബന്ധമുണ്ടായിരുന്നു. മഹാകവി കുഞ്ഞികുട്ടന്‍ തമ്പുരാന്റെ കോട്ടക്കല്‍ വിവാഹബന്ധത്തിലെ കൊച്ചുമകന്‍ മൈത്രാനന്ദസാമിയുായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. ആശ്രമത്തിലെ രംഗനാഥ സാമി തമ്പുരാട്ടിയെ കാളിയെന്നാണ് വിളിച്ചിരുന്നത്. വേദാന്തവഴികളിലെ അമൂല്യ സൗഹൃദങ്ങള്‍ക്ക് മാനവികതയുടെ മുദ്ര ചാര്‍ത്തപ്പെട്ടിരുന്നു. കേരളിയ നവോത്ഥാനത്തില്‍ പുരോഗമനാശയക്കാരായ എല്ലാ നല്ല മനുഷ്യരും പങ്കു വഹിച്ചിട്ടുണ്ടെന്ന വിശ്വാസമായിരുന്നു തമ്പുരാട്ടിക്ക. അവര്‍ അത് പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ആത്യന്തികമായി മനുഷ്യന്റെ മതം സ്നേഹവും സാഹോദര്യവുമാണെന്ന ദാര്‍ശനിക വെളിച്ചമുണ്ടായിരുന്നു ആ മനസില്‍. അതുകൊണ്ടാണ് അകത്തമമ്മാരെ അങ്കത്തിനു ഒരുക്കാന്‍ ഈ തമ്പുരാട്ടിക്ക് സാധിച്ചത്.
തമ്പുരാട്ടി അന്നു പറഞ്ഞ ചില കാര്യങ്ങളുണ്ട്. ഞാന്‍ കാറല്‍ മാര്‍ക്സിനെ പഠിച്ച് കമ്മ്യൂണിസ്റ്റായതല്ല. എന്റെ പുരോഗമന ചിന്തകളില്‍ മനുഷ്യന്റെ മുന്നേററത്തിനും അവന്റെ സ്വാതന്ത്ര്യത്തിനുമായിരുന്നു പ്രധാന്യം. എല്ലാവര്‍ക്കും എല്ലാം ലഭ്യമാകുന്ന കാലത്തെയല്ലെ സമത്വ സുന്ദര കാലം എന്നു പറയുന്നത്. അതുകൊണ്ടാണ് പന്തിഭോജനം നടത്തിയത്. ഇന്ദിര തമ്പുരാട്ടിയും രമ തമ്പുരാട്ടിയമൊക്കെ ചെയ്ത ത്യാഗവും കാറല്‍ മാര്ക്സിനെ പഠിച്ചിട്ടല്ല. എടോ, ഈ കമ്മ്യൂണിസവും മായാവാദവുമൊക്കെ ഒന്നല്ലെ ? വിപ്ളവം എന്നു പറഞ്ഞാല്‍ മാറ്റമല്ലെ ? എല്ലാറ്റിനും നമ്മള്‍ സാക്ഷിയാകണമെന്ന് വാശി പിടിച്ചിട്ട് കാര്യമല്ല. കാലത്തിനു വലിയ പ്രാധാന്യമുണ്ട്. ഇന്നിപ്പോള്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടി തമ്പുരാട്ടിയെ സവര്‍ണ മുദ്ര ചാര്‍ത്തി വിമര്‍ശിക്കുന്നവര്‍ അവരെ പഠിച്ചിട്ടില്ല. ശ്രീനാരായണ ദര്‍ശനങ്ങളോട് വലിയ ആഭിമുഖ്യമായിരുന്നു തമ്പുരാട്ടിക്ക്. ടി.എന്‍.ബാലകൃഷ്ണനും ടി.എന്‍.കുമാരനും (കൊടുങ്ങല്ലൂരിന്റെ കുമാരേട്ടന്‍) ചള്ളിയില്‍ കൃഷ്ണനുമൊക്കെ അടുത്ത സുഹൃത്തുക്കളായിരുന്നു. സി.അച്യുതമേനോനും അമ്മിണിയമ്മയും കുടുംബ സുഹൃത്തുക്കളായിരുന്നു. ഇ.എം.എസും അച്യുതമേനോനും ദീര്‍ഘകാലത്തിനു ശേഷം ഒരുമിച്ചു പങ്കെടുത്ത ചടങ്ങായിരുന്നു തമ്പുരാട്ടിയുടെ മകള്‍ രാഗിണിയുടെ വിവാഹം. വികാരഭരിതമായ മുഹൂര്ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു വിവാഹ വേദിയായിരുന്നു അതെന്ന് പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
സ്വതന്ത്ര്യനന്തര ഇന്ത്യയില്‍ നടന്ന ആദ്യത്തെ ഐതിഹാസിക സത്യഗ്രഹമായിരുന്ന (1947 ഡിസംബര്‍ 4 ന് സി. കേശവന്‍ ഉദ്ഘാടനം ചെയ്തു ) പാലിയം സത്യഗ്രഹത്തിന് കൊടുങ്ങല്ലൂര്‍ കോവിലകത്തു നിന്ന് ഇന്ദിര തമ്പുരാട്ടിയെയും രമ തമ്പുരാട്ടിയെയും പറഞ്ഞയക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സംഘാടകയായിരുന്നു തമ്പുരാട്ടി. ആര്യാപള്ളവും ഇന്ദിര തമ്പുരാട്ടിയുമൊക്കെ ചരിത്രത്തിന്റെ ഭാഗമായി മാറിയ പാലിയം സത്യഗ്രഹം ഒരു പക്ഷെ ഇന്ത്യ കണ്ട വലിയ വിപല്‍വ സമരങ്ങളില്‍ ഒന്നായിരുന്നു. വിപ്ലവ സംഘാടകയെന്ന നിലയിലാണ് തമ്പുരാട്ടിക്ക് പാലസ് സ്‌കൂളിലെ ജോലി നഷ്ടപ്പെടുന്നത്. സംസ്‌കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും നല്ല പാണ്ഡിത്യമുണ്ടായിരുന്ന തമ്പുരാട്ടി സ്ത്രീ ശാക്തീകരണത്തിന് വിദ്.ഭ്യാസം അനിവാര്യമാണെന്ന് കണ്ടെത്തുകയും സ്ത്രീകള്‍ക്ക് വിദ്യഭ്യാസം കൊടുക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തു. സിവില്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും കൊടുങ്ങല്ലൂര്‍ സംസ്‌കൃത വിദ്വത്പീഠവും അതിനോട് അനുബന്ധിച്ചുള്ള ട്യൂഷന്‍ സെന്ററുമൊക്കെ വിദ്യഭ്യാസ രംഗത്തെ സംഭാവനകളാണ്.
കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍ മെമ്മോറിയല്‍ കോളേജ് സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. കേരള മഹിളാ സംഘം കെട്ടിപടുക്കുന്നതിലും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിലും റോസമ്മ പൂന്നൂസിനും യശോദ ടീച്ചര്‍ക്കും സഖാവ് സാലിക്കുമൊക്കെ തമ്പുരാട്ടി നല്‍കിയ പിന്തുണ വിസ്മരിക്കാനാവില്ല. കെ.ജി സേതുലക്ഷ്മിയുടെ കേരള മഹിളാ സംഘം ലഘു ചരിത്രം എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. സമ്മര്‍ദങ്ങളുണ്ടായിട്ടും പാര്‍ലമെന്ററി വ്യോമോഹങ്ങളില്‍ തമ്പുരാട്ടി വീണു പോയില്ല. അതേ സമയം 1957 മുതലും അതിനു മുമ്പും നടന്ന നിരവധി തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞടുപ്പു കണ്‍വീനറുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ വിജയത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളില്‍ ഉറച്ചു നിന്ന ജീവിതം. സുഹൃത്ത് മുസാഫിറിന്റെ ഒരു കുറിപ്പില്‍ നിന്ന് കടമെടുക്കുന്ന വാചകങ്ങളില്‍ ഞാനിത് അവസാനിപ്പിക്കുന്നു, മേധാശക്തിയിലും അധികാരത്തിലും തമസിന്റെ ഭൂപടം തീര്‍ക്കുന്ന പുതിയ കാലത്തെ രാജാക്കന്‍മാര്‍ നവോത്ഥാന കേരളം രചിച്ചവരുടെ കൂട്ടത്തില്‍ ഇങ്ങനെയും കുറെ രാജാക്കന്‍മാരും രാജ്ഞിമാരും ഉണ്ടായിരുന്നെന്ന ചരിത്രത്തിന്റെ ജ്ഞാനശ്രംഗത്തിലേക്ക് ഇരുമുടി കെട്ടേന്തി ഒന്നു പടി കയറിയെങ്കില്‍.